ശരീരത്തിന് ഊർജസ്വലതയും ബലവും രോഗപ്രതിരോധശേഷിയും ആർജിക്കാൻ ഏറ്റവും നല്ല കാലമാണു കർക്കടകമെന്ന് ആയുർവേദം പറയുന്നു. ഔഷധങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്ന സമയം കൂടിയാണിത്. പണ്ടുള്ളവർ ഇക്കാലത്തു പ്രത്യേക ഭക്ഷണരീതി തന്നെ തുടർന്നുവന്നിരുന്നു–അതാണ് പത്തിലവയ്ക്കൽ.
10 വ്യത്യസ്ത തരം ചെടികളുടെ മൂപ്പെത്താത്ത ഇലകൾ ചെറുതായി നുറുക്കി, ചിരകിയ തേങ്ങയും മറ്റു ചേരുവകളും ചേർത്തു കറിവച്ചു കഴിക്കുന്നതിന് പത്തിലക്കറിവയ്‌ക്കൽ എന്നും പേരുണ്ട്.
തിരഞ്ഞെടുക്കുന്ന ചെടികൾക്കു ദേശഭേദങ്ങളുണ്ട്. മുക്കാപ്പിരി, തഴുതാമ, പയർ ഇലകളും ചിലയിടങ്ങളിൽ പത്തിലകളിൽ പെടുന്നു. പൊതുവെ പ്രചാരത്തിലുള്ളവ പരിചയപ്പെടാം.
1. താള്
കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നം. തൊലി നീക്കിയ ഇളം ഇലത്തണ്ടുകളും വിടരാത്ത ഇലകളും പത്തിലക്കറിക്ക് ഉപയോഗിക്കാം. നുറുക്കി പുളിവെള്ളത്തിൽ തിളപ്പിച്ചോ രാത്രി മുഴുവൻ വെള്ളത്തിലിട്ടോ മഞ്ഞൾപ്പൊടിതൂകി വച്ചോ ചൊറിച്ചിൽ മാറ്റി വേണം ഉപയോഗിക്കാൻ.
2. ചേമ്പ്
കാൽസ്യം, ഫോസ്ഫറസ്, ധാതുക്കൾ അടങ്ങിയിരിക്കുന്നു. തണ്ടുകളും വിടരാത്ത ഇലകളുമാണ് (ചിലയിടങ്ങളിൽ വിടർന്ന ഇലയും) കറിയിൽ ഉപയോഗിക്കേണ്ടത്. ഇവയുടെ ഭൂകാണ്ഡത്തിൽ അന്നജം ഏറെയുണ്ടെന്നും ഓർക്കാം.
3. ചേന
ധാതുക്കൾ, വൈറ്റമിനുകൾ, പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, ഭക്ഷ്യനാരുകൾ എന്നിവ ഇതിലുണ്ട്. ഭൂകാണ്ഡത്തിലെ ഏക അഗ്രമുകുളത്തിൽ നിന്നുണ്ടാകുന്ന പച്ചനിറമുള്ള ഒറ്റത്തണ്ടും അതിന്റെയറ്റത്തു വിടർന്നുവരുന്ന തളിരിലയുമാണു കറിവയ്ക്കേണ്ടത്.
4. തകര
ഔഷധഗുണം ഒട്ടേറെ. ദഹനശേഷി കൂട്ടും. ത്വക് രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അലർജി എന്നിവ നിയന്ത്രിക്കും. അധികം മൂക്കാത്ത ഇലകളാണു കറിക്ക് എടുക്കേണ്ടത്.
5. ആനക്കൊടിത്തൂവ (ചൊറിതണം, ചൊറിതനം)
ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, വൈറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മൂക്കാത്ത ഇലകൾ പറിച്ച്, ഗ്ലൗസിട്ട കൈകൾ കൊണ്ടു കശക്കി ഇതിലെ രോമങ്ങൾ കുടഞ്ഞുകളഞ്ഞ ശേഷമാണ് ഉപയോഗിക്കേണ്ടത്. ഈ രോമങ്ങളാണ് അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്നത്.
6. കുമ്പളം
ഭക്ഷ്യനാരുകൾ, ധാതുലവണങ്ങൾ എന്നിവ ധാരാളമുള്ള കുമ്പളത്തില ദഹനവ്യൂഹം ശുദ്ധമാക്കും. മൂപ്പെത്താത്ത ഇലകൾ പറിച്ചെടുത്തു കൈപ്പത്തികൾക്കിടയിൽ വച്ചു തിരുമ്മി, ഇലയിലെ രോമങ്ങൾ കുടഞ്ഞുകളഞ്ഞ് കറിവയ്‌ക്കാം.
7. മത്തൻ
കാത്സ്യം, ഫോസ്ഫറസ്, ധാതുക്കൾ, വൈറ്റമിനുകൾ എന്നിവ അടങ്ങിയിരിക്കുന്ന മത്തനില ദഹനം വേഗത്തിലാക്കും. വാത–കഫ–പിത്ത ദോഷങ്ങൾ നിയന്ത്രിക്കും.
8. വെള്ളരി
ധാരാളം വൈറ്റമിനുകളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. ഇലകളിലെ രോമം കളഞ്ഞശേഷം കറിവയ്ക്കാം.
9. നെയ്യുണ്ണി
ശിവലിംഗക്കായ, നെയ്യുർണി എന്നും പേരുകൾ. ദുർമേദസ്സ്, നീര്, പനി, ചുമ, ത്വക്‌രോഗങ്ങൾ എന്നിവ നിയന്ത്രിക്കുന്നു. മൂക്കാത്ത ഇലകൾ കറിക്ക് എടുക്കാം.
10. ചീര
കറിവയ്ക്കേണ്ടത് മൂക്കാത്ത തണ്ടുകളും ഇലകളും. കാത്സ്യം, ഇരുമ്പ്, വൈറ്റമിനുകൾ എന്നിവ ധാരാളം. നേത്രരോഗങ്ങൾ, വാത–കഫ–പിത്ത ദോഷങ്ങൾ എന്നിവ ശമിപ്പിക്കും. ക്ഷീണം, വിളർച്ച അകറ്റും.
Read more : ആരോഗ്യകർക്കടകം