ആഴ്ചയിൽ 3—4 ദിവസം വരെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന താരതമ്യേന സുരക്ഷിതമായ ഭക്ഷ്യവിഭവമാണിത്. മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്നവ ഒമേഗാ 3 കൊഴുപ്പ് അമ്ലങ്ങൾ നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ കൂട്ടും. എന്നാൽ അമിത ഉപയോഗം ആകെ കൊളസ്ട്രോൾ കൂടാൻ ഇടയാക്കും.
രക്തത്തിൽ അമിത കൊളസ്ട്രോൾ ഉള്ളവർ തോടോടു കൂടിയ മത്സ്യങ്ങളായ ചെമ്മീൻ, കൊഞ്ച്, ഞണ്ട് എന്നിവ ഒഴിവാക്കുന്നതാണ് ഉത്തമം.
വാങ്ങുമ്പോൾ: അന്നന്നു വരുന്ന മത്സ്യം വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക. തെളിഞ്ഞ കണ്ണുകൾ, വഴുവഴുപ്പില്ലാത്ത പുറംഭാഗം, ഉറപ്പ് ഇവ നല്ല മത്സ്യത്തിന്റെ ലക്ഷണങ്ങളാണ്. നല്ല മത്സ്യത്തിന്റെ ചെകിളപ്പൂവ് ചുവന്നിരിക്കും. പഴകിയ മത്സ്യം വെള്ളത്തിൽ പൊങ്ങിക്കിടക്കും. ചീഞ്ഞ മണവും ഉണ്ടായിരിക്കും. മത്സ്യങ്ങളെക്കാൾ എളുപ്പം കക്കയിറച്ചി കേടാകും. അതുകൊണ്ട് അൽപമെങ്കിലും ദുർഗന്ധമുണ്ടെങ്കിൽ വാങ്ങാതിരിക്കുക. മുറുകി അടഞ്ഞ, പൊട്ടാത്ത തോടുള്ള കക്കകളും ഞണ്ടുകളും ഫ്രഷ് ആയിരിക്കും. തോട് അൽപം തുറന്നിരുന്നാൽ തന്നെ ഫ്രഷ് ആണെങ്കിൽ പുറമെ ചെറുതായി തട്ടിയാൽ തോട് അടയും.
തയാറാക്കുമ്പോൾ: മത്സ്യം ചുട്ടോ, പൊള്ളിച്ചോ, പറ്റിച്ചോ എണ്ണയില്ലാതെ പാകം ചെയ്ത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം. പാചകം ചെയ്ത മീനും പാകപ്പെടുത്താത്ത മീനും അടുപ്പിച്ചു വയ്ക്കരുത്. ദോഷകരങ്ങളായ ബാക്ടീരിയകൾ വ്യാപിക്കാൻ ഇടയാകാം. തേങ്ങ, എണ്ണ ഇവ മിതമായ രീതിയിൽ ഉപയോഗിച്ചു പാചകം ചെയ്യുന്നതാണ് ഉത്തമം.
കഴിക്കുമ്പോൾ: ഒരു ദിവസത്തെ ഭക്ഷണത്തിൽ 75—100 ഗ്രാം വരെ മത്സ്യം ഉൾപ്പെടുത്താവുന്നതാണ്. മത്തി, അയല തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങളിലാണ് ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ളത്. എന്നാൽ, ഇവയിൽ കുറഞ്ഞ അളവിൽ ദോഷകാരികളായ മാലിന്യങ്ങൾ അടിഞ്ഞു കൂടാൻ സാധ്യതയുണ്ട്. ഇത് ഭാവിയിൽ അനാരോഗ്യമുണ്ടാക്കാം. അതിനാൽ മിതമായി മാത്രമേ കഴിക്കാവൂ. കൂടാതെ, അമിത ഉപയോഗം രക്തത്തിലെ ആകെ കൊളസ്ട്രോൾ അളവു കൂട്ടും.
മുള്ള് കഴിക്കാവുന്ന ചെറിയ മത്സ്യങ്ങളിൽ നിന്നും കാത്സ്യം കൂടുതൽ കിട്ടും. ഒരേതരം തന്നെ സ്ഥിരമായി കഴിക്കാതെ വിവിധ ഇനങ്ങൾ പരീക്ഷിക്കുക.
സൂക്ഷിക്കുമ്പോൾ: വാങ്ങിച്ചു കഴിഞ്ഞ് ഉടൻ തന്നെ മത്സ്യം പാകപ്പെടുത്തി കഴിക്കണം. ഇല്ലെങ്കിൽ വൃത്തിയാക്കിയശേഷം പാത്രത്തിലോ ഫോയിലിലോ ആക്കി മൂടി ഫ്രീസറിൽ ഒരു ദിവസം വരെ സൂക്ഷിക്കാം. ഒരിക്കലും മീൻ വെറുതെ വെള്ളത്തിൽ ഇട്ടു വയ്ക്കരുത്.
പോഷകഘടകങ്ങൾ: മത്സ്യത്തിലും ഉയർന്ന ജൈവികമൂല്യമുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മറ്റു മാംസാഹാരങ്ങളെപ്പോലെതന്നെ അന്നജം ഇതിലില്ല. മത്സ്യത്തിൽ മാംസ്യം 20—25 ശതമാനവും കൊഴുപ്പ് 2—5 ശതമാനവും വരെ അടങ്ങിയിരിക്കുന്നു.
കാത്സ്യം, ജീവകം എ ഇവയും മത്സ്യത്തിൽ അടങ്ങിയിരിക്കുന്നു. ചൂര പോലുള്ള ചെറു മത്സ്യങ്ങളിൽ ധാരാളം അയഡിനും അടങ്ങിയിട്ടുണ്ട്.