മിടുക്കനോ മിടുക്കിയോ ആയ മക്കൾ ഉണ്ടാകണം എന്നാഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഗർഭകാലത്ത് മുട്ടയും അണ്ടിപ്പരിപ്പും ധാരാളം കഴിച്ചോളൂ. കോളിൻ എന്ന പോഷകം ധാരാളം അടങ്ങിയ ഭക്ഷണം ഗർഭകാലത്ത് കഴിക്കുന്നത് കുട്ടിയുടെ ഓർമശക്തിയും തലച്ചോറിന്റെ പ്രവർത്തനങ്ങളും വർധിപ്പിക്കുമെന്നു പഠനം.
ഒരു മുട്ടയുടെ മഞ്ഞയിൽ 115 ഗ്രാം കോളിൻ അടങ്ങിയിട്ടുണ്ട്. കൂടാതെ പയർവർഗങ്ങൾ, മത്സ്യം, കനം കുറഞ്ഞ റെഡ് മീറ്റ്, പൗൾട്രി തുടങ്ങിയവയും കോളിൻ അടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ്.
ഗർഭത്തിന്റെ അവസാന മൂന്നു മാസം കോളിൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുഞ്ഞുങ്ങളിലെ ഗ്രഹിക്കാനുള്ള ശക്തിയും ഓർമശക്തിയും നാലു മുതൽ പതിമൂന്നു മാസം വരെ പ്രായമുള്ളപ്പോൾ തന്നെ മെച്ചപ്പെടുത്തുമെന്നു പഠനം പറയുന്നു.
കുഞ്ഞിന്റെ ബുദ്ധിശക്തി ജീവിതകാലമാത്രയും വർധിപ്പിക്കാൻ അമ്മ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം കോളിൻ എന്ന ഒരേയൊരു പോഷകം മതിയായ അളവിൽ ലഭിച്ചാൽ മാത്രം മതിയെന്നു പഠനത്തിനു നേതൃത്വം നൽകിയ ന്യൂയോർക്ക് കോർണൽ സർവകലാശാലയിലെ പ്രൊഫസർ മാരികോ ഡിൽ പറയുന്നു.
ഗർഭകാലത്ത് ദിവസം 450 മി.ഗ്രാം കോളിൻ ഉപയോഗിക്കണം. എങ്കിലും മിക്കവരും ഈ അളവിൽ കോളിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നില്ലെന്ന് ജേണൽ ഓഫ് ദ് ഫെഡറേഷൻ ഓഫ് അമേരിക്കൻ സൊസൈറ്റീസ് ഫോർ എക്സ്പിരിമെന്റൽ ബയോളജി (FASEB) ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
പഠനത്തിനായി 26 ഗർഭിണികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ആദ്യ ഗ്രൂപ്പ് ദിവസം 930 മി.ഗ്രാമും രണ്ടാമത്തെ ഗ്രൂപ്പ് ദിവസം 48 മില്ലി ഗ്രാമും കോളിൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തി.
രണ്ടു ഗ്രൂപ്പുകളിലുള്ളവർക്കും ജനിച്ച കുട്ടികൾക്ക് ബുദ്ധിപരമായ കഴിവുകൾ ഉള്ളതായി കണ്ടെങ്കിലും ആദ്യ ഗ്രൂപ്പിന് തല ച്ചോറിന്റെ വികാസം വളരെ വേഗത്തിലാണെന്നു കണ്ടു.
ഗർഭത്തിന്റെ അവസാന മൂന്നു മാസങ്ങളിൽ നിർദേശിച്ച അളവിന്റെ ഇരട്ടി കോളിൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ കുഞ്ഞിന് ബൗദ്ധികമായ കഴിവുകൾ വർദ്ധിക്കുമെന്ന് ഗവേഷകർ പറയുന്നു.
ദിവസം 9 മുട്ടവരെ കഴിക്കാം എന്നു പഠനം പറയുന്നുണ്ടെങ്കിലും ഇത് അപകടകരമാകാം. കാരണം കൊളസ്ട്രോൾ കൂടാൻ ഇത് കാരണമാകും. മുട്ട കൂടാതെ കോളിൻ ധാരാളം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
Read More : Ladies Corner