പ്രണയ ഭക്ഷണങ്ങൾ ഏതൊക്കെ?

നമ്മുടെ നാട്ടില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മരുന്നുകളില്‍ ചിലതു ലൈംഗികശേഷി കൂട്ടാനും വന്ധ്യത പരിഹരിക്കാനുമുള്ളവയാണ്. ലൈംഗിക താല്‍പര്യക്കുറവിനു പിന്നിലുള്ള കാരണങ്ങള്‍ പലതാണ്. ചില മരുന്നുകള്‍, രോഗാവസ്ഥകള്‍ തുടങ്ങി ലൈംഗിക ഹോര്‍മോണുകളുടെ തുലനാവസ്ഥയില്‍ വരുന്ന മാറ്റം വരെ ലൈംഗികതാല്‍പര്യക്കുറവുണ്ടാക്കാം. ശരീരത്തിന്റെ ആരോഗ്യനിലയും ലൈംഗിക ഹോര്‍മോണുകളുടെ ഉല്‍പാദനത്തെയും ലൈംഗികതയെയും നിര്‍ണയിക്കുന്നു. അമിതവണ്ണവും വണ്ണക്കുറവും ഒരുപോലെ ഹാനികരമാണ്.

ലൈംഗികതയും ഭക്ഷണവും

നഷ്ടപ്പെട്ടു പോകുന്ന രതി താല്‍പര്യം ഉണര്‍ത്താനായുള്ള പ്രണയ ഭക്ഷണം തേടിയുള്ള മനുഷ്യന്റെ അലച്ചിലിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രാചീന റോമുകാര്‍ ആപ്പിളിനെയായിരുന്നു ലൈംഗിക പ്രശ്നങ്ങള്‍ക്കു പരിഹാരമായി കണ്ടിരുന്നത്. ഇംഗീഷുകാര്‍ ഉരുളക്കിഴങ്ങിനാണ് ആ സ്ഥാനം നല്‍കിയത്. മികച്ച ലൈംഗിക ഭക്ഷണത്തെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ ഇന്നും നിലച്ചിട്ടില്ല. ശാസ്ത്രവും ഈ വിഷയത്തില്‍ ബഹുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞു. സ്ത്രീകളിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഏതാണ്ട് 300-ഓളം സസ്യങ്ങളെയാണു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ശരിയായ ഭക്ഷണം കഴിക്കുകയും ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ നിങ്ങളുടെ ലൈംഗികോര്‍ജം കൂട്ടാമെന്നതില്‍ സംശയമേ വേണ്ട.

തണ്ണിമത്തന്‍ കഴിക്കാം

ഒരു നാടന്‍ വയാഗ്ര തന്നെയാണു തണ്ണിമത്തന്‍ എന്നാണു ഗവേഷണങ്ങള്‍ പറയുന്നത്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രൂലിന്‍ എന്ന രാസഘടകത്തിനു രക്തക്കുഴലുകളെ വികസിപ്പിച്ച് അവയിലൂടെയുള്ള രക്തയോട്ടം കൂട്ടാനാവുമത്രെ. വയാഗ്രയിലെ ഘടകങ്ങളുടെ പ്രവര്‍ത്തനവും ഏതാണ്ടിങ്ങനെ തന്നെയാണ്.

കക്കയിറച്ചിയും നന്ന്

ആഹാരത്തില്‍ സിങ്കിന്റെ അളവു കുറയുന്നതു ലൈംഗികശേഷിക്കുറവിനു വഴി തെളിക്കാം. പുരുഷലൈംഗികഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിനും ആരോഗ്യമുള്ള ബീജങ്ങള്‍ക്കും സിങ്ക് ആവശ്യമാണ്. കക്കയിറച്ചി, കല്ലുമ്മേക്കായ എന്നിവ സിങ്കിന്റെ കലവറയാണ്. മത്തി, അയല പോലുള്ള മീനുകളിലെ ഫാറ്റി ആസിഡുകള്‍ ലൈംഗികാവയവങ്ങളുള്‍പ്പെടെയുള്ള ശരീരഭാഗങ്ങളിലെ രക്തയോട്ടം കൂട്ടും.

രതിയും ചോക്ളേറ്റും

ബ്രൗണ്‍ ചോക്ളേറ്റ് ഹോര്‍മോണ്‍ ഉല്‍പാദനവും ലൈംഗിക ആസ്വാദ്യതയും കൂട്ടുമെന്നാണു ഗവേഷകര്‍ പറയുന്നത്. 2006-ല്‍ നടത്തിയ ഒരു പഠനത്തില്‍ ദിവസവും ചോക്ളേറ്റ് കഴിക്കുന്ന സ്ത്രീകള്‍ അല്ലാത്തവരെ അപേക്ഷിച്ചു ലൈംഗികതയില്‍ മികവു പുലര്‍ത്തി കണ്ടു. ചോക്ളേറ്റിലെ ഫിനൈല്‍ തൈലാമിന്‍, സെറോടോണിന്‍ എന്നീ ഘടകങ്ങള്‍ തലച്ചോറിലെ സന്തോഷകേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുമത്രെ. അതാവാം ലൈംഗികത ആസ്വാദ്യകരമാക്കുന്നത്.

ശതാവരിയെന്ന ലൈംഗിക ഭക്ഷണം

ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനു ശതാവരിയിലടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഇ ഫലപ്രദമാണെന്നാണു കണ്ടെത്തല്‍. ഇതു ടെസ്റ്റോസ്റ്റിറോണിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കും.

ബിജശേഷി കൂട്ടാം

ബീജത്തിന്റെ ചലനശേഷി കൂട്ടാന്‍ വിറ്റമിന്‍ സിയ്ക്കു കഴിയുമെന്നാണു പുതിയ ഗവേഷണങ്ങള്‍ പറയുന്നത്. ഓക്സിജന്‍ ഫ്രീ റാഡിക്കലുകളുടെ ആക്രമണം തടഞ്ഞു ശുക്ളത്തിലെ ബീജങ്ങളെ സംരക്ഷിക്കാന്‍ വിറ്റമിന്‍ സിയുടെ ആന്റി ഓക്സിഡന്റ് പ്രകൃതം സഹായിക്കും. ഒരാള്‍ക്ക് എത്ര മാത്രം വിറ്റമിന്‍ സി വേണം എന്നത് ഓരോരുത്തരും നേരിടേണ്ടി വരുന്ന അന്തരീക്ഷ മലിനീകരണം, സിഗരറ്റുപുക, മറ്റു മാലിന്യങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കാരണം, ഇവയെല്ലാം ശുക്ളം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ശുക്ളത്തെ മാലിന്യമുക്തമാക്കാന്‍ കടുത്ത പുകവലിക്കാര്‍ ദിവസവും 200 മി. ഗ്രാം വിറ്റമിന്‍ സി കഴിക്കേണ്ടി വരുമത്രെ. പച്ചിലക്കറികള്‍, നാരങ്ങ, ഓറഞ്ച് പോലുള്ളവ, പപ്പായ, തണ്ണിമത്തന്‍ എന്നിവ വിറ്റമിന്‍ സി യുടെ കലവറയാണ്.

200 ഗ്രാം വിറ്റമിന്‍ സി നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍: കാപ്സിക്കം- ഒന്നരയെണ്ണം, മൂന്ന് ഓറഞ്ച്, 225 മി, ലി ഓറഞ്ച് ജ്യൂസ്. 370 ഗ്രാം പാകം ചെയ്ത കോളിഫ്ളവര്‍. പൈനാപ്പിള്‍, മുന്തിരി പ്രത്യേകിച്ചും നീലമുന്തിരി, ഓറഞ്ച്, ആപ്പിള്‍ എന്നിവയും ലൈംഗികാരോഗ്യത്തിനു വളരെ നല്ലതാണ്. നീലമുന്തിരി രക്തയോട്ടത്തെ സഹായിക്കുന്നു. ബീന്‍സ്, പീസ്, കൊഴുപ്പു കുറഞ്ഞ പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, സൂര്യകാന്തി എണ്ണ, വാള്‍നട്ട്, മത്തങ്ങ അരി എന്നിവയും ലൈംഗികഹോര്‍മോണ്‍ വര്‍ധിപ്പിക്കും. എള്ളും എള്ളെണ്ണയും ലൈംഗികശേഷി കൂട്ടും.

കൊഴുപ്പിനോടു നോ

ബര്‍ഗര്‍, റെഡിമെയ്ഡ് ഭക്ഷണങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ഐസ്ക്രീം, കേക്ക്, ബിസ്കറ്റ്, ശീതള പാനീയങ്ങള്‍ എന്നിങ്ങനെ കൊഴുപ്പു കൂടിയ ആഹാരം കുറയ്ക്കണം. ഇവ പൊണ്ണത്തടിക്കും അനുബന്ധമായുള്ള ലൈംഗികപ്രശ്നങ്ങള്‍ക്കും കാരണമാകാം. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ നില താഴാനും ഇടയാക്കും.

കാപ്പി, ചായ, കോള തുടങ്ങിയ കഫീന്‍ പാനീയങ്ങളുടെ അമിത ഉപയോഗം വന്ധ്യതയുണ്ടാക്കാം.

മദ്യത്തിന്റെ അമിത ഉപയോഗം, പിറ്റ്യൂട്ടറി ഗ്രന്ഥി ഹോര്‍മോണായ പ്രോലാക്റ്റിന്‍ ക്രമാധികമായി ഉണ്ടാകുവാന്‍ ഇടയാകും. ഇത് ആര്‍ത്തവചക്ര ക്രമക്കേടുകള്‍ക്കും വന്ധ്യതയ്ക്കും കാരണമാകാം. പുരുഷന്മാരില്‍ ലൈംഗികശേഷിക്കുറവിനും ഇടയാകും.