പ്രമേഹ രോഗികളായ സ്ത്രീകൾ ചായയും കാപ്പിയും പതിവാക്കിയാൽ മരണ സാധ്യത കുറയ്ക്കാമെന്നു പഠനം.
ലോകത്തിലെ മുതിർന്നവരിൽ 80 ശതമാനത്തിലധികവും ദിവസവും ചായയോ കാപ്പിയോ കുടിക്കുന്നവരാണ്. ദിവസവും ശരാശരി 100 മില്ലി ഗ്രാം മുതൽ 300 മില്ലി ഗ്രാം വരെയാണ് കാപ്പിയുടെ ഉപയോഗം. പ്രായം, രാജ്യം ഇവയനുസരിച്ച് ഇവയ്ക്ക് വ്യത്യാസം വരാം.
കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ പ്രമേഹ രോഗം ബാധിച്ചവരിൽ മരണനിരക്ക് കുറയ്ക്കാൻ കഫീൻ വഹിക്കുന്ന പങ്കിനെപ്പറ്റി ഗവേഷകർക്ക് അറിവില്ലായിരുന്നു.
1999 മുതൽ 2010 വരെയുള്ള കാലയളവിൽ പ്രമേഹ രോഗികളായ 3000 പുരുഷന്മാരിലാണ് പഠനം നടത്തിയത്. കഫീന്റെ ഉപയോഗവും മരണനിരക്കും തമ്മിലുള്ള ബന്ധം പരിശോധിച്ചു.
കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ ഇവയിൽ നിന്നും കഫീൻ എത്ര ഉള്ളിൽ ചെല്ലുന്നുവെന്ന് പഠനത്തിൽ പങ്കെടുത്തവർ റിപ്പോർട്ട് ചെയ്തു. 11 വർഷം നീണ്ട പഠനത്തിനിടയിൽ 618 പേർ മരണമടഞ്ഞു.
പ്രമേഹ രോഗികളായ സ്ത്രീകളിൽ കഫീൻ ഒട്ടും ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ദിവസവും 100 മി ഗ്രാം കഫീൻ അതായത് ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നവർക്ക് മരണസാധ്യത 51 ശതമാനം കുറവാണെന്നു കണ്ടു.
എന്നാൽ പ്രമേഹരോഗികളായ പുരുഷന്മാരിൽ കഫീന്റെ ഉപയോഗം പ്രത്യേകിച്ച് ഒരു ഫലവും ഉണ്ടാക്കുന്നില്ല.
ചായയിൽ നിന്നോ കാപ്പിയിൽ നിന്നോ കൂടുതൽ കഫീൻ ഉള്ളിൽ ചെല്ലുന്ന സ്ത്രീകളിൽ അർബുദം മൂലമുള്ള മരണനിരക്ക് കുറയുന്നതായി കണ്ടു.
പഠനത്തിൽ പങ്കെടുത്തവരെ ചായയുടെ ഉപയോഗം അനുസരിച്ച് ഒട്ടും ചായ കുടിക്കാത്തവർ, കുറച്ച് മാത്രം ഉപയോഗിക്കുന്നവർ, മിതമായി ഉപയോഗിക്കുന്നവർ ധാരാളം ഉപയോഗിക്കുന്നവർ എന്നിങ്ങനെ നാലു ഗ്രൂപ്പുകളായി തിരിച്ചു.
കഫീൻ ഒട്ടും ലഭിക്കാത്ത, ചായ കുടിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് കൂടുതൽ തവണ ചായ കുടിക്കുന്നവരിൽ അർബുദം വരാനുള്ള സാധ്യത 80 ശതമാനം കുറവാണെന്നു പഠനത്തിൽ കണ്ടു. പോർച്ചുഗലിലെ പോർട്ടോ സർവകലാശാല ഗവേഷകരാണ് പഠനം നടത്തിയത്.