പിറന്നുവീണ് ആദ്യത്തെ മണിക്കൂർ മുതൽ ആറു മാസം വരെ ശിശുക്കൾക്കു മുലപ്പാൽ നൽകിയാൽ കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരും. അമ്മമാർക്കു കൂടുതൽ മുലപ്പാൽ ഉണ്ടാകും. ജനിച്ചയുടൻ മുലയൂട്ടുമ്പോൾ കുഞ്ഞു വളരെ ആവേശത്തോടെ മുലപ്പാൽ കുടിക്കാൻ ശ്രമിക്കും. പോഷകസമ്പന്നമായ കൊളസ്‌ട്രം എന്ന ദ്രാവകമാണ് മുലപ്പാലായി ആദ്യം വരുന്നത്. ഇതിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ആന്റിബോഡികളും കുടലിനു പക്വത വരാനുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
ആറുമാസം പ്രായമാകുന്നതുവരെ കുഞ്ഞിനു മുലപ്പാൽ മാത്രമേ നൽകാവൂ. കുട്ടിക്ക് ഏറ്റവും സുരക്ഷിതമായ ഭക്ഷണമാണിത്. കുഞ്ഞിന് ആറു മാസം തികയും മുൻപു ജോലിക്കു പോകേണ്ട അമ്മമാരാണെങ്കിൽ മുലപ്പാൽ പിഴിഞ്ഞു വച്ച് പിന്നീടു നൽകാം. പക്ഷേ, ഇതു കൈകാര്യം ചെയ്യുന്നത് ഏറ്റവും ശുചിത്വമുള്ള രീതിയിലായിരിക്കണം. പാൽ പിഴിഞ്ഞു വയ്‌ക്കുന്ന പാത്രവും കുഞ്ഞിനു പാൽ പകർന്നു നൽകുന്ന ഉപകരണങ്ങളും വൃത്തിയായി കഴുകണം.