സ്തനാർബുദ മരണങ്ങൾ ഒഴിവാക്കാൻ?

സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന അർബുദമാണ് സ്തനാർബുദം. ഇതു നേരത്തേ കണ്ടുപിടിക്കാൻ സാധിച്ചാൽ ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളു. എന്നാൽ രോഗം കണ്ടുപിടിക്കാൻ വൈകുന്നതാണ് പലപ്പോഴും മരണസാധ്യത വർധിപ്പിക്കുന്നത്. അതുകൊണ്ട് 40 കഴിഞ്ഞ സ്ത്രീകള്‍ സ്തനാര്‍ബുദ പരിശോധനയ്ക്ക് വിധേയരാകേണ്ടത് അനിവാര്യമാണ്. ഇതുവഴി മരണനിരക്ക് 40 ശതമാനം കുറയ്ക്കാൻ കഴിയുമെന്നും പഠനങ്ങൾ പറയുന്നു. 

സ്തനാർബുദം ബാധിച്ച് സ്ത്രീകൾ  മരണപ്പെടുന്ന സാഹചര്യം കൂടിയത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നെന്ന് ഈ മേഖലയിലെ വിദഗ്ദയായ എലിസബത്ത് കേഗൻ അര്‍ലോ പറയുന്നു. പരിശോധനകളിലൂടെ മരണനിരക്ക് കുറയ്ക്കാൻ സാധിക്കുമെന്ന് ജേർണൽ കാൻസറിൽ പ്രസിദ്ധീകരിച്ച പഠനത്തിലൂടെ ഇവർ വ്യക്തമാക്കുന്നു.

40 വയസ്സു മുതലുള്ളവരിലെ പരിശോധന, 45 മുതൽ 54, 55 മുതൽ 79, 50 മുതൽ 74 വയസ്സ് വരെ എന്നിങ്ങനെയാണ് സ്തനാർബുദ പരിശോധന ഇവർ നടത്തിയത്. ഇതിൽ 40 വയസ്സുമുതലുള്ള പരിശോധനയാണ് മരണ നിരക്ക് ഏറ്റവും ഫലപ്രദമായി കുറയ്ക്കാൻ കഴിയുന്നതെന്നാണ് കണ്ടെത്തൽ. മറ്റുള്ളവയിൽ  23 മുതൽ 31 ശതമാനം വരെ വിജയശതമാനം കാണുമ്പോൾ 40 വയസ്സുമുതലുള്ള പരിശോധനയിൽ മരണനിരക്ക് 40 ശതമാനം കുറയ്ക്കാനാകുമെന്ന്  പഠനത്തില്‍ വ്യക്തമാക്കുന്നു.  സ്തനാർബുദ പരിശോധനയ്ക്ക്് വിധേയരാകുന്ന സ്ത്രീകൾക്കും ഡോക്ടര്‍മാർക്കും സഹായകമാകുന്നതാണ് പുതിയ കണ്ടെത്തൽ.