പ്രമേഹം, ഹൃദ്രോഗം മുതൽ രക്താതിമ്മർദം വരെയുള്ള ഏതാണ്ട് എല്ലാ ജീവിതശൈലീരോഗങ്ങൾക്കും കാരണമായ പ്രശ്നമാണ് അമിത വണ്ണം. വണ്ണം കുറയ്ക്കുകയെന്നു പറയുമ്പോൾ തന്നെ ഭക്ഷണം ഒഴിവാക്കുകയെന്ന ചിന്തയാണ് ആദ്യം മനസ്സിൽ വരുക. എന്നാൽ ഭക്ഷണത്തിൽ ആരോഗ്യകരമായ ക്രമീകരണം നടത്തിയാൽ കഴിക്കുന്ന ഭക്ഷണം തന്നെ വണ്ണം കുറയാൻ സഹായിക്കും.
തേൻ നാരങ്ങാനീരിൽ
തേൻ ഒരു ആന്റിഒാക്സിഡന്റ്ാണ്. മെറ്റബോളിസം (ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക്) കൂട്ടാൻ സഹായിക്കുന്നതിനാൽ ഭക്ഷണത്തിൽ നിന്നും അധികമായി ശരീരത്തിൽ എത്തുന്ന കൊഴുപ്പും ഊർജവും ഡിപ്പോസിറ്റ് ചെയ്യാതെ നോക്കും. വൈറ്റമിൻ സി ധാരാളമടങ്ങിയ നാരങ്ങയും ചേർത്തു കഴിച്ചാൽ കൂടുതൽ ഫലം ലഭിക്കും. തേനിലെ ഊർജത്തിന്റെ അളവ് പഞ്ചസാരയ്ക്കു തുല്യമായതിനാൽ കൂടുതൽ ഉപയോഗിച്ചാൽ വിപരീതഫലമായിരിക്കും ലഭിക്കുക. രണ്ടു സ്പൂൺ വരെ സുരക്ഷിതമായി ഒരു ദിവസം കഴിക്കാം.
∙ ഇഞ്ചി: ഇഞ്ചിക്ക് കൊഴുപ്പിനെ ഉരുക്കാനുള്ള കഴിവുള്ളതിനാൽ സ്ഥിരമായി ഉപയോഗിച്ചാൽ തൂക്കം കുറയാൻ സഹായിക്കും. ജിഞ്ചർ ലൈം, ജിഞ്ചർ ടീ തുടങ്ങിയവ മധുരം ചേർക്കാതെ ഉപയോഗിക്കാം.
∙ വെളുത്തുള്ളി: ശരീരത്തിൽ കൊഴുപ്പടിയുന്നത് തടയാൻ വെളുത്തുള്ളി അല്ലി ചവച്ചോ, അരച്ചു മോരിലോ നാരങ്ങാവെള്ളത്തിലോ ചേർത്തു കഴിക്കാം.
∙ ബദാം: ബദാമിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡിനു ശരീരത്തിൽ സംഭരിച്ചുവച്ചിരിക്കുന്ന കൊഴുപ്പിനെ അലിയിച്ചു കളയാൻ കഴിവുണ്ട്. വെറ്റും വയറ്റിൽ 3–4 ബദാം ദിവസവും കഴിക്കുന്നതു തൂക്കം കുറക്കാൻ സഹായിക്കും.
∙ പുതിനയില: പുതിനയിലയ്ക്കു ബൈൽ ആസിഡിന്റെ ഉൽപാദനം കുറയ്ക്കാൻ കഴിവുണ്ട്. ഇതുവഴി കൊഴുപ്പ് അധികമായി അടിയുന്നതു തടയാം. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഒാക്സിഡന്റുകൾക്കു മെറ്റബോളിസം കൂട്ടാനുള്ള കഴിവുമുണ്ട്.
∙ കറ്റാർവാഴ: മെറ്റബോളിസം കൂട്ടാനും മലബന്ധം അകറ്റാനും കറ്റാർവാഴയ്ക്കുള്ള കഴിവ് വണ്ണം കുറയ്ക്കാൻ സഹായിക്കും. ജ്യൂസായോ മറ്റു രൂപത്തിലോ ഉപയോഗിക്കാം.
വിശപ്പിന് ഇലക്കറികൾ
ഇലവർഗങ്ങളിൽ അടങ്ങിയിരിക്കുന്ന തൈലാക്കോയിഡ് എന്ന ഘടകത്തിനു വയർ നിറഞ്ഞ പ്രതീതി നൽകാൻ കഴിവുണ്ട്. അതിനാൽ ഭക്ഷണത്തിൽ ഇലക്കറികൾ കൂട്ടിയാൽ അമിത ഭക്ഷണം ഒഴിവാക്കാം.
∙ ഏത്തപ്പഴം: മറ്റു പഴങ്ങളെ അപേക്ഷിച്ച് ഊർജവും അന്നജവും കൂടുതൽ ആണെങ്കിൽ മിതമായി ഉപയോഗിച്ചാൽ ഇതിലടങ്ങിയിരിക്കുന്ന ഒലിഗോ സാക്കറൈഡ് തൂക്കം കുറയാൻ സഹായിക്കും. ഏത്തപ്പഴത്തിൽ പൊട്ടാസ്യം ധാരാളമടങ്ങിയിരിക്കുന്നതിനാൽ ക്ഷീണം മാറ്റാൻ ഉത്തമമാണ്.
∙ മുഴുധാന്യങ്ങൾ: സംസ്കരിച്ച ധാന്യങ്ങൾക്കു പകരം നാരുകൾ ധാരാളമടങ്ങിയ ഗോതമ്പ്, ബാർളി, തിന,റാഗി, തവിടുള്ള അരി തുടങ്ങിയവ ഉപയോഗിക്കുക വഴി കൊഴുപ്പിന്റെ ആഗിരണം തടയാനും അന്നജം കുറയ്ക്കാനും സഹായിക്കും.
കുടംപുളി
ഗാർസിനിയ കംബോജിയ എന്നറിയപ്പെടുന്ന കുടംപുളിയുടെ സത്ത് വിശപ്പു കുറച്ച് കൊഴുപ്പിന്റെ ആഗിരണം തടയുമെന്നു പറയപ്പെടുന്നു. ഇതിന്റെ സത്ത് വണ്ണം കുറയ്ക്കാമെന്ന പേരിൽ ഇന്നു വിപണിയിൽ ലഭ്യമാണ്. ഇതിലടങ്ങിയിരിക്കുന്ന ഹൈഡ്രോക്സിസിട്രിക് ആസിഡ് കൊഴുപ്പ് ഉരുക്കാൻ സഹായിക്കുന്നുവെന്നു പറയുന്നുണ്ടെങ്കിലും ശക്തമായ തെളിവുകൾ ഇപ്പോഴും ലഭ്യമായിട്ടില്ല.
ഒഴിവാക്കേണ്ടവ
ട്രാൻസ്ഫാറ്റ്സ് അടങ്ങിയ പേസ്ട്രികൾ, പഫ്സ്, ചോക്ലേറ്റുകൾ തുടങ്ങിയവയിൽ ചീത്ത കൊഴുപ്പുകളും ഊർജവും ധാരാളമടങ്ങിയിരിക്കുന്നു. അതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അവ ഒഴിവാക്കണം.
∙ കൃത്രിമ പഴച്ചാറുകളിലും പാനീയങ്ങളിലും വെറ്റ് ഷുഗർ അഥവാ ഹൈഫ്രക്ടോസ് കോൺ സിറപ്പ് (HFCS) അമിതമായി അടങ്ങിയിരിക്കുന്നതിനാൽ വേഗം തന്നെ ആഗിരണം ചെയ്യപ്പെടുകയും ഗ്ലൂക്കോസ് ഇൻസുലിൻ ബാലൻസ് തെറ്റുകയും അമിത ഉൗർജം കൊഴുപ്പായി സംഭരിക്കുകയും ചെയ്യുന്നു.
∙ പ്രിസേർവ്ഡ് ഫ്രൂട്ട്സ്, ഫ്രൂട്ട് ബാറുകൾ തുടങ്ങിയവ ഊർജത്തിന്റെ കലവറയാണ്. സ്ഥിരമായ ഉപയോഗം പൊണ്ണത്തടിയിലേക്ക് നയിക്കാം.
∙ സ്റ്റാർച്ച് കൂടുതൽ അടങ്ങിയ കിഴങ്ങുവർഗങ്ങൾ, കപ്പ തുടങ്ങിയവയുടെ അമിത ഉപയോഗവും അമിതവണ്ണത്തിലേക്ക് നയിക്കും.
വണ്ണം കുറയ്ക്കും ശീലങ്ങൾ
മൂന്നു നേരത്തെ പ്രധാനഭക്ഷണം ഒഴിവാക്കാതിരിക്കുക. പ്രത്യേകിച്ചും പ്രഭാതഭക്ഷണം. തൂക്കം കുറയാൻ ഭക്ഷണം ഒഴിവാക്കുക വഴി ഉപാപചയനിരക്ക് കുറയുകയും അമിതവണ്ണത്തിലേക്ക് എത്തുകയും ചെയ്യും. പിന്നീട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കൂടും എണ്ണ, തേങ്ങ എന്നിവയുടെ അളുവു തീരെ കുറയ്ക്കാം.
Diseasinfo അമിതവണ്ണം
അമിതവണ്ണം ഒരു രോഗമല്ല, ഒരു പാടു രോഗങ്ങളിലേക്കുള്ള വഴിയാണ്. അതിനാൽ അമിതവണ്ണം വരാതെ നോക്കുന്നതും വന്നാൽ ഒഴിവാക്കുകയും അത്യാവശ്യമാണ്. ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന ഊർജത്തേക്കാൾ കുറവാണ് ചെലവാക്കുന്ന ഊർജമെങ്കിൽ അത് ശരീരത്തിൽ അവശേഷിക്കുകയും കൊഴുപ്പായി സൂക്ഷിക്കപ്പെടുകയും ചെയ്യും. ദീർഘനാൾ ഇങ്ങനെ സംഭവിക്കുമ്പോൾ കൊഴുപ്പ് അടിഞ്ഞുകൂടി അമിതവണ്ണമായി മാറുന്നു. ഭക്ഷണം ക്രമീകരിക്കുകയും വ്യായാമത്തിലൂടെ ഊർജവിനിയോഗം കൂട്ടുകയും ചെയ്താൽ വണ്ണം കുറയ്ക്കാം.
Best food ബട്ടർഫ്രൂട്ട്
വെണ്ണപ്പഴം (ബട്ടർഫ്രൂട്ട്) എന്നറിയപ്പെടുന്ന അവകാഡോ വണ്ണം കുറയാൻ സഹായിക്കുന്ന ഒന്നാണ്. പേരുപോലെ ഇതിൽ നിറയെ കൊഴുപ്പാണെന്നു പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് (MUFA) ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. മെറ്റബോളിസം വേഗത്തിലാക്കാനും ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവു കൂട്ടാനും ബട്ടർഫ്രൂട്ട് സഹായിക്കും. ഫാറ്റ്ലോസിങ് ഹോർമോൺ എന്നാണ് ടെസ്റ്റോ സ്റ്റീറോൺ അറിയപ്പെടുന്നത്.
ജീന വർഗീസ്
ഡയറ്റീഷ്യൻ എൻസിടി വിഭാഗം ജനറൽ ആശുപത്രി ആലപ്പുഴ