Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹപൂര്‍വം 25 സംശയങ്ങള്‍ക്കു പരിഹാരം

marriage-doubts

വിവാഹ ജീവിതത്തിലേക്കു കടക്കാനൊരുങ്ങുന്നവര്‍ക്കായി നടത്തുന്ന പ്രീമാര്യേജ് ക്ളാസുകള്‍ ഇന്നു സാധാരണമാണ്. മത -സാമുദായിക നേതൃത്വത്തിനൊപ്പം സന്നദ്ധസംഘടനകള്‍ക്കൂടി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. വിവാഹത്തെയും തുടര്‍ജീവിതത്തെയും കുറിച്ച് യുവതീയുവാക്കള്‍ക്ക് ഉണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കുകയും മികവുറ്റ കുടുംബജീവിതത്തിന് അവരെ പ്രാപ്തരാക്കുകയുമാണ് ഇത്തരം ക്യാപുകളുടെ ലക്ഷ്യം. ഇതിനൊപ്പം സംശയദുരീകരണത്തിനുള്ള അവസരവും ഉണ്ടാകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരുന്ന ഇത്തരം പ്രീമാര്യേജ് ക്യാമ്പുകളില്‍ ഏറ്റവും കൂടുതല്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ചോദ്യങ്ങളും അവയ്ക്ക് വിദഗ്ധര്‍ നല്‍കുന്ന മറുപടിയും നോക്കാം

1. വിവാഹത്തിനു മുമ്പുതന്നെ ഭാവി പങ്കാളിയുടെ സ്വഭാവം മനസ്സിലാക്കാന്‍ മാര്‍ഗമുണ്ടോ? ദുസ്സ്വഭാവങ്ങള്‍ നേരത്തെ തിരിച്ചറിയാമോ?

ജീവിതത്തിലേക്കു കടന്നു വരുന്ന പെണ്‍കുട്ടിയുടെയോ പുരുഷന്റെയോ സ്വഭാവത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ പലരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ഒപ്പം ജീവിച്ചു മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമാണിത്. പ്രേമവിവാഹങ്ങള്‍ ഒരു പരിധിവരെ ഇതിന് അപവാദമായി പറയാമെങ്കിലും അവിടെയും കുടുതല്‍ കേള്‍ക്കുന്നത് , കല്ല്യാണം കഴിഞ്ഞതോടെ കക്ഷിയുടെ സ്വഭാവം ആകെ മാറിയെന്ന പരാതി തന്നെയാണ്. എന്നിരുന്നാലും വിവാഹത്തിനു മുമ്പ് നല്ലരീതിയില്‍ ആശയവിനിമയം നടക്കുന്നത് ഒരു പരിധിവരെ സ്വഭാവം മനസ്സിലാക്കാന്‍ സഹായിക്കും.

2. പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡമെന്താണ്? യോജിച്ച പങ്കാളിയെ എങ്ങനെ കണ്ടെത്താം?

പ്രേമവിവാഹങ്ങളില്‍ പ്രണയം മാത്രമാകാം മാനദണ്ഡം. എന്നാല്‍ വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിക്കുന്ന ബന്ധങ്ങളില്‍ പരസ്പരമുള്ള ഇഷ്ടപെടലിനു പുറമേ മറ്റു പലഘടകങ്ങളും പരിഗണിക്കണം. ഇരുവരുടെയും സാമൂഹികസാഹചര്യങ്ങളാണ് ഇവയില്‍ പ്രധാനം. മതവിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍, കുടുംബം, വിദ്യാഭ്യാസം, ജോലി , ധനസ്ഥിതി, പ്രായം,താമസസ്ഥലം തുടങ്ങിയവയിലെ പൊരുത്തം കുടുംബജീവിതത്തില്‍ അസ്ഥിരത ഒഴിവാക്കും. എന്നാല്‍ ഇതിനെല്ലാം പ്രധാനം പങ്കാളികള്‍ തമ്മിലുള്ള മനഃപ്പൊരുത്തം തന്നെ.

3. വിവാഹത്തില്‍ പങ്കാളിയുടെ പ്രായവിത്യാസത്തിന് എത്രത്തോളം പ്രാധാന്യമുണ്ട്?

പ്രണയത്തിനു പ്രായമില്ലെന്നു പറയുന്നതുപോലെയാണ് വിവാഹക്കാര്യത്തിലെ പ്രായവ്യത്യാസം. പശ്ചാത്യരാജ്യങ്ങളില്‍ അമ്പതും അറുപതും വയസ്സിന്റെ വ്യത്യാസമുള്ളവര്‍വരെ വിവാഹിതരാകുമ്പോള്‍ നമ്മുടെ നാട്ടില്‍ കൂടിപ്പോയാല്‍ ഒരു 20 വയസ്സിന്റെ വരെ പ്രായവ്യത്യാസമാണ് പൊതുവേ കാണുന്നത്. ചെറുപ്രായത്തിലുള്ള ഒരു കുട്ടിയുടെ സ്വഭാവമല്ലല്ലോ അവനോ അവളോ മുതിര്‍ന്നുവരുമ്പോള്‍. മറ്റുകാര്യങ്ങളിലെല്ലാം നല്ല പൊരുത്തമുണ്ടെങ്കില്‍ പ്രായത്തിലെ വ്യത്യാസം കാര്യമാക്കാറില്ല. എന്നാല്‍ തന്നെയും ആദ്യവിവാഹിതരുടെ കാര്യത്തില്‍ ഒരുപാട് വ്യത്യാസം ഉണ്ടാകാതിരിക്കുന്നതു തന്നെ നല്ലത്.

4. ആദ്യരാത്രിയില്‍ തന്നെ എല്ലാകാര്യങ്ങളും പങ്കാളിയോടു തുറന്നു പറയാമോ? ആദ്യ രാത്രിയില്‍ പറയരുതാത്ത കാര്യങ്ങളുണ്ടോ?

പുതിയൊരു തുടക്കമാണ് വിവാഹജീവിതം. അതുവരെ പരസ്പരം അടുത്തറിയാത്ത രണ്ടു വ്യക്തിത്വങ്ങള്‍ കൂടിചേരുന്നു.അതുകൊണ്ട് തന്നെ ഇരുവരുടെയും ഭൂതകാലം അവിടെ പ്രസക്തമല്ല. ഇന്നു മുതല്‍ മുന്നോട്ട് എങ്ങനെ എന്നു മാത്രമേ നോക്കേണ്ടതുള്ളൂ. വിവാഹപൂര്‍വജീവിതത്തെപ്പറ്റിയുള്ള കുമ്പസാരം തീര്‍ച്ചയായും ഒഴിവാക്കണം. ചോദിക്കരുത്, പറയരുത്, പറഞ്ഞാല്‍ കേള്‍ക്കരുത് എന്നതാവണം ഇക്കാര്യത്തിലെ പ്രമാണം. ആവേശത്തിനു ആദ്യരാത്രി പറയുന്ന പല കാര്യങ്ങളും കുഴിമാടം വരെ കൂട്ടുവരാം. അതുപോലെ സ്വന്തം മാതാപിതാക്കളെയും ബന്ധുജനങ്ങളെയും ഒരുപാട് പുകഴ്ത്തിയോ ഇകഴ്ത്തിയോ സംസാരിക്കരുത്. വരുംനാളുകള്‍ അനുഭവത്തിലൂടെ പങ്കാളി കാര്യങ്ങള്‍ സ്വയം മനസ്സിലാക്കിയെടുത്തോളും.

5. ആദ്യരാത്രിയില്‍ എങ്ങനെ പെരുമാറണം? ആദ്യരാത്രിക്കുവേണ്ടി എന്തെങ്കിലും മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ടോ?

ആദ്യരാത്രിയെക്കുറിച്ച് പറഞ്ഞും കേട്ടും ഉള്ള അറിവ് സൃഷ്ടിക്കുന്ന ജിജ്ഞാസയാണ് ഈ ചോദ്യത്തിന് അടിസ്ഥാനം. സാധാരണ രാത്രികളില്‍ എങ്ങനെ പെരുമാറുന്നുവോ, അതുപോലെ സ്വഭാവികമായി വേണം ആദ്യരാത്രിയെയും കാണാന്‍. സിനിമയിലോ നോവലുകളിലോ കാണുന്ന അതിഭാവുകത്വം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമായേക്കാം. സാധാരണദിനങ്ങളില്‍ നിന്നും ഭിന്നമായി ഇന്ന് കൂടെയുറങ്ങാന്‍ ഒരു ഉറ്റസുഹൃത്തു കൂടിയുണ്ടെന്നു കരുതുക.

6. ആദ്യരാത്രിയില്‍ പറയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? ടെന്‍ഷന്‍ മാറാന്‍ എന്തു ചെയ്യണം?

ഫോണും ഇന്റര്‍നെറ്റുമൊക്കെയായി ആശയവിനിമയ സാധ്യതകള്‍ വര്‍ധിച്ച ഇക്കാലത്ത് വധുവരന്മാര്‍ തമ്മില്‍ അപരിചിത്വം കുറവായിരിക്കും. അതുകൊണ്ടു തന്നെ കിടപ്പറയിലും തുറന്ന പെരുമാറ്റം പ്രതീക്ഷിക്കാം. വിശ്വാസികളാണെങ്കില്‍ നല്ലൊരു കുടുംബജീവിതം ആഗ്രഹിച്ച് ഒരുമിച്ചുള്ള ചെറിയൊരു പ്രാര്‍ഥനയോടെ തന്നെ വേണം തുടങ്ങാന്‍. അതിനുശേഷം അന്നത്തെ ദിവസം അനുഭവപ്പെട്ട രസകരമായ കാര്യങ്ങള്‍ ഒാരോന്നും അങ്ങോട്ടും ഇങ്ങോട്ടും പറയുക . തമാശമൂഡീല്‍ തന്നെ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മനസ്സിനൊരു അയവ് വരും. പങ്കാളിയെ ആദ്യം കണ്ടപ്പോള്‍ തോന്നിയ ഇഷ്ടം ,കണ്ണുകളുടെ ഭംഗി, പെരുമാററത്തിലെ പക്വത തുടങ്ങി താല്‍പര്യം ഉണര്‍ത്തിയ കാര്യങ്ങളൊക്കെ പറയാം. തുടര്‍ന്ന് കുടുംബാംഗങ്ങളെയും അവരുടെ സ്വഭാവവിശേഷങ്ങളെയും കുറിച്ച് ലഘുവായി സംസാരിക്കാം. വിശേഷങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്തോറും പങ്കാളിയെ കൂടുതല്‍ അടുത്തറിയാനാകും.

7. വിവാഹശേഷം പങ്കാളിയില്‍ നിന്നും അപ്രതീക്ഷിത അനുഭവങ്ങള്‍ ഉണ്ടായാല്‍ അവ എങ്ങനെ കൈകാര്യം ചെയ്യാം?

വിവാഹശേഷം സ്വഭാവംകൊണ്ടും ശരീരംകൊണ്ടും പങ്കാളിയെ അടുത്തറിയുമ്പോള്‍ പല പൊരുത്തക്കേടുകളും ഉയര്‍ന്നുവരാം . വളരെ സ്വഭാവികമാണിത്. ഇത്തരം പ്രശ്നങ്ങള്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കുകയോ സ്വയം മനസിലാക്കി വിധേയപ്പെടുകയോ വേണം. അവിടെ തീര്‍ന്നില്ലെങ്കില്‍ മാത്രം രണ്ടുപേര്‍ക്കും സ്വീകാര്യനായ ഒരു വ്യക്തിയോടു പറഞ്ഞ് അവരുടെ നിര്‍ദേശം അനുസരിച്ച് മുന്നോട്ടു പോവുക . അതിനുള്ള സാഹചര്യം ഇല്ലെങ്കില്‍ കൌണ്‍സിലിങ് സെന്ററുകളെ ആശ്രയിക്കാം.

8. ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളെ എങ്ങനെയാണ് കരുതേണ്ടത്?

സ്വന്തം കുടുംബാംഗങ്ങള്‍ക്ക് കൊടുക്കുന്ന സ്ഥാനം തന്നെയാണ് വിവാഹജീവിതത്തില്‍ പങ്കാളിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കേണ്ടത്. ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ അച്ഛനെയും അമ്മയെയും സ്വന്തം മാതാപിതാക്കളായി കാണുകയാണു ആദ്യം വേണ്ടത്. അവരുടെ സഹോദരങ്ങള്‍ക്കും ആ സ്ഥാനം കൊടുക്കണം. ഇത്തരത്തില്‍ കെട്ടുറപ്പോടെയുള്ള ഒരു കുടുംബബന്ധം സൃഷ്ടിച്ചെടുക്കണമെങ്കില്‍ ചെറിയ ചില വിട്ടുവീഴ്ചകളും വേണ്ടിവരുമെന്നോര്‍ക്കുക.

9. വിവാഹശേഷം സ്വന്തം അമ്മയ്ക്കാണോ ഭാര്യയ്ക്കാണോ പ്രധാന്യം? ഇരുവരേയും ഒരുപോലെ സന്തോഷിപ്പിക്കാന്‍ കഴിയുമോ?

രണ്ടുപേര്‍ക്കും അവരര്‍ഹിക്കുന്ന പ്രാധാന്യം തന്നെ നല്‍കണം. വിവാഹം കഴിയുന്നതോടെ ഇനിയെല്ലാം ഭാര്യയെന്ന മട്ടില്‍ സ്വന്തം അമ്മയെ അകറ്റി നിര്‍ത്തരുത്. അതുപോലെ കല്ല്യാണം കഴിഞ്ഞാലും ഒാരോ കാര്യത്തിനും അമ്മ തന്നെ വേണമെന്ന നിര്‍ബന്ധവും വേണ്ട. ജീവിതത്തിലേക്ക് ഭാര്യ കൂടി എത്തുന്നതോടെ അതുവരെ അമ്മയ്ക്കു നല്‍കിയിരുന്ന ഉത്തരവാദിത്വങ്ങള്‍ ഇരുവര്‍ക്കുമായി പങ്കിട്ടു നല്‍കുക. എന്റെ ജീവിതത്തില്‍ അമ്മ കഴിഞ്ഞിട്ടേ നിനക്കു സ്ഥാനമുള്ളുവെന്ന് വിവാഹത്തിന്റെ ആദ്യനാളുകളില്‍ തന്നെ ഭാര്യയോട് പറയുന്നവരുണ്ട്. ഇതു ഗുണത്തേക്കാളേറെ ദോഷം ചെയ്യും നിങ്ങളുടെ വീട്ടിലെ രീതികളും കുടുംബബന്ധങ്ങളിലെ ദൃഢതയും ഭാര്യ സ്വയം മനസ്സിലാക്കിയെടുക്കട്ടെ.

10. പ്രേമവിവാഹമോ വീട്ടുകാര്‍ കണ്ടെത്തി ആലോചിച്ച് ഉറപ്പിച്ച് നടത്തുന്ന വിവാഹമോ നല്ലത്?

ഏതുരീതിയില്‍ വിവാഹം കഴിച്ചാലും പങ്കാളികള്‍ക്കു തമ്മിലുള്ള മനപ്പൊരുത്തമാണ് പ്രധാനം. പ്രേമവിവാഹത്തില്‍ പലപ്പോഴും പങ്കാളിയുടെ നല്ലവശങ്ങള്‍ മാത്രമേ ആദ്യം കാണു. ജീവിതത്തെ അഭിമുഖീകരിച്ചു വരുമ്പോഴാവും പ്രശ്നങ്ങള്‍ ഒാരോന്നായി തലപൊക്കുക. സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹമായതിനാല്‍ ഇത്തരം അവസരങ്ങളില്‍ വീട്ടുകാരുടെ സഹായം തേടുക ബുദ്ധിമുട്ടാകും. എന്നാല്‍ വീട്ടുകാര്‍ കണ്ടെത്തിയ ബന്ധമായാല്‍ അതില്‍ വീട്ടുകാര്‍ക്ക് ഒരു ഉത്തരവാദിത്വവും പിന്തുണയും കാണും. പ്രശ്നപരിഹാരത്തിനു ഇതു വലിയൊരളവുവരെ സഹായകരമാണ്. പ്രണയവിവാഹമായാലും വീട്ടുകാരുടെ സഹായത്തോടെ നടത്തുന്നതാണ് ഉത്തമം.

11. മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ സ്വകാര്യതവേണോ? വിവാഹശേഷം ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്?

വളരെയധികം ഉപകാരിയാണെങ്കിലും കുടുംബബന്ധങ്ങള്‍ ശിഥിലമാക്കാന്‍ പോന്ന ഉഗ്രനൊരു ആയുധമാണ് മൊബൈല്‍ഫോണ്‍. ഒന്നിലധികം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ഏറെയുണ്ട്. അതുപോലെ ഭാര്യയ്ക്കും ഭര്‍ത്താവിനും കൂടി ഒരു മൊബൈല്‍ ഫോണ്‍ മാത്രമുള്ള കുടുംബങ്ങളെയും കാണാം. വിവാഹജീവിതത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം സുതാര്യതയോടെ വേണം. ഭര്‍ത്താവിന്റെ ഫോണ്‍ ഭാര്യയ്ക്കും തിരിച്ചും ഉപയോഗിക്കാന്‍ കഴിയണം. രണ്ടുപേരും ഒരുമിച്ചിരിക്കുമ്പോള്‍ മൊബൈലില്‍ വരുന്ന കോളുകള്‍ സ്വകാര്യമായി അറ്റന്‍ഡ് ചെയ്യാന്‍ ശ്രമിക്കരുത്. ഭര്‍ത്താവിനു വരുന്ന കോളുകള്‍ ഭാര്യയ്ക്കും തിരിച്ചും അറ്റന്‍ഡ് ചെയ്യാന്‍ കഴിയണം. പങ്കാളിയെ ഒളിച്ച് രഹസ്യാത്മകസ്വഭാവത്തോടെ ഫോണ്‍ ഉപയോഗിക്കുന്നതു സംശയങ്ങളിലേക്കു നയിക്കാം.

12. കന്യാചര്‍മ്മം ഉള്ള പെണ്‍കുട്ടി മാത്രമേ കന്യകയായിരിക്കുകയുള്ളോ?

വളരെയധികം ഉന്നയിക്കപ്പെടുന്ന ഒരു സംശയമാണിത്. കന്യാചര്‍മം ഇല്ലാത്ത പെണ്‍കുട്ടി കന്യകയല്ലെന്ന് പറയാനാവില്ല. കാരണം വളരെ നേര്‍ത്ത കന്യാചര്‍മം വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും നഷ്ടപ്പെടാം. അല്‍പം ആയാസത്തോടെ ഏര്‍പ്പെടുന്ന ഒരു വ്യായാമമുറയോ സ്പോര്‍ട്സ് ഐറ്റമോ ജോലിയോ മൂലം കന്യാചര്‍മത്തിനു കേടുവരാം. അതുകൊണ്ട് കന്യാചര്‍മത്തില്‍ നിര്‍ബന്ധം പിടിക്കാതെ പരസ്പരവിശ്വാസത്തില്‍ അധിഷ്ഠിതമായി മുന്നോട്ടു പോകുകയാണു വേണ്ടത്.

13. വിവാഹത്തിനു ശേഷമായിരിക്കും പങ്കാളിക്ക് ചില ദുശ്ശീലങ്ങള്‍ ഉണ്ടെന്നു മനസ്സിലാവുക അപ്പോള്‍ എന്തു ചെയ്യണം?

മദ്യപാനം, പുകവലി, മയക്കുമരുന്നുകളുടെയും പാന്‍മസാലകളുടെയും ഉപയോഗം എന്നിവയാണ് സാധാരണയായി ദുശ്ശീലങ്ങളില്‍പ്പെടുത്തി പറയാറ്. വഴക്കു പിടിച്ചോ ദേഷ്യപ്പെട്ടോ അത്തരം ശീലങ്ങളില്‍ നിന്നും ഒരാളെ പുറത്തുകൊണ്ടുവരിക ബുദ്ധിമുട്ടാണ്. പകരം സ്നേഹപൂര്‍വമുള്ള ഇടപെടലുകളിലൂടെ ആളെ മാറ്റിയെടുക്കാം. അതുപോലെ ദുശ്ശീലങ്ങളില്‍ ഏര്‍പ്പെടുവാനുള്ള സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുകയും വേണം.

14. വിവാഹശേഷം ശമ്പളം എന്തുചെയ്യണം? കിട്ടുന്ന പണം മുഴുവന്‍ ഭാര്യയ്ക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന് കൈമാറണമോ?

വിവാഹശേഷം ബാങ്കില്‍ ഒരു ജോയിന്റ് അക്കൌണ്ട് തുടങ്ങി രണ്ടുപേരുടെയും ശബളം അതില്‍ നിക്ഷേപിക്കുന്നതായിരിക്കും നല്ലത്. പങ്കാളിക്ക് ആവശ്യത്തിനു സാമ്പത്തിക സ്വാതന്ത്യ്രം അനുവദിച്ചു കൊണ്ടുവേണം ഇങ്ങനെ ചെയ്യാന്‍. സാമ്പത്തികആസൂത്രണത്തിലും ചെലവു നിയന്ത്രണത്തിലും ഭാര്യയ്ക്കാണ് മിടുക്കെങ്കില്‍ സാമ്പത്തിക കാര്യങ്ങള്‍ ഭാര്യയെ ഏല്‍പ്പിക്കുകയും ചെയ്യാം.

15. മരുമകളും അമ്മായിഅമ്മയും തമ്മില്‍ പോരുണ്ടാകാതിരിക്കാന്‍ വഴിയുണ്ടോ? നല്ല ഒരു മകളാകാന്‍ എന്താണു മാര്‍ഗം?

മുമ്പ് അമ്മായിഅമ്മയും മരുമകളും തമ്മില്‍ വഴക്ക് സാധാരണമായിരുന്നെങ്കിലും ഇന്ന് സ്ഥിതി മാറി. വിവാഹം കഴിച്ചുകൊണ്ടുവരുന്ന ജോലിക്കാരായ പെണ്‍കുട്ടികള്‍ കൂടിവന്നാല്‍ ഒരു മാസമാകും. അമ്മായിഅമ്മയ്ക്കൊപ്പം ചെലവഴിക്കുക. അതുകൊണ്ടു തന്നെ പരിഭവത്തേക്കാള്‍ കൂടുതല്‍ സ്നേഹമാണ് അവിടെ കാണാന്‍ കഴിയുക. പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയായി കരുതുക. ആ സ്നേഹം അവരെ ബോധ്യപ്പെടുത്തി കൊടുക്കുക. സ്വന്തം മകനേക്കാള്‍ വിശ്വസ്തയാണ് മരുമകള്‍ എന്നു തെളിയിക്കുന്ന വിധം പെരുമാറുക.

marriage

16. ലൈംഗിക ബന്ധത്തിനു പ്രത്യേകിച്ചു സമയമുണ്ടോ? പകല്‍ ബന്ധപ്പെടുന്നതില്‍ കുഴപ്പമുണ്ടോ?

ഭാര്യയും ഭര്‍ത്താവും തമ്മില്‍ ശാരീരികമായി ബന്ധപ്പെടുന്നതിനു പകലെന്നോ രാത്രിയെന്നോ ഭേദമില്ല. ഇരുവര്‍ക്കും പൂര്‍ണമായി സെക്സ് ആസ്വദിക്കാനുതകുന്ന സാഹചര്യമാണെങ്കില്‍ ഏതു സമയത്തു വേണമെങ്കിലും സെക്സിലേര്‍പ്പെടാം.

17. സ്ത്രീകളില്‍ സ്തനങ്ങളുടെ വലുപ്പക്കുറവ് ലൈംഗിക ജീവിതത്തിന്റെ ആസ്വാദ്യതയ്ക്ക് കുറവുവരുത്തുമോ?

ഒരിക്കലുമില്ല. സ്ത്രീകളില്‍ ശരീരപ്രകൃതിക്കനുസരിച്ച് സ്തനവലുപ്പം വിത്യാസപ്പെട്ടിരിക്കും. ഇത് സെക്സ് ആസ്വദിക്കുന്നതിന് ഒരു തരത്തിലും തടസ്സമാകുന്നില്ല. ചുണ്ട്, ചെവി, മൂക്ക് തുടങ്ങി ശരീരത്തിലെ മറ്റ് ഉത്തേജിതകേന്ദ്രങ്ങളെപ്പോലെ മാത്രമേ സെക്സില്‍ സ്തനങ്ങളെ കാണേണ്ടതുള്ളു. സ്തനവലുപ്പത്തെക്കുറിച്ച് ആകുലപ്പെടാതെ സെക്സില്‍ ഏര്‍പ്പെടുകയും ആസ്വദിക്കുകയുമാണു വേണ്ടത്.

18. സംതൃപ്തമായ ലൈംഗികജീവിതത്തിന് ലിംഗത്തിന്റെ വലുപ്പം എത്ര വേണം? വലിയ ലിംഗമാണെങ്കില്‍ സുഖം കൂടുമോ?

സെക്സില്‍ സംതൃപ്തി ലിംഗവലുപ്പത്തെ ആശ്രയിച്ചല്ല. ഉദ്ധരിച്ച അവസ്ഥയില്‍ രണ്ടിഞ്ചെങ്കിലുമുണ്ടെങ്കില്‍ വിജയകരമായി തന്നെ സെക്സില്‍ ഏര്‍പ്പെടാം. അതുപോലെ സെക്സിലെ സംതൃപ്തി ലിംഗവലുപ്പത്തെ ആശ്രയിച്ചല്ല അതു തികച്ചും വെകാരികമാണ് . ശരീരം മാത്രമല്ല മനസ്സു കൂടി വിജയം ആഗ്രഹിക്കണം എന്നാലേ പൂര്‍ണതോതില്‍ സെക്സ് ആസ്വദിക്കാനാകൂ.

19. ശാരീരിക ന്യൂനതകള്‍ മറച്ചുവച്ചു കൊണ്ടു വിവാഹം കഴിക്കാമോ? അങ്ങനെ ചെയ്താല്‍ അത് ദാമ്പത്യത്തെ ബാധിക്കുമോ?

ഒരിക്കലും പാടില്ല. മാനസികമായോ ശാരീരികമായോ ഏതെങ്കിലും വിധത്തിലുള്ള തകരാര്‍ ഉണ്ടെങ്കില്‍ അതു തുറന്നു പറഞ്ഞുകൊണ്ട് വേണം പങ്കാളിയെ തേടാന്‍. അല്ലാത്തപക്ഷം പിന്നീട് സത്യം തിരിച്ചറിയുമ്പോള്‍ വഞ്ചിക്കപ്പെട്ടു എന്ന തോന്നലില്‍ വിവാഹബന്ധം തന്നെ വേര്‍പെടുകയോ കുടുംബബന്ധം തകരുകയോ ചെയ്യാം. കുറഞ്ഞ പക്ഷം വിവാഹം കഴിക്കുന്ന ആളെങ്കിലും നിങ്ങളുടെ പ്രശ്നങ്ങള്‍ വിവാഹത്തിനു മുമ്പേ അറിഞ്ഞിരിക്കണം.

20. പുരുഷന്റെ സ്വയംഭോഗം വന്ധ്യതയ്ക്കു കാരണമാകുമോ? അത് ദാമ്പത്യജീവിതത്തെ സ്വാധീനിക്കുമോ?

ശരീരശാസ്ത്രപരമായി സ്വയംഭോഗത്തിനും സംഭോഗത്തിനും തമ്മില്‍ വ്യത്യാസമൊന്നുമില്ല. സംഭോഗത്തില്‍ പുരുഷലിംഗം സ്ത്രീയുടെ യോനിക്കുള്ളിലേക്കു പ്രവേശിച്ചു ശുക്ലം അവിടെ നിക്ഷേപിക്കുന്നു. സ്വയംഭോഗത്തില്‍ ഇതെല്ലാം കൈക്കുള്ളില്‍ നടക്കുന്നു. വസ്തുത ഇതായിരിക്കെ സ്വയംഭോഗം വന്ധ്യതയ്ക്ക് കാണമാകില്ല. പക്ഷേ നിയന്ത്രിക്കാനാകാത്ത, അമിതമായ സ്വയംഭോഗാസ്ക്തി ദാമ്പത്യത്തെ ബാധിക്കാം.

21. ജി. സ്പോട്ട് എന്നാല്‍ എന്താണ്? രതിമൂര്‍ച്ഛയും ജി സ്പോട്ടും തമ്മില്‍ എന്താണു ബന്ധം?

യോനിക്കുള്ളില്‍ ഒന്നു രണ്ട് ഇഞ്ച് ഉള്ളില്‍ മുകള്‍വശത്തു നൂറുകണക്കിന് നാഡീയഗ്രങ്ങള്‍ കൂടിചേരുന്നസംവേദന സ്ഥാനമാണ് ജി. സ്പോട്ട്. സംയോഗവേളയില്‍ ലിംഗാഗ്രം ഇതില്‍ സ്പര്‍ശിച്ചുണ്ടാകുന്ന ഉത്തേജനം രതിമൂര്‍ച്ഛയിലേക്കു നയിക്കും.

22. സ്ത്രീകള്‍ സ്വയംഭോഗം ചെയ്യാറുണ്ടോ? ഇത് എത്രമാത്രം സാധാരണമാണ്? ഇതു തെറ്റായ കാര്യമാണോ?

വളരെ സാധാരണമാണ്. അതൊരു മോശം കാര്യവുമല്ല. കണക്കുകള്‍ പ്രകാരം 50 ശതമാനത്തിലധികം സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നവരാണ്.

23. ഗുഹ്യഭാഗത്തെ ദുര്‍ഗന്ധം ലൈംഗികജീവിതത്തെ ബാധിക്കുമോ? ഗന്ധം മാറ്റാന്‍ എന്താണു ചെയ്യേണ്ടത്?

എല്ലാ വ്യക്തികള്‍ക്കും ശരീരഭാഗങ്ങളില്‍ അവരുടേതായ പ്രത്യേക ഗന്ധം ഉണ്ടാകും. ഈ ഗന്ധം വായുപ്രവാഹം കുറഞ്ഞ ലൈംഗികഭാഗങ്ങളില്‍ കൂടിയിരിക്കും. ശുചിയായി സൂക്ഷിക്കുകയാണ് ഗന്ധം മാറാനുള്ള വഴി. ശുചിത്വം പാലിച്ചിട്ടും ദുര്‍ഗന്ധമുണ്ടെങ്കില്‍ ഡോക്ടറെ കാണണം.

24. സ്വയംഭോഗം ചെയ്യുന്നവരുടെ ലിംഗം വളയുമെന്നു പറയുന്നതില്‍ വാസ്തവമുണ്ടോ?

സ്വയംഭോഗം ചെയ്യുന്നതുകൊണ്ട് ലിംഗം വളയില്ല. മിക്കവാറും എല്ലാ പുരുഷന്മാരിലും സ്വാഭാവികമായ വളവോ ചരിവോ ഉണ്ടാകും.

25. വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകളില്‍ ലൈംഗികമായ താല്‍പര്യങ്ങള്‍ തുറന്നു പറയാമോ?

ആദ്യ നാളുകളില്‍ പറയാതിരിക്കുന്നതാണു നല്ലത്. ഭാര്യഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ളബന്ധം കൂടുതല്‍ ദൃഢമായ ശേഷം അക്കാര്യങ്ങള്‍ പങ്കുവയ്ക്കാം.

ഗ്രേയ്സ് ലാല്‍ ഗ്രേയ്സ് കൌണ്‍സിലിങ് ക്ളിനിക്ക്, കോട്ടയം

മേരിക്കുട്ടി ടോം അനുഗ്രഹ ഫാമിലി കൌണ്‍സിലിങ് സെന്റര്‍ പാലാ

ഡോ. നാരയണ റെഡ്ഡി, ചെന്നൈ