സ്ത്രീകളെ ബാധിക്കുന്ന വൃക്കരോഗങ്ങൾ

പൊതുവേ അറിയാതെ പോകുകയും എന്നാല്‍ പിന്നീട് മാരകമാകുകയും ചെയ്യുന്ന രോഗമാണ് വൃക്കരോഗം. നമ്മുടെ ശരീരത്തില്‍ അത്ഭുതകരമായ പ്രവര്‍ത്തിശേഷിയുള്ള അവയവമാണ് വൃക്കകള്‍. ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളും വിഷാംശമുള്ള ഘടകങ്ങളും ശരീരത്തില്‍നിന്നും പുറന്തള്ളി, ശരീരത്തെ ശുദ്ധവും ആരോഗ്യപ്രദവും ആക്കിത്തീര്‍ക്കുന്ന സുപ്രധാനങ്ങളായ അവയവങ്ങളാണ് വൃക്കകള്‍.  അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന എന്തും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ആണ് ഉണ്ടാക്കുക.

അടുത്തിടെയായി സ്ത്രീകളില്‍ വൃക്കരോഗം ക്രമാതീതമായി വർധിച്ചു വരുന്നതായി കണ്ടുവരുന്നുണ്ട്. വൃക്കരോഗത്തിന്‍റെ 40 ശതമാനത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങൾ കൊണ്ടാണ്. മാതാപിതാക്കളിൽ ഒരാൾക്ക് ഈ അസുഖമുണ്ടെങ്കിൽ 25 ശതമാനം കുട്ടികൾക്കും ഈ അസുഖം ഉണ്ടാവാൻ സാധ്യതയുണ്ട്. വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60 ശതമാനവും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും പ്രത്യക്ഷലക്ഷണങ്ങൾ പ്രകടമാകുക.

സ്ത്രീകളെ ബാധിക്കുന്ന ചില വൃക്കരോഗങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ക്രോണിക് കിഡ്നി ഡിസീസ്( Chronic Kidney Disease (CKD))

ഏറ്റവുമധികം മരണത്തിനു കാരണമാകുന്ന ഒന്നാണ് ഇത്. ലോകത്താകമാനം 195  മില്യന്‍ സ്ത്രീകളെ ഇത് ബാധിക്കുന്നുണ്ട്. സ്ത്രീകളുടെ മരണനിരക്കിനു കാരണമാകുന്ന രോഗങ്ങളില്‍ എട്ടാം സ്ഥാനത്ത് ആണ് ഇത്. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകള്‍ക്ക് ക്രോണിക് കിഡ്നി ഡിസീസ് വരാനുള്ള സാധ്യതയും ഏറെയാണ്‌.

ലൂപ്പസ് നെഫ്രൈറ്റിസ് (Lupus nephritis )

വൃക്കയില്‍ ഉണ്ടാകുന്ന നീര്‍വീക്കമാണ് നെഫ്രൈറ്റിസിന് കാരണം. പ്രതിരോധ സംവിധാനത്തില്‍ ഉണ്ടാകുന്ന വ്യതിയാനമാണ് പലപ്പോഴും ഇതിലേക്കു നയിക്കുന്നത്. സിസ്റ്റമിക് ലൂപ്പസ് എറിത്തോമാറ്റോസസ് എന്ന ഓട്ടോ ഇമ്യൂണ്‍ രോഗവും നെഫ്രൈറ്റിസിന് കാരണമാവാറുണ്ട്. നെഫ്രോണുകള്‍ക്ക് നാശം സംഭവിക്കുന്നത് വൃക്കകളില്‍ നടക്കുന്ന രക്തം ശുദ്ധീകരിക്കല്‍ പ്രക്രിയയെ ബാധിക്കും. സ്ത്രീകളില്‍ പ്രത്യേകിച്ചും യുവതികളിലുമാണ് ഈ രോഗം കൂടുതല്‍ കണ്ടുവരുന്നത്.

വൃക്കരോഗവും ഗര്‍ഭധാരണവും 

ക്രോണിക് കിഡ്നി ഡിസീസ് ഉള്ള സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിക്കുമ്പോള്‍ വളരെയധികം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ചില കേസുകളില്‍ ഗര്‍ഭാവസ്ഥയിലായിരിക്കും വൃക്കരോഗങ്ങള്‍ തിരിച്ചറിയുക. അത്തരം അവസരങ്ങളില്‍ വൃക്കരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് കുഞ്ഞിനെ ദോഷമായി ബാധിക്കാം. പ്രസവസമയത്ത് രക്തസമ്മര്‍ദം കൂടുന്നതും അപകടമാണ്. 

ക്രോണിക് ഡിസോര്‍ഡര്‍ ഉള്ളവരില്‍ ഗര്‍ഭാവസ്ഥയില്‍ വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍ രണ്ടു വര്‍ഷത്തിനുശേഷം ഗര്‍ഭം ധരിക്കുന്നതാണ് ഉചിതം.

ക്രോണിക് ഡിസോര്‍ഡര്‍ ഉള്ളവരില്‍ ഗര്‍ഭാവസ്ഥയില്‍ രക്തത്തിന്റെ അളവ് കുറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പ്രസവസമയത്തു കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനായി മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങുന്നതു നന്നായിരിക്കും. ഈ സമയം പ്രമേഹം വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ രക്തം കട്ടപിടിക്കാനും സാധ്യതയുണ്ട്. അതിനാല്‍ രക്തം കട്ട പിടിക്കാതെ നിലനിര്‍ത്തുന്നതിനായി മരുന്നുകള്‍ ഉപയോഗിക്കണം.

വൃക്കത്തകരാറുള്ളതിനാല്‍ പ്ലാസന്റ വഴിയുള്ള ഓക്‌സിനേഷനു തടസ്സമുണ്ടാകാം. ചിലപ്പോള്‍ മാസം തികയാതെയുള്ള കുട്ടികള്‍ ഉണ്ടാകാനും സാധ്യതയേറെയാണ്. ഇത്തരത്തിലുള്ള ജനനം കുഞ്ഞുങ്ങള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാക്കും. ജനിതകപരമായി വൃക്കത്തകരാറുള്ളവരുടെ കുഞ്ഞുങ്ങള്‍ക്കും പാരമ്പര്യമായി രോഗമുണ്ടാകാം. 

ചില സന്ദര്‍ഭങ്ങളില്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് അപകടമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ ഡയാലിസിസിനു വിധേയമാക്കാറുണ്ട്.

Preeclampsia, പ്ലാസന്റയില്‍  അണുബാധ, പ്രസവശേഷം അമിതമായി രക്ത സ്രാവം എന്നിവയ്ക്കുള്ള സാധ്യതയും വൃക്കരോഗമുള്ള ഗര്‍ഭിണികളില്‍ കാണാറുണ്ട്. അതുകൊണ്ട് വൃക്കരോഗങ്ങള്‍ ഉള്ളവര്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ തേടണം. ഏതുതരം വൃക്കരോഗമാണെങ്കിലും ഗര്‍ഭാവസ്ഥയുടെ പ്രാരംഭഘട്ടം മുതല്‍ പരിശോധനകള്‍ കൃത്യമായി നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Read More : Health Magazine