തിരുവാതിരയും സ്ത്രീകളുടെ ആരോഗ്യവും

ധനുമാസത്തിലെ തിരുവാതിര നാളിലാണു തിരുവാതിര ആഘോഷം. അത് ഇത്തവണയും പൗർണമി ദിനത്തിലാണ്. ശ്രീപരമേശ്വരന്റെയും പിറന്നാൾ ദിവസമാണിത്.  അനുരൂപനായ വരനെ ലഭിക്കുന്നതിനായി സ്ത്രീകളും വ്രതം നോറ്റ് ആചരിക്കുന്ന ആഘോഷം സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനുകൂടി ചിട്ടപ്പെടുത്തിയ ഉത്സവമാണു തിരുവാതിര. 

ശിവനെ വരനായി ലഭിക്കാനായി തീവ്രവ്രതം നോറ്റ പാർവതി പരാജയപ്പെട്ടപ്പോൾ കാമദേവൻ പഞ്ചബാണങ്ങൾ എയ്ത് ശിവനിൽ കാമമുണർത്തിയാണല്ലോ ശിവന് അഭിനിവേശമുണ്ടായത്. തത്സമയം കാരണം തിരിച്ചറിഞ്ഞ ശിവന്‍ കോപാകുലനായി തൃക്കണ്ണു തുറന്ന് കാമദേവനെ അഗ്നിയിൽ ഭസ്മമാക്കിയ കഥ ഓർമയില്ലേ?

കാമദേവൻ ഇല്ലാതായതോടെ പുരുഷന്മാർക്കു സ്ത്രീകളോടു താൽപര്യം ഇല്ലാതായി. ഇതുമൂലം ദുഃഖിതരായ സ്ത്രീകളുടെയും കാമദേവന്റെ ഭാര്യ രതീദേവിയുടെയും അഭ്യർഥന പ്രകാരം പാർവതി ദേവി നിരന്തരം കേണപേക്ഷിച്ചപ്പോൾ മനസ്സലിഞ്ഞ മഹാദേവൻ കാമദേവനു പുനർജന്മം നൽകിയതിന്റെ സന്തോഷസൂചകമായിട്ടാണു സ്ത്രീകൾ തിരുവാതിര ആഘോഷിക്കുന്നത്. 

തിരുവാതിര നാളിനു തൊട്ടുമുൻപുള്ള 10 ദിവസമാണു സ്ത്രീകൾ വ്രതമെടുക്കുന്നത്. പുലർകാലത്ത് അമ്പലക്കുളങ്ങളിലും തറവാടുകളിലെ വലിയ കുളങ്ങളിലും അരയ്ക്കൊപ്പം വെള്ളത്തിൽ നിന്ന് വെള്ളത്തിൽ തുടികൊട്ടി പാടി കുളിക്കുന്നത് ഈ പത്തു ദിവസത്തെ ചടങ്ങുകളിൽ പ്രധാനമാണ്. പുലർ കാലത്തുള്ള ഈ കുളി ശരീരത്തിന് ഉണർവും ഉന്മേഷവും തണുപ്പും നൽകുന്നു. 

തിരുവാതിര വ്രതക്കാലത്ത് അരിഭക്ഷണം ഒഴിവാക്കാറുണ്ട്. ഗോതമ്പിന്റെയോ ചാമയുടെയോ ചോറ്, കൂവപ്പായസം, ചെറുപഴം, പുഴുക്ക്, വാൻകിഴങ്ങ്, പപ്പടം, കുടിക്കാൻ ഇളനീർ എന്നിവയാണു ഭക്ഷണത്തില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവയെല്ലാം തന്നെ ശരീരത്തെ തണുപ്പിക്കുന്നതും ദഹനവ്യൂഹത്തെ ക്രമീകരിക്കുന്നതുമാണ്. വരാൻ പോകുന്ന തീക്ഷ്ണമായ വേനൽക്കാലത്തു സ്ത്രീകൾക്കു വരാവുന്ന വെള്ള പോക്ക്, മൂത്രച്ചൂട്, സന്ധികളിലും കണ്ണുകളിലും ഉണ്ടാകാൻ സാധ്യതയുള്ള വേദന, ശരീരം മുഴുവൻ ചുട്ടുനീറ്റൽ, വേനൽക്കാല ചൂടുകുരുക്കൾ, വേനൽച്ചൂട് സഹിക്കാൻ പറ്റാതെ വരുന്ന ക്ഷീണം, തളർച്ച എന്നിവയെ പ്രതിരോധിക്കാൻ മുൻകൂറായുള്ള ഈ ഭക്ഷണക്രമം ഉപകരിക്കും. ‌

സന്ധ്യയ്ക്കുള്ള തിരുവാതിരക്കളിക്കു മുൻപേ അഷ്ടമംഗ ല്യപൂജ ചെയ്യാറുണ്ട്. പൂജയുടെ നിവേദ്യമായി എട്ടങ്ങാടി എന്ന പ്രത്യേകവിഭവം ഉണ്ടാക്കുന്നു. ചേന, ചേമ്പ്, മധുര ക്കിഴങ്ങ്, കാച്ചിൽ, കൂർക്ക, പാൽച്ചേമ്പ്, ചെറുകിഴങ്ങ് അഥവാ തുരടിക്കിഴങ്ങ്, ഏത്തക്കായ എന്നിവ ഉമിത്തീയിനുള്ളിലോ, വിറകു കനലിനുള്ളിലോ തോലോടുകൂടി പൂഴ്ത്തിവച്ചു ചുട്ടെടുക്കുന്നു. പിന്നീട് ഇവ തൊലികളഞ്ഞു കഷണങ്ങൾ ആക്കിയതിനുശേഷം കടല, പയർ, എള്ള്, ചോളം എന്നിവ ചേർത്തു വേവിച്ചെടുക്കണം.  അവസാനം ഇതിൽ പഞ്ചസാര, തേൻ, നെയ്യ് എന്നിവ ചേർത്തുണ്ടാക്കുന്ന സ്വാദിഷ്ഠമായ ഈ വിഭവം എളുപ്പം ദഹിക്കുന്നു. ശരീരത്തിനു വലിയ അളവിൽ ഊർജം നൽകുന്നതും കിഴങ്ങുകൾക്കു പ്രാമുഖ്യമുള്ളതിനാൽ ശരീരത്തെ തണുപ്പിക്കുന്നതുമാണ്. സന്ധ്യയ്ക്കുശേഷം ചന്ദ്രൻ ഉദിച്ചു വരുന്നതിനോടുകൂടി തറവാടിന്റെ കിഴക്കേ മുറ്റത്തു നിലവിളക്കും അഷ്ടമംഗല്യവും എട്ടങ്ങാടിയും വച്ചു പൂജിച്ച് വട്ടത്തിൽ നിന്നാണു തിരുവാതിരക്കളി നടത്തുന്നത്. 

നൃത്തച്ചുടവടുകൾ ശരീരത്തിന്റെ വടിവുകൾ മികച്ചതാക്കുന്നതിന് ഉപകരിക്കും. അംഗങ്ങളെ അടുപ്പിക്കൽ, അകത്തൽ, തിരിക്കൽ, സന്ധികൾ മടക്കൽ, അരക്കെട്ട് തിരിക്കൽ, വശങ്ങളിലേക്കു ചായ്ക്കൽ, വളയ്ക്കൽ, പുറകോട്ടും മുൻപോട്ടും തിരിഞ്ഞും ചടുലമായ ഇടവിട്ടിടവിട്ടുള്ള നീക്കങ്ങൾ എന്നിവ സ്ത്രീ സൗന്ദര്യം കൂട്ടുന്നതിനും അമിതവണ്ണവും അമിത മേദസ്സും കുറയ്ക്കുന്നതിനും സഹായകമാണ്. നിന്നുള്ള കുമ്മിയടിയും അരക്കെട്ടിന്റെ വണ്ണം കുറയ്ക്കുന്നതിനു സഹായിക്കുന്നതിനോടൊപ്പം നിതംബങ്ങളെയും മാറിടങ്ങളെയും പുഷ്ടിപ്പെടുത്തുന്നു. 

തിരുവാതിര ആഘോഷത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഊഞ്ഞാലാട്ടം. ഇരുന്നും നിന്നും ചുക്ലം കുത്തിയും ഊഞ്ഞാൽ ആടാറുണ്ട്. വയറിലെ  മാംസപേശികൾക്കു വ്യായാമം നൽകുന്നതിനോടൊപ്പം കൈകളിലെയും വാരിപ്പുറങ്ങളിലെയും മാംസപേശികൾക്കു പുഷ്ടി വരുത്തുന്നതിനു സഹായിക്കുന്ന വ്യായാമം കൂടിയാണിത്. 

പാതിരാപ്പൂ ചൂടുന്നതിനും ചുവന്ന കൊടുവേലിയുടെ പൂവാണ് ഉപയോഗിക്കുന്നത്. ദശപുഷ്പങ്ങളല്ല, ഇലകളാണു ചൂടുന്നത്. മർമശാസ്ത്രത്തിൽ പറയുന്ന ശിരസ്സിനടിഭാഗത്തെ പിൻകഴുത്തിലെ കൃകാടിക മർമത്തിനു നേരെ മുടിക്കെട്ടിലാണ് ഇവ തിരുകുന്നത്. തലച്ചോറിനെയും സുഷുമ്നാ നാഡിയെയും ഉത്തേജിപ്പിക്കാൻ ആയുർവേദ ഔഷധങ്ങളായ ഈ ചെടികൾക്കു കഴിയും എന്നു പറയുന്നു. 

പാതിരാപ്പൂ ചൂടിക്കഴിഞ്ഞാൽ വെറ്റില മുറുക്കണമെന്നാണ് ആചാരം. വെറ്റില മുറുക്കി ചുണ്ടുചുവപ്പിക്കുന്നത് കാമോദ്ദീപകമാണ്. വെറ്റിലയുടെ നീര് ദഹനത്തെ കൂട്ടുകയും കഫരോഗങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. തിരുവാതിരക്കാലത്തു കൈകളിലും പാദങ്ങളിലും അണിയുന്ന മൈലാഞ്ചിയും ശൃംഗാരവശ്യപ്രയോഗങ്ങളുടെ ഭാഗമാണ്. പാതിരായ്ക്കു ശേഷം മംഗളശ്ലോകം കൊട്ടിപ്പാടി ചടങ്ങ് അവസാനിപ്പിക്കുന്നു. 

(ലേഖകൻ പട്ടാമ്പി അമിയ ആയുർവേദ നഴ്സിങ് ഹോം& റിസർച്ച് സെന്ററിന്റെ മുഖ്യ ചികിത്സകനാണ്.)