Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗര്‍ഭകാല നടുവേദന അകറ്റാൻ?

pregnnacy-backpain

ഗര്‍ഭകാലം സ്ത്രീകളെ സംബന്ധിച്ചു പലവിധ പ്രശ്നങ്ങളുടെ കാലമാണ്. ഇതില്‍ പ്രധാനം നടുവേദന തന്നെ. ഗര്‍ഭകാലത്ത് ഈ നടുവേദന വളരെ സാധാരണമാണ്. വയര്‍ വികസിക്കുന്തോറും ഗര്‍ഭിണിയുടെ നടുവില്‍ ഭാരം കൂടിവരുന്നു. ഇതാണ് ഈ നടുവേദനയുടെ കാരണവും. 

നടുവിനും പെല്‍വിക് ബോണ്‍ അതായതു ഇടുപ്പെല്ലിനും ആണ് ഈ വേദന അധിമകായി അനുഭവപ്പെടുന്നത്. 

കുഞ്ഞു വളരുന്തോറും നടുവേദനയുടെ ആധിക്യവും വര്‍ധിക്കും. ഇടുപ്പെല്ല് വികസിക്കാന്‍ തുടങ്ങുന്നതോടെ വേദന അധികമാകും.

ഗർഭകാലത്തിനു മുന്‍പ് തന്നെ നടുവേദനയുണ്ടായിരുന്ന സ്ത്രീകളില്‍ ഈ സമയത്ത് വേദന കൂടാനാണ് സാധ്യത. ഗര്‍ഭപാത്രം വികസിക്കുന്നതോടെ ചിലര്‍ക്ക് അടിവയറ്റില്‍ വേദനയും അനുഭവപ്പെടാം. ഗർഭിണികൾ നിൽക്കുമ്പോഴും ഇരിക്കുമ്പോഴും നട്ടെല്ല് നിവർന്നിരിക്കണം. 

ഹോര്‍മോണ്‍ വ്യതിയാനം ഗര്‍ഭകാലത്തെ മറ്റൊരു പ്രശ്നമാണ്. ഗര്‍ഭകാലത്തെ കാത്സ്യം കുറവ്  നിമിത്തം അമ്മയ്ക്ക് സന്ധി വേദന, ലിഗമെന്റുകളിൽ വേദന എന്നിവയെല്ലാം ഉണ്ടാക്കാം. കാത്സ്യവും ഇരുമ്പു സത്തും വേണ്ട അളവില്‍ ലഭ്യമാകാന്‍ അയണ്‍, കാത്സ്യം ഗുളികകൾ ഡോക്ടറുടെ നിര്‍ദേശാനുസരണം കഴിക്കണം. ഹോര്‍മോണ്‍ വ്യതിയാനം മൂലം ഈ സമയത്തു ഗര്‍ഭിണിയില്‍ ഉത്കണ്ഠയും കൂടുതലാണ്.

ഗർഭിണികൾ നിൽക്കുമ്പോഴും ഇരിക്കുമ്പോഴും നട്ടെല്ല് നിവർന്നിരിക്കണം. കിടക്കുമ്പോൾ മുട്ടുകൾക്കിടയിൽ തലയണ വച്ച് ഇടതു വശം തിരിഞ്ഞ് കിടക്കുന്നതാണ് നടുവേദന കുറയുവാനും കുഞ്ഞിന് കൂടുതല്‍ ഓക്‌സിജന്‍ കിട്ടാനും നല്ലത്. നടക്കുമ്പോഴും ഇരിക്കുമ്പോഴും വയര്‍ കാരണം മുന്നിലേക്കായാനുള്ള പ്രവണത സാധാരണയാണ്. ഇത് നടുവേദന വര്‍ധിപ്പിക്കും. എപ്പോഴും നിവര്‍ന്നിരിക്കാനും നിവര്‍ന്ന് നടക്കുവാനും ശ്രദ്ധിക്കുക.

ഗര്‍ഭിണികള്‍ക്ക് വിശ്രമം വളരെ ആവശ്യമാണ്. 280 ദിവസമാണു സമ്പൂര്‍ണ ഗര്‍ഭകാലം. ആദ്യത്തെ മൂന്നു മാസമാണ് ഗര്‍ഭിണികള്‍ക്ക് വളരെ ശ്രദ്ധയും പരിചരണവും ആവശ്യം. ഭ്രൂണം ശിശുവായി പരിണമിക്കുന്ന സമയം കൂടിയാണിത്. ഈ സമയത്താണ് മിക്കവാറും ഓക്കാനം, ഛര്‍ദി, ക്ഷീണം തുടങ്ങിയ പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ കാണപ്പെടുന്നത്. തുടര്‍ന്നുള്ള മാസങ്ങളിലും ഗര്‍ഭിണികള്‍ ആവശ്യത്തിനു വിശ്രമമെടുക്കേണ്ടത് അനിവാര്യമാണ്. എന്തെങ്കിലും തരത്തില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം.

Read More : Pregnancy and Health