സ്കൂളിൽ പഠിക്കുന്ന സമയത്ത് മമ്മി ഉണ്ടാക്കി തരുന്ന ഭക്ഷണത്തെ കുറ്റം പറയുക ഒരു സ്ഥിരം ഹോബി ആയിരുന്നു. മീൻകറിക്ക് എരിവില്ല, പുളിശേരിക്ക് ഉപ്പില്ല ഇങ്ങനെ ഓരോ കുറ്റം കണ്ടുപിടിക്കും. "വേണേൽ കഴിച്ചിട്ട് എണീറ്റ് പോടാ" എന്നായിരിക്കും സാധാരണ മറുപടി. നമ്മൾ പിന്നെ ഒന്നും പറയില്ല, കാരണം പിറ്റേന്ന് തൊട്ട് സ്കൂളിൽ കൊണ്ടുപോകാൻ ഒന്നും ചിലപ്പോൾ തന്നുവിടില്ല. എന്നാൽ ഇങ്ങനെ കൂളായി മറുപടിപറയുന്ന ആൾ ചില ദിവസങ്ങളിൽ ഇങ്ങനെ ആയിരിക്കില്ല. വിഷമങ്ങൾ പറച്ചിലും കരച്ചിലും ഒക്കെ ആയി സീൻ ആകും. "നിനക്കൊക്കെ ഉണ്ടാക്കി തരുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ ? എല്ലാത്തിനും അവസാനം എനിക്ക് കുറ്റം, കഷ്ടപ്പെടുകയും ചെയ്യണം കുറ്റം പറയുന്നതും കേൾക്കണം, എനിക്കിനി വയ്യ, ഒരുത്തനും ഒരു തരി സ്നേഹമില്ല" എന്നൊക്കെയാകും മറുപടി. ഇതെന്താ പെട്ടന്ന് ഇങ്ങനെ എന്നൊക്കെ അന്ന് അലോചിച്ചു നോക്കിയെങ്കിലും ഒരു എത്തും പിടിയും കിട്ടിയിരുന്നില്ല. പിന്നീട് മെഡിക്കൽ പഠനകാലത്തു പ്രീമെൻസ്ട്രുൽ സിൻഡ്രോം (PMS), പ്രീമെൻസ്ട്രുൽ ഡിസ്‌ഫോറിക് ഡിസോർഡർ (PMDD) ഇവയെകുറിച്ചു പഠിക്കുമ്പോൾ ആണ് അന്ന് മമ്മിയുടെ പ്രതികരണങ്ങൾ ഈ അവസ്ഥമൂലം ആയിക്കൂടെ എന്ന് തോന്നിയത്.
പിൽക്കാലത്തു ജീവിതത്തിൽ കണ്ടുമുട്ടിയ പലരിലും മാസംതോറും ചില ദിവസങ്ങളിലെ സ്വഭാവ മാറ്റം ശ്രദ്ധിച്ചിട്ടുണ്ട്. നിങ്ങളിൽ പലർക്കും ഇതേ അനുഭവങ്ങൾ കാണും. മാനസികാരോഗ്യ ശാസ്ത്രം ഉപജീവനത്തിനുള്ള മാർഗ്ഗമായി തിരഞ്ഞെടുത്തതോടെ ഈ മേഖലയെ ആഴത്തിൽ അറിയാൻ ശ്രമിക്കാറുണ്ട്.
എന്താണ് PMS/PMDD ?
ആർത്തവമുള്ള സ്ത്രീകളിൽ, ബ്ലീഡിങ് തുടങ്ങുന്നതിനു ഒരു ആഴ്ചയോളം മുന്നേ ആരംഭിച്ചു, ആർത്തവം തുടങ്ങുമ്പോൾ അപ്രത്യക്ഷമാകുന്ന ചില മാറ്റങ്ങളാണ് ഈ പേരിൽ അറിയപ്പെടുക. ശാരീരികമായും, സ്വഭാവത്തിലും, വൈകാരിക തലത്തിലുമുള്ള മാറ്റങ്ങൾ ഈ കാലയളവിൽ പ്രകടിപ്പിക്കാം. ചെറിയ തോതിലെ ഇത്തരം മാറ്റങ്ങൾ ആർത്തവകാലത്തു സ്വഭാവികമാണ്. എന്നാൽ ഇത്തരം മാറ്റങ്ങൾ ഒരുപടിയും കുടി കടന്നു ദൈനംദിന ജീവിതത്തെ ബധിക്കുമ്പോളാണ് അതിനെ PMS എന്ന് വിളിക്കുക.
ഇത്തരം മാറ്റങ്ങൾ മിക്കവാറും എല്ലാ മാസമുറയോടും കൂടെ ഉണ്ടാകും. 90% സ്ത്രീകളും ജീവിതത്തിൽ ഏതെങ്കിലും സമയത്തു ഈ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടാകും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒരു പ്രത്യേക സമയത്ത് 20% സ്ത്രീകൾ ഈ ബുദ്ധിമുട്ടു അനുഭവിക്കുന്നുണ്ട്.
PMS ന്റെ ഗുരുതരമായ അവസ്ഥയാണ് PMDD. വിഷാദം, അമിതമായ ദേഷ്യം തുടങ്ങി സ്വഭാവത്തിലും വികാര പ്രകടനങ്ങളിലും ഉള്ള മാറ്റങ്ങൾ വളരെ ഗുരുതരമായ അവസ്ഥയിൽ എത്തുകയും, അത് സ്ത്രീയുടെ പഠനം /ജോലി /ബന്ധങ്ങൾ എന്നിവയെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. DSM 5 എന്ന (മാനസികരോഗാവസ്ഥകളെ തരം തിരിക്കുന്ന പട്ടിക) പ്രകാരം ചികിത്സ തേടേണ്ട മാനസിക രോഗങ്ങളുടെ കൂടെയാണ് PMDD. കണക്കുകൾ പ്രകാരം 6-9% സ്ത്രീകളിൽ ഇത്ര ഗുരുതരമായ അവസ്ഥയുണ്ടാകാറുണ്ട് .ഈ രണ്ടു അവസ്ഥയുടെയും പ്രത്യേകത ഈ ബുദ്ധിമുട്ടുകൾ മിക്ക ആർത്തവ സമയത്തും കാണുകയും, ഏകദേശം ഒരാഴ്ച മുൻപേ ആരംഭിച്ചു ആർത്തവം തുടങ്ങുന്നതോടെ കുറയുകയും ചെയ്യുന്നു എന്നതാണ്.
എന്തുകൊണ്ടാണ് PMS / PMDD ഉണ്ടാകുന്നത് ?
കാരണം വ്യക്തമായി അറിയില്ല എന്നതാണ് സത്യം. നിരവധി തിയറികൾ ഇതിനു കാരണമായി പറയാറുണ്ട്. ഈ മേഖലയിൽ നിരവധി പഠനങ്ങളും നടക്കുന്നുണ്ട്. ഏറ്റവും പ്രധാനപെട്ട വിശദീകരണങ്ങൾ ഇവയാണ്.
തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങളിൽ സെറോട്ടോണിൻ എന്ന രാസ പദാർത്ഥം കുറയുന്നതാണ് ഈ ബുദ്ധിമുട്ടുകൾക്ക് കാരണം എന്നതാണ് ഏറ്റവും പ്രധാന വിശദീകരണം.
തലച്ചോറിലെ ഈ രാസവസ്തുവിന്റെ അളവ് കൂട്ടുന്ന മരുന്നുകൾ ഉപയോഗിക്കുന്നത് വഴി ഈ ബുദ്ധിമുട്ടുകൾ ഗണ്യമായി കുറയുന്നു എന്ന കണ്ടെത്തലും ഈ സിദ്ധാന്തത്തിനു കരുത്തേകുന്നു. ആർത്തവ സമയത്തു സാധാണരമായി ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളോട് ചിലരുടെ തലച്ചോർ വ്യത്യസ്തമായി പ്രതികരിക്കുന്നതാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത് എന്നാണ് ഏറ്റവും ശ്രദ്ധ ലഭിച്ച വിശദീകരണം.
ആർത്തവ സമയത്തു ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് ഈ ബുദ്ധിമുട്ടുകൾക്ക് കാരണം എന്നാണ് മുൻപ് കരുതിയിരുന്നത്. പ്രൊജസ്‌ട്രോൺ ഹോർമോൺ താരതമ്യേന കുറവായതുകൊണ്ടാണ് ഇതെന്നാണ് കരുതിയത്. എന്നാൽ പിന്നീട് വന്ന പഠനങ്ങൾക്ക് ഇത് വ്യക്തമായി തെളിയിക്കാൻ സാധിച്ചില്ല.
ജനിതകപരമായ സാധ്യതയും, ജീവിതത്തിൽ ബുദ്ധിമുട്ടേറിയ അനുഭവങ്ങൾ ഉണ്ടാകുന്നതും, സാധരണ അളവിൽ ഉള്ള ഹോര്മോണുകളോട് കൂടുതൽ രൂക്ഷമായി പ്രതികരിക്കുന്ന തലച്ചോറിന് രൂപം നൽകുന്നതാണ് PMS നു കാരണം എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.
ചില ആളുകൾക്ക് PMS ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
∙ കുടുംബത്തിൽ വിഷാദം/ഉന്മാദം തുടങ്ങിയ മാനസിക രോഗങ്ങൾ ഉള്ളവർ.
∙ മുൻപ് എപ്പോളെങ്കിലും ഇത്തരത്തിൽ മാനസിക രോഗം ഉണ്ടായിട്ടുള്ളവർ
∙ ലൈംഗിക അതിക്രമങ്ങൾക്കു വിധേയരായവർ/
∙ നിലവിലോ മുൻകാലങ്ങളിലോ ഗാർഹിക പീഡനം അനുഭവിച്ചവർ
∙ മദ്യം അമിതമായി ഉപയോഗിക്കുന്നവർ
∙ അമിത വണ്ണം ഉള്ളവർ
എന്താണ് PMS ലക്ഷണങ്ങൾ ?
വിവിധ തലങ്ങളിലുള്ള ബുദ്ധിമുട്ടുകൾ ഇത്തരക്കാർ അനുഭവിക്കുന്നുണ്ട്.
വെപ്രാളവും, അനുബന്ധമായി ഉറക്കക്കുറവ്, പെട്ടന്നുള്ള വികാരപ്രകടനങ്ങൾ, എപ്പൊഴും ഉത്കണ്ഠയോടെ ഇരിക്കുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം.
തലവേദന, ചില ഭക്ഷണങ്ങളോട് താല്പര്യം കൂടുതൽ, പ്രത്യേകിച്ചും മധുരവും ഉപ്പും ഉള്ള ഭക്ഷണ വസ്തുക്കളോട്
പൊതുവെ സങ്കടം തോന്നുക, ഒരു കാരണവും ഇല്ലെങ്കിലും ദേഷ്യം വരിക, ചെറിയ കാര്യങ്ങൾക്കും വിഷമിക്കുക, കരയുക, ഞാൻ മോശമാണ് ഒന്നിനും കൊള്ളാത്തവളാണ് എന്നൊക്കെ തോന്നുക, സാധനങ്ങൾ ഒക്കെ നശിപ്പിക്കാനുള്ള ദേഷ്യം തോന്നുക, ശ്രദ്ധക്കുറവും ഓർമ്മക്കുറവും അനുഭവപ്പെടുക എന്നിങ്ങനെ മാനസികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാകും.
ശരീരം തടിക്കുക, നീരുവെക്കുക, വയറു വീർക്കുക, കാലുകളിലും മറ്റും നീരും പെരുപ്പും ഉണ്ടാകുക, സ്തനങ്ങളിൽ വേദന അനുഭവപ്പെടുക എന്നീ ശാരീരിക ബുദ്ധിമുട്ടുകൾ കാണാം.
ആർത്തവത്തോട് കൂടിയുള്ള വയറുവേദന, മുഖക്കുരു, കൂടെ കൂടെ മൂത്രം ഒഴിക്കാൻ തോന്നുക, വയറിളക്കം, ശരീരം മുഴുവൻ വേദന, ഓക്കാനം ശർദ്ദില്‍ ഇവയും ഉണ്ടാകാം .
ഓർക്കുക - ഈ എല്ലാ ബുദ്ധിമുട്ടുകളും ഒരേ സമയം കാണണം എന്നില്ല, അതുപോലെ ഓരോ ആർത്തവത്തിന്റെ സമയത്തും ബുദ്ധിമുട്ടുകൾ മാറി മാറി വരാം.
PMDD യുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ?
ഇത് കുറച്ചുംകൂടി ഗുരുതരമായ സാഹചര്യമാണ്. ബുദ്ധിമുട്ടുകൾ കൂടി ഒരാളുടെ ജീവിതത്തെ തന്നെ ബാധിക്കുന്ന അവസ്ഥ. PMS ഉള്ളവരിൽ ചെറിയൊരു ശതമാനം ആളുകൾക്കെ ഇത്തരം ഒരു അവസ്ഥയുണ്ടാകു. DSM 5 ഈ അവസ്ഥയെ കൃത്യമായി നിർവചിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിൽ മിക്ക ആർത്തവ ചക്രത്തിലും താഴെ കൊടുത്തിരിക്കുന്ന ലക്ഷണങ്ങളിൽ 5 എണ്ണമെങ്കിലും ഉണ്ടെങ്കിൽ PMDD ഉണ്ട് എന്ന് കരുതാം.
കടുത്ത വിഷാദം,പ്രതീക്ഷ നഷ്ടപ്പെടുക, സ്വയം ഇകഴ്ത്തുന്ന ചിന്തകൾ ഉണ്ടാകുക.
കടുത്ത ഉത്കണ്ഠയും വെപ്രാളവും.
കടുത്ത വികാര വിക്ഷോഭങ്ങൾ - പെട്ടന്ന് വിഷമവും കരച്ചിലും ഉണ്ടാകുക, ആരും ഇല്ല എന്ന തോന്നൽ.
പെട്ടന്ന് ദേഷ്യം വരുക, പൊട്ടിത്തെറിക്കുക, അടുത്ത വ്യക്തികളുമായി കൂടെ കൂടെ വഴക്കുകൾ ഉണ്ടാകുക.
പൊതുവെ ചെയ്യുന്ന കാര്യങ്ങളിൽ താല്പര്യം നഷ്ടപ്പെടുക.
കാര്യങ്ങളിൽ വേണ്ട ശ്രദ്ധ നല്കാൻ പറ്റാതെയാകുക.
പൊതുവിൽ ക്ഷീണം തോന്നുക, ഒന്നും ചെയ്യാനുള്ള ഊർജ്ജം ഇല്ലെന്നു തോന്നുക
വിശപ്പിൽ കാര്യമായ മാറ്റം, ചില ഭക്ഷണങ്ങളോട് അമിത ആഗ്രഹം.
ഉറക്കം അമിതമായി തോന്നുക, ചിലപ്പോൾ ഉറക്കം കുറയുക.
പലപ്പോഴും നിയന്ത്രണം നഷ്ടപ്പെടുന്നതായി തോന്നുക.
ശാരീരികമായ മാറ്റങ്ങൾ - സ്തനങ്ങളിൽ വേദന, ശരീരം നീരുവെക്കുക, തലവേദന, മസിലുകളും സന്ധികളിലും വേദന തുടങ്ങിയവ അനുഭപ്പെടുക
ഈ ബുദ്ധിമുട്ടുകൾ ആളുടെ ജീവിതത്തിന്റെ വിവിധ തലങ്ങളെ സാരമായി ബാധിക്കുന്നതാവണം.
ഈ ബുദ്ധിമുട്ടുകൾ ആർത്തവ ചക്രത്തിനോട് ചേർന്നു ഉണ്ടാകുന്നവയാക്കണം - നിലവിൽ വിഷാദം അനുഭവിക്കുന്നവർക്ക് ആർത്തവ സമയത്തു ബുദ്ധിമുട്ടുകൾ കൂടിയാൽ PMDD ആയി കണക്കാക്കില്ല.
ഈ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ കഴിഞ്ഞ 2 ആർത്തവ സമയത്തും അനുഭവപ്പെടണം.
ഈ ബുദ്ധിമുട്ടുകൾ എങ്ങനെ കണ്ടെത്തും ?
ഈ ലക്ഷണങ്ങളുടെ തീവ്രത ഓരോ ആർത്തവത്തിലും വ്യക്തിയെകൊണ്ട് തന്നെ നോട്ട് ചെയ്യിക്കണം. കൂടാതെ ഈ ബുദ്ധിമുട്ടുകൾ മറ്റു അസുഖങ്ങളുടെ ഭാഗമല്ല എന്ന് ഉറപ്പാക്കേണ്ടത് ഉണ്ട്. അതിനയായി രക്ത പരിശോധനകളും മറ്റും വേണ്ടി വന്നേക്കാം. വിഷാദരോഗത്തിൽ നിന്നും ഇതിനെ തിരിച്ചറിയേണ്ടതുണ്ട്. വിഷാദത്തിൽ സാധാരണ സ്തനങ്ങളിലെ വേദനയും മറ്റും കാണാറില്ല. അതുപോലെ ഇത്രയും കണ്ടു വികാര പ്രകടനങ്ങളും ഉണ്ടാകില്ല.
എപ്പോഴാണ് ചികിത്സ തേടേണ്ടത് ?
ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ തുടർച്ചയായി ഉണ്ടാകുകയും, ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ വിദഗ്‌ദ്ധ ചികിത്സ തേടണം.
എങ്ങനെ ഈ അവസ്ഥയെ ചികിൽസിക്കും ?
രണ്ടു തരത്തിലുള്ള ചികിത്സകൾ ലഭ്യമാണ്. മരുന്ന് ചികിത്സയും, മരുന്നുകൾ ഇല്ലാതെയുള്ള ചികിത്സയും. ഗുരുതരമല്ലാത്ത അവസ്ഥകളിൽ മരുന്നുകൾ ഇല്ലാതെ, മനഃശാസ്ത്ര ചികിത്സ, ഭക്ഷണ ക്രമീകരണം, വ്യായാമം എന്നിവ വഴി അവസ്ഥയെ ചികിൽസിക്കാം.
ഈ ബുദ്ധിമുട്ടുകൾ തിരിച്ചറിയാനും, പിന്തുണ നൽകാനും കുടുംബവും സുഹൃത്തുക്കളും തയ്യാറായാൽ തന്നെ ഇവരുടെ കഷ്ടതകൾ കുറയും. അവരോടൊപ്പം പിന്തുണയോടെ ഉണ്ടാകുക എന്നതാണ് പ്രധാനം, വികാര വിക്ഷോഭങ്ങൾ കാണുമ്പോൾ അത് തിരിച്ചറിയാനും സാധിക്കണം.
റീലാക്സേഷന്‍ തെറാപ്പി:
ശരീരത്തിലെ അഡ്രിനെർജിക് ആക്ടിവിറ്റി കുറക്കുക എന്നതാണ് ഈ ചികിത്സയുടെ ലക്ഷ്യം. ശ്വാസം നിയന്ത്രിക്കുന്ന വ്യായാമങ്ങൾ, മസിലുകൾ ഓരോന്നായി അയവു വരുത്തുന്ന പരിപാടികൾ, mindfullness മെഡിറ്റേഷൻ ഇവയൊക്കെ ദിവസവും രണ്ടു നേരം 10 മുതൽ 20 മിനിട്ടു വരെ ചെയ്യുന്നത് രോഗ ലക്ഷണങ്ങൾ കുറക്കുന്നു എന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT):
വിഷാദത്തിനും വികാര വിക്ഷോഭങ്ങൾക്കും കാരണമായ തെറ്റായ ചിന്താ രീതികളെ ഓരോന്നായി കണ്ടെത്തി അതിൽ തിരുത്തലുകൾ വരുത്താൻ വ്യക്തിയെ സഹായിക്കുന്ന പ്രക്രിയയാണ് ഇത്. ഇതുവഴി വിഷാദം കുറക്കാനും അതുപോലെ വികാര പ്രകടനങ്ങൾ നിയന്ത്രിക്കാനും, ഈ ബുദ്ധിമുട്ടുകളെ ഫലപ്രദമായി നേരിടാനും കഴിയും.
ലൈറ്റ് തെറാപ്പി, ഉറക്കത്തിന്റെ ഘടനയിൽ മാറ്റം വരുത്തിയുള്ള ചികിത്സ തുടങ്ങി നിരവധി ചികിത്സാ മാർഗ്ഗങ്ങൾ പ്രയോഗത്തിൽ ഉണ്ടെങ്കിലും ഇവയുടെ ഫലപ്രാപ്തിയെ കുറിച്ച് ശാസ്ത്രീയമായി തെളിവുകൾ കുറവാണ്.
മരുന്ന് ചികിത്സ:
മറ്റു മാർഗ്ഗങ്ങൾ കൊണ്ട് പ്രയോജനം ലഭിക്കാത്തപ്പോഴും, അതുപോലെ ഗുരുതരമായ PMDD പോലെയുള്ള അവസ്ഥയിലും മരുന്നുകൾ ആവശ്യമായി വരും. ഓരോ വ്യക്തിയുടെയും ലക്ഷണങ്ങളും അവയുടെ തീവ്രതയും കണക്കാക്കിയാണ് ഏതു തരത്തിലുള്ള ചികിത്സ വേണം എന്ന് തീരുമാനിക്കുക. പ്രധാനമായും രണ്ടു തരത്തിലുള്ള മരുന്ന് ചികിത്സകൾ ലഭ്യമാണ്
ഹോർമോൺ ചികിത്സ: മുന്കാലങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് ഈ ചികിത്സയാണു. ഹോർമോൺ ഗുളികകൾ ഉപയോഗിച്ചുള്ള ഗർഭ നിരോധനം കുടി ആഗ്രഹിക്കുന്ന സ്ത്രീകളിൽ ഈ രീതി ഉപയോഗിക്കാം. എന്നാല്‍ അടുത്ത കാലത്ത് നടന്ന പല പഠനങ്ങളിലും ഈ രീതിക്കു കാര്യമായ മാറ്റം ഉണ്ടാക്കാം എന്ന് കണ്ടെത്താനായിട്ടില്ല .
സെറോട്ടോണിൻന്റെ അളവ് നിയന്ത്രിക്കുന്ന മരുന്നുകൾ: വിഷാദം ചികില്സിക്കാനായി ഉപയോഗിക്കുന്ന SSRI ഗണത്തിൽ പെടുന്ന മരുന്നുകൾ തലച്ചോറിൽ ഈ രാസഘടകത്തിന്റെ അളവ് കൂട്ടിയാണ് പ്രയോജനം നൽകുന്നത്. PMDD ഉള്ളവരിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ചികിത്സയാണു ഇത്.
വേദനയും നീരും ഒക്കെ കുറയാനുള്ള മരുന്നുകളും പ്രത്യേക സാഹചര്യങ്ങളിൽ ഉപയോഗിക്കാറുണ്ട്.
ഭക്ഷണ ക്രമീകരണം:
അമിതമായി കാപ്പിയോ കഫീൻ അടങ്ങിയ പാനീയങ്ങളോ ഉപയോഗിക്കുന്നവർ അത് നിയന്ത്രിക്കണം - ഉറക്ക കുറവ് വെപ്രാളം ഇവയൊക്കെ ഉണ്ടാകാൻ കഫീൻ കാരണമാകാം.
ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കണം.
അന്നജം കൂടുതലുള്ള ഭക്ഷ്യ വസ്തുക്കൾ കുറഞ്ഞ അളവിൽ കൂടുതൽ തവണയായി കഴിക്കുന്നത് വഴി വയറിലെ അസ്വസ്ഥതകൾ കുറക്കാൻ കഴിയും.
കൊഴുപ്പ്, മദ്യം എന്നിവയുടെ ഉപയോഗം കുറക്കണം .
വ്യായാമം:
ഏറോബിക് വ്യായാമ രീതികൾ ദിന ചര്യയുടെ ഭാഗമാക്കുന്നത് ബുദ്ധിമുട്ടുകൾ കുറക്കാൻ സഹായിക്കും എന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ആർത്തവത്തിലൂടെ കടന്നു പോകുന്ന ഓരോ സ്ത്രീയും ഒരിക്കലെങ്കിലും ഈ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടാകാം. വ്യത്യസ്തമായ ഒരു ജൈവ പ്രക്രിയയുടെ ഭാഗമായി എന്നതുകൊണ്ട് മാത്രം അവർ ഈ വേദന അനുഭവിക്കുകയാണ് . പലപ്പോഴും പുരുഷന്മാർ ഇത് തിരിച്ചറിയുകയോ ഗൗനിക്കുകയോ ചെയ്യാറില്ല.
അവരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിയുകയും അത് തരണം ചെയ്യാൻ കൂടെ നിൽക്കുകയും വേണം. ആവശ്യത്തിന് വിശ്രമവും, സ്നേഹവും കരുതലും അവർക്കു നല്കണം. ഗുരുതരമായ സാഹചര്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞു ചികില്സിക്കണം. ഒന്ന് രണ്ടു തവണ കഴിയുമ്പോൾ മാറും എന്ന് പറഞ്ഞു ഒഴിയരുത് ,കാരണം ഈ ബുദ്ധിമുട്ടുകൾ അങ്ങനെ കുറയില്ല . എന്നാൽ നമ്മുടെ പിന്തുണ വഴി അവർക്കു ഇതിനെ തരണം ചെയ്യാൻ സാധിക്കും എന്നതിൽ സംശയമില്ല .