വേദന നിറഞ്ഞ ആർത്തവകാലമാണോ നിങ്ങൾക്ക്? എങ്കിൽ ഹൃദയരോഗങ്ങളെ കരുതിയിരിക്കുക. ആർത്തവ സമയത്തെ അതികഠിനമായ വേദന എൻഡോമെട്രിയോസിസിന്റെ ലക്ഷണമാകാം.
എൻഡോമെട്രിയോസിസ് ബാധിച്ച സ്ത്രീകൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാൻ സാധ്യത കൂടുതലെന്നു പഠനം. ലോകത്ത് ദശലക്ഷക്കണക്കിനു സ്ത്രീകളെ ബാധിക്കുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. സ്ത്രീകളിലെ വന്ധ്യതയ്ക്കും ഇത് ഒരു പ്രധാന കാരണമാണ്.
ഗർഭപാത്രത്തിന്റെ ഉള്ളിലെ ആവരണമായ ശ്ലേഷ്മകല അഥവാ എൻഡോമെട്രിയം ഗർഭപാത്രത്തിനു പുറത്തോ ബീജവാഹി നാളികളിലോ(fallopean tubes) അണ്ഡാശയത്തിലോ സ്ഥാനം തെറ്റി വളരുന്ന അവസ്ഥയാണിത്. 40 വയസിൽ താഴെയുള്ള 6 മുതൽ 10 ശതമാനം വരെ സ്ത്രീകൾ എൻഡോമെട്രിയോസിസ് ബാധിച്ചവരാണ് എന്നാണ് കണക്ക്.
ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെയും ബ്രീഘാം ആൻഡ് വിമൺസ് ഹോസ്പിറ്റലിലെയും ഗവേഷകർ, നഴ്സസ് ഹെൽത്ത് സ്റ്റഡിയിൽ എൻറോൾ ചെയ്തിരിക്കുന്ന 116430 സ്ത്രീകളെ പഠനവിധേയരാക്കി.
11903 സ്ത്രീകൾക്ക് എൻഡോമെട്രിയോസിസ് ബാധിച്ചതായി പരിശോധനയിൽ തെളിഞ്ഞു. 20 വർഷം നീണ്ട പഠനത്തിൽ എൻഡോമെട്രിയോസിസ് ബാധിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ഇവർക്ക് ഹൃദ്രോഗസാധ്യത ഏതാണ്ട് രണ്ടു മടങ്ങും ആണെന്നു കണ്ടു. കൂടാതെ, എൻഡോമെട്രിയോസിസ് ബാധിച്ച നാൽപതോ അതിൽ കുറവോ പ്രായമുള്ള സ്ത്രീകൾക്ക് ഹൃദ്രോഗം, നെഞ്ചുവേദന, ആർട്ടറിയിലെ തടസത്തിനുള്ള ചികിത്സ, ഇവയ്ക്കുള്ള സാധ്യത, ഇതേ പ്രായത്തിലുള്ള എൻഡോമെട്രിയോസിസ് ബാധിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്.
എൻഡോമെട്രിയോസിസ് ചികിത്സിച്ചാൽ അതായത് ഗർഭപാത്രമോ അണ്ഡാശയമോ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്താലും ഹൃദ്രോഗസാധ്യത നിലനിൽക്കും. സ്വാഭാവികമായി സംഭവിക്കേണ്ടുന്ന ആർത്തവ വിരാമം ശസ്ത്രക്രിയയിലൂടെ സാധ്യമാക്കിയാൽ ഹൃദ്രോഗസാധ്യത ഏറുമെന്നും ഇത് ചെറുപ്പക്കാരിലായിരിക്കും കൂടുതലെന്നും പഠനം പറയുന്നു.
തങ്ങൾക്ക് ഹൃദ്രോഗസാധ്യത മറ്റുള്ളവരെക്കാൾ കൂടുതലാണെന്ന് എൻഡോമെട്രിയോസിസ് ബാധിച്ച സ്ത്രീകൾക്ക് ബോധ്യമുണ്ടായിരിക്കണം. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് ഇവർ അറിഞ്ഞിരിക്കണം. ചെറുപ്പമാണെങ്കിലും ഹൃദയാരോഗ്യം നൽകുന്ന ജീവിതശൈലി പിന്തുടരണം. വൈദ്യപരിശോധന ഇടയ്ക്ക് നടത്തി ഹൃദയാരോഗ്യം ഉണ്ടെന്ന് ഇവർ ഉറപ്പു വരുത്തണം– പഠനത്തിനു നേതൃത്വം നൽകിയ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഡോ.ഫാൻ മു പറഞ്ഞു. സർക്കുലേഷൻ: കാർഡിയോ വാസ്കുലാർ ക്വാളിറ്റി ആൻഡ് ഔട്ട്കംസ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.