Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്തവ വേദന അകറ്റാൻ കുങ്കുമപ്പൂവ്

Saffron petals

വിലപിടിപ്പുള്ള സുഗന്ധദ്രവ്യങ്ങളിലൊന്നാണ് കുങ്കുമപ്പൂവ്. ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ വിലമതിക്കാനാകാത്ത ഒന്നു കൂടിയാണിത്. അർബുദത്തെ അകറ്റുന്നതു മുതൽ ഓർമശക്തി മെച്ചപ്പെടുത്തുന്നതു വരെ നീളുന്നതാണ് കുങ്കുമപ്പൂവിന്റെ ഔഷധഗുണങ്ങൾ. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള കുങ്കുമപ്പൂവ് സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരമേകും. ആർത്തവത്തോടനുബന്ധിച്ചുള്ള വേദനകൾ അകറ്റാൻ കുങ്കുമപ്പൂവ് സഹായിക്കും. ആർത്തവത്തിന് രണ്ടു മൂന്നു ദിവസം മുൻപേ തുടങ്ങി ആർത്തവ ദിനങ്ങളുടെ ആദ്യ രണ്ടോ മൂന്നോ ദിവസങ്ങളിൽ പലർക്കും അടിവയറുവേദന ഉണ്ടാകാം. കുങ്കുമപ്പൂവ് ആർത്തവ വേദനകളെ ഇല്ലാതാക്കും. 

ആർത്തവ പൂർവഅസ്വസ്ഥതകൾ അകറ്റാൻ കുങ്കുമപ്പൂവ് ഫലപ്രദമാണെന്ന് ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.  18 മുതൽ 27 വയസ്സു വരെ പ്രായമുള്ള 180 സ്ത്രീകളിൽ നടത്തിയ മറ്റൊരു പഠനത്തിലും ആർത്തവവേദന അകറ്റാൻ കുങ്കുമപ്പൂവിനു കഴിയുമെന്നു തെളിഞ്ഞു. ഇവരെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. ഒരു ഗ്രൂപ്പിന് 500 ഗ്രാം കുങ്കുമപ്പൂവ് നൽകി. മറ്റൊരു ഗ്രൂപ്പിന് സ്റ്റിറോയ്ഡ് മരുന്നുകളും മൂന്നാമത്തെ ഗ്രൂപ്പിന് ഡമ്മി ഗുളികകളും നൽകി.  കുങ്കുമപ്പൂവും മരുന്നുകളും കഴിച്ച ഗ്രൂപ്പിന് ഡമ്മി ഗുളികകൾ കഴിച്ച ഗ്രൂപ്പിനെ അപേക്ഷിച്ച് ആർത്തവ വേദന ഗണ്യമായി കുറഞ്ഞു. ഈ പഠനം ജേണൽ ഓഫ് മിഡ്‍വൈഫ് ആൻഡ് വിമൻസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ചു. ആന്റി സ്പാസ്മോഡിക് ഗുണങ്ങളുള്ള കുങ്കുമപ്പൂവ് ഒരു അനാൾജെസിക് ആണ്. ആർത്തവം ഉണ്ടാകാനും ആർത്തവ സമയത്തെ വേദനയും അസ്വസ്ഥതയും അകറ്റാനും കുങ്കുമപ്പൂവ് സഹായിക്കുന്നു. 

ഉപയോഗിക്കേണ്ട വിധം
ഒരു കപ്പ് പാൽ തിളപ്പിക്കുക. അതിൽ  ഒരു ടീസ്പൂൺ പൊടിച്ച കുങ്കുമപ്പൂവ് ചേർക്കുക. തീ കുറച്ച് രണ്ടു മിനിറ്റ് വയ്ക്കുക. ഇത് രാവിലെയോ രാത്രി കിടക്കും മുൻപോ കഴിക്കുക. മറ്റൊരു രീതി, കുങ്കുമപ്പൂവ് ചെറിയ കഷണങ്ങളായി പൊടിച്ചതിൽ തേൻ ചേർത്തോ ഇളം ചൂടുവെള്ളത്തിലോ കഴിക്കുക. ആർത്തവ തീയതിക്ക് മൂന്നു ദിവസം മുൻപ് കുടിക്കാൻ തുടങ്ങാം. ആർത്തവം തീരുന്നതു വരെ ഇതു തുടർച്ചയായി കുടിക്കുക. 

ശ്രദ്ധിക്കാൻ
കുങ്കുമപ്പൂവല്ലേ.. കൂടുതലായാലും പ്രശ്നമില്ല എന്നൊന്നും കരുതല്ലേ. വെറും ഒരു കേസരം മാത്രമേ ഒരു ദിവസം കഴിക്കാവൂ. മുലയൂട്ടുന്ന അമ്മമാർ വൈദ്യനിർദേശപ്രകാരമേ കഴിക്കാവൂ. തണുപ്പുകാലത്താണ് കുങ്കുമപ്പൂവ് ഉപയോഗിക്കാൻ നല്ലത്. ശരീരത്തെ ചൂടാക്കും എന്നതിനാൽ വേനൽക്കാലത്ത് നല്ലതല്ല.