കോഴിയിറച്ചി, മറ്റിറച്ചികളെപ്പോലെ, മാംസ്യസമ്പുഷ്ടമായ ഒരു ഭക്ഷണമാണ്. മാട്ടിറച്ചിയിൽ 23 ശതമാനം, ആട്ടിറച്ചിയിൽ 18.5 ശതമാനം, തറാവിറച്ചിയിൽ 22 ശതമാനം എന്നീ അളവിൽ മാംസ്യ അടങ്ങിയിരിക്കുമ്പോൾ, കോഴിയിറച്ചിയിൽ മാംസ്യത്തിന്റെ അളവ് 26 ശതമാനമാണ്.
കോഴിയറച്ചിയിൽ അപകടകാരിയായ കൊഴുപ്പിന്റെ അളവ് ഗണ്യമായി കുറവാണ്. ചിക്കൻ കഴിക്കണമെന്നു നിർബന്ധമുള്ളവരോട്, പ്രത്യേകിച്ചും ഹൃദയപ്രശ്നമുള്ളവരോട് തൊലിമാറ്റിയതിനുശേഷം ചിക്കൻ കഴിക്കാൻ വിരോധമില്ല എന്നു ഡോക്ടർമാർ പറയുന്നതിന്റെ കാരണം മറ്റൊന്നല്ല. പക്ഷേ, പൊതുവേ എല്ലാ ജന്തുമാംസങ്ങളും ആഹാരത്തിലെ മുഖ്യഘടകമാക്കുന്നതു ലോകമെമ്പാടുമുള്ള പോഷകവിദഗ്ധർ നിരുത്സാഹപ്പെടുത്തുന്നു.
കൂടുതൽ മേന്മയില്ല
എന്താണ് ചിക്കൻ ഉൾപ്പെടെയുള്ള ജന്തുമാംസങ്ങൾക്ക് മനുഷ്യരുടെ ആഹാരരീതിയിൽ വലിയ സാന്നിധ്യം ഉണ്ടാകാൻ കാരണം. എല്ലാ മാംസ്യതന്മാത്രകളും നിർമിച്ചിരിക്കുന്നത് 20 അമീനോ അമ്ലങ്ങൾ കൊണ്ടാണ്. പാകൃജനകം (Nitrogen) അടങ്ങിയ ലഘുതന്മാത്രകൾ ആണ് അമീനോ അമ്ലങ്ങൾ. മാംസ്യ ഘടനയ്ക്കാവശ്യമായ 20 അമീനോ അമ്ലങ്ങളിൽ എട്ട് എണ്ണം നാം കഴിക്കുന്ന ആഹാരത്തിലൂടെ, ദിവസേന ശരീരത്തിന് നൽകണം. ഇവയെ അവശ്യ അമീനോ അമ്ലങ്ങൾ എന്നു വിളിക്കുന്നു. മറ്റു 12 അമീനോ അമ്ലങ്ങൾ മാംസ്യഘടനയ്ക്കും ജൈവരാസപ്രവർത്തനങ്ങൾക്കും ആവശ്യമാണെങ്കിലും ആവശ്യാനുസരണം നിർമിക്കാനുള്ള കഴിവ് മനുഷ്യശരീരത്തിനുണ്ട്. അവശ്യ അമീനോ അമ്ലങ്ങൾ, നമുക്കാവശ്യമുള്ള ചേരുവയിൽ നൽകാൻ കഴിവുള്ള മാംസ്യങ്ങൾ ആണ് ജന്തു മാംസ്യങ്ങൾ. മുട്ടയിലെ മാംസ്യവും പശുവിൻ പാലിലെ മാംസ്യവും കഴിഞ്ഞു മാത്രമാണ് ഇറച്ചി മാംസ്യത്തിന്റെ സ്ഥാനം. അവയിലും ചിക്കൻ മാംസ്യത്തിന് കരൾമാംസ്യത്തെക്കാളും മാട്ടിറച്ചി മാംസ്യത്തെക്കാളും മേന്മ അവകാശപ്പെടാൻ സാധിക്കില്ല. ചിക്കൻ കഴിക്കുമ്പോൾ ചിലർക്കെങ്കിലും അനുഭവപ്പെടുന്ന അധികോന്മേഷവും രതിഭാവനയുമെല്ലാം വെറും സാങ്കല്പികം മാത്രം. ഒരു കാര്യം ഉറപ്പിച്ചു പറയാം. കോഴിയിറച്ചി ഭക്ഷിക്കുന്നതും കായികക്ഷമതയും സൃഷ്ടിവാസനയും തമ്മിലൊന്നും ഒരു ബന്ധവുമില്ല.