കൊളസ്ട്രോൾ മരുന്നിനൊപ്പം മുന്തിരി ജ്യൂസ് കഴിച്ചാല്‍

കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനുള്ള സ്റ്റാറ്റിന്‍മരുന്നുകള്‍ കഴിക്കുന്നവര്‍ മുന്തിരി ജ്യൂസ് കുടിക്കുന്നത് നന്നല്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദിവസം ഒരു ലിറ്ററില്‍ കൂടുതല്‍ ജ്യൂസ് കുടിച്ചാല്‍ പേശീ വേദന വര്‍ദ്ധിക്കുന്നതായാണ് വ്യക്തമാകുന്നത്. സ്റ്റാറ്റിന്‍ മരുന്നിന്റെ ശരീരത്തിലെ ചയാപചയപ്രവര്‍ത്തനത്തിനു (മെറ്റബോളിസം) സഹായിക്കുന്നത് സൈറ്റോക്രോം-പി 450 എന്ന എന്‍സൈമാണ്. ഈ എന്‍സൈമിന്റെ പ്രവര്‍ത്തനം മുന്തിരിജ്യൂസിലെ ഫ്യൂറാനോ കൊമറിന്‍ എന്ന ഘടകം കുറയ്ക്കുന്നു. ചയാപചയപ്രവര്‍ത്തനം കുറയുന്നതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനായി കഴിക്കുന്ന മരുന്ന് ശരീരത്തില്‍ തങ്ങിനില്‍ക്കുകയും ശരീരത്തില്‍ അത് കൂടി വരുന്നതനുസരിച്ച് പേശീവേദന കൂടുകയും ചെയ്യും. കൊളസ്ട്രോള്‍ മരുന്നിനൊപ്പം ചില മരുന്നുകള്‍ കഴിക്കുമ്പോഴും സൈറ്റോക്രോം-പി 450 എന്ന എന്‍സൈമിന്റെ പ്രവര്‍ത്തനം കുറച്ച് സമാനമായ സാഹചര്യത്തിലൂടെ പേശീവേദനയ്ക്ക് കാരണമാകും.