കുട്ടികൾക്ക് ഉന്മേഷത്തിനും ആരോഗ്യത്തിനും എന്തെല്ലാം ഭക്ഷണം എങ്ങനെയൊക്കെ കഴിപ്പിക്കാം എന്നതിൽ ഗവേഷണം നടത്തുന്നവരാണ് മിക്ക അമ്മമാരും. നല്ല ഭക്ഷണം കൊടുക്കുന്നതുപോലെ മോശം ഭക്ഷണം കൊടുക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടേ? എന്തൊക്കെയാണ് ഈ മോശം ഭക്ഷണങ്ങൾ? പഴകിയ ഭക്ഷണം മാത്രമല്ല മോശം പട്ടികയിൽ വരുന്നത്. കുട്ടികൾക്ക് അമിതമായ ക്ഷീണം, ആലസ്യം, മന്ദത, ഉറക്കം, ഭാരക്കൂടുതൽ എന്നിവയ്ക്ക് കാരണമാകുന്ന ഭക്ഷണമാണ് ഒഴിവാക്കേണ്ടത്. ഇതുസംബന്ധിച്ച് അമ്മമാർക്ക് ഒരു ധാരണ വേണം. ഡോക്ടർമാർ നിർദേശിക്കുന്ന ചില അരുതാത്ത ഭക്ഷണങ്ങൾ ആണ് ചുവടെ.
∙കഫീൻ– കാപ്പി കഴിക്കരുതെന്ന് പറയുന്നില്ല, പക്ഷേ നിയന്ത്രണം വേണം. പഠനസമയത്ത് കാപ്പി പലവട്ടം കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് നിർത്തിയേക്കുക. കഫീനിന് അടിമപ്പെടുന്നത് ആരോഗ്യത്തെ ദോശകരമായി ബാധിക്കും. കാപ്പിക്കു പകരം ഹെൽത്ത് ഡ്രിങ്കുകൾ നൽകിയാൽ മതി ഉന്മേഷം ലഭിക്കാൻ
∙കൃത്രിമ മധുരം– പ്രകൃതിദത്തമായ ശർക്കര ഉപയോഗിച്ച് പലഹാരങ്ങൾ ഉണ്ടാക്കിക്കൊടുത്താൽ പോരേ. കൃത്രിമ മധുരം കുത്തിനിറച്ച ബേക്കറി പലഹാരങ്ങൾ നിർബന്ധമായും നിയന്ത്രിക്കണം. ഇത് കൗമാരത്തിൽ തന്നെ ചിലപ്പോൾ പ്രമേഹം വരുത്തിവച്ചേക്കാം
∙കാർബണേറ്റഡ് പാനീയങ്ങൾ– കോളയും പെപ്സിയുമൊക്കെ ഇന്ന് കുട്ടികളുടെ നിത്യഭക്ഷണക്രമത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇത് അനുവദിച്ചുകൂട. സംഭാരം, നാരങ്ങാവെള്ളം, ലസ്സി, കരിക്കിൻവെള്ളം തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുക
∙ഫ്രൈഡ് ഫുഡ്– വീട്ടിൽ വെളിച്ചെണ്ണയിൽ പാകം ചെയ്യുന്ന ഫ്രൈ വിഭവങ്ങൾ കഴിക്കുന്നതിൽ തെറ്റില്ല. പക്ഷേ കടകളിൽനിന്ന് പാക്കറ്റിലാക്കി വാങ്ങുന്ന ഫ്രൈ വിഭവങ്ങൾ ഒഴിവാക്കണം. ടിവി കാണുമ്പോൾ ഇത്തരം ഭക്ഷണം കൊറിക്കുന്ന ശീലം പാടെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കണം.
Read More : Healthy Food