Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭകാല പ്രമേഹം അപകടകരമോ?

gestational-diabetes

കേരളത്തിൽ ഗർഭകാല പ്രമേഹം താരതമ്യേന കൂടുതലാണ്. ഓരോ 10 ഗർഭിണികളിലും 2പേർക്കു ജെസ്റ്റേഷണൽ ഡയബറ്റിസ്(GDM) കണ്ടുപിടിക്കപ്പെടുന്നു. GDM ന്റെ പ്രാധാന്യം കുഞ്ഞിന്റെ ആരോഗ്യം മാത്രമല്ല; അമ്മയുടെയും കൂടി ആണ്. വെറും വയറ്റിൽ പഞ്ചസാര 90mg/dl ൽ താഴെയും ഭക്ഷണത്തിനുശേഷം 120mg/dl ൽ താഴെയും നിലനിർത്തുന്നതാണ് ഉത്തമം. രക്തത്തിലെ പഞ്ചസാര നിരന്തരം മാറികൊണ്ടിരിക്കും എന്ന കാരണത്താൽ പ്രമേഹ സ്പെഷ്യലിസ്റ്റ് കേന്ദ്രങ്ങളിൽ തന്നെ ചികിത്സ സ്വീകരിക്കുന്നതാണ് ഉത്തമം. നേരിയ ഗ്ലൂക്കോസ് വ്യതിയാനങ്ങൾപോലും ഗർഭസ്ഥശിശുവിനെ പ്രതികൂലമായി ബാധിക്കും. ആ കുഞ്ഞിനു ഭാവിയിൽ പ്രമേഹമുണ്ടാകാനുളള സാധ്യതയും ഏറും. തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണ പദ്ധതി, ഭക്ഷണ ക്രമീകരണം, ഇൻസുലിൽ ഇൻജക്ഷനുകൾ ഇവയെല്ലാം ഡയബറ്റോളജിസ്റ്റിന്റെയും ഡയബറ്റീസ് ടീം അംഗങ്ങളുടേയും നിർദ്ദേശപ്രകാരം ഗൈനോക്കോളജിസ്റ്റുമായി ചർച്ച ചെയ്തു തീരുമാനിക്കണം.

പ്രമേഹം സ്ത്രീകളിൽ വളരെ കൂടുതലാണ്, വണ്ണം തന്നെയാണ് പ്രധാനകാരണം. സ്വന്തം ആരോഗ്യം സംരക്ഷിക്കാതെ ഭർത്താവിന്റെയും മക്കളുടേയും മാതാപിതാക്കളുടേയും പരിചരണത്തിനു മുൻതൂക്കം നൽകുന്നതിനാൽ ചികിത്സ സ്വീകരിക്കുന്നതു തന്നെ വൈകിയാണ്. സ്ത്രീകളുടെ  പ്രമേഹം ശാസ്ത്രീയമായി ചികിത്സിക്കുന്നതിനു ഉറ്റ ബന്ധുക്കൾ മുൻകൈ എടുക്കണം.

10 വർഷത്തിലധികം പ്രമേഹത്തെ അവഗണിക്കുകയാണ് എങ്കിൽ അതു ലൈംഗിക ബന്ധത്തിൽ വിടവുകൾ സൃഷ്ടിക്കും. പുരുഷനു ഉദ്ധാരണവേളയിൽ വേദനയ്ക്കും കാരണമാകാം. ലൈംഗിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുമ്പോൾ ഇതിനെല്ലാം കാരണക്കാരനായ പ്രമേഹത്തെ മറന്നു പോകരുത് - ചികിത്സ അതിനും വേണം.

കുഞ്ഞുങ്ങളിലെ ടൈപ്പ് 1 പ്രമേഹം ഇൻസുലിന്റെ പ്രവർത്തനം പൂർണ്ണമായി നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്നതാണ്. ഇതിനു വളരെ ഫലപ്രദമായ ചികിത്സയാണ്് ഇപ്പോൾ നിലവിലുളളത്.. ഇൻസുലിൻ പമ്പുകൾ, ആർട്ടിഫിഷ്യൽ പാൻക്രിയാസ്, ദിവസം നാലു നേരമുളള ഇൻസുലിൻ ഇൻജക്ഷനുകൾ തുടങ്ങി നിരവധി രക്ഷിതാക്കൾക്ക് താങ്ങാനാകാവുന്ന പലതുമുണ്ട്. സ്വാഭാവിക ജീവിതം സാധ്യമാണെങ്കിൽ കൂടിയും, അറിവില്ലായ്മ കാരണവും, അശാസ്ത്രീയ ചികിത്സാ വിധികളുടെ പ്രചരണവും കാരണം ചികിത്സയിലെ പരാജയവും തീരാനഷ്ടങ്ങളും നമ്മുടെ ഇടയിൽ കൂടുതലാണ്.

ഡോ.ജ്യോതിദേവ് കേശവദേവ്

ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍
ജ്യോതിദേവ്സ് ഡയബറ്റീസ് റിസര്‍ച് സെന്‍റേഴ്സ് തിരുവനന്തപുരം, കൊച്ചി

Read More : Diabetes Day 2017