Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭാവസ്ഥയിൽ ഈ രോഗങ്ങളെ സൂക്ഷിക്കാം

pregnancy-safety Image Courtesy : Vanitha Magazine

പലരും ഗർഭത്തിന്റെ ആദ്യലക്ഷണം ഛർദ്ദിയിലൂടെയാണു തിരിച്ചറിയുക. ഈ ഛർദി (മോണിങ് സിക്നസ്) മിക്കവാറും ഒന്നാം ഘട്ടത്തോടെ (12 ആഴ്ച) മാറുമെങ്കിലും ചില സ്ത്രീകളിൽ അത് 24 ആഴ്ചവരെയും മറ്റു ചിലർക്കു പ്രസവം വരെയും നീണ്ടു നിൽക്കാറുണ്ട്. ഒന്നാമത്തെ പ്രസവത്തിലാണു ഛർദ്ദിയുൾപ്പെടെയുള്ള പ്രഭാത അസ്വസ്ഥതകൾ കൂടുതൽ കാണാറ്. ആഹാരം തീരെ കഴിക്കാനാവാത്ത വിധം പ്രശ്നമുള്ളവർ ഡോക്ടറുടെ സേവനം തേടണം.

ഭയം, ഗർഭഛിദ്രത്തെ

ഗർഭിണിയാണെന്നറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഗ്രഭഛിദ്രമുണ്ടാകുമോ എന്ന ഭയത്തിലാണ് മിക്ക സ്ത്രീകളും. ഗർഭഛിദ്രം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഒന്നും രണ്ടും ഘട്ടങ്ങളിലാണ്. അതുകഴിഞ്ഞാൽ ഗർഭമലസാനുള്ള സാധ്യത വളരെ വിരളമാണ്. 12 ആഴ്ചയ്ക്കകം ഗർഭഛിദ്രമുണ്ടാകുന്നതിന്റെ പ്രധാന കാരണം പാരമ്പര്യ ഘടകങ്ങളാണ്.

രണ്ടാം ഘട്ടത്തിൽ പാരമ്പര്യകാരണങ്ങൾ കൊണ്ടോ, ഗർഭപാത്രത്തിന്റെ അസ്വാഭാവികത്വം കൊണ്ടോ ഗർഭമലസാം. ഗർഭപാത്രം ശരിയായനിലയിലല്ലെങ്കിലും മൂന്നുനാലു മാസം വരെ ഗർഭസ്ഥശിശു വളരുമെങ്കിലും പിന്നീടു വളരുവാൻ ഗർഭപാത്രം അനുവദിക്കാത്തതിനാൽ ഗർഭമലസൽ നടക്കും. കൂടാതെ, വൈറൽ പനികൾ, യൂറിനറി ഇൻഫെക്ഷൻ എന്നിവ മൂലവും ഗർഭഛിദ്രം നടക്കാം. ഇതിൽ യൂറിനറി ഇൻഫക്ഷൻ തന്നെയാണു വലിയ വില്ലൻ.

മൂത്രത്തിൽ അണുബാധ ഉണ്ടായാൽ

വന്ധ്യത, ഗർഭഛിദ്രം, കുഞ്ഞിന്റെ വളർച്ച കുറയൽ, കുട്ടിക്ക് വളർച്ചയെത്തും മുമ്പുള്ള പ്രസവം തുടങ്ങി വിവിധ പ്രശ്നങ്ങൾക്കു യൂറിനറി ഇൻഫക്ഷൻ കാരണമാകുന്നു. മൂത്രസഞ്ചിയും വൃക്കകളും ഉൾപ്പെടെ മൂത്രനാളിയുമായി ബന്ധപ്പെട്ട ഏതുഭാഗത്തുണ്ടാകുന്ന അണുബാധയും ഗൗരവമർഹിക്കുന്നു.

അടിക്കടി മൂത്രമൊഴിക്കാൻ തോന്നൽ, മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ, അടിവയറ്റിൽ നേരിയ വേദന, എന്നിവയിൽ തുടങ്ങി മൂത്രത്തിൽ രക്തം കാണുക, പനി മുതലായവ വരെയുള്ള ലക്ഷണങ്ങൾ മൂത്രത്തിലെ അണുബാധമൂലം ഉണ്ടാകാം. എന്നാൽ മിക്കവരിലും അണുബാധ രൂക്ഷമായ ശേഷമായിരിക്കും ലക്ഷണങ്ങൾ പ്രകടമാവുക.

ഗർഭിണിയെ സംബന്ധിച്ച് അപകടകരമായ അവസ്ഥയാണിത്. അതിനാൽ തുടർച്ചയായ മൂത്രപരിശോധന (മാസത്തിലൊരിക്കൽ) നടത്തുകയും ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നു കഴിക്കേണ്ടത് അനിവാര്യമാണ്.

ധാരാളം വെള്ളം കുടിക്കുന്നതും മൂത്രം കെട്ടിനിർത്താതെ അടിക്കടി മൂത്രമൊഴിക്കുന്നതും അണുബാധകുറയാൻ സഹായിക്കും. ലൈംഗികബന്ധത്തിലേർപ്പെട്ടശേഷം മൂത്രമൊഴിക്കുന്നത് ഇതുമൂലമുണ്ടാകാനിടയുള്ള അണുബാധ ഒഴിവാക്കാൻ സഹായിക്കും.

മഞ്ഞപ്പിത്തം സൂക്ഷിക്കാം

മഞ്ഞപ്പിത്തം പലതരമുണ്ട്. ഇതിൽ വെള്ളത്തിലൂടെയും മറ്റും പകരുന്ന എ വിഭാഗത്തിലുള്ള മഞ്ഞപ്പിത്തമാണു ഗർഭിണികളിൽ കൂടുതലായി കാണാറുള്ളത്. നല്ല ചികിത്സയും വിശ്രമവും നൽകാമെങ്കിൽ രോഗത്തെ അതിജീവിക്കാനാകും. ഭയപ്പെടേണ്ട ആവശ്യവുമില്ല. താഴ്ന്ന ജീവിത സാഹചര്യമുള്ളവരിൽ ശുചിത്വക്കുറവുമൂലവും മറ്റും പലപ്പോഴും ചികിത്സ വേണ്ടത്ര ഫലപ്രദമാകാറില്ല. ആ സാഹചര്യത്തിൽ രോഗം അപകടകാരിയാകും. ഗർഭസ്ഥ ശിശു മരണപ്പെടാൻ വരെ സാധ്യതയുണ്ട്.

അഞ്ചാം പനി അപകടം

അപകടകരമായ അവസ്ഥയാണ് അഞ്ചാം പനി അഥവാ മീസിൽസ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ചും ജർമൻ മീസിൽസ്. കുഞ്ഞിന് അംഗവൈകല്യങ്ങളോ ബുദ്ധിമാന്ദ്യമോ ജീവഹാനിയോവരെ സംഭവിക്കാം. എന്നാൽ ഈ രോഗം വരാതിരിക്കാൻ എം എം ആർ വാക്സിൻ (മീസിൽസ്, മംസ്, റൂബല്ല വാക്സിനേഷൻ) എടുത്താൽ മതി. പെൺകുട്ടികൾക്കു തീർച്ചയായും ഇത് എടുത്തിരിക്കണം.

അതുപോലെ വാക്സിനിലൂടെ തടയാവുന്ന രോഗമാണു ചിക്കൻ പോക്സ്. ഗർഭകാലത്തു ചിക്കൻ പോക്സിനൊപ്പം ന്യൂമോണിയ കൂടി വരാറുണ്ട്. ഈ ഘട്ടത്തിൽ കൂടുതൽ ശ്രദ്ധയോടെയുള്ള ചികിത്സ വേണ്ടിവരും. ഗർഭകാലത്തു മലേറിയ, ടൈഫോയിഡ് എന്നിവ വരാതെ സൂക്ഷിക്കണം. ഇതു പലപ്പോഴും ഗർഭഛിദ്രത്തിനു കാരണമാകാറുണ്ട്.

ബി പിയും എക്ലാംസിയയും

ഗർഭകാലത്തെ മറ്റൊരു വില്ലനാണു ബ്ലഡ് പ്രഷർ. ബി പി കൂടി, കാലിലും സന്ധികളിലും നീരും മൂത്രത്തിന്റെ അളവു കുറയുന്നതും ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. മൂത്രത്തിൽ പ്രോട്ടീൻ വർദ്ധിക്കുക, തലവേദന മുതലായ പ്രശ്നങ്ങളും ഒരുമിച്ചു വരാം. ഗർഭകാലത്തു മാത്രം കാണുന്ന പ്രശ്നങ്ങളെ പ്രീ എക്ലാംസിയ എന്നാണ് പറയുന്നത്. ഇതു ഗർഭസ്ഥശിശുവിന്റെ വളർച്ചയെ ബാധിക്കും. ഗർഭപാത്രത്തിൽ വച്ചു കുഞ്ഞു മരിക്കാനോ, സമയത്തിനു മുമ്പു പ്രസവിക്കാനോ ഇതു കാരണമാവാം. അതിനാൽ ബി പി യോ പ്രീ എക്ലാംസിയയുടെ ലക്ഷണങ്ങളോ കണ്ടാൽ ചികിത്സിക്കാൻ മടിക്കേണ്ട. ബി പി ഉള്ള പക്ഷം 15 ദിവസത്തിലൊരിക്കൽ ടെസ്റ്റു ചെയ്യുകയും ഉപ്പിന്റെ ആധിക്യമുള്ള ഭക്ഷണങ്ങൾ (അച്ചാർ, പപ്പടം തുടങ്ങിയവ) ഒഴിവാക്കുകയും ആവശ്യമെങ്കിൽ മരുന്നു കഴിക്കുകയും വേണം.

ഉയർന്ന ബിപി പരിധി കവിഞ്ഞാൽ അമ്മയുടെ തലയിലുള്ള ചെറിയ രക്തക്കുഴലുകൾ പൊട്ടുന്നതിനും തൻമൂലം രക്തസ്രാവം മൂലം ഫിറ്റ്നസ് വന്നു കുഞ്ഞു വയറ്റിൽവച്ചു മരിക്കുന്നതിനും കാരണമാകും. ഈ അവസ്ഥയ്ക്ക് എക്ലാംസിയ എന്നു പറയുന്നു. അതിനാൽ ഇത്തരമൊരു അപകടാവസ്ഥ ഉണ്ടായാൽ ഉടൻ മരുന്നിലൂടെ പ്രസവിപ്പിച്ചു കുട്ടിയെ പുറത്തെടുത്ത് അമ്മയെ രക്ഷപ്പെടുത്താൻ ശ്രമിക്കും.

പ്രമേഹം വന്നാൽ

13 ശതമാനത്തോളം ഗർഭിണികളും പ്രമേഹ രോഗികളാണത്രേ. പ്രമേഹം മൂലം ഒന്നാം ഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ ഗർഭഛിദ്രമുണ്ടാകാൻ സാധ്യതയുണ്ട്. പ്രമേഹമില്ലെങ്കിലും 28—ാം ആഴ്ചയിൽ ഗ്ലൂക്കോസ് ചലഞ്ച് ടെസ്റ്റ് നടത്തി പ്രമേഹത്തിന്റെ സാധ്യത അറിയാൻ കഴിയും. അച്ഛനും അമ്മയ്ക്കും പ്രമേഹമുള്ളവരാണെങ്കിൽ ഈ ടെസ്റ്റ് നേരത്തെ തന്നെ നടത്തണം. 28 ആഴ്ചയ്ക്കുശേഷം പ്രമേഹമുണ്ടായാൽ ഗർഭസ്ഥശിശു വേഗത്തിൽ വളർന്നു വലുതായി സമയത്തിനു മുമ്പു പ്രസവിക്കാനും പ്രസവത്തിൽ പ്രശ്നങ്ങളുണ്ടാകാനും ചിലപ്പോൾ കുഞ്ഞിന്റെ ജീവഹാനിക്കു തന്നെ കാരണമായേക്കാം.

വേരിക്കോസും പൈൽസും

ഗർഭസ്ഥശിശു വളരും തോറും ഇടുപ്പിലെ രക്തക്കുഴലുകളിൽ സമ്മർദ്ദവും കൂടും. ഇതുമൂലം കാലുകളിൽ നിന്നുള്ള അശുദ്ധരക്തം അവിടെ തങ്ങിനിൽക്കുന്നതാണു വെരിക്കോസ് വെയിന് കാരണമാകുന്നത്. പൈൽസിന്റെ അസുഖമുള്ള സ്ത്രീകൾ ഗർഭിണിയാകുന്നതോടെ ആ രോഗത്തിന്റെ തീവ്രത വർധിക്കുന്നതായി കാണാറുണ്ട്.

ബെഡ് റെസ്റ്റ് എപ്പോൾ?

ചിലരിൽ കണ്ടുവരുന്ന ഒരവസ്ഥയാണു ഗർഭപാത്രം താഴേക്കു തള്ളിവരൽ. ആദ്യ മൂന്നുമാസം കാലുകൾ ഉയർത്തിവച്ചു ബഡ്റെസ്റ്റ് എടുക്കുന്നതു നല്ലതാണ്. ഗർഭപാത്രം പിന്നീടു വലുതാകുമ്പോൾ ഇതു താനെ മാറിക്കോളും. അതുപോലെ 2—3 പ്രാവശ്യം അബോർഷനായിപ്പോയ ശേഷം വീണ്ടും ഗർഭിണിയായവർ കൂടുതൽ ശ്രദ്ധിക്കണം. പൂർണ വിശ്രമം നൽകുന്നതായിരിക്കും ഉത്തമം. ഗർഭിണിയായിരിക്കുമ്പോൾ രക്തത്തുള്ളികൾ പോകുന്നതു കണ്ടാൽ വിശ്രമിക്കാൻ മടിക്കരുത്. ബെഡ്റെസ്റ്റ് തന്നെയാണ് ഇവിടെയും അഭികാമ്യം. കുഞ്ഞിനു വളർച്ച കുറവാണെങ്കിലും വിശ്രമത്തിലൂടെ അതു നികത്താൻ കഴിയും.