Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്ഷാക്കാലത്ത് കഴിക്കാം ബുദ്ധിയുണർത്തും ഭക്ഷണങ്ങൾ

120477211

പരീക്ഷാക്കാലം എത്തിക്കഴിഞ്ഞു. കുട്ടികൾ പഠനത്തിരക്കിൽ ആകും. പഠനത്തോടൊപ്പം പ്രധാനമാണ് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യവും. പരീക്ഷയിൽ തിളങ്ങാൻ നന്നായി പഠിക്കുന്നതോടൊപ്പം നല്ല ഭക്ഷണവും കഴിക്കേണ്ടതുണ്ട്. സമ്മർദ്ദം കുറയ്ക്കാൻ ആരോഗ്യകരമായ ഭക്ഷണശീലം സഹായിക്കും. തലച്ചോറിനെ ഊർജ്ജസ്വലമാക്കി വയ്ക്കാൻ നല്ല ഭക്ഷണം കഴിച്ചേ തീരൂ. എന്തൊക്കെയാണ് നല്ല ഭക്ഷണം അഥവാ ബുദ്ധിയുണർത്തും ഭക്ഷണം എന്നറിയേണ്ടേ?

പ്രോട്ടീനുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കണം. മനസിനെ ശ്രദ്ധയോടെ നിലനിർത്താൻ അതു സഹായിക്കും. മുട്ട, നട്സ്, തൈര് ഇവ കൂടാതെ മുഴുധാന്യങ്ങൾ അടങ്ങിയ പ്രഭാത ഭക്ഷണവും നിർബന്ധമായും കഴിക്കണം. കൊഴുപ്പ് കുറഞ്ഞ പാൽ കുടിക്കുന്നതും നല്ലതാണ്.

മത്സ്യം, വാൾനട്ട്, അത്തിപ്പഴം, ഡ്രൈ ഫ്രൂട്സ് ഇവയെല്ലാം ബ്രെയ്ൻ ഫുഡ് എന്നാണ് അറിയപ്പെടുന്നതു തന്നെ ഇവയും നല്ലതാണ്.

ഓറഞ്ച്, ഏത്തപ്പഴം തുടങ്ങിയ പഴങ്ങള്‍ വേഗത്തിൽ ചിന്തിക്കാനും പെട്ടെന്ന് ഓർത്തെടുക്കാനും നിങ്ങളെ സഹായിക്കും.

കാരറ്റ്, മുളപ്പിച്ച പയർ, കാപ്സിക്കം, ചീര ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ

ജീവകം ബി അടങ്ങിയ ഭക്ഷണം തലച്ചോറിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തും ഇരുമ്പ്, കാൽസ്യം, സിങ്ക് ഇവയടങ്ങിയ ഭക്ഷണം സമ്മർദം കുറയ്ക്കും.

ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. പഴച്ചാറുകളും നല്ലതു തന്നെ.

നിങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട ചില ഭക്ഷണപദാർത്ഥങ്ങൾ പരീക്ഷാക്കാലത്ത് ഒഴിവാക്കുന്നതാകും നല്ലത്. മൈദ കൊണ്ടുണ്ടാക്കിയ കുക്കീസ്, കേക്ക്, മഫിൻസ് തുടങ്ങിയവ കഴിക്കാതിരിക്കുന്നതാകും നല്ലത്. ഇവ ദഹിക്കാനും ഏറെ സമയം എടുക്കും. മധുരം അധികം അടങ്ങിയതിനാൽ ചോക്ലേറ്റ്, ഡെസർട്ടുകൾ, മിഠായികൾ ഇവയും ഒഴിവാക്കുക. കോള പോലുള്ള മധുര പാനീയങ്ങളും ഒഴിവാക്കുക. ചായ, കാപ്പി ഇവയുടെ ഉപയോഗം കുറയ്ക്കുക. വറുത്തതും പൊരിച്ചതും ആയ ഭക്ഷണങ്ങൾ, ജങ്ക്ഫുഡ് ഇവയും കഴിക്കാതിരിക്കുന്നതാകും നല്ലത്.

സ്റ്റാർച്ച് കൂടുതൽ അടങ്ങിയ ഉരുളക്കിഴങ്ങു പോലുള്ള ഭക്ഷണം നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും കാരണമായേക്കാം. അതിനാൽ പരീക്ഷാക്കാലത്ത് അവ ഒഴിവാക്കുന്നതാകും നല്ലത്.

ഭക്ഷണം സാവധാനം കഴിക്കുക അമിതമായി കഴിക്കാതിരിക്കുക. അതുവരെ കഴിക്കാത്ത ഒരു വിഭവം പരീക്ഷാ ദിവസങ്ങളിൽ ആദ്യമായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ഭക്ഷണം പോലെ തന്നെ മതിയായ ഉറക്കവും പ്രധാനമാണ്. പരീക്ഷാത്തലേന്ന് ഉറക്കമിളച്ച് പഠിക്കേണ്ടതില്ല. കൗമാരപ്രായത്തിലുള്ള ഒരു കുട്ടി 8.5 മുതൽ 9.5 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.