ആരോഗ്യസംരക്ഷണത്തിന് ആയുർവേദം നിർദ്ദേശിക്കുന്ന ജീവിതശൈലീക്രമീകരണമാണ് ദിനചര്യയും ഋതുചര്യയും
ദിനചര്യ
സ്വസ്ഥനായ ഒരാൾ രാവിലെ ഉണരുമ്പോൾ തുടങ്ങി, രാത്രി ഉറങ്ങാൻ കിടക്കുമ്പോൾവരെ എന്തെല്ലാം ചെയ്യാം, ചെയ്യണം എന്നുള്ള മാർഗ നിർദ്ദേശങ്ങളാണ് ദിനചര്യയിൽ പറയുന്നത്
∙ ഉറക്കമുണരൽ
രാവിലെ ബ്രാഹ്മമുഹൂർത്തത്തിലാണ് നമ്മൾ ഉണർന്നെണീക്കേണ്ടത്. ബ്രഹ്മത്തെ സംബന്ധിച്ചതാണ് ബ്രാഹ്മം. ബ്രഹ്മം എന്നാൽ അറിവ് എന്നും ഈ വിശ്വം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ചൈതന്യം എന്നുമാണർത്ഥം. ജീവികളിൽ വിശ്വചൈതന്യമുണരുന്ന സമയമാണിത്. സൂര്യോദയത്തിന് ഏകദേശം ഒന്നര മണിക്കൂർ മുൻപാണ് ഈ മുഹൂർത്തം ആരംഭിക്കുന്നത്. അതായത് രാവിലെ 6 മണിക്കാണ് സൂര്യോദയമെങ്കിൽ ഏകദേശം നാലരയ്ക്കെണീക്കുക. ആറരയ്ക്കാണ് സൂര്യൻ ഉദിക്കുന്നതെങ്കിൽ അഞ്ചുമണിക്കെണീക്കുക.
∙ മലമൂത്ര വിസർജനം
അതിനു ശേഷം മലമൂത്ര വിസർജനം നടത്തുക. തുടർന്ന് ശൗചം (വൃത്തിയാക്കൽ) ആചരിക്കുക. സ്വന്തം വീട്ടിലായാലും പുറത്തായാലും വൃത്തിയുള്ള ശൗചാലയങ്ങളിൽ സാമൂഹ്യബോധത്തോടെ ഇത് ചെയ്യണം.ദിനചര്യയുടെ ഭാഗമായി ദിവസവും രാവിലെ ഇതു ചെയ്യുന്നയാൾക്ക് മലബന്ധവും അനുബന്ധ കഷ്ടപ്പാടുകളും അർശസ് പോലുള്ള അസുഖങ്ങളും ഉണ്ടാവില്ല.
∙ പല്ലുതേപ്പ്
എരുക്ക്, പേരാൽ, കരിങ്ങാലി, ഉങ്ങ്, നീർമരുത്, വേപ്പ് എന്നിവയിലേതിന്റെയെങ്കിലും തണ്ട് 12 അംഗുലം നീളത്തിൽ മുറിച്ച് അതിന്റെ ഒരറ്റം നന്നായി ചതച്ച് പതം വരുത്തി, അതുപയോഗിച്ചാണ് പല്ലുതേക്കാന്‍ പറഞ്ഞിട്ടുള്ളത്. രാവിലെയും രാത്രി ഭക്ഷണശേഷവും പല്ലു തേക്കണം. ഇവ കൂടാതെ, മാവില കൊണ്ടും, ഉമിക്കരി പൊടിച്ച് അതിൽ ഉപ്പു ചേർത്തും കേരളത്തിൽ പല്ലു തേക്കാറുണ്ട്.
പല്ലു തേച്ചശേഷം നാക്കു വടിക്കണം. പച്ചീർക്കിൽ കൊണ്ടോ സൗമ്യമായ ലോഹങ്ങൾ കൊണ്ടോ ഉണ്ടാക്കിയ ‘ജിഹ്വാ നിർലേഖനി’ (ടങ് ക്ലീനർ) കൊണ്ടാണ് നാവു വടിക്കേണ്ടത്. ഇത് വായ്ക്കകത്ത് കനക്കുറവും നാവിനു വൃത്തിയും പ്രദാനം ചെയ്യും. രുചിയറിഞ്ഞ് ഭക്ഷണം കഴിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ശരിയായ പല്ലുതേപ്പും നാക്കുവടിക്കലും.
∙ അഞ്ജനം
പല്ലു തേച്ച് വായും മുഖവും കഴുകിയശേഷം കണ്ണില്‍ അഞ്ജനമെഴുതണം. എല്ലാ ദിവസവും സൗവീരാഞ്ജനം കൊണ്ടും അഴ്ചയിലൊരിക്കൽ രസാഞ്ജനം കൊണ്ടുമാണ് കണ്ണെഴുതേണ്ടത്. കണ്ണിൽ അഴുക്കും കഫവുമടിയുന്നത് തടയാൻ നന്നാണിത്. സ്ത്രീപുരുഷഭേദമില്ലാതെ ഇത് ചെയ്യാം. കണ്ണിന് ഏറ്റവും കുളിർമ നൽകുന്നതും കാഴ്ചശക്തി വർധിപ്പിക്കുന്നതും നേത്രരോഗങ്ങളെ അകറ്റുന്നതുമാണ് അഞ്ജനം.
∙ നസ്യം
അഞ്ജനത്തിനു ശേഷം നസ്യം ചെയ്യണം. മൂക്കിലൂടെയുള്ള ഔഷധപ്രയോഗമാണ് നസ്യം. ഔഷധതൈലങ്ങളാണ് നസ്യത്തിനുപയോഗിക്കുന്നത്. അണുതൈലമാണ് ദിവസവുമുപയോഗിക്കാൻ ഏറ്റവും വിശിഷ്ടം. ദിവസവും രാവിലെ നെറ്റിയിലും, കഴുത്തിലും ചുമലിലും അല്പം എണ്ണപുരട്ടിത്തടവിയശേഷം, രണ്ടു തുള്ളി വീതം രണ്ടു നാസാദ്വാരങ്ങളിലും അണു തൈലം ഒഴിച്ച് മുകളിലേക്കു വലിച്ചു കയറ്റുക. അതിനു േശഷം കൈകൾ കൂട്ടിത്തിരുമ്മുക. ഉള്ളം കാലും തിരുമ്മുക. വായിൽ കഫമൂറി വന്നാൽ അതു തുപ്പിക്കളയുക. ശിരസ്സിലും അനുബന്ധ പ്രദേശങ്ങളിലുമുണ്ടാകാനിടയുള്ള രോഗങ്ങളെ തടുക്കാനാണ് ‘പ്രതിമർശനസ്യം’ എന്ന ഈ നസ്യം ചെയ്യുന്നത്, പ്രത്യേകിച്ച് രോഗമൊന്നുമില്ലാത്തവർക്കാണ് ഈ നസ്യം. രോഗമുള്ളവർ അവർക്കു യുക്തമായ നസ്യം വൈദ്യനിർദ്ദേശപ്രകാരമേ ചെയ്യാവൂ. അതിനെ ‘മർശ നസ്യം’ എന്നു വിളിക്കുന്നു.
∙ കബളം/ഗണ്ഡൂഷം
കവിൾക്കൊള്ളൽ ആണ് കബളം എന്നും ഗണ്ഡൂഷം എന്നും അറിയപ്പെടുന്നത്. ചൂടുവെള്ളമോ നല്ലെണ്ണയോ മറ്റു തൈലങ്ങളോ ഇതിനായി ഉപയോഗിക്കാം. വായ് നിറയെ ദ്രവം നിറച്ച് അനക്കാനാവാത്തത്ര രീതിയിൽ നിർത്തുന്നതാണ് ഗണ്ഡൂഷം. എന്നാൽ കബളം കുലുക്കുഴിയലാണ്. ഇവടെ വെള്ളമോ തൈലമോ വായിൽ ചലിപ്പിക്കാനാവും. സ്ഥിരമായി ചെയ്താൽ ചുണ്ടുകൾ വിണ്ടുകീറുക, ചുണ്ട് പരുപരുത്തുപോകുക, വായ് വരൾച്ച, ദന്തക്ഷയം എന്നിവയുണ്ടാകില്ല. കരിങ്ങാലി, നാല്പാമരപ്പട്ട, കരിവേലപ്പട്ട എന്നിവയ്ക്കൊപ്പം രാമച്ചവും പൊടിച്ചുചേർത്ത് അതിട്ടു തിളപ്പിച്ച വെള്ളം ആയുർവേദ മൗത്ത്‍ വാഷ് ആയി ഉപയോഗിക്കാം. ത്രിഫലപൊടിയും രാമച്ചവും ഇതുപോലെ ഉപയോഗിക്കാവുന്നതാണ്.
∙ ധൂമപാനം
സിഗരറ്റോ ബീഡിയോ ഉപയോഗിച്ചുള്ള പുകവലിയല്ല ഇത്. ഔഷധധൂമം മൂക്കിലൂടെ വലിച്ച് വായിലൂടെ പുറത്തുവിടുന്ന രീതിയാണ് ആയുർവേദത്തിലെ ധൂമപാനം (കണ്ഠരോഗങ്ങളുള്ളപ്പോൾ വായിലൂടെ വലിച്ച്, വായിലൂടെ പുറത്തുവിടണം). മരുന്നരച്ച് തിരിയുണ്ടാക്കി, അത് നെയ്യിൽ മുക്കി കത്തിച്ചാണ് പുകയുണ്ടാക്കുന്നത്. ഇത് ധൂമനേത്രം എന്നറിയപ്പെടുന്ന കുഴലിലൂടെയാണ് മൂക്കിലേക്കു വലിക്കുന്നത്. ശിരസ്സിലുണ്ടാകാനിടയുള്ള എല്ലാ കഫവാതരോഗങ്ങളെയും ഇതു മൂലം തടയാം.
∙ താംബൂലം
പുകയില ഇല്ലാത്ത വെറ്റില മുറുക്കാണിത്. വായ്ക്ക് ഹൃദ്യമായ സുഗന്ധവും രുചിയുമുണ്ടാക്കും താംബൂലം. രണ്ട് തളിർവെറ്റില, ഒരു കുഞ്ഞ് അടയ്ക്ക എന്നിവയ്ക്കൊപ്പം ജാതിക്ക, കറുവപ്പട്ട, കർപ്പൂരം, കങ്കോലം, ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയും ചുണ്ണാമ്പും ചേർത്താണ് താംബൂലം ചവയ്ക്കേണ്ടത്. ചവച്ച് വായിലൂറുന്ന ഉമിനീർ തുപ്പിക്കളഞ്ഞു കൊണ്ടിരിക്കുക. വായിൽ താംബൂല രസം തീർന്നു കഴിയുമ്പോൾ ശുദ്ധജലം ഉപയോഗിച്ച് വായ് കഴുകിവൃത്തിയാക്കുക.
∙ വ്യായാമം
ശരീരത്തിന് ആയാസം ഉണ്ടാക്കുന്ന തരത്തിൽ ചെയ്യപ്പെടുന്ന വിവിധതരം ക്രിയകളാണ് വ്യായാമം. ഒരാളുടെ പരമാവധി കഴിവിന്റെ പകുതി ശക്തിയുപയോഗിച്ച് ദിവസവും വ്യായാമം ചെയ്യണം. നെറ്റിയിലും മൂക്കിൻ തുമ്പിലും കക്ഷത്തിലും വിയർപ്പുണ്ടാകുന്നതാണ് പകുതി ശക്തിയുടെ ലക്ഷണം.
ഇത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അലിയിച്ചുകളയുകയും ഹൃദയ, ശ്വാസകോശ, രക്തചംക്രമണ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും സന്ധികൾക്കും പേശികൾക്കും ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു. നടത്തം, ഓട്ടം (ജോഗിംഗ്), ലൂസനിംഗ് എക്സര്‍സൈസുകൾ, സൂര്യനമസ്കാരം, മറ്റ് യോഗോഭ്യാസ മുറകൾ എന്നിവയാണ് കഠിനമായ ജിംനേഷ്യ മുറകളേക്കാൾ അഭികാമ്യം. വ്യായാമം ചെയ്ത് വിയർപ്പടങ്ങിയ ശേഷം ശരീരം മുഴുവൻ അമർത്തി തടവണം.
അഭ്യംഗം
എണ്ണതേപ്പാണിത്. ശരീരത്തിലെ ഏറ്റവും വലിയ ഇന്ദ്രിയമാണ് ത്വക്ക്. അതിനെ സ്നിഗ്ധവും രോഗരഹിതവും ബലവത്തും ആക്കിത്തീർക്കുന്ന പ്രക്രിയയാണിത്. ഇതു മൂലം ശരീരമാസകലമുള്ള രക്തസഞ്ചാരം മെച്ചപ്പെടുകയും ത്വക്കിന് നല്ല വർണവും തെളിമയും ഉണ്ടാവുകയും ജര ബാധിക്കാതിരിക്കുകയും ചെയ്യുന്നു. ദിവസവും ശരീരം മുഴുവൻ എണ്ണ പുരട്ടി തടവണം. തിരക്കു മൂലം അധിക സമയം കിട്ടാത്തവർ കുറഞ്ഞപക്ഷം തലയിലും ചെവിയിലും, പാദങ്ങളിലുമെങ്കിലും നിർബന്ധമായും എണ്ണ പുരട്ടണം. എണ്ണ പുരട്ടിയ ശേഷം അനുലോമമായി ശരീരം തടവണം. രോമത്തിന് അനുകൂലമായി തടവുന്നതാണ് അനുലോമം. അത് സുഖകരമാണ്. വാതത്തെ ശമിപ്പിക്കുകയും ചെയ്യും. എന്നാൽ കഫ – മേദസ്സുകൾ അധികമുള്ളവർ എണ്ണ പുരട്ടേണ്ടതില്ല. അവർക്ക് ഉദ്വർത്തനമാണ് ഹിതം.
∙ ഉദ്വർത്തനം
പൊടിയിട്ടു തിരുമ്മലാണിത്. കഫവും മേദസും അധികമുള്ളവരാണ് ഇതു ചെയ്യേണ്ടത്. പ്രതിലോമമായി (ലോമ/ രോമങ്ങളുടെ ദിശയ്ക്ക് എതിരായി) വേണം തിരുമ്മാൻ. കഫമേദസ്സുകളെ അലിയിച്ചുകളയുകയും ശരീരഭാരം കുറച്ച് അവയവങ്ങളെ ഉറപ്പുള്ളതാക്കുകയും ചെയ്യുന്ന ക്രിയയാണിത്. പൊണ്ണത്തടി, പ്രമേഹം എന്നിവ ഉള്ളവരിൽ ഇത് വളരെ ഫലപ്രദമാണ്. കോലകുലത്ഥാദി പോലെയുള്ള രൂക്ഷചൂർണങ്ങളാണ് സാധാരണ ഉപയോഗിക്കുന്നത്. ശരീരകാന്തിയുണ്ടാകാൻ ചന്ദനം, രാമച്ചം, ഏലാദിഗണം എന്നിവ കൊണ്ട് ഉദ്വർത്തനം ചെയ്യാം.
∙ സ്നാനം
വ്യായാമത്തിനു ശേഷം ആണ് കുളി പറഞ്ഞിട്ടുള്ളത്. തണുപ്പുകാലത്ത് ചെറുചൂടുവെള്ളത്തിലും ഉഷ്ണകാലത്ത് തണുത്ത വെള്ളത്തിലുമാണ് കുളിക്കേണ്ടത്. തലകുളിക്കാതെയുള്ള കുളി കുളി അല്ല എന്നാണ് ആയുർവേദം അനുശാസിക്കുന്നത്. ചൂടുകാലത്ത് ചന്ദനം, രാമച്ചം എന്നിവയിട്ടു വച്ച വെള്ളത്തിൽ കുളിച്ചാൽ കുളിർമയും ഉന്മേഷവും സുഗന്ധവുമുണ്ടാവും. മുല്ലപ്പൂ, പിച്ചിപ്പൂ, താമരയല്ലി, താമരയിതൾ, ചെമ്പകപ്പൂ തുടങ്ങി വിവിധതരം പുഷ്പങ്ങൾ ഇട്ടുവച്ചിരുന്ന ജലത്തിലും കുളിക്കാം. തണുപ്പുകാലത്ത് പുളിയില, ആവണക്കില, ഉങ്ങില, വാതംകൊല്ലിയില മുതലായവയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കാം. സുഗന്ധത്തിന് അകിൽ, ദേവതാരം എന്നിവ ഉപയോഗിക്കാം. ഇത് ശരീരവേദനയകറ്റി സൗഖ്യം പ്രദാനം ചെയ്യും. എണ്ണമെഴുക്കു തേച്ച് താളി ഉപയോഗിച്ചു കുളിക്കുന്നതാണ് കേരളീയ സ്നാനശൈലി. അതിനായി ചെമ്പരത്തിത്താളി, എള്ളുതാളി, ഇഞ്ചത്താളി എന്നിവ ഉപയോഗിച്ചിരുന്നു.
∙ പ്രഭാതഭക്ഷണം
പ്രാതൽ എന്നറിയപ്പെടുന്ന ആദ്യഭക്ഷണം പൊതുവേ ലഘുവായിരിക്കും. ആവിയിൽ പുഴുങ്ങിയ പുട്ട്, ഇടിയപ്പം, ഇഡ്ഡലി എന്നിവയും, ദോശ, അപ്പം, ഉപ്പുമാവ് എന്നിവയും ഒപ്പം പയറുവർഗങ്ങൾ കൊണ്ടുള്ള കറികളും തികച്ചും സമീകൃതവും കൊഴുപ്പു കുറഞ്ഞവയുമാണ്. ലോകത്തെ ഏറ്റവും മികച്ച ‘ബ്രേക്ക്ഫാസ്റ്റ്’ ഈ കേരളീയവിഭവങ്ങളാണെന്നത് ഇന്ന് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. കഞ്ഞിയും പയറും ആയിരുന്നു അല്പകാലം മുൻപുവരെയും പല വീടുകളിലെയും പ്രാതൽ. അതും കാർബോഹൈഡ്രേറ്റും പ്രോട്ടീനും ഉൾപ്പെടുന്ന ആഹാരം തന്നെ.
∙ തൊഴിൽ
അവനവന്റെ ശക്തിക്കൊത്തതും കുടുംബം പുലർത്താൻ പര്യാപ്തമായതും ധാർമികവുമായ തൊഴിൽ ചെയ്ത് ഓരോ ആളും ജീവിക്കണം എന്നാണ് ആയുർവേദം അനുശാസിക്കുന്നത്. അധാർമികമായ ജോലികൾ ചയ്യുന്നതുപോലെ തന്നെ അപലപനീയമാണ്, കഴിവുണ്ടായിട്ടും തൊഴിലെടുക്കാതെയിരിക്കുന്നത്.
∙ഉച്ചഭക്ഷണം
സഹസ്രാബ്ദങ്ങൾക്കു മുൻപ് ദിവസം രണ്ടു നേരം ഭക്ഷണം എന്നതായിരുന്നു രീതി എങ്കിലും പിൽക്കാലത്ത് അത് മൂന്നു നേരം ആയി മാറി. വയറ്റിലെ ‘അഗ്നി’ ഏറ്റവും പ്രബലമായിരിക്കുന്നത് ഉച്ചസമയത്തായതിനാൽ ഏറ്റവും നന്നായി ഭക്ഷണം കഴിക്കേണ്ടത് ഉച്ചയ്ക്കാണ്. ഓരോ ആളുടെയും ശീലമനുസരിച്ച് സസ്യാഹാരിയോ, മാംസം ഉൾപ്പെടെ കഴിക്കുന്ന മിശ്രഭുക്കോ ആയി ജീവിക്കാൻ ആയുർവേദം അനുവദിക്കുന്നു. ഏതു തരം ഭക്ഷണം കഴിച്ചാലും അത് കഴിക്കുന്നയാളിന്റെ ദഹനശക്തിക്കനുസരിച്ചായിരിക്കണം എന്നു മാത്രം. പൊതുവേ വയറിന്റെ പകുതി ഭാഗം കട്ടിയുള്ള ആഹാരവും, കാൽ ഭാഗം ജലവും കൊണ്ട് നിറയ്ക്കുകയും ബാക്കി കാൽ ഭാഗം വായുസഞ്ചാരത്തിനായി മാറ്റി വയ്ക്കുകയും ചെയ്യണം എന്നാണ് ആയുർവേദ മതം.
∙സന്ധ്യാചര്യ
തൊഴിൽ കഴിഞ്ഞ് കുളിച്ചു വൃത്തിയായി ഈശ്വരസ്മരണയ്ക്കുള്ള സമയമായാണ് സന്ധ്യ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് സന്ധ്യാകാലത്ത് പഠനം ഉൾപ്പടെയുള്ള കാര്യങ്ങൾ പാടില്ല എന്ന് അനുശാസിക്കുന്നു. ഭക്ഷണം, മൈഥുനം, ഉറക്കം, പഠനം, വഴിയാത്ര എന്നിങ്ങനെയുള്ള കാര്യങ്ങൾ സന്ധ്യക്ക് പാടില്ല എന്നാണ് നിർദേശിച്ചിട്ടുള്ളത്. സന്ധ്യയ്ക്ക് കുളിച്ച് നല്ല വസ്ത്രങ്ങൾ ധരിച്ച് അവനവനിഷ്ടമുള്ള ദൈവത്തെ സ്മരിക്കുക. ധ്യാനിക്കുക. ആത്മവിചിന്തനം നടത്തുക. ആത്മീയഗ്രന്ഥങ്ങൾ വായിക്കുകയോ പ്രഭാഷണങ്ങൾ കേൾക്കുകയോ ചെയ്യുക.
∙ രാത്രിചര്യ
വൈകുന്നേരം ആറു മുതൽ പിറ്റേന്ന് പുലർച്ചെ ആറു വരെയാണ് രാത്രികാലം എന്ന് സാമാന്യമായി പറയാം. രാത്രിക്ക് 4 യാമങ്ങൾ ആണുള്ളത്. 3 മണിക്കൂറാണ് ഒരു യാമം. അതിലെ ആദ്യത്തെ യാമത്തിനുള്ളിൽത്തന്നെ ഭക്ഷണം കഴിച്ചിരിക്കണം എന്നാണ് ആയുർവേദം പറയുന്നത്.
അതായത് 6 മണിക്കും 9 മണിക്കും ഇടയ്ക്ക്. 8 മണി നല്ല സമയമാണ്. ഭക്ഷണം കഴിച്ച് ഒരു മുഹൂർത്തം (48 മിനിറ്റ്) കഴിഞ്ഞാൽ ഉറങ്ങാവുന്നതാണ്. വിവാഹിതരായവർക്ക് ലൈംഗികകാര്യങ്ങൾ ചെയ്യാം. അതിനു ശേഷം ഉറക്കം. 10 മണിക്ക് ഉറങ്ങുന്ന ഒരാൾക്ക് രാവിലെ നാലരയ്ക്കോ അഞ്ചു മണിക്കോ ഉറക്കമുണരാൻ ബുദ്ധിമുട്ടുണ്ടാവുല്ല.
ഋതുചര്യ
ആരോഗ്യം നിലനിർത്താൻ ദിനചര്യയിൽ പറഞ്ഞ കാര്യങ്ങൾ അതേപടി ചെയ്താൽ മാത്രം പോരാ. ഋതു മാറുന്നതനുസരിച്ച് ദിവസത്തിന്റെ സ്വഭാവവും മാറും എന്നതാണതിനു കാരണം. വേനൽക്കാലത്ത് ജീവിക്കുന്നതുപോലെയല്ലല്ലോ നമ്മൾ മഴക്കാലത്ത് ജീവിക്കുന്നത്. മഞ്ഞുകാലത്ത് മറ്റൊരു രീതി. ആയുർവേദമനുസരിച്ച് ശിശിരം, വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം എന്നിങ്ങനെ ആറു ഋതുക്കളാണുള്ളത്.
കാലാവസ്ഥയുടെ സ്വാധീനം മൂലം വർഷം, ശരത്, വസന്തം എന്നീ ഋതുക്കളില്‍ യഥാക്രമം വാതം, പിത്തം, കഫം എന്നീ ദോഷങ്ങൾ കോപിക്കുന്നു. രോഗകാരണമാവുന്നതിനു മുൻപു തന്നെ അവയെ ശരീരത്തിൽ നിന്നു പുറന്തള്ളണം. വസ്തി (എനിമ പോലെയുള്ള ഔഷധപ്രയോഗം). വിവേചനം (വയറിളക്കൽ), വമനം (ഛർദ്ദിപ്പിക്കൽ) എന്നിവയാണ് അതിനുള്ള മാർഗങ്ങൾ. ഇത് അതാതു ഋതുക്കൾ തുടങ്ങുന്നതിനു തൊട്ടു മുൻപ് ചെയ്യണം. അങ്ങനെ ചെയ്താൽ മുൻ പറഞ്ഞ ദോഷങ്ങൾ കോപിക്കുകയില്ല. ദോഷങ്ങൾ കോപിക്കാത്തിടത്തോളം നമ്മെ ഋതുജന്യമായ രോഗങ്ങൾ ബാധിക്കുകയില്ല.
ഓരോ ഋതുവിലും പ്രകൃതിയിലും മനുഷ്യശരീരത്തിലും വരുന്ന മാറ്റങ്ങളും അവയ്ക്കനുസരിച്ച് നമ്മൾ സ്വീകരിക്കേണ്ട ജീവിതശൈലിയും ആയുർവേദഗ്രന്ഥങ്ങളിൽ വിശദമായി പറഞ്ഞിട്ടുണ്ട്. അവയിലെ പ്രധാന അംശങ്ങൾ ചുരുക്കത്തിൽ താഴെപ്പറയുന്നു.
ശിശിരം, ഹേമന്തം എന്നീ ഋതുക്കളിൽ തണുപ്പുകൂടുതലുള്ളതിനാൽ ശരീരം മുഴുവൻ എണ്ണ തേച്ച് നന്നായി വ്യായാമം ചെയ്യണം. മത്സ്യമാംസാദികൾ ഉൾപ്പെടെയുള്ള പുഷ്ടികരമായ ആഹാരം കഴിക്കാം.
വസന്തത്തിൽ കഫം വർധിപ്പിക്കുന്ന ഒന്നും ശീലിക്കരുത്. മത്സ്യം, മാംസം, ഉഴുന്ന് എന്നിവ നന്നല്ല. പകലുറക്കം പാടില്ല. നന്നായി വ്യായാമം ചെയ്യണം. പെടിയിട്ട് ശരീരം തിരുമ്മണം. വൈദ്യനിർദേശപ്രകാരം ഛർദ്ദിക്കണം. തേൻ ചേർത്തവെള്ളം, മുത്തങ്ങയും ചുക്കും തിളപ്പിച്ചവെള്ളം എന്നിവ കുടിക്കാം.
ഗ്രീഷ്മം കൊടും ചൂടിന്റെ കാലമാണ്. തണുപ്പും മധുരവുമുള്ള ആഹാരപാനീയങ്ങൾ, പഴവർഗങ്ങൾ, ചെന്നെല്ലരിച്ചോറ്, പാൽ, നെയ്യ്, കരിക്കിൻ വെള്ളം എന്നിവ കഴിക്കാം. മദ്യം ഒട്ടും കഴിക്കരുത്.
വർഷം മഴക്കാലമാണ്. വാതം കോപിക്കാതിരിക്കാൻ വൈദ്യസഹായത്തോടെ വസ്തി ചെയ്യണം. (ഔഷധങ്ങൾ ഉപയോഗിച്ച് എനിമ ചെയ്യുന്നതുപോലെയാണ് വസ്തി ചെയ്യുന്നത്.) പഴകിയ ചെന്നെല്ലരി, ഗോതമ്പ് എന്നിവകൊണ്ടുള്ള ഭക്ഷണം, ആട്ടിൻസൂപ്പ് അല്ലെങ്കിൽ ചെറുപയർ സൂപ്പ് എന്നിവ കഴിക്കാം. തിളപ്പിച്ച വെള്ളമേ കുടിക്കാവൂ. വീട്ടിനകം ഔഷധധൂമം കൊണ്ട് പുകയ്ക്കണം.
ശരത് കാലത്ത് മഴമാറി നീലാകാശം തെളിയുന്നു. അപ്പോൾ പിത്തം കോപിക്കുന്നതിനാൽ ഈ ഋതുവിന്റെ തുടക്കത്തിൽ വൈദ്യനിർദേശപ്രകാരം മരുന്നു കഴിച്ച് വയറിളക്കണം. അതിനുശേഷം വിധിപ്രകാരം നെയ് കഴിക്കണം. ചെന്നെല്ലരി, ഞവര, ഗോതമ്പ്, ചെറുപയർ എന്നിവ ഭക്ഷണത്തിനായുപയോഗിക്കാം.