കോവിഡ് കാലം മുതലാണ് ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങിയത്. കോവിഡിന്റെ ആശങ്കകകൾ അവസാനിച്ചുവെങ്കിലും ഇന്നും ഹൃദ്രോഗമുണ്ടാകുന്ന യുവാക്കളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. തൊണ്ണൂറുകളിൽ ജനിച്ചവർ വളരെ നേരത്തെ ഹൃദ്രോഗികളായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

കോവിഡ് കാലം മുതലാണ് ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങിയത്. കോവിഡിന്റെ ആശങ്കകകൾ അവസാനിച്ചുവെങ്കിലും ഇന്നും ഹൃദ്രോഗമുണ്ടാകുന്ന യുവാക്കളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. തൊണ്ണൂറുകളിൽ ജനിച്ചവർ വളരെ നേരത്തെ ഹൃദ്രോഗികളായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലം മുതലാണ് ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങിയത്. കോവിഡിന്റെ ആശങ്കകകൾ അവസാനിച്ചുവെങ്കിലും ഇന്നും ഹൃദ്രോഗമുണ്ടാകുന്ന യുവാക്കളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. തൊണ്ണൂറുകളിൽ ജനിച്ചവർ വളരെ നേരത്തെ ഹൃദ്രോഗികളായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലം മുതലാണ് ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങിയത്. കോവിഡിന്റെ ആശങ്കകകൾ അവസാനിച്ചുവെങ്കിലും ഇന്നും ഹൃദ്രോഗമുണ്ടാകുന്ന യുവാക്കളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. തൊണ്ണൂറുകളിൽ ജനിച്ചവർ വളരെ നേരത്തെ ഹൃദ്രോഗികളായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ചെറുപ്പംതൊട്ടേ തുടങ്ങുന്ന മാനസികസമ്മർദ്ദം ഹൃദയത്തിന്റെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. കൗമാരം മുതൽ പഠനത്തിന്റെയും മത്സരങ്ങളുടെയും പ്രവേശനപരീക്ഷകളുടെയും സമ്മർദ്ദം തുടങ്ങുകയാണ്. ചെറുപ്പത്തിലേ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമായതോടെ ഈ തലമുറക്ക് വ്യായാമവും അന്യമായി. ലോകത്തെവിടെയും ജോലി ചെയ്യാനുള്ള അവസരങ്ങൾ തുറന്നതോടെ വിദ്യാസമ്പന്നരായ യുവാക്കൾ ആഗോളകമ്പനികളിൽ വലിയ സ്ഥാനങ്ങളിൽ ജോലി നേടി. ആ വലിയ സ്ഥാനങ്ങളോടൊപ്പം ചെറുപ്പത്തിൽ തന്നെ താങ്ങാനാവാത്ത ചുമതലകളും സമ്മർദ്ദങ്ങളും കൂടിയാണ് അവർ ഏറ്റുവാങ്ങുന്നത്. ശരീരമനങ്ങാതെയുള്ള ജോലിയും നിയന്ത്രണമില്ലാത്ത ഭക്ഷണസംസ്കാരവും കൂടിയായതോടെ ജീവിതശൈലിരോഗങ്ങളും പിടിമുറുക്കി. വൈകുന്നേരങ്ങളിൽ ഫാസ്റ്റ് ഫുഡിനെ മാത്രം ആശ്രയിക്കാനാരംഭിച്ചു. ഉറക്കം കിട്ടാക്കനിയായി. ഈ തലമുറയിലെ ചെറുപ്പക്കാരിൽ ഹൃദയത്തിന്റെ ആരോഗ്യം മോശമായി തുടങ്ങിയത് ഇങ്ങനെയൊക്കെയാണ്. 

ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുതുടങ്ങുമ്പോൾ തുടക്കത്തിൽ ലക്ഷണങ്ങൾ കാണണമെന്നില്ല. ഈ കൊഴുപ്പ് കൂടുതൽ അകത്തേക്ക് നീങ്ങുകയോ രക്തപ്രവാഹം 70% വരെ തടസപ്പെടുത്തുകയോ ചെയ്യുമ്പോഴാണ് വേദനയുൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. അതുവരെ രോഗികൾ പുറമെ പൂർണആരോഗ്യമുള്ളവരായി തന്നെ കാണപ്പെടും. അതുകൊണ്ട് മുപ്പതുകളിൽ എത്തുന്നത് വരെ കാത്തിരിക്കാതെ 18 വയസ് കഴിഞ്ഞ എല്ലാവരും വർഷത്തിലൊരിക്കലെങ്കിലും പ്രമേഹം, കൊളസ്റ്ററോൾ, തൈറോയ്ഡ്, രക്തസമ്മർദ്ദം എന്നിവ പരിശോധിച്ച് ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നത് നല്ലതാണ്. പുകവലി, മദ്യപാനം, കൂർക്കംവലി എന്നിവയോടൊപ്പം അമിതമായ ശരീരഭാരം കൂടിയുണ്ടെങ്കിൽ എത്രയും നേരത്തെ അവ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും വേണം. 

Representative image. Photo Credit:bymuratdeniz/istockphoto.com
ADVERTISEMENT

ഹൃദ്രോഗികൾ മുട്ടയെ പേടിക്കണോ?
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു നല്ല ഭക്ഷണമാണ് മുട്ട. മിതത്വം പാലിച്ചു കഴിച്ചാൽ ശരീരത്തിനാവശ്യമായ പല പോഷകങ്ങളും  മുട്ടയിൽ നിന്ന് ലഭിക്കും. മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുള്ള കൊഴുപ്പാണ് പലരെയും ആശങ്കപ്പെടുത്തുന്നത്. എന്നാൽ ധാരാളം വൈറ്റമിനുകളും ആരോഗ്യകരമായ പ്രോട്ടീനും നല്ല കൊളസ്ട്രോളും ഫാറ്റി ആസിഡുകളും അടങ്ങുന്നതാണ് മുട്ടയുടെ മഞ്ഞ. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് മഞ്ഞയുൾപ്പെടെ മൂന്ന് മുട്ടകൾ വരെ ഒരു ദിവസം സുരക്ഷിതമായി കഴിക്കാം. എന്നാൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരും ഹൃദ്രോഗങ്ങൾ ഉള്ളവരും ആഴ്ചയിൽ മൂന്ന് മുട്ടകൾ മാത്രമേ കഴിക്കാവൂ. മുട്ടയുടെ വെള്ളയിൽ ശരീരത്തിനേറേ ഗുണകരമായ പ്രോടീൻ മാത്രമാണുള്ളത്. അതിനാൽ മുട്ടയുടെ വെള്ള ആവശ്യാനുസരണം കഴിക്കാവുന്നതാണ്.

റംസാനും ഹൃദയാരോഗ്യവും
പുണ്യങ്ങളുടെ പൂക്കാലമെന്നാണ് റമസാൻ മാസത്തെ വിശ്വാസികൾ വിശേഷിപ്പിക്കുന്നത്. വ്രതാനുഷ്ടാനവും പ്രാർത്ഥനകളും കാരുണ്യപ്രവർത്തനങ്ങളുമായി മനസിനെ ശുദ്ധിയാക്കുന്ന വേള. അതിനെ ശാരീരികമായ ചില പരീക്ഷണങ്ങൾക്ക് വിധേയമാക്കുന്ന അപകടകരമായ ചില പ്രവണതകളാണ് യുവാക്കൾക്കിടയിൽ ഇപ്പോൾ കണ്ടുവരുന്നത്. പലരും പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനും അശാസ്ത്രീയമായി മെലിയാനുമെല്ലാം റമസാൻ നോമ്പുകാലത്തെ ഉപയോഗിക്കുന്നു. നോമ്പുകാലത്ത് വിശ്വാസികൾ പുകവലി പോലെയുള്ള ദുശീലങ്ങൾ ഒഴിവാക്കുകയും നിരന്തരമായ പ്രാർത്ഥനകളിൽ മുഴുകുകയും ചെയ്യുന്നതിനാൽ ആരോഗ്യത്തിന് പല ഗുണങ്ങളുമുണ്ടാകുന്നുണ്ട്. ഫലത്തിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരിൽ ഇക്കാലത്ത് ഹൃദയാരോഗ്യം ഭേദപ്പെടുകയാണ് പതിവ്. എന്നാൽ നോമ്പിനെ അനാരോഗ്യകരമായി സമീപിക്കുന്നവർ പല രോഗങ്ങളെയും വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. അത്തരം അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കുന്നതിനൊപ്പം നേരത്തെ ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർ നോമ്പെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുമുണ്ട്.

Representative image. Photo Credit: AsiaVision/istockphoto.com

നോമ്പ് എല്ലാവർക്കും നിർബന്ധമാക്കിയിട്ടില്ല. രോഗങ്ങളുള്ളവർക്കും മരുന്നുകൾ കഴിക്കേണ്ടവർക്കും അവശതകളുള്ളവർക്കും ആർത്തവമുള്ള സ്ത്രീകൾക്കും അതിൽ ഇളവുകളുണ്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരും അതിന് മരുന്നുകൾ കഴിക്കുകയും ചെയ്യുന്നവർ നിർബന്ധമായും ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നോമ്പനുഷ്ഠിക്കാൻ പാടുള്ളു. അതിനുമുൻപ് ആവശ്യമെങ്കിൽ ചില ടെസ്റ്റുകൾ ചെയ്യുകയും വേണം. ഹൃദ്രോഗികളായ പലരും നോമ്പെടുക്കാൻ വേണ്ടി മരുന്നുകൾ സ്വയം നിർത്തുകയോ സമയം മാറ്റി കഴിക്കുകയോ ചെയ്യാറുണ്ട്. ഉച്ചയ്ക്ക് കഴിക്കാനുള്ള മരുന്ന് പലരും ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഓരോ മരുന്നും എന്തിനുവേണ്ടിയാണ് കഴിക്കുന്നതെന്നറിയാത്തവർ ഇത് ചെയ്യുന്നത് അപകടകരമാണ്. 

ബിപി, കൊളസ്‌ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കാനും രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനുമുള്ള മരുന്നുകളാണ് സാധാരണ ഹൃദ്രോഗികൾ സ്ഥിരമായി കഴിക്കാറുള്ളത്. ഡോക്ടറെ അറിയിക്കാതെ ഇതിലേത് മരുന്നിൽ മാറ്റങ്ങൾ വരുത്തിയാലും വിനയാകാനിടയുണ്ട്. ഉദാഹരണത്തിന് മൂത്രത്തിലൂടെ സോഡിയം, പൊട്ടാസ്യം എന്നീ ലവണങ്ങൾ പുറന്തള്ളുന്നതിനുള്ള മരുന്നുകളാണ് രക്താതിസമ്മർദ്ദം നിയന്ത്രിക്കാൻ രോഗികൾക്ക് നൽകാറുള്ളത്. ഈ മരുന്ന് കഴിക്കുന്നവർ നോമ്പെടുത്താൽ വളരെ പെട്ടെന്ന് നിർജലീകരണം സംഭവിച്ചേക്കാം. ഈ ഗുളിക പൂർണമായും നിർത്തിയാൽ ബിപി നിയന്ത്രണം വിട്ടുപോകാനും സാധ്യതയുണ്ട്.

ADVERTISEMENT

ഞരമ്പുകളിൽ രക്തക്കട്ടകൾ രൂപപ്പെടുന്നത് തടയാൻ കഴിക്കുന്ന മരുന്നുകളാണ് മറ്റൊന്ന്. നോമ്പെടുക്കുന്ന സമയത്ത് വെള്ളം കുടിക്കാത്തത് കാരണം ശരീരത്തിൽ സ്വാഭാവികമായും ജലാംശത്തിന്റെ അളവ് കുറയും. അപ്പോൾ രക്തം കട്ടിയാവുകയും കട്ടപിടിക്കാനുള്ള സാധ്യത കൂടുകയും ചെയ്യും.ഇത്തരം അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനും നോമ്പുകാലം സുരക്ഷിതമാക്കാനുമാണ് ഹൃദ്രോഗികൾ നോമ്പെടുക്കുന്നതിന് മുൻപ് ഡോക്ടറെ കാണണം എന്ന് പറയുന്നത്.

ഹൃദ്രോഗികൾക്ക് നോമ്പ് പിടിക്കാമോ?
ഹൃദ്രോഗമുള്ളവരെ അവരുടെ രോഗത്തിന്റെ തീവ്രതയനുസരിച്ച് മൂന്നായി തിരിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തെ വിഭാഗത്തിലുള്ളത് ഗുരുതരമായ രോഗങ്ങളില്ലാത്തവരാണ്. മരുന്നുകൾ കഴിച്ചാൽ രക്തസമ്മർദ്ദം നിയന്ത്രണത്തിലാകുന്നവർ, ഗുരുതരമല്ലാത്ത ബ്ലോക്കുകൾ ഉള്ളവർ, ഹൃദയമിടിപ്പിൽ നേരിയ വൃതിചലനങ്ങൾ മാത്രമുള്ളവർ, പേസ്‌മേക്കർ ഘടിപ്പിച്ചിട്ടുള്ളവർ, ഹൃദയവാൽവുകളിൽ കാര്യമായ തകരാറുകൾ ഇല്ലാത്തവർ എന്നിവരാണ് ഈ വിഭാഗത്തിലുള്ളത്. ഇക്കൂട്ടർക്ക് കഴിഞ്ഞ രണ്ടോ മൂന്നോ മാസത്തിനിടയിൽ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം നോമ്പെടുക്കാം. ദൈനംദിന കാര്യങ്ങളൊക്കെ ക്ഷീണമല്ലാതെ ചെയ്യാൻ കഴിയുന്നവരായിരിക്കണം. നോമ്പുകാലത്തിന് അനുയോജ്യമായ രീതിയിൽ ഡോക്ടർമാർ മരുന്നുകളുടെ സമയക്രമം മാറ്റിനൽകും.

നോമ്പെടുത്താൽ അപകടസാധ്യതയുള്ളവരാണ് രണ്ടാമത്തെ വിഭാഗത്തിൽ വരുന്നത്. മരുന്നുകൾ കഴിച്ചിട്ടും പൂർണമായും നിയന്ത്രണത്തിലായിട്ടില്ലാത്ത, എപ്പോൾ വേണമെങ്കിലും ബിപിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുള്ളവരാണ് ഈ ഗണത്തിൽപ്പെടുന്നത്. ധമനികളിൽ സാമാന്യം വലിയ ബ്ലോക്കുകൾ ഉള്ളവർ, വാൽവുകളിൽ സാരമായ പ്രശ്നങ്ങളുള്ളവർ, ഹൃദയമിടിപ്പിലും പമ്പിങ്ങിലും ഗുരുതരമായ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്നവർ എന്നിവർ നോമ്പെടുത്താൽ രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്. നോമ്പെടുക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ ഇടവിട്ടുള്ള ദിവസങ്ങളിൽ നോമ്പ് പിടിക്കാനായിരിക്കും ഡോക്ടർമാർ ഉപദേശിക്കുക. അപ്പോഴും ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ നിരന്തരം ശ്രദ്ധിക്കണം. ആവശ്യത്തിന് വിശ്രമം നിർബന്ധമാണ്. അമിതമായ ക്ഷീണമോ തളർച്ചയോ അനുഭവപ്പെട്ടാലോ ശാരീരികബുദ്ധിമുട്ടുകൾ പ്രത്യക്ഷപ്പെട്ടാലോ നോമ്പ് മുറിക്കണം. കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരരുത്. ഹൃദയത്തിന്റെ പമ്പിങ് സാധാരണഗതിയിലാക്കാൻ സിആർടിഡി പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവരും നോമ്പ് ഒഴിവാക്കണം. കഴിഞ്ഞ 6-8 ആഴ്ചകൾക്കുള്ളിൽ ഹാർട്ട് അറ്റാക്കുണ്ടായവരും ആഞ്ചിയോപ്ലാസ്റ്റി പോലെയുള്ള ചികിത്സകൾക്ക് വിധേയരായവരും നോമ്പെടുക്കരുത്.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് ശസ്ത്രക്രിയ കഴിഞ്ഞവർ നോമ്പെടുക്കാൻ കുറഞ്ഞത് 3 മാസമെങ്കിലും കാത്തിരിക്കുന്നതാണ് അഭികാമ്യം. കാരണം ശരീരം ഭേദപ്പെട്ടുവരുന്ന കാലയളവാണിത്. സ്റ്റെന്റ് ഇട്ടശേഷം ആദ്യത്തെ ആറാഴ്ച കഴിക്കുന്ന മരുന്നുകൾ വളരെ നിർണായകമാണ്. അവ ഒഴിവാക്കാൻ കഴിയില്ല. ഈ മരുന്നുകൾ ക്രമപ്രകാരം കഴിച്ചില്ലെങ്കിൽ സ്റ്റെന്റ് ഇട്ടഭാഗത്ത് തന്നെ വീണ്ടും രക്തം കട്ടപിടിക്കാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് വ്രതമനുഷ്ഠിക്കുന്നത് ശരീരത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഹൃദയത്തിന്റെ വാൽവുകൾ മാറ്റിവെച്ചിട്ടുള്ളവർ രക്തത്തിലെ ഐഎൻആർ (രക്തം കട്ടപിടിക്കാൻ എത്ര സമയമെടുക്കുന്നു എന്ന് കണ്ടെത്താനുള്ള പരിശോധന) അളവ് നിയന്ത്രണവിധേയമാകുന്നത് വരെ നോമ്പ് പിടിക്കരുത്. കാരണം ചില ഭക്ഷണപദാർത്ഥങ്ങൾ ഈ രോഗികൾ കഴിക്കുന്ന മരുന്നുകൾ ഫലിക്കാതെയാക്കും. ഐഎൻആർ ലെവൽ കൃത്യമാകാൻ സർജറി കഴിഞ്ഞ് ഏതാനും മാസങ്ങളോ വർഷങ്ങളോ വേണ്ടിവരാറുണ്ട്. അതുവരെ കാത്തിരുന്ന ശേഷം നോമ്പെടുക്കുന്നതിനെ കുറിച്ച് ഡോക്ടറുടെ അഭിപ്രായം തേടാം.

ADVERTISEMENT

മരുന്നുകൾ കഴിച്ചിട്ടും ഹൃദ്രോഗം നിയന്ത്രണത്തിലായിട്ടില്ലാത്ത രോഗികളാണ് മൂന്നാമത്തെ വിഭാഗത്തിൽ വരുന്നത്. ഇക്കൂട്ടർ നോമ്പെടുക്കാൻ പാടില്ല. നിങ്ങൾ ഇതിലേത് വിഭാഗത്തിലാണെന്ന് നിങ്ങളുടെ ഡോക്ടറിന് മാത്രമേ പറയാൻ കഴിയൂ. 

Representative image. Photo Credit: Zurijeta/Shutterstock.com

നോമ്പുകാലം ആരോഗ്യകരമാക്കാനുള്ള ഭക്ഷണരീതിയും വ്യായാമവും 
പലരും ശരീരഭാരം കുറയുമെന്ന പ്രതീക്ഷയോടെയാണ് റമസാനിനെ സമീപിക്കുന്നത്. എന്നാൽ ഇന്നത്തെ നോമ്പുതുറ സമയത്തെ ആഹാരരീതി കാരണം റമസാൻ കഴിയുമ്പോൾ പലർക്കും ഭാരം കൂടുകയാണ് ചെയ്യുന്നത്. പകൽ മുഴുവൻ ഭക്ഷണമൊഴിവാക്കുന്നുണ്ടെങ്കിലും നോമ്പുതുറക്കുന്ന സമയത്ത് കാലറി കൂടുതലുള്ള എണ്ണപ്പലഹാരങ്ങളും മധുരപ്പലഹാരങ്ങളും ധാരാളമായി കഴിക്കുന്നതാണ് നാം എവിടെയും കാണുന്നത്. ഇവയിൽ നിന്നെല്ലാം ശരീരത്തിലെത്തുന്ന അധിക ഊർജം ചെലവാക്കാതെ കൊഴുപ്പായി സംഭരിക്കപ്പെടുന്നു. 

നോമ്പുകാലമായത് കൊണ്ട് വ്യായാമം പൂർണമായും ഒഴിവാക്കേണ്ടതില്ല. നോമ്പുതുറന്ന ശേഷം 20 മിനിറ്റെങ്കിലും മിതമായ വേഗത്തിൽ നടക്കുന്നത് നല്ലതാണ്. ഹൃദ്രോഗങ്ങളുള്ളവർ കഠിനമായ ഏറോബിക്സ്, വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങിയ വ്യായാമങ്ങൾ ഇക്കാലത്ത് ഒഴിവാക്കണം.നോമ്പുതുറന്ന ശേഷം രണ്ടോ മൂന്നോ നേരം ചെറിയ അളവിലുള്ള ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ധാരാളം ഭക്ഷണം ഒന്നിച്ചു കഴിക്കുന്ന രീതി വേണ്ട. ഈ സമയം ധാരാളം വെള്ളം കുടിക്കുകയും വേണം. നാരുകൾ കൂടുതൽ അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ ഒഴിവാക്കാം. ഉയർന്ന അളവിൽ അന്നജവും കൊഴുപ്പും മധുരവും നിറഞ്ഞ ഭക്ഷണങ്ങൾക്ക് പകരം ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോടീനും ഫൈബറും മറ്റ് പോഷകങ്ങളും സമൃദ്ധമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ തെരെഞ്ഞെടുത്ത് കഴിക്കാം. അപ്പോൾ നോമ്പുകാലം കൂടുതൽ ആസ്വാദ്യകരവും ആരോഗ്യകരവുമായി അനുഭവപ്പെട്ടുതുടങ്ങും.

Representative image. Photo Credit:AaronAmat/istockphoto.com

നോമ്പെടുക്കണമെന്ന് ആഗ്രഹമുള്ള ധാരാളം ഹൃദ്രോഗികൾ നമുക്കിടയിലുണ്ട്. അതിൽ എല്ലാവരും നോമ്പ് പൂർണമായും ഒഴിവാക്കണമെന്നില്ല. മറിച്ച് ഡോക്ടറുമായി കൂടിയാലോചിച്ച് പോംവഴികൾ കണ്ടെത്തുകയാണ് വേണ്ടത്. ആ അനുമാനങ്ങൾ ഓരോ രോഗിയിലും വ്യത്യസ്തവുമായിരിക്കും. നിങ്ങൾ ഹൃദ്രോഗമുള്ളവരാണെങ്കിൽ നിങ്ങൾക്ക് നോമ്പെടുക്കാമോ ഇല്ലയോ എന്ന് നിങ്ങളുടെ ഡോക്ടറിന് മാത്രമേ പറയാനാകൂ. കഴിഞ്ഞവർഷം നോമ്പനുഷ്ഠിച്ചത് കൊണ്ട് ഈ വർഷവും നോമ്പനുഷ്ഠിക്കാമോ എന്നറിയണമെങ്കിൽ വീണ്ടും ഡോക്ടറെ കണ്ട് ആരോഗ്യം വിലയിരുത്തേണ്ടതുണ്ട്. റമസാൻ തുടങ്ങുന്നതിനുമുൻപേ അതിനുള്ള പ്ലാനിങ് തുടങ്ങണം. നോമ്പുകാലത്ത് സ്വന്തം ശരീരത്തെ കൂടുതൽ ശ്രദ്ധിക്കുകയാണ് വേണ്ടത് - അതിനെ പരീക്ഷിക്കുകയല്ല.

(കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ ഇൻ്റർവൻഷനൽ കാർഡിയോളജിസ്റ്റാണ് ലേഖകൻ )

English Summary:

Increasing number of Heart Diseases in Youngsters

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT