വൃക്കരോഗികൾ ആഹാരക്രമീകരണം ശ്രദ്ധിക്കണം; കഴിക്കാവുന്നതും ഒഴിവാക്കേണ്ടതും അറിയാം
വൃക്കരോഗിയെ ആശങ്കയിലാഴ്ത്തുന്ന പ്രധാന വിഷയമാണ് ആഹാരം. എന്നാൽ ഓരോ വൃക്കരോഗിയിലും ആഹാരക്രമീകരണം വ്യത്യസ്തമാണ്. വിവിധ വൃക്കരോഗാവസ്ഥകളുടെ പശ്ചാത്തലത്തിൽ വൃക്കരോഗിയുടെ ആഹാരരീതി, എന്തൊക്കെ ഒഴിവാക്കണം എന്നിവയുൾപ്പെടുന്ന സംശയങ്ങൾക്കു വിദഗ്ധ മറുപടികൾ രണ്ടു ലക്കങ്ങളിലായി. 1. വൃക്കരോഗമുള്ളവർക്കു പൊതുവായ
വൃക്കരോഗിയെ ആശങ്കയിലാഴ്ത്തുന്ന പ്രധാന വിഷയമാണ് ആഹാരം. എന്നാൽ ഓരോ വൃക്കരോഗിയിലും ആഹാരക്രമീകരണം വ്യത്യസ്തമാണ്. വിവിധ വൃക്കരോഗാവസ്ഥകളുടെ പശ്ചാത്തലത്തിൽ വൃക്കരോഗിയുടെ ആഹാരരീതി, എന്തൊക്കെ ഒഴിവാക്കണം എന്നിവയുൾപ്പെടുന്ന സംശയങ്ങൾക്കു വിദഗ്ധ മറുപടികൾ രണ്ടു ലക്കങ്ങളിലായി. 1. വൃക്കരോഗമുള്ളവർക്കു പൊതുവായ
വൃക്കരോഗിയെ ആശങ്കയിലാഴ്ത്തുന്ന പ്രധാന വിഷയമാണ് ആഹാരം. എന്നാൽ ഓരോ വൃക്കരോഗിയിലും ആഹാരക്രമീകരണം വ്യത്യസ്തമാണ്. വിവിധ വൃക്കരോഗാവസ്ഥകളുടെ പശ്ചാത്തലത്തിൽ വൃക്കരോഗിയുടെ ആഹാരരീതി, എന്തൊക്കെ ഒഴിവാക്കണം എന്നിവയുൾപ്പെടുന്ന സംശയങ്ങൾക്കു വിദഗ്ധ മറുപടികൾ രണ്ടു ലക്കങ്ങളിലായി. 1. വൃക്കരോഗമുള്ളവർക്കു പൊതുവായ
വൃക്കരോഗിയെ ആശങ്കയിലാഴ്ത്തുന്ന പ്രധാന വിഷയമാണ് ആഹാരം. എന്നാൽ ഓരോ വൃക്കരോഗിയിലും ആഹാരക്രമീകരണം വ്യത്യസ്തമാണ്. വിവിധ വൃക്കരോഗാവസ്ഥകളുടെ പശ്ചാത്തലത്തിൽ വൃക്കരോഗിയുടെ ആഹാരരീതി, എന്തൊക്കെ ഒഴിവാക്കണം എന്നിവയുൾപ്പെടുന്ന സംശയങ്ങൾക്കു വിദഗ്ധ മറുപടികൾ
1. വൃക്കരോഗമുള്ളവർക്കു പൊതുവായ ആഹാരക്രമം തയാറാക്കാൻ കഴിയില്ല എന്നു പറയുന്നതിൽ അടിസ്ഥാനമുണ്ടോ ? ഓരോ വൃക്കരോഗങ്ങളിലും ആഹാരക്രമം വ്യത്യാസപ്പെടുന്നുണ്ടോ ?
വൃക്കരോഗം എന്നത് ഒരൊറ്റ രോഗം അല്ല. അതു വ്യത്യസ്ത രോഗാവസ്ഥകളായാണു പ്രകടമാകുന്നത്. പല കാരണങ്ങൾ കൊണ്ടു വൃക്കരോഗം വരാം. വൃക്കരോഗത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നു പ്രമേഹമാണ്. ഇതു കൂടാതെ ഉയർന്ന രക്തസമ്മർദം, വൃക്കകളിൽ ഉണ്ടാകുന്ന ഇൻഫ്ലമേഷൻ അഥവാ നീർവീക്കം (ഗ്ലോമറുലോനെഫ്രിറ്റിസ്), പോളിസിസ്റ്റിക് വൃക്കരോഗം, വൃക്കകളിലെ അണുബാധ, മൂത്രതടസ്സം, ചില മരുന്നുകൾ പ്രത്യേകിച്ചും വേദന സംഹാരികൾ) കൊണ്ടുള്ള വൃക്ക സ്തംഭനം, പാരമ്പര്യമായി ഉണ്ടാകുന്ന വൃക്കരോഗം, വൃക്കകളിലും മൂത്രാശയത്തിലും ഉണ്ടാകുന്ന കല്ലുകൾ, ഇവ എല്ലാം കാരണം വൃക്കസ്തംഭനം സംഭവിക്കാം.
ചിലപ്പോൾ വൃക്കകൾ പൂർണമായും സ്തംഭിക്കാം. ചിലപ്പോൾ ഭാഗികമായി മാത്രം. ചിലപ്പോൾ വൃക്കസ്തംഭനം സംഭവിക്കുകയില്ല, വൃക്കകളിൽ പഴുപ്പ് ഉണ്ടാകാം. കല്ല് ഉണ്ടാകാം. ചിലപ്പോൾ തടസ്സം ഉണ്ടാകാം. ചിലപ്പോൾ വൃക്കകളിലൂടെ പ്രോട്ടീൻ നഷ്ടപ്പെടാം. ഓരോ അവസ്ഥയിലും രോഗത്തിന്റെ കാഠിന്യവും അതു ശരീരത്തിലുണ്ടാക്കുന്ന പാർശ്വഫലങ്ങളും അനുസരിച്ചായിരിക്കും ചികിത്സയും ആഹാരക്രമവും.
ചില വൃക്കരോഗങ്ങളിൽ എല്ലാ ആഹാരവും കഴിക്കാം. (ഉദാ. വല്ലപ്പോഴും മാത്രം മൂത്രപഴുപ്പ് അഥവാ മൂത്രത്തിൽ അണുബാധ ഉണ്ടാവുകയാണെങ്കിൽ); ചില രോഗാവസ്ഥകളിൽ വളരെ കർശന നിയന്ത്രണങ്ങൾ വേണ്ടിവരും. പ്രത്യേകിച്ചും വളരെയധികം പുരോഗമിച്ച വൃക്കസ്തംഭനത്തിൽ. ചിലപ്പോൾ വെള്ളം കുടിക്കുന്നതിന്റെ അളവു കുറയ്ക്കേണ്ടിവരും. (വൃക്കസ്തംഭനം കാരണം മൂത്രത്തിന്റെ അളവു കുറയുകയും ശരീരത്തിൽ മുഴുവൻ നീർക്കെട്ട് വരുകയും ചെയ്താൽ), ചില അവസരങ്ങളിൽ വെള്ളം കൂടുതൽ കുടിക്കേണ്ടി വരും(മൂത്രത്തിൽ പഴുപ്പ് ഉണ്ടെങ്കിൽ അല്ലെങ്കിൽ മൂത്രാശയത്തിൽ കല്ല് ഉണ്ടെങ്കിൽ) അതുകൊണ്ട് ഓരോ വൃക്കരോഗിക്കും രോഗകാരണവും കാഠിന്യവും അനുസരിച്ചായിരിക്കും ആഹാര ക്രമീകരണം.
ഒരു രോഗിയിൽ തന്നെ രോഗത്തിന്റെ അവസ്ഥ അനുസരിച്ച് ആഹാരക്രമീകരണം ചെയ്യേണ്ടി വരും. വൃക്കരോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ കഴിക്കുന്ന ആഹാരം അല്ല രോഗം മൂർച്ഛിക്കുമ്പോൾ കഴിക്കേണ്ടത്. മൂത്രത്തിന്റെ അളവു കുറയുന്നതനുസരിച്ചു വെള്ളം കുടിക്കുന്നതിന്റെ അളവു വ്യത്യാസപ്പെടുത്തണം. ഡയാലിസിസ് ചെയ്യേണ്ട അവസ്ഥ വന്നാൽ ആഹാരക്രമീകരണം വീണ്ടും വ്യത്യാസപ്പെടും. വിജയകരമായ വൃക്ക മാറ്റിവയ്ക്കലിനുശേഷം ആഹാര ക്രമീകരണം വേറെയാണ്. അതുകൊണ്ട് വൃക്ക രോഗത്തിനുപൊതുവായ ഒരു ഭക്ഷണ ക്രമീകരണം എന്നു പറയുവാൻ സാധിക്കില്ല. രോഗാവസ്ഥ അനുസരിച്ച് ചികിത്സിക്കുന്ന ഡോക്ടറും ഡയറ്റീഷനും നിർദേശിക്കുന്ന പ്രകാരം ഭക്ഷണ രീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും.
2. ആഹാരക്രമീകരണം വൃക്കരോഗത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നത് എങ്ങനെയാണ്?
ശരീരത്തിലെ മാലിന്യങ്ങളെ പ്രത്യേകിച്ചും നൈട്രജൻ അടങ്ങിയവയെ, പുറന്തള്ളുന്ന പ്രധാന പ്രക്രിയ ചെയ്യുന്ന ഒരു ജോഡി അവയവങ്ങളാണ് വൃക്കകൾ. വൃക്കളുടെ പ്രവർത്തനം കുറയുമ്പോൾ ഇതു താറുമാറാകുന്നു. വൃക്ക സ്തംഭനത്തിലൂടെ ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളപ്പെടാതെ അടിഞ്ഞുകൂടുന്നു. യൂറിയ, ക്രിയാറ്റിൻ തുടങ്ങിയവ ശരീരത്തിൽ കെട്ടിക്കിടക്കും. ഇതു വൃക്കകളുടെയും മറ്റ് അവയവങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കും. വൃക്കകൾക്കു മാലിന്യങ്ങളെ പുറന്തള്ളാനുള്ള കഴിവു കുറയും. അതുകൊണ്ട് അവയുടെ ഉൽപാദനം കുറയ്ക്കേണ്ടി വരും. അതിനായി ചില ആഹാരപദാർഥങ്ങൾ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടിവരും.
വൃക്കരോഗം മൂലം മൂത്രത്തിന്റെ അളവു കുറഞ്ഞാൽ ശരീരത്തിൽ നീര് ഉണ്ടാകും. നടക്കുമ്പോൾ കിതപ്പും ശ്വാസം മുട്ടലും അനുഭവപ്പെടാം. ആ അവസ്ഥയിൽ കുടിക്കുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കേണ്ടി വരും. അല്ലാത്തപക്ഷം നീരിന്റെ അളവു കൂടും. ശ്വാസകോശങ്ങളിൽ വെള്ളം കെട്ടിക്കിടന്നു കൂടുതൽ കിതപ്പും ശ്വാസതടസ്സവും അനുഭവപ്പെടും.
വൃക്കകളുടെ പ്രവർത്തനം കുറയുമ്പോൾ സോഡിയം പൊട്ടാസ്യം തുടങ്ങിയവ ശരീരത്തിൽ കെട്ടിക്കിടക്കാൻ തുടങ്ങും. സോഡിയം കൂടിയാൽ രക്തസമ്മർദം വളരെയധികം വർധിക്കാം. ഇതുകൂടാതെ സോഡിയം കാരണം ശരീരത്തിലെ ജലാംശം വർധിക്കും. ഇതും രക്തസമ്മർദം കൂടാൻ ഇടവരുത്തും. ശ്വാസതടസ്സവും കൂടും. പൊട്ടാസ്യത്തിന്റെ അളവു കൂടിയാൽ ഹൃദയമിടിപ്പിനെ അതു ബാധിക്കും. ഹൃദയമിടിപ്പിന്റെ വേഗത കുറഞ്ഞ് ചിലപ്പോൾ ഹൃദയമിടിപ്പു നിലച്ചു പോകാം. ഇതു വളരെ അപകടകരമായ അവസ്ഥയാണ്. പെട്ടെന്നു മരണംവരെ സംഭവിക്കാം. ഇത് ഒഴിവാക്കാൻ ആഹാരത്തിൽ ഉപ്പിന്റെയും പൊട്ടാസ്യത്തിന്റെയും അളവു കുറയ്ക്കണം.
ആഹാരക്രമീകരണത്തിലൂടെ വൃക്കകളിലുള്ള സമ്മർദം കുറയ്ക്കുകയും ഒരു പരിധിവരെ അതിലൂടെ വൃക്ക രോഗത്തിന്റെ പുരോഗതി തടസ്സപ്പെടുത്തുകയും ചെയ്യാം. ഭക്ഷണം നിയന്ത്രിക്കുമ്പോൾ പോഷകക്കുറവ് സംഭവിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. അതിനായി ഇടയ്ക്കിടെ രക്തം പരിശോധിക്കുകയും ഡോക്ടറുടെയും ഡയറ്റീഷന്റെയും നിർദേശം അനുസരിക്കുകയും വേണം.
3. നെഫ്രൈറ്റിസിലും നെഫ്രോട്ടിക്സിൻഡ്രമിലും ആഹാരത്തിൽ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് ?
നെഫ്രൈറ്റിസ് വൃക്കകളിൽ വരുന്ന ഒരുതരം നീർക്കെട്ടാണ്. പല കാരണങ്ങൾ കൊണ്ടും ഇതു സംഭവിക്കാം. ഈ അവസ്ഥയിൽ രക്തസമ്മർദം കൂടാം. ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകാം. മൂത്രത്തിന്റെ അളവ് കുറയാം. വൃക്കസ്തംഭനം സംഭവിക്കാം. രോഗകാഠിന്യം അനുസരിച്ച് ഉപ്പിന്റെയും വെള്ളത്തിന്റെയും അളവു കുറയ്ക്കേണ്ടി വരും. അധികം പ്രോട്ടീൻ ഉള്ള ആഹാരം ഒഴിവാക്കേണ്ടിവരും. കൊഴുപ്പും മെഴുക്കും (എണ്ണ) ഉള്ള ആഹാരത്തിന്റെ അളവു കുറയ്ക്കണം. വൃക്കസ്തംഭനം സംഭവിച്ചാൽ ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവു കൂടും. ഈ അവസ്ഥയിൽ പഴങ്ങളും തേങ്ങയും ഒഴിവാക്കണം.
രോഗം ഭേദമാകുമ്പോൾ, രക്തസമ്മർദവും ശരീരത്തിലെ നീരും കുറയുമ്പോൾ, ആഹാര ക്രമീകരണത്തിൽ അൽപം ഇളവു വരുത്താം. ആഹാര ക്രമീകരണം ഓരോ രോഗിയുടേയും അവസ്ഥ അനുസരിച്ച്, ഡോക്ടറുടെ നിർദേശപ്രകാരമാണു ചെയ്യുന്നത്.
മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന രോഗമാണു നെഫ്രോട്ടിക് സിൻഡ്രം. കുട്ടികളിലും മുതിർന്നവരിലും പല കാരണങ്ങൾ കൊണ്ടും ഇതു സംഭവിക്കാം. രോഗം മൂർച്ഛിച്ചാൽ വൃക്ക സ്തംഭനം വരെ ഉണ്ടാകാം. മൂത്രത്തിലൂടെ പ്രോട്ടീൻ പോകുന്നതിന്റെ അളവു അതിന്റെ പാർശ്വഫലങ്ങളും അനുസരിച്ചാണ് ആഹാരക്രമീകരണം. മൂത്രത്തിൽ പ്രോട്ടീൻ നഷ്ടപ്പെടുമ്പോൾ ശരീരത്തിലെ പ്രോട്ടീൻ അഥവാ ആൽബുമിന്റെ അളവു കുറയും. ഇതിന്റെ കുറവു തീർക്കാൻ ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവു കൂടും.
ശരീരത്തിൽ നീരു കൂടാനും സാധ്യതയുണ്ട്. ആ അവസ്ഥയിൽ കുടിക്കുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കണം. ശരീരത്തിലെ പ്രോട്ടീന്റെ അളവിന് അനുസരിച്ചായിരിക്കും ആഹാരത്തിലെ പ്രോട്ടീന്റെ അളവു നിയന്ത്രിക്കുക. സാധാരണഗതിയിൽ പ്രോട്ടീന്റെ അളവ് ആഹാരത്തിൽ കുറയ്ക്കണം. പക്ഷേ ശരീരത്തിലെ പ്രോട്ടീൻ അഥവാ ആൽബുമിൻ വളരെ കുറഞ്ഞാൽ ആഹാരത്തിൽ പ്രോട്ടീൻ കൂടുതൽ കഴിക്കേണ്ടി വരും. മുട്ടവെള്ള, പനീർ, സോയാബീൻ തുടങ്ങിയവ നല്ലതാണ്. കൊഴുപ്പും മെഴുക്കും ഉള്ള ആഹാരം ഒഴിവാക്കണം. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് കൂടുതൽ പ്രോട്ടീൻ കഴിച്ചാൽ അതു മൂത്രത്തിലൂടെ നഷ്ടപ്പെടും. അതുകൊണ്ട് പ്രോട്ടീൻ നഷ്ടപ്പെടുന്നതു മരുന്നുകൊണ്ടു തടഞ്ഞില്ലെങ്കിൽ കൂടുതൽ പ്രോട്ടീൻ കഴിക്കുന്നതുകൊണ്ട് ഒരു ഗുണവുമില്ല. നഷ്ടപ്പെടുന്ന പ്രോട്ടീന്റെ അളവു കൂടിയെന്നും വരാം. ഇതു രോഗം മൂർച്ഛിക്കാൻ ഇടയാക്കും. രോഗാവസ്ഥയും മരുന്നുകളോടുള്ള പ്രതികരണവും അനുസരിച്ചായിരിക്കണം. ഈ അവസരത്തിലെ ഭക്ഷണ ക്രമീകരണം.
പ്രോട്ടീൻ നഷ്ടപ്പെടുന്നതിന്റെ അളവു കുറയുമ്പോൾ അതനുസരിച്ച് ആഹാരക്രമീകരണം ചെയ്യണം. ഓരോ രോഗിയുടേയും രോഗാവസ്ഥ അനുസരിച്ചു ഡോക്ടർ നിർദേശം തരും. പ്രോട്ടീൻ നഷ്ടപ്പെടാതിരിക്കാനുള്ള മരുന്നു കഴിക്കുന്നതിനൊപ്പം ചിലപ്പോൾ കൊളസ്ട്രോൾ കുറയാനുള്ള മരുന്നും കഴിക്കേണ്ടി വരും.
4. ഡയാലിസിസിലെ ആഹാരക്രമം ?
സ്ഥായിയായ വൃക്കരോഗം ഉള്ളവരെ അപേക്ഷിച്ച് ഡയാലിസിസ് രോഗികളിൽ ആഹാരക്രമം വ്യത്യസ്തമാണ്. ഡയാലിസിസിനു തൊട്ടു മുൻപും ഡയാലിസിസിനു ശേഷവുമുള്ള ആഹാരക്രമം വ്യത്യസ്തമാണ്. പൂർണമായും വൃക്കസ്തംഭനം സംഭവിച്ചവരാണു ഡയാലിസിസ് ചെയ്യുന്നത്. അവരുടെ മൂത്രത്തിന്റെ അളവ് വളരെ കുറവാണ്. ചിലരിൽ മൂത്രം ഉണ്ടാവകയുമില്ല. ഈ അവസ്ഥയിൽ വെള്ളം കുടിക്കുന്നതിന്റെ അളവു വളരെ കുറയ്ക്കണം. ഒരു ദിവസം ഏകദേശം ഒരു ലീറ്റർ പാനീയം മാത്രമേ കുടിക്കാവൂ. വെള്ളം, ചായ, കാപ്പി, മോര്, സാമ്പാർ, രസം, കഞ്ഞിവെള്ളം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടണം. വെള്ളം അധികമായാൽ അതു ശരീരത്തിൽ പ്രത്യേകിച്ചും ശ്വാസകോശത്തിൽ കെട്ടിക്കിടന്ന് ശ്വാസതടസ്സം സംഭവിക്കാം. ഉപ്പ് അധികം കഴിച്ചാൽ രക്തസമ്മർദം കൂടാം. ഉപ്പ് അധികമായാൽ ദാഹം കൂടും. വെള്ളം കുടിക്കുന്നതിന്റെ അളവും കൂടിപ്പോകും. ഒരു ദിവസം ഏകദേശം രണ്ടോ മൂന്നോ ഗ്രാം ഉപ്പു മാത്രമേ കഴിക്കാവൂ. പപ്പടം, അച്ചാർ തുടങ്ങിയ ഉപ്പ് അധികം ഉള്ളവ ഒഴിവാക്കണം. എന്നാൽ ഒരു കാരണവശാലും ഉപ്പില്ലാതെ ആഹാരം കഴിക്കുവാനും പാടില്ല. ഡയാലിസിസ് ചെയ്യുന്ന രോഗി എല്ലാ മാസവും രക്തം പരിശോധിക്കുമ്പോൾ പൊട്ടാസ്യത്തിന്റെ അളവും നിർണയിക്കണം. 3.5 ന്റെയും 5.0 ന്റെയും ഇടയിലാണെങ്കിൽ കുഴപ്പമില്ല. ഇതിൽ കൂടുതലാണെങ്കിൽ ഹൃദയമിടിപ്പു തെറ്റാനിടയുണ്ട്. പൊട്ടാസ്യം അധികമുള്ള ആഹാരവസ്തുക്കളും ഒഴിവാക്കണം. പ്രത്യേകിച്ചും ഡയാലിസിസിനു ശേഷമുള്ള ദിവസങ്ങളിൽ, ഡയാലിസിസിലൂടെ പ്രോട്ടീൻ നഷ്ടപ്പെടാൻ സാധ്യതയുള്ളതുകൊണ്ട് സാധാരണ വൃക്ക രോഗികളിൽ കഴിക്കുന്നതിനേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ആഹാരം ഡയാലിസിസ് രോഗികൾ കഴിക്കണം. അതേ സമയം, ഡയാലിസിസ് ചെയ്യുന്നതിനു തൊട്ടുമുൻപ് എന്തു വേണമെങ്കിലും കഴിക്കാം. അതിനാൽ ഉണ്ടാകുന്ന മാലിന്യം ഉടനെ ഡയലിസിസിലൂടെ നീക്കം ചെയ്യാൻ സാധിക്കും.
5. വൃക്ക സ്തംഭനം വന്നവരിലും വൃക്കരോഗികളിലും പ്രോട്ടീന്റെ അളവ് ക്രമീകരിക്കേണ്ടതിന്റെ പ്രാധാന്യമെന്ത് ? പ്രോട്ടീൻ അളവ് എങ്ങനെയാണു ക്രമീകരിക്കേണ്ടത് ?
ശരീരഘടനയ്ക്ക് അത്യന്താപേക്ഷിതമായ ഒരു വസ്തുവാണ് പ്രോട്ടീൻ. ആരോഗ്യവാനായ ഒരു വ്യക്തിക്ക് ശരാശരി ഒരു കിലോ ശരീരഭാരത്തിന് ഒരു ഗ്രാം പ്രോട്ടീൻ ആവശ്യമുണ്ട്. പ്രോട്ടീൻ ഉപാപചയത്തിലൂടെ ഉണ്ടാകുന്ന പാഴ്‌വസ്തുക്കൾ(ഉദാ. യൂറിയ) മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. പ്രോട്ടീൻ കുറച്ച് അധികം കഴിച്ചാലും ആരോഗ്യമുള്ള വൃക്കകൾ ഉണ്ടെങ്കിൽ അധികം ഉണ്ടാകുന്ന ഈ മാലിന്യങ്ങൾ ശരീരത്തിൽ കെട്ടിക്കിടക്കുകയില്ല. വൃക്കകൾക്കു തകരാറു വരുമ്പോൾ മൂത്രത്തിലൂടെ പ്രോട്ടീൻ ചോർന്നു പോകുന്നു. ചോർന്നു പോകുന്ന പ്രോട്ടീൻ വൃക്കകളെ വീണ്ടും ബാധിക്കുന്നു. ഇതു കാരണം വൃക്കരോഗം മൂർച്ഛിക്കും. ഇത് നിയന്ത്രിച്ചില്ലെങ്കിൽ വൃക്ക സ്തംഭനം സംഭവിക്കാം.
വൃക്കസ്തംഭനം സംഭവിച്ചാൽ അല്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം കുറഞ്ഞാൽ പ്രോട്ടീൻ ഉപാപചയത്തിലൂടെ ഉണ്ടാകുന്ന പാഴ്‍വസ്തുക്കൾ വൃക്കകൾക്കു പുറന്തള്ളാൻ സാധിക്കുന്നില്ല. അവ ശരീരത്തിൽ കെട്ടിക്കിടക്കുന്നു. ഇവയെ യുറീമിക് ടോക്സിനുകൾ (uremic toxins) എന്നു വിശേഷിപ്പിക്കുന്നു. ഈ യുറീമിക് ടോക്സിനുകൾ ശരീരത്തിലെ ഞരമ്പുകളെയും തലച്ചോറിനെയും രക്തക്കുഴലുകളെയും എല്ലുകളെയും പേശികളേയും എന്നുവേണ്ട ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കും. ഹൃദയമിടിപ്പിൽ വ്യത്യാസം വരാം. രക്തസമ്മർദത്തിൽ വ്യത്യാസം വരാം. യുറീമിക് ടോക്സിനുകൾ വളരെ കൂടിയാൽ ശ്വാസതടസ്സവും അപസ്മാരവും പിന്നീടു മരണവും സംഭവിക്കാം.
ഇതു കാരണം ആഹാരത്തിൽ പ്രോട്ടീന്റെ അളവു നിയന്ത്രിക്കണം. ഒരു കിലോ ശരീരഭാരത്തിന് 0.8 ഗ്രാം പ്രോട്ടീൻ മതി. ഇതു ഗുണമേന്മയുള്ള പ്രോട്ടീൻ ആയിരിക്കണം. പ്രോട്ടീൻ വളരെയധികം കുറഞ്ഞാൽ ശരീരത്തിന്റെ ഘടനയിൽ വ്യത്യാസമുണ്ടാകും. പ്രോട്ടീൻ മാൽന്യൂട്രീഷൻ(malnutrition) അഥവാ പോഷകക്കുറവ് എന്ന അവസ്ഥ സംഭവിക്കാം. അതുവരാതെ സൂക്ഷിക്കണം. ഒരു ഡോക്ടറുടേയും ഡയറ്റീഷന്റെയും നിർദേശപ്രകാരമാകണം പ്രോട്ടീന്റെ അളവു നിയന്ത്രിക്കുന്നത്.
6. പ്രോട്ടീൻ നിയന്ത്രണം പോഷകക്കുറവു വരുത്താതെ എന്തൊക്കെ മുൻകരുതലുകൾ എടുക്കാം?
വൃക്കരോഗം മൂർച്ഛിക്കാതിരിക്കാൻ ആഹാരത്തിൽ പ്രോട്ടീന്റെ അളവു കുറയ്ക്കുന്നത് അന്ത്യന്താപേക്ഷിതമാണ്.
പക്ഷേ അതു പോഷകക്കുറവിലേക്കു പോകാതെ ശ്രദ്ധിക്കണം. ആദ്യം ശരീരത്തിലെ പ്രോട്ടീന്റെ ആൽബുമിന്റെയും അളവു നിർണയിക്കണം. അത് അനുസരിച്ചായിരിക്കണം ആഹാരക്രമീകരണം. ഗുണമേന്മ കൂടിയ പ്രോട്ടീൻ കഴിക്കുമ്പോൾ ഒരു പരിധിവരെ പോഷകക്കുറവു വരാതെ സൂക്ഷിക്കാം. കോഴിയിറച്ചി, മുട്ട, മീൻ, പാല്, തൈര്, പനീർ, സോയ തുടങ്ങിയവ ഗുണമേന്മ കൂടിയ പ്രോട്ടീൻ ഭക്ഷണ പദാർത്ഥങ്ങളാണ്. രോഗാവസ്ഥ അനുസരിച്ച് ഡയറ്റീഷന്റെ നിർദേശപ്രകാരം ഇവ കഴിക്കാം. ചില അവസ്ഥയിൽ പ്രോട്ടീൻ കഴിക്കുന്നതിന്റെ അളവു വളരെ കുറച്ചിട്ട് പ്രോട്ടീൻ സപ്ലിമെന്റ് കഴിക്കേണ്ടി വരും. ഇടയ്ക്കിടെ രക്തം പരിശോധിച്ചു പോഷകക്കുറവ് ഇല്ല എന്ന് സ്ഥിരീകരിക്കണം. രക്തത്തിലെ ആൽബുമിന്റെ അളവ് അനുസരിച്ച് ഭക്ഷണരീതി ക്രമീകരിക്കണം. ഡയാലിസിസ് ചെയ്യുന്ന രോഗികൾ പ്രോട്ടീൻ അധികമായി കഴിക്കേണ്ടി വരും.
പലരോഗികളിലും ഒരേ തരം വൃക്കരോഗവും വൃക്ക സ്തംഭനവും ആണെങ്കിലും അവരുടെ രോഗ പുരോഗതി വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ അവരുടെ ആഹാരക്രമവും വ്യത്യസ്തമാണ്. അതുകൊണ്ട് ഒരൊറ്റ ഭക്ഷണ രീതി എല്ലാ വൃക്ക രോഗികൾക്കും നിർദേശിക്കുക സാധ്യമല്ല. ഒരു രോഗിയുടെ പല അവസ്ഥകളിലും ആഹാരരീതി വ്യത്യാസപ്പെടുത്തേണ്ടിയും വരും. ഒരു അണുബാധ വന്നാൽ ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റും. ഈ അവസ്ഥയിൽ ആഹാരക്രമം വ്യത്യാസപ്പെടുത്തേണ്ടി വരും. അതുകൊണ്ട് ഇടയ്ക്കിടെ രോഗിയുടെ ആൽബുമിൻ, പ്രോട്ടീൻ എന്നിവയുടെ അളവു നിർണയിച്ച് അതനുസരിച്ചു ഭക്ഷണക്രമീകരണം നടത്തണം.
7. വൃക്കസ്തംഭനം വന്നയാൾക്ക് മുട്ടവെള്ളയും മീനും ഒന്നിച്ചു കഴിക്കാൻ സാധിക്കുമോ?
വൃക്കസ്തംഭനത്തിന്റെ കാരണവും കാഠിന്യവും രോഗിയുടെ പോഷകാവസ്ഥയും അനുസരിച്ചായിരിക്കും ആഹാരക്രമം. രോഗിയുടെ ശരീരത്തിൽ പ്രോട്ടീന്റെ അളവു കുറവാണെങ്കിൽ ആഹാരത്തിൽ പ്രോട്ടിന്റെ അവവു കൂട്ടേണ്ടിവരും. പ്രത്യേകിച്ചും ഡയാലിസിസ് ചെയ്യുന്ന രോഗികളിൽ. അതു മുട്ടയോ മത്സ്യമോ മാംസമോ പച്ചക്കറികളോ ആകാം. എന്നാൽ ഇതിനു പൊതുവായ ഒരു നിർദേശം കൊടുക്കാൻ സാധിക്കില്ല. ഓരോ രോഗിയുടെയും അവസ്ഥ അനുസരിച്ച് ആയിരിക്കും ആഹാരക്രമം നിർദേശിക്കുക.
8. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത രോഗിയും വൃക്കദാനം ചെയ്ത വ്യക്തിയും ആഹാരക്രമത്തിൽ എന്തെല്ലാം മാറ്റങ്ങളാണു വരുത്തേണ്ടത് ? നിയന്ത്രിക്കേണ്ടത് എന്താണ്?
വിജയകരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത രോഗി ഏകദേശം പൂർണ ആരോഗ്യവാനായി ജീവിക്കുന്നു. പക്ഷേ മുൻപുണ്ടായിരുന്ന പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയവ ശസ്ത്രക്രിയയ്ക്കു ശേഷവും ഉണ്ടാകും. അതുകൊണ്ട് പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദത്തിനും പാലിക്കുന്ന ആഹാര ക്രമീകരണം തുടരണം. എന്നാൽ വെള്ളം ആവശ്യത്തിനു കുടിക്കുകയും പൊട്ടാസ്യം അടങ്ങിയ പഴങ്ങൾ കഴിക്കുകയും ചെയ്യാം. ഉപ്പിന്റെ അളവു നിയന്ത്രിക്കണം.
പൂർണ ആരോഗ്യവാനായ ഒരു വ്യക്തി ആയിരിക്കുമല്ലോ വൃക്കദാനം ചെയ്തത്. അവർക്കു പ്രത്യേകിച്ച് ആഹാരനിയന്ത്രണങ്ങൾ ആവശ്യമില്ല. എന്നാൽ വൃക്കദാനം ചെയ്ത ആൾക്ക് ഒരു വൃക്ക മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ട് ഉപ്പിന്റെ അളവു നിയന്ത്രിക്കുന്നതു നല്ലതാണ്. ഒരു ദിവസം മൂന്നോ നാലോ ഗ്രാം ഉപ്പു കഴിച്ചാൽ മതി. വർഷത്തിലൊരിക്കലെങ്കിലും രക്തവും മൂത്രവും പരിശോധിക്കാം.
(ലേഖകൻ കൊച്ചി ലിസി ഹോസ്പിറ്റലിൽ സീനിയർ കൺസൽറ്റന്റ് നെഫ്രോളജിസ്റ്റ് ആണ്)