മുലയൂട്ടൽ പ്രമേഹ സാധ്യത പകുതിയാക്കും

മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി ആർക്കും പറഞ്ഞുതരേണ്ട കാര്യമില്ല. കുഞ്ഞ് ജനിച്ച് ആദ്യ ആറുമാസം മറ്റൊരു ഭക്ഷണവും കുഞ്ഞിനു നല്‍കേണ്ടതില്ല. വളർച്ചയ്ക്കാവശ്യമുള്ള എല്ലാ പോഷകങ്ങളും മുലപ്പാലിൽനിന്നു ലഭിക്കും.

കുഞ്ഞിനു മാത്രമല്ല, മുലയൂട്ടൽ അമ്മയ്ക്കും ആരോഗ്യമേകും. സ്തനാർബുദം, അണ്ഡാശയാർബുദം ഇവയൊക്കെ വരാനുള്ള സാധ്യത കുറയ്ക്കാൻ മുലയൂട്ടലിനു സാധിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ മുലയൂട്ടൽ അമ്മമാരിൽ പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും തെളിഞ്ഞു. ആദ്യ ആറുമാസം കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാർക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷന്‍ (JAMA) ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീ‌കരിച്ച പഠനം പറയുന്നു.

1200 ആഫ്രിക്കൻ അമേരിക്കൻ സ്ത്രീകളിൽ മൂന്നു ദശാബ്ദക്കാലം നടത്തിയ പഠനത്തിലാണ് മുലയൂട്ടൽ പ്രമേഹ സാധ്യത പകുതിയായി കുറയ്ക്കുമെന്നു കണ്ടത്. ആറുമാസമോ അതിൽ കൂടുതലോ മുലയൂട്ടുന്ന അമ്മമാർക്ക് ഒരിക്കൽ പോലും മുലയൂട്ടാത്ത സ്ത്രീകളെ അപേക്ഷിച്ച് പ്രമേഹസാധ്യത 47 ശതമാനം കുറവാണെന്നു കണ്ടു. ആറു മാസമോ അതിൽ കുറവോ മുലയൂട്ടുന്ന അമ്മമാർക്ക് പ്രമേഹം വരാനുള്ള സാധ്യത 25 ശതമാനം കുറവാണെന്നു കണ്ടു.

രക്തത്തിലെ ഇൻസുലിൻ നിലയെയും പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കുന്ന പാൻക്രിയാസിലെ ഹോർമോണുകൾ വഴി സംരക്ഷണമേകാൻ മുലയൂട്ടലിനു കഴിയുന്നു. മുലയൂട്ടലിന്റെ ദൈർഘ്യം കൂടുന്തോറും പ്രമേഹസാധ്യതയും കുറയുന്നു. ഗർഭകാല പ്രമേഹം, ജീവിതശൈലി, വർഗം, ശരീരവലിപ്പം, മെറ്റബോളിക് ഘടകങ്ങൾ ഇവയൊന്നും ഇതിനെ ബാധിക്കുന്നില്ല.

Read More : Health Magazines