Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടപ്പറയിൽ വില്ലനായത് കയ്‌പേറിയ ഓർമകൾ

sexual-problem

മിതഭാഷിയും അന്തർമുഖനുമാണ് സജാദ്. മുപ്പത്തി രണ്ടു വയസ്സ്. തമിഴ്‌നാട്ടിൽ  സ്വന്തമായി ചെറിയൊരു ബിസിനസ്സ് നടത്തുന്നു. കല്യാണം കഴിക്കാൻ താൽപര്യം കാണിക്കാതെ ഒഴിഞ്ഞു നടക്കുകയായിരുന്നു സജാദ്. മുപ്പതു വയസ്സു കഴിഞ്ഞിട്ടും അതേ നിലപാട് തുടർന്നപ്പോൾ, വീട്ടുകാർ അകന്ന ബന്ധത്തിലുള്ള ഒരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചു. ഒഴിഞ്ഞു മാറാൻ വേറെ വഴിയൊന്നും സജാദിന് കിട്ടിയില്ല. ഉമ്മയുടെ കണ്ണീരിനു മുന്നിൽ അയാൾ കീഴടങ്ങി. 

പക്ഷേ വിവാഹം കഴിഞ്ഞ് ഒന്നര വർഷമായിട്ടും ഭാര്യ ആയിഷ ഗർഭിണിയായില്ല. അവർ തമ്മിൽ ലൈംഗിക ബന്ധം പോലും നടന്നില്ല. ഒരു കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹം കൂടി ക്കൂടി വന്നപ്പോൾ ശാരീരിക ബന്ധത്തിന് ആയിഷ മുൻകൈ എടുക്കാൻ തുടങ്ങി. പല തവണ ശ്രമിച്ചെങ്കിലും തുടക്കത്തിലുള്ള ഉൽസാഹത്തിനു ശേഷം സജാദ് പിൻമാറിക്കൊണ്ടിരുന്നു. 

ഒടുവിൽ വൈദ്യസഹായം തേടാൻ തീരുമാനിക്കുകയായിരുന്നു ഇരുവരും. പരിശോധനയിൽ ആയിഷയ്ക്ക് കുഴപ്പമൊന്നും കണ്ടില്ല. സജാദിനെ വിശദമായ പരിശോധനയ്്ക്കു വിധേയനാക്കി. ഉദ്ധാരണപ്രശ്‌നങ്ങൾ ഉണ്ടോ എന്നറിയാൻ ലിംഗത്തിൽ മരുന്നു കുത്തുവച്ച് നടത്തുന്ന കളർ ഡ്യുപ്ലക്‌സ് ഡോപ്ലർ അൾട്രാസൗണ്ട് ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളും നടത്തി. 

ഉദ്ധാരണത്തെ ബാധിക്കുന്ന യാതൊരു പ്രശ്‌നങ്ങളും സജാദിന് ഇല്ലായിരുന്നു. ലിംഗത്തിന്റെ ആന്തരിക ഘടനയും രക്തപ്രവാഹത്തിന്റെ തോതുമെല്ലാം സാധാരണ നിലയിലായിരുന്നു. പിന്നെ എന്തു കൊണ്ടാണ് അയാൾ എല്ലായ്‌പ്പോഴും ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് മനഃശാസ്ത്രപരമായ സമീപനത്തിലൂടെയായിരുന്നു. 

പ്രശ്‌നം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ രണ്ടുപേരെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഒരാഴ്ച താമസിച്ചു ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർദേശങ്ങൾ നൽകി. രണ്ടു പേരും ചേർന്നു ചെയ്യേണ്ട പ്രവൃത്തികളും ഘട്ടം ഘട്ടമായി പറഞ്ഞു കൊടുത്തിരുന്നു. ഏതു ഘട്ടമെത്തുമ്പോഴാണ് പ്രശ്‌നം തുടങ്ങുന്നത് എന്ന് നിരീക്ഷിക്കാനും നിർദ്ദേശിച്ചിരുന്നു. ഒരു പ്രത്യേകഘട്ടമെത്തിയപ്പോൾ സജാദിന് കടുത്ത മാനസിക സംഘർഷം ഉണ്ടാവുകയും മുന്നോട്ടു പോകാൻപറ്റാതെ വരികയും ചെയ്തു. 

പ്രശ്‌നം മാനസികമാണെന്ന് മനസ്സിലായതോടെ, മനസ്സു തുറക്കാൻ  അയാൾക്കു കൗൺസലങ്ങിലൂടെ ധൈര്യം നൽകി. അയാൾക്കു പറയാൻ മറക്കാനാവാത്ത ഒരു ഭൂതകാലമുണ്ടായിരുന്നു. സജാദിന്റെ വീടിന്റെ അടുത്തു തന്നെയാണ് അമ്മാവന്റെ കുടുംബവും താമസിക്കുന്നത്. അമ്മാവൻ ഗൾഫിലാണ്. അമ്മായിയും രണ്ടു കൊച്ചുകുട്ടികളും ഉമ്മയുമായിരുന്നു ആ വീട്ടീൽ. അവിടെ എന്ത് ആവശ്യമുണ്ടായാലും സഹായത്തിനു വിളിച്ചിരുന്നത് സജാദിനെയായിരുന്നു. 

സജാദ് പ്രീഡിഗ്രി കഴിഞ്ഞു നിൽക്കുന്ന സമയം. കുറച്ചു നാൾ അമ്മായിയുടെ വീട്ടിൽ രാത്രി താമസിക്കേണ്ടി വന്നു. ഒരു ദിവസം രാത്രി വൈകും വരെ ഇരുവരും സംസാരിച്ചു.  ഒടുവിൽ അമ്മായി സജാദിനോടുള്ള താൽപര്യം പുറത്തെടുത്തു. ആലിംഗനവും ചുംബനങ്ങളും അവസാനിച്ചത് രതിയിലാണ്. എല്ലാം കഴിഞ്ഞപ്പോൾ അമ്മായിക്ക് കടുത്ത കുറ്റബോധം തോന്നി. സജാദാണ് എല്ലാ പ്രശ്‌നത്തിനും കാരണം എന്നു പറഞ്ഞ് കുറ്റപ്പെടുത്തി. അവർ തമ്മിലുള്ള  ബന്ധം വഷളായി. 

മൂന്നു മാസത്തിനു ശേഷം അമ്മാവൻ നാട്ടിലെത്തി. അമ്മായി പൊടിപ്പും തൊങ്ങലും വച്ച് ആ കഥ പറഞ്ഞു കൊടുത്തു. സജാദ് തന്നെ കടന്നു പിടിച്ചു, മോശമായി പെരുമാറി പീഡിപ്പിച്ചു എന്നൊക്കെയായി കഥ. അടുത്ത ദിവസം നേരം പുലർന്നപ്പോൾത്തന്നെ അമ്മാവൻ സജാദിന്റെ വീട്ടിലെത്തി. ഉറങ്ങിക്കിടന്ന അവനെ വിളിച്ചുണർത്തി എല്ലാവരും നോക്കി നിൽക്കെ, പൊതിരെ തല്ലി. വിവരം മാതാപിതാക്കളും അറിഞ്ഞു. പിന്നീട് ഉപ്പയുടെ വകയായി വഴക്കും അടിയും. ഉമ്മയുടെ വക ശകാരവും ശാപവാക്കുകളും.

സജാദ് വേദനയോടെ വീടു വിട്ടിറങ്ങി. രണ്ടാഴ്ചയ്ക്കു ശേഷം അയാൾ ഒരു ആത്മഹത്യാശ്രമം നടത്തി. നാട്ടുകാർ അത് വീട്ടിൽ അറിയിച്ചു. കടുത്ത മാനസികസംഘർഷത്തിന്റെ ഫലമായി സജാദിനു വിഷാദരോഗം ബാധിച്ചിരുന്നു. പിന്നെയുള്ള രണ്ടു വർഷം സൈക്യാട്രിസ്റ്റിന്റെ ചികിത്സയിലായിരുന്നു. 

ഈ സംഭവത്തിനു ശേഷം പിന്നീട് ഒരിക്കലും സജാദിന് ലൈംഗികമായ ആഗ്രഹം തോന്നിയിരുന്നില്ല. അത്തരം കാര്യങ്ങൾ കേൾക്കുന്നതു പോലും പേടിയായി. വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു മാറി നടന്നതും അതുകൊണ്ടായിരുന്നു. ദാമ്പത്യപരാജയത്തിലേക്കും അതു നയിച്ചു.  

നാല് ആഴ്ചത്തെ ചികിത്സകൊണ്ട് സജാദിന്റെ പ്രശ്‌നം പൂർണമായും പരിഹരിച്ചു. ലൈംഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് കൗമാരത്തിലുണ്ടാവുന്ന മുറിവുകളും മാനസിക ആഘാതങ്ങളും ഭാവിജീവിതത്തിൽ ഗുരുതരമായ താളപ്പിഴകൾ സൃഷ്ടിച്ചേക്കാം എന്ന പാഠമാണ് സജാദിന്റെ കഥ ഓർമിപ്പിക്കുന്നത്. 

ഇത്തരം ലൈംഗിക ആരോപണങ്ങൾ ഉണ്ടാകുമ്പോൾ കേട്ടയുടനെ കുട്ടികളെ ശിക്ഷിക്കുന്നതിനു മുൻപ് അവരെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ഭാവിയിൽ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാൻ സഹായിക്കും. കൗമാരത്തിന്റെ തുടക്കത്തിൽ തന്നെ മൂല്യാധിഷ്ഠിതവും ശാസ്ത്രീയവുമായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് ഗുണം ചെയ്യും.

(കൊച്ചിയിൽ ഡോ.പ്രമോദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ ആൻഡ് മെറിറ്റൽ ഹെൽത്ത് എന്ന സ്ഥാപനം നടത്തുകയാണ് പ്രമുഖ സെക്‌സോളജിസ്റ്റായ ഡോ. കെ. പ്രമോദ്.)