ആഹാരത്തെക്കുറിച്ചും അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചും നാം വളരെ ശ്രദ്ധയുള്ളവരാണ്. അതു നമ്മുടെ നിലനിൽപിന്റെ അടിസ്ഥാനമായതു തന്നെ കാരണം എന്തു കഴിക്കണം? എന്ത് ഒഴിവാക്കണം എന്നതിനെക്കുറിച്ചും നാം ഏറെ ശ്രദ്ധാലുക്കളാണ് ചില പ്രധാന ആഹാരസംശയങ്ങൾക്കുള്ള മറുപടികളാണിവിടെ നൽകുന്നത്.
മുളപ്പിച്ച പയർ നല്ലതാണ്. എന്നാൽ മുളപ്പിച്ച ഉള്ളിയും ഉരുളക്കിഴങ്ങും ഇഞ്ചിയും വിഷമാണോ ?
മുളപ്പിച്ച വിഭവങ്ങൾ പ്രത്യേകിച്ച് പയറിന്റെ ഉപയോഗം സർവസാധാരണമാണ്. ഡയറ്റ് ശ്രദ്ധാലുക്കളായ ആളുകളുടെ പ്രിയ ഭക്ഷണമാണിവ. ഇവയ്ക്കു കാലറി കുറവാണ്. ബികോംപ്ലക്സ് വൈറ്റമിനുകൾ. നാരുകൾ, മറ്റു പ്രധാന ധാതുക്കൾ എന്നിവയും ധാരാളമുണ്ടു താനും. മുളപ്പിച്ച ഉള്ളി, ഇഞ്ചി ഇവ ഉപയോഗിക്കുന്നാതിനു കുഴപ്പമില്ല. തനതായ രുചി പോകുമെന്നു മാത്രം. എന്നാൽ ഉരുളക്കിഴങ്ങു പച്ചനിറമായിട്ടുണ്ടെങ്കിൽ അതിൽ വിഷമുണ്ട് കഴിക്കരുത്.
പുളിയുള്ള ആഹാരം അലുമിനിയത്തിൽ പാകം ചെയ്യുന്നത് വിഷകരമാകുമോ ?
അലുമിനിയം പാത്രങ്ങൾ പാചകത്തിൽ ഒഴിവാക്കുക. പുളിയുള്ള ആഹാരം പാകപ്പെടുത്തുമ്പോൾ കൂടുതൽ അലുമിനിയം ഇളകിവരുന്നതിനു കാരണമാകും . മാത്രമല്ല ആസിഡ് പ്രവർത്തിക്കുന്നതിനാൽ ലീച്ചിങ് പ്രക്രിയ നടക്കും. അലുമിനിയത്തിനു പകരം കൽച്ചട്ടി, ഗുണനിലവാരമുള്ള കാസ്റ്റ് അയൺ ചട്ടി, കളിമൺ ചട്ടി എന്നിവ ഉപയോഗിക്കുക. അലുമിനിയത്തിന്റെ അമിത ഉപയോഗം അൽസ്ഹൈമേഴ്സ് രോഗത്തിലേക്കു നയിക്കുന്നതായി ചിലവിദേശപഠനങ്ങൾ പറയുന്നു.
മൈക്രോവേവ് പാചകം ദോഷകരമാണോ ?
മൈക്രോവേവ് പാചകത്തിനു സാധാരണ പാചകത്തെക്കാൾ കൂടുതൽ ദോഷമുണ്ട് എന്ന് പറയാനാകില്ല. ആഹാരപദാർഥങ്ങൾ അവ്നിൽ ചൂടാക്കുന്നതിനും കുഴപ്പമില്ല. പാചകത്തിൽ എണ്ണയ്ക്ക് സ്മോക്കിങ് പോയിന്റ് ഉള്ളതിനാൽ അതിനപ്പുറം എണ്ണ ചൂടാകില്ല. എന്നാൽ മൈക്രോവേവിൽ ആവശ്യത്തിലേറെ ഉയർന്ന ചൂട് വരാതെ നോക്കണം. വളരെ ഉയർന്ന ചൂടിൽ അക്രിലാമൈഡ് എന്ന കാൻസറിന് കാരണമായ സംയുക്തം ഉണ്ടാകുന്നു.
മയോണൈസ് എന്നാലെന്ത്? ഇത് ആരോഗ്യത്തിനു ഹാനികരമാണോ?
മയോണൈസ് കട്ടിയുള്ള ക്രീം പോലെയുള്ള ഒരു ഡ്രസിങ് ഉൽപന്നമാണ്. വിഭവങ്ങൾക്കു ഫ്ലേവർനൽകാനും ഫ്ലേവർ വർധിപ്പിക്കാനുമാണിത് ഉപയോഗിക്കുന്നത്. ഇതു മുട്ടമഞ്ഞയുടെയും എണ്ണയുടെയും എമൾഷനാണ്. വിനാഗിരിയും നാരങ്ങാനീരും ചേരുന്നുണ്ട്. സാധാരണയായി വെളുപ്പ്, ക്രീം. ഇളംമഞ്ഞ എന്നീ നിറങ്ങളിൽ ലഭ്യമാണ്. മയോണൈസിന് യാതൊരു ആരോഗ്യപ്രശ്നവുമില്ല 80% കൊഴുപ്പാണെന്നു മാത്രം.
ഒരു തവണ പപ്പടം കാച്ചാൻ ഉപയോഗിച്ച എണ്ണ മറ്റേതെങ്കിലും വിധത്തിൽ ഉപയോഗിക്കാനാകുമോ ?
എണ്ണ എന്തു തന്നെയായാലും വീണ്ടും ഉപയോഗിക്കരുത്. എത്ര തവണ ഉപയോഗിക്കുന്നുവോ അത്രയും റിസ്ക്ക് കൂടും. ഫ്രീ റാഡിക്കലുകൾ ഉണ്ടാകും. ഈ ഫ്രീ റാഡിക്കലുകൾ കാൻസർ ഉണ്ടാക്കും. എണ്ണ വളരെ ബുദ്ധിപൂർവം ഉപയോഗിക്കുക. ഉദാഹരണത്തിനു മീൻ പാകപ്പെടുത്തുമ്പോൾ ആദ്യം അൽപം വെള്ളത്തിൽ മീൻ വേവിച്ചെടുക്കുക. ഏകദേശം വെന്തു വെള്ളം വറ്റുമ്പോൾ ആ പാത്രത്തിലേക്ക് അൽപം എണ്ണ ഒഴിച്ച് മീൻ മൊരിക്കുക.
ഒാട്സ് കഴുകി ഉപയോഗിക്കേണ്ടതുണ്ടോ? ദിവസവും കഴിക്കാമോ?
ഒാട്സ് കമ്പനികൾ വൃത്തി പാലിക്കുന്നു എന്നു വിശ്വസിക്കുക. സാധാരണക്കാർ ഒാട്സ് മിതമായി കഴിക്കുന്നതുകൊണ്ടു പ്രശ്നമൊന്നുമില്ല. അരി, ഗോതമ്പ് എന്നി വയ്ക്കു പകരമാണെങ്കിൽ ഒാട്സ് നല്ല ആഹാരമാണ്. പക്ഷേ, സാധാരണ കഴിക്കുന്ന പ്രാതലിനും മറ്റ് ആഹാരത്തിനും പുറമെ ഒാട്സ് കഴിച്ചാൽ ഗുണമുണ്ടാകില്ല. അല്ലാതെ പകരം കഴിക്കണം. പാൽ ചേർത്തും ചേർക്കാതെയും ഒാട്സ് കഴിക്കാം. പക്ഷേ, ഒാട്സ് കഴിക്കുന്നതു കൊണ്ട് ആകെ പ്രയോജനം കൊളസ്ട്രോൾ നേരിയ തോതിൽ കുറയുമെന്നാണ്, പാലിലെ കൊളസ്ട്രോൾ ഈ അളവിനെക്കാൾ കൂടുതലാണെങ്കിൽ പിന്നെ ഒാട്സ് കഴിച്ചിട്ടെന്തു കാര്യം എന്നതും ചിന്തിക്കണം.
പാൽപ്പൊടി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്? പാൽപ്പൊടി കെളസ്ട്രോൾ കൂട്ടുമോ ?
പാൽപ്പൊടിക്ക് കുഴപ്പമൊന്നുമില്ല. പാലായാലും പൊടി ആയാലും കൊളസ്ട്രോൾ ഉണ്ട്. ആഹാരത്തിലൂടെ എത്തുന്ന കൊളസ്ട്രോൾ എത്ര പ്രധാനമാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. സാധാരണഗതിയിൽ നാലു വയസ്സിനപ്പുറം പാൽ ഉപയോഗിക്കേണ്ടതില്ല. കാരണം പാലിലെ പ്രോട്ടീനുകളൊക്കെ ചില രീതിയിൽ നമുക്കു ദൂഷ്യം ചെയ്യുന്നുണ്ട്. മറ്റൊരു കാര്യം പാൽ പലപ്പോഴും പ്രിസർവേറ്റീവുകൾ ചേർത്താണു വിപണിയിലെത്തുന്നത്. അങ്ങനെ നോക്കുമ്പോൾ പാൽപ്പൊടിയാണു കുറച്ചു കൂടി സുരക്ഷിതം. പാൽപ്പൊടിയുടെ അളവു പ്രശ്നമില്ല.
കോൺഫ്ളേക്സും പാലും മികച്ച ബ്രേക്ഫാസ്റ്റ് ആണെന്നു പറയുന്നു. ശരിയാണോ ?
പാലും കോൺഫ്ലേക്സും നല്ല ആഹാരമാണെന്നതു പരസ്യങ്ങളിലൂടെ പതിഞ്ഞ ഒരു വിശ്വാസമാണ്. ചോളത്തിന്റെ ഫ്ളേക്സ് അഥവാ അല്ലികൾ മൊരിച്ചു തയാറാക്കുന്നതാണ് കോൺഫ്ളേക്സ് . ശരിയായ ബ്രേക്ഫാസ്റ്റ് എന്നാൽ താഴ്ന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ളതും 30% വീതം നല്ലയിനം കൊഴുപ്പും 30% വീതം പ്രോട്ടീനും (മെഡിറ്ററേനിയൻ സ്റ്റൈലിൽ) അടങ്ങിയതാണ്. ഒരു വഴിയുണ്ട് കോൺഫ്ലേക്സ് പാൽ ചേർത്തു കഴിക്കുന്നതിനു മുമ്പും പിമ്പുമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കഴിക്കുന്നതിനു മുമ്പുള്ള ഇൻസുലിൻ, ഇൻസുലിൻ എടുത്ത ശേഷമുള്ള രക്തപരിശോധന (പോസ്റ്റ് പ്രൻഡിയാൽ (post prandial) ഇൻസുലിൻ), ആഹാരം രക്തപരിശോധന (പോസ്റ്റ് പ്രൻഡിയാൽ ഷുഗർ) എന്നിവ പരിശോധിച്ചാൽ കോൺഫ്ലേക്സ് നിങ്ങൾക്കു നല്ലതാണോ എന്നറിയാം.
ഇൻസ്റ്റന്റ് എനർജി ഡ്രിങ്കുകൾ അപകടകാരികളാണോ ?
ഇൻസ്റ്റന്റ് എനർജി ഡ്രിങ്കുകൾ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയവയാണ്. ഇവ മെറ്റബോളിക് സിൻഡ്രം, ഫാറ്റി ലിവർ എന്നിവ ഉണ്ടാക്കും .കൂടാതെ ഇവയിലെ കൃത്രിമ നിറങ്ങളും നല്ലതല്ല. എനർജി ഡ്രിങ്കുകൾ കഴിക്കുമ്പോൾ രക്തത്തിലേക്ക് പെട്ടെന്നു ഗ്ലുക്കോസ് ഇരച്ചുകയറി ഉയരുന്നു. ഇത് ഇൻസുലിൻ ഉൽപാദനം വർധിച്ച തോതിൽ നടത്തുന്നു. തുടർന്നു രക്തത്തിലെ പഞ്ചസാര മുഴുവൻ സംഭരിക്കാനായി പോകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്നു കുറയുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നു. വീണ്ടും അടുത്ത എനർജി ഡ്രിങ്ക് കഴിക്കാൻ തോന്നുന്നു. ഈ പാനീയങ്ങൾക്ക് എംപ്റ്റി കാലറിയാണുള്ളത്. കുട്ടികളും മുതിർന്നവരും ഇവ പതിവാക്കുന്നത്. ആരോഗ്യകരമല്ല.
ഒരാഴ്ച എത്ര മുട്ട കഴിക്കാം? ഏതു രീതിയിൽ പാകപ്പെടുത്തണം?
മുട്ടയുടെ കാര്യത്തിൽ പണ്ടു പറഞ്ഞ കാര്യങ്ങൾ ഇന്നു തിരുത്തപ്പെടുന്നുണ്ട്. മുട്ടവെള്ള എത്ര വേണമെങ്കിലും കഴിക്കാം. മറ്റ് രോഗങ്ങൾ ഇല്ലാത്ത ആൾക്ക് ദിവസം ഒരു മുട്ട കഴിക്കാം. പ്രമേഹമുള്ളവർക്കും ഹൃദ്രോഗികൾക്കും ആഴ്ചയിൽ മുന്നു മുട്ട മഞ്ഞ കഴിക്കാം. ഒാംലെറ്റും ബുൾസ്െഎയും പുഴുങ്ങിയതും തമ്മിൽ വ്യത്യാസമില്ല. എങ്ങനെ കഴിച്ചാലും ഒരുപോലെയാണ്. എണ്ണ ചേരുമ്പോൾ കാലറി കൂടും. മുട്ട ഒാംലറ്റ്, ബുൾസ് െഎ എന്നിവ ഉണ്ടാക്കുമ്പോൾ ഒരുപാടു കരിയാതെ നോക്കണം. കരിഞ്ഞ മുട്ട നല്ല തല്ല. ആസ്മയുള്ള ചിലരിൽ പ്രത്യേകിച്ച് കുട്ടികളിൽ മുട്ടയുടെ ഉപയോഗം അത്ര നന്നല്ല. മുട്ടയുടെയും പാലിന്റെയും അംശം പൂർണമായും ഒഴിവാക്കിയാൽ ചില കുട്ടികളിലെ കഫക്കെട്ട് മാറാൻ സാധ്യതയുണ്ട്.
കട്ടൻ കാപ്പിയും കടും ചായയും സ്ഥിരമായി കുടിക്കുന്നതു കൊണ്ടു കുഴപ്പമുണ്ടോ?
കാപ്പി, ചായ എന്നിവ മിതമായ അളവിൽ (ഒരു കപ്പ്) കുഴപ്പമില്ല. ബിപി നിയന്ത്രണത്തിലാകാത്തവർ കാപ്പി ഒഴിവാക്കി നോക്കുന്നതു നല്ലതാണ്. പുളിച്ചു തികട്ടാൽ, അസിഡിറ്റി എന്നിവ ഉള്ളവർ ചായ, കാപ്പി ഇവ ഒഴിവാക്കി നോക്കുക. രണ്ടാഴ്ച കൊണ്ടു ശമനം ഉണ്ടായില്ലെങ്കിൽ വീണ്ടും ഉപയോഗിക്കാം. പഞ്ചസാര ഉപയോഗം ഫാറ്റി ലീവർ ഉണ്ടാക്കുന്നതിനാൽ മധുരമില്ലാത്ത കാപ്പിയും ചായയും ആയിരിക്കും അവർക്കു നല്ലത്. രാത്രി ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുൻപ് രണ്ടും നിർത്തണം.
കൊഴുപ്പു കൂടിയ ബിരിയാണി പോലുള്ളവ രാത്രി സമയത്തു കഴിക്കുന്നത് ശരീരഭാരം കൂട്ടുമോ ?
ഏതാഹാരവും രാത്രി കഴിക്കുന്നതു നന്നല്ല. ഒട്ടു മിക്ക മെറ്റബോളിക് രോഗങ്ങളും രാത്രിയിലെ ഭക്ഷണം പ്രത്യേകിച്ച് ഉയർന്ന കാലറിയും കൊഴുപ്പുമുള്ള ബിരിയാണി പോലുള്ളവ ഒഴിവാക്കിയും കുറയ്ക്കാനാകും. ഒരാൾക്ക് 14 മണിക്കൂർ വയറിനു വിശ്രമം വേണം എന്നാണു കണക്ക്. ബിരിയാണി ആയാലും കഞ്ഞി ആയാലും രത്രിയിൽ കഴിക്കേണ്ട. കഴിക്കുന്നെങ്കിൽ ഏഴുമണിക്കു മുമ്പായി കഴിക്കുക.
ചായപ്പൊടി, പഞ്ചസാര, ഉപ്പ്, വെളിച്ചണ്ണ ഇവ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കാമോ?
ഭക്ഷണപദാർഥങ്ങളൊന്നും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കേണ്ട. പ്ലാസ്റ്റിക്കിൽ നിന്നും ബിപിഎ അതായത് ബിസ്ഫെനോൾ എ (Bisphenol A) എന്ന രാസപദാർഥം ആഹാരത്തിൽ കലരും. പകരമായി ഗ്ലാസ് അടപ്പുള്ള ഗ്ലാസ് ഭരണികളും കളിമൺ ഭരണികളും സ്റ്റീൽ ജാറുകളും ഉപയോഗിച്ചോളൂ.
മാംസാഹാര ആഴ്ചയിൽ എത്ര ദിവസമാക്കുന്നതാണ് നല്ലത്?
സത്യത്തിൽ അങ്ങനെ കണക്കൊന്നുമില്ല. നിങ്ങൾ മെഡിറ്ററേനിയൻ ഡയറ്റിൻ ആണെങ്കിൽ മാംസാഹാരം ദിവസവും കഴിക്കുന്നതിൽ കുഴപ്പമില്ല. അളവും കാലറിയും കുറച്ചാൽ മതി. മാംസത്തിനു പകരം മത്സ്യം ആയാൽ നല്ലത്. മലയാളികളുടെ ആഹാരത്തിലെ വില്ലൻ ഉയർന്ന കാർബോഹൈഡ്രേറ്റ് ആണ്. മൂക്കുമുട്ടെ കഴിക്കുന്ന തരം ആളുകൾ മാംസാഹാരം ആഴ്ചയിൽ പരമാവധി മൂന്നു നേരം ആക്കിക്കോളൂ. പണ്ടുകാലത്തു വീടുകളിൽ ആഴ്ചയിൽ ഒരു നേരം മാത്രമായിരുന്നു മാംസം. അങ്ങനെയുമാകാം.
ദിവസവും തൈരോ മോരോ കഴിക്കുന്നത് ആരോഗ്യകരമാണോ ?
തൈരിലും മോരിലും പ്രോബയോട്ടിക് ബാക്ടീരിയ ഉണ്ട്. ബാക്ടീരിയകൾ ആരോഗ്യകരമായ ദഹനേന്ദ്രിയ വ്യവസ്ഥയും പ്രതിരോധസംവിധാനവും രൂപീകരിക്കാൻ സഹായക്കും. അതിനാൽ തൈര്, യോഗർട്ട്, മോര് എന്നിവ ശീലമാക്കുക നല്ലതാണ്. അതേസമയം പാൽ അലർജി ഉള്ളവർ തൈരും മോരുമൊക്കെ ഒഴിവാക്കി നോക്കണം .
പഞ്ചസാര ഏറെ ഉപയോഗിച്ചാൽ പ്രമേഹസാധ്യതയുണ്ടെന്നു പറയുന്നു. ദിവസം എത്ര സ്പൂൺ ഉപയോഗിക്കാം?
പ്രമേഹസാധ്യത എന്നാൽ പല ഘടകങ്ങൾ ചേർന്നതാണ്. പഞ്ചസാരയുടെ ഉപയോഗം മിതമല്ലെങ്കിൽ ഇൻസുലിൻ റസിസ്റ്റൻസ് ഉണ്ടാകാം. അതു പ്രമേഹസാധ്യത കൂട്ടും. മതിയായി വ്യായമം ചെയ്യുന്നവരിൽ പഞ്ചസാര ദോഷമുണ്ടാക്കില്ല. എന്നാൽ ശർക്കരയും പഞ്ചസാരയും തേനും തമ്മിൽ മെറ്റബോളിക് വ്യത്യാസങ്ങൾ ഇല്ല.
കേക്ക്, ബിസ്ക്കറ്റ് പോലുള്ളവയുടെ ഉപയോഗിത്തിൽ ശ്രദ്ധിക്കേണ്ടത് എന്ത്?
കേക്കും ബിസ്കറ്റും ഉയർന്ന കാലറിയുള്ള ജങ്ക് ഫൂഡ് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഭക്ഷണങ്ങളാണ്. അവ ഒഴിവാക്കുക. മൈദ, പഞ്ചസാര എന്നിവയാണ് രണ്ടിന്റെയും പ്രധാന ചേരുവ. മിക്ക ന്യൂജൻ റസ്റ്ററന്റുകളിലെയും കേക്കുകൾ. പേസ്ട്രികൾ എന്നിവയുടെ കാലറി അളവ‍് ഭീകരമാണ്. ബിസ്ക്കറ്റുകൾ കുറഞ്ഞ അളവിൽ ആഴ്ചയിൽ രണ്ടുതവണ ഒക്കെ കഴിച്ചോളൂ. കുട്ടികൾക്ക് അൽപം കൂടുതൽ നൽകുന്നതു കൊണ്ടു ദോഷമില്ല.
െഎസ്ക്രീമും കേക്കും പായസവും മിക്സും ചെയ്യുന്ന രീതിയുടെ അപകടാവസ്ഥ എന്താണ്?
ഭക്ഷണശേഷം വീണ്ടും ഉയർന്ന കാലറി മിക്സുകൾ ആയ ഡെസേർട്ടുകൾ കഴിക്കുന്നതു ഹാനികരമാണ്. അതു കരൾ താങ്ങില്ല. ഫാറ്റി ലിവർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾവരാൻ ഇങ്ങനെ കുത്തിനിറയ്ക്കൽ ഒരു കാരണമാണ്. നല്ല ഭക്ഷണമായലും ചീത്ത ഭക്ഷണമായലും മൊത്തം കാലറിയാണ് ഒന്നാമതു നോക്കേണ്ടത്.
ചവ്വരി, ചാമയരി, ജീരറൈസ്, പോലുള്ള അരി വിഭാഗങ്ങൾക്ക് പോഷണമേന്‍മ ഉണ്ടോ?
ഏതൊരു ധാന്യത്തിന്റെ (ഗ്രേയിൻ) ഉപയോഗവും ശരീരത്തിനു നേരിയ ദോഷം ചെയ്യുന്നു. അരി ആയാലും ഗോതമ്പായാലും ഭക്ഷണത്തിൽ ധാന്യങ്ങൾക്കു പകരം മറ്റു ഘടകങ്ങൾ ഉപയോഗിക്കുന്നതു നല്ലതാണ്. കിഴങ്ങുവർഗങ്ങൾ ഉത്തമമാണ്. ചവ്വരി ധാന്യം അല്ല. അതിനാൽ അരിക്കും ഗോതമ്പിനും പകരം ഉപയോഗിക്കാം. നല്ലതായിരിക്കും. ചാമ പക്ഷേ ധാന്യമാണ്. ആഹാരത്തിൽ അരിക്കും ഗോതമ്പിനും പകരം ചാമ, ബജ്റ, കോൺ, സൊർഗം തുടങ്ങിയ മറ്റു ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവ ഉപയോഗിക്കാൻ ശീലിക്കണം. അല്ലാതെ അരിഭക്ഷണം മാത്രമാക്കുന്നതു അഡിക്ഷൻ ആണ്.
ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കണം? ദാഹശമനികൾ കുടിക്കാമോ?
ദിവസം രണ്ടുലീറ്ററിനുമേൽ വെള്ളം കുടിക്കണം. വെള്ളം പച്ചവെള്ളമായിത്തന്നെ മതി. ഇടയ്ക്കിടെ വെള്ളം കുടിക്കുക. വേണമെങ്കിൽ ഇടയ്ക്ക് അല്പം ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കാം. കരിക്കിൻവെള്ളവും ആകാം. ദാഹം തീർക്കാൻ കുടിക്കുന്ന വെള്ളത്തിൽ മധുരം ചേർക്കരുത്. ഒരു കൃത്രിമ പാനീയവും ദാഹശമനിയായി ഉപയോഗിക്കരുത്.
സാധാരണ മുളകുപൊടിയും കശ്മീരി മുളകുപൊടിയും വാങ്ങുന്നവരുണ്ട് ഏതാണ് നല്ലത്?
കാശ്മീരി മുളകുപൊടിയും സാധാരണ മുളകുപൊടിയും തമ്മിൽ രുചിയിൽ അല്ലാതെ വ്യത്യാസമില്ല. ഉണക്കിയ വറ്റൽമുളക് പൊടിച്ചാണു മുളകുപൊടി തയാറാക്കുന്നത്. ഇത് നല്ല എരിവുള്ളതാണ്. ഇതാണ് അടുക്കളകളിൽ കൂടുതലായി ഉപയോഗിക്കുന്നത്. കാശ്മീരി മുളകുപൊടി എരിവു കുറഞ്ഞതാണ്. നല്ല ചുവപ്പുനിറമുള്ളതും ചുളിഞ്ഞ തൊലിയുമുള്ള മുളകു പൊടിച്ചാണിതു തയാറാക്കുന്നത്. അൽപം ചൂടാക്കുമ്പോൾ തന്നെ, പെട്ടെന്ന് ഏതു വിഭവത്തിനും നല്ല ചുവപ്പുനിറം നൽകാൻ ഈ മുളകുപൊടിക്കു കഴിയും.
ചിപ്സ് (കായ വറുത്തത്) ഒരു ആഴ്ചയിൽ എത്ര പ്രാവശ്യം കഴിക്കാം?
ചിപ്സ് ഉണ്ടാക്കുന്നവർ മിക്കവാറും എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ട്. അതിനാൽ പുറമെ നിന്നു വാങ്ങുന്ന ചിപ്സ് അപകടകരമാണ്. ചിപ്സ് ഉൽപാദനകേന്ദ്രങ്ങളിൽ എണ്ണപ്പാത്രത്തിൽ പുതിയതായി എണ്ണ ചേർക്കപ്പെടുന്നു എന്നല്ലാതെ പഴയ എണ്ണ കളയാറില്ല! നിങ്ങൾക്ക് വീട്ടിലുണ്ടായേക്കുന്ന ചിപ്സ് വല്ലപ്പോഴും കഴിക്കാം. എങ്കിലും വറുത്ത് മഞ്ഞ നിറമാകുന്ന പച്ചക്കറികളിൽ കാൻസർ ഉണ്ടാക്കുന്ന അക്രിലമൈഡ് ഉണ്ടെന്നുള്ള കാര്യം മറക്കേണ്ട.
ബാർബിക്യൂ ഭക്ഷണത്തിൽ കരി രൂപപ്പെടുന്നതു കൊണ്ടുള്ള ദോഷങ്ങൾ എന്തെല്ലാം?
ബാർബിക്യു ഭക്ഷണത്തിൽ കരിഞ്ഞ മാംസം ഉണ്ടാകുന്നു. മാംസം കരിയുകയോ, ഉയർന്ന ഊഷ്മാവിൽ പൊരിക്കുകയോ വേവുകയോ ചെയ്യുമ്പോൾ എച്ച്സിഎ (ഹെറ്ററോസൈക്ലിക് അമീനുകൾ, പിഎഎച്ച് (പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാർബണുകൾ) എന്നിവ ഉണ്ടാക്കുന്നു. മാംസം കരിയുന്നതു ചാർക്കോൾ ഉപയോഗിച്ചാണെങ്കിൽ ഉള്ളതിനെക്കാൾ റിസ്കാണ്. ഗ്യാസിൽ നേരിട്ട് കരിച്ചെടുക്കുമ്പോൾ– ഷവർമ / ഷവായ മെഷീനുകളിൽ ഗ്യാസിൽ നേരിട്ടാണു മാംസം കരിയുക. പെട്രോളിയം ഗ്യാസിൽ കരിഞ്ഞ മാംസം നമ്മൾ കഴിക്കുക. പണ്ടുകാലത്ത് (ഇന്നും) കാട്ടുമനുഷ്യർ മാംസം ചുട്ടല്ലേ കഴിക്കുന്നത് എന്നൊരു ചോദ്യവും ഇതിനോടൊപ്പം പരിഗണിക്കാം. മേൽപറഞ്ഞ കാൻസർ ഉണ്ടാക്കുന്ന ഘടകങ്ങൾ അന്നും വയറ്റിലെത്തുന്നുണ്ടെങ്കിലും പൊതുവായി മറ്റു ജീവിത ശൈലിഘടകങ്ങൾ ഇല്ലാത്തതുകൊണ്ട് അന്നു കൻസർ ഉണ്ടായിരുന്നില്ല. അവരുടെ വയറ്റിലെ ബാക്ടീരിയകൾ വ്യത്യസ്തവുമാണ് അളയ്ക്ക് കാൻസറുണ്ടാക്കുന്ന സംയുക്തങ്ങളെ നിർവീര്യമാക്കാൻ കഴിയും. ധാന്യങ്ങൾ കഴിക്കുന്ന നമ്മുടെ വയറ്റിലെ ബാക്ടീരിയകൾ (Prevotella) മാംസത്തിൽ നിന്നും കാൻസർ ഉണ്ടാക്കുന്ന സാധ്യത കൂട്ടുമെന്നും പറയപ്പെടുന്നു.
ബാർബിക്യൂ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കണ്ടത് എന്തെല്ലാം?
ഇനി ബാർബിക്യൂ ചെയ്തു കഴിച്ചേ അടങ്ങൂ എന്നാണെങ്കിൽ മാംസം ആദ്യം ആവിയിൽ അല്പം വേവിക്കുകയോ മൈക്രോവേവിൽ രണ്ടു മിനിറ്റ് വേവിക്കുകയോ ചെയ്ത േശഷം ബാർബിക്യൂ ചെയ്താൽ റിസ്ക് കുറച്ചു കുറയ്ക്കാം. ഇനി മറ്റൊരു വഴി, കൂടുതൽ കാബേജ്, കോളിഫ്ലവർ, ബ്രസൽസ് സ്പ്രൗട്ട്സ്, ബ്രോക്കോളി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ്. ഇവയിലെ ഇൻഡോൾ സംയുക്തങ്ങൾ ഈ അപകടകാരികളായ രാസവസ്തുക്കളെ പ്രതിരോധിക്കും.
മാസം മരിനേറ്റു ചെയ്യുന്നത് ആരോഗ്യകരമാണോ?
മാസം മരിനേറ്റു ചെയ്യുന്നതു സാധാരണയാണ്. മത്സ്യം അല്ലങ്കിൽ മാംസം, അതിനു ഫ്ലേവർ ലഭിക്കുന്നതിനും കൂടുതൽ മൃദുവാകുന്നതിനും വേണ്ടി ഒരു കുഴമ്പിൽ കുതിർത്തു വയ്ക്കുന്നതിനെയാണ് മരിനേറ്റു ചെയ്യുക എന്നു പറയുന്നത്. കുതിർത്തു വയ്ക്കുന്നതിനുള്ള കുഴമ്പിനെയാണു മരിനെയ്ഡ് എന്നു പറയുന്നത്. മരിനെയ്ഡ് തയാറാക്കാൻ എണ്ണ, സ്പൈസസ്, മറ്റു ചേരുവകൾ എന്നിവ ഉപയോഗിക്കും. മരിനെയ്ഡിലടങ്ങിയ ആസിഡ് ഇറച്ചിയെ വിഘടിപ്പിക്കുന്നു. അങ്ങനെ ഇറച്ചി മൃദുവായി ഫ്ലേവർ മാംസത്തിനുള്ളിൽ കടക്കുന്നു. അതുപോലെ മരിനെയ്ഡിനുള്ളിലെ ആസിഡ് ബാക്ടീരിയയുടെ വളർച്ചയെ നിയന്ത്രിക്കുന്നു. മരിനെയ്ഡ് ചെയ്ത ആഹാരസാധനങ്ങൾ എപ്പോഴും റഫ്രിജറേറ്റിനുള്ളിൽ തന്നെ സൂക്ഷിക്കണം. മാത്രമല്ല മരിനെയ്ഡ് വീണ്ടും ഉപയോഗിക്കാൻ പാടില്ല.
ഡോ. സാജിദ് ജമാൽ
സ്റ്റെപ് ലൈറ്റ് ലൈഫ്സ്റ്റൈൽ മെഡിസിൻ ക്ലിനിക്
കോഴിക്കോട്, തൃശൂർ