Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിഹിതബന്ധത്തിലെത്തിക്കുന്ന ലൈംഗികപ്രശ്നങ്ങൾ

sexual-problem

രാജശ്രീ കുടുംബിനിയും ഒരു കുഞ്ഞിന്റെ മാതാവുമാണ്. പ്രായം 39, വിദ്യാഭ്യാസം 10–ാം ക്ലാസ്സ് വരെ മാത്രം. ഭർത്താവ് രാജൻ കുറച്ച് അകലെ ഒരു കടയിൽ ജോലി നോക്കുന്നു. രാജശ്രീയുടെ അവിഹിതബന്ധം ഒരുദിവസം നാട്ടുകാർ കയ്യോടെ പിടികൂടി. രാജശ്രീയേയും കാമുകനേയും വീട്ടിൽ അടച്ചിട്ടശേഷം നാട്ടുകാർ രാജനെ വിവരമറിയിച്ചു. രാജനും നാട്ടുകാരും ചേർന്ന് രണ്ടുപേരെയും നന്നായി ഒന്നു പെരുമാറി. മാതാപിതാക്കളെ വിളിച്ചു വരുത്തി. രാജശ്രീയെ അവരോടൊപ്പം പറഞ്ഞുവിട്ടു.

പിന്നീട് ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കുവാനുള്ള ശ്രമമായി കാരണം ഇവർക്ക് 17 വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. അവളുടെ ഭാവിയോർത്തും മകളുടെ നിർബന്ധത്തിനു വഴങ്ങിയുമാണ് ബന്ധുക്കൾ അനുരഞ്ജനശ്രമം നടത്തിയത്. രാജശ്രീക്ക് ശക്തമായ താക്കീത് നൽകി പ്രശ്നം തീർക്കുവാൻ രാജനും സമ്മതിച്ചു. ഇങ്ങനെയൊരു അവിഹിതബന്ധത്തിൽ ചെന്നെത്താനുള്ള കാരണം ബന്ധുക്കൾ തിരക്കിയപ്പോൾ അവൾ പൊട്ടിത്തെറിച്ചു.  21–ാ0 വയസ്സിലായിരുന്നു രാജശ്രീയുടെ കല്യാണം. കഴിഞ്ഞ 18 വർഷത്തിൽ ദാമ്പത്യബന്ധം പരിശോധിച്ചാൽ അവർ തമ്മിൽ ലൈംഗികബന്ധം നടന്നത് കേവലം മൂന്നോ നാലോ തവണ മാത്രം. ആദ്യ ബന്ധത്തിൽത്തന്നെ രാജശ്രീ ഗർഭിണിയാകുകയും ചെയ്തു. പിന്നെ ഗർഭകാല പരിചരണം, പ്രസവം, കുഞ്ഞിനെ വളർത്തൽ അങ്ങനെ വർഷം 4–5 കടന്നു പോയി. ഈ കാലയളവിൽ അവർ തമ്മിൽ യാതൊരു ശാരീരിക ബന്ധങ്ങളും ഉണ്ടായിരുന്നില്ല.

രാജന്റെ മുഖ്യ പ്രശ്നം ശീഘ്രസ്ഖലനമായിരുന്നു. മിക്കപ്പോഴും ബന്ധത്തിനു ശ്രമം ആരംഭിക്കുമ്പോൾത്തന്നെ എല്ലാം അവസാനിക്കും. അനവധി തവണകൾ ശ്രമിച്ചപ്പോഴാണ് മൂന്നോ, നാലോ പ്രവശ്യമെങ്കിലും ഒന്നു നടന്നത്. അതുതന്നെ ഏതാനും സെക്കൻഡുകൾക്കുള്ളിൽ അവസാനിക്കുകയും ചെയ്തു. രാജശ്രീയെ സംബന്ധിച്ചിടത്തോളം. ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയിട്ട് അത്താഴമില്ലെന്ന് പറയുന്ന അവസ്ഥ. എപ്പോഴെങ്കിലും രാജൻ അങ്ങനെയൊരു താൽപര്യം പ്രകടിപ്പിച്ചാൽ തന്നെ അവൾ പറയും ‘‘എന്തിനാ നമ്മൾ വെറുതെ മെനക്കിടുന്നത്?’’

രാജന് മറ്റൊരു പ്രശ്നം കൂടി ഉണ്ടായിരുന്നു. അഥവാ ബന്ധപ്പെട്ടാൽത്തന്നെ പിന്നെ കുറേ നേരത്തേക്ക് ഉള്ളിൽ കഠിനമായ പുകച്ചിലും വേദനയും. കുറച്ചു സമയത്തേക്ക് മൂത്രം ഒഴിക്കാൻ പോലും നല്ല ബുദ്ധിമുട്ടായിരിക്കും. അക്കാരണങ്ങളാൽ അയാൾ സ്വയംഭോഗം ഉൾപ്പെടെ എല്ലാം നടത്തി.

ഇത്തരം ഒരു സാഹചര്യത്തിലാണ് തന്റെ വീടിനു മുകളിൽ വാടകയ്ക്ക് താമസിച്ചിരുന്ന ജോസഫുമായി രാജശ്രീയുടെ സൗഹൃദം തളിരിട്ടത്. അത് ശാരീരികബന്ധത്തിൽ എത്തിയപ്പോഴേക്കും നാട്ടുകാരുടെ കണ്ണിൽപെട്ടു.

രാജശ്രീയുടെ സഹോദരനും ഭാര്യയും ചേർന്നാണ് ഇരുവരെയും ചികിത്സയ്ക്കു കൊണ്ടുവന്നത്. രാജന് പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് നീർക്കെട്ടും അണുബാധയും ഉണ്ടായിരുന്നു. ഈ അസുഖം പഴകിയപ്പോഴാണ് പ്രശ്നങ്ങൾ കൂടുതൽ വഷളായത്.

ഏകദേശം രണ്ടുമാസത്തെ ചികിത്സ കൊണ്ട് അണുബാധയും നീർക്കെട്ടുമൊക്കെ പൂർണമായും മാറി. സ്ഖലനം നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ കുറച്ചു കാലം തുടരേണ്ടി വന്നു. ഇപ്പോൾ ഇരുവരും സന്തുഷ്ടരാണ്.

ഡോ. കെ. പ്രമോദ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് & സെക്സ് തെറാപ്പിസ്റ്റ്

 

ഡോ. പ്രമോദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്യൽ & മാരിറ്റൽ ഹെൽത്ത് കൊച്ചി.

Read More : Health and Sex