∙ മൂക്കത്താണു ദേഷ്യം— ഇങ്ങനെയാരെങ്കിലും നിങ്ങളെ വിശേഷിപ്പിച്ചിട്ടുണ്ടോ?
∙ ദേഷ്യം വരുമ്പോൾ കണ്ണിൽക്കാണുന്നതൊക്കെ വലിച്ചെറിയുന്ന സ്വഭാവം നിങ്ങൾക്കുണ്ടോ?
∙ മറ്റുള്ളവർ സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത കാര്യങ്ങളോർത്തു ടെൻഷനടിക്കാറുണ്ടോ നിങ്ങൾ?
ഈ ചോദ്യങ്ങൾക്ക് അതെ എന്നാണ് ഉത്തരമെങ്കിൽ, സുഹൃത്തെ ക്ഷമിക്കുക. ലൈംഗിക ആസ്വാദന ശേഷി നിങ്ങൾക്കു തുലോം കുറവാണ്. സ്ത്രീയാണു നിങ്ങളെങ്കിൽ കിടക്കയിൽ രതിമൂർഛ നേടാൻ ഇപ്പോഴും നിങ്ങൾക്കു കഴിയുന്നുണ്ടാവില്ല.
നൊടിയിട നേരം മതി. മൂക്കു ചുവക്കാനും മേശപ്പുറത്തെ ഗ്ലാസ്ടംബ്ലറിനെ വെറും കുപ്പിച്ചില്ലുകഷണങ്ങളാക്കി മാറ്റാനും ദേഷ്യത്തിലെ ഈ വേഗക്കാരികൾ സൂക്ഷിക്കുക. ഒരു പക്ഷേ, കിടപ്പറയിൽ ഇവളൊരു നോക്കുകുത്തിയാണെന്നു പങ്കാളി ഉള്ളിന്റെയുള്ളിൽ ആരുമറിയാതെ പരാതിപ്പെടുന്നുണ്ടാകാം.
അതായതു വൈകാരികബുദ്ധി (ഇമോഷണൽ ഇന്റലിജൻസ്) കുറവുള്ള ഇത്തരം അതിവേഗദേഷ്യക്കാർക്കു ലൈംഗികാസ്വാദനശേഷിയും കുറവായിരിക്കും എന്നാണ് ചില പഠനങ്ങൾ പറയുന്നത്. എന്നാൽ ഇതിൽ ഒട്ടും വിഷമിക്കേണ്ട കാര്യമില്ലെന്നും ഇതോടൊപ്പം തന്നെ മാനസികാരോഗ്യവിദഗ്ധർ കൂട്ടിച്ചേർക്കുന്നു.
മുൻകോപക്കാരേ.....
പങ്കാളിയോടും അടുപ്പമുള്ളവരോടും നിസാരകാര്യങ്ങൾക്കു പൊട്ടിത്തെറിക്കുന്നവർക്കും മറ്റാരും ചിന്തിക്കാത്ത നെഗറ്റീവ് കാര്യങ്ങൾ തന്നെക്കുറിച്ചു തന്നെയും ചിന്തിച്ചെടുക്കുന്നവർക്കുമൊക്കെ ഇമോഷണൽ ഇന്റലിജൻസ് പൊതുവെ കുറവായിരിക്കാം. തന്നിലും മറ്റുള്ളവരിലും കുറവുകളും കുറ്റങ്ങളും എണ്ണിപ്പെറുക്കിയെടുക്കാനായിക്കും ഇവർ ക്കു താത്പര്യം.
എന്നാൽ, ഒരാൾക്കു കൂടിയ ഇക്യൂ ഉണ്ടായതുകൊണ്ടു മാത്രം അയാളുടെ ലൈംഗിക ജീവിതം ആസ്വാദ്യകരമായി മാറണമെന്നില്ല. എങ്കിലും ലൈംഗികാസ്വാദനത്തെ നിർണയിക്കുന്ന പല മാനസികകാര്യങ്ങളും അളന്നെടുക്കാൻ ഒരാളിലെ ഇമോഷണൽ ഇന്റലിജൻസ് അളക്കുന്നതു വഴി കഴിയും.
ഇമോഷണൽ ഇന്റലിജൻസ് കുറവുള്ള സ്ത്രീകളിൽ സംഭോഗത്തിനിടെ തുടർച്ചയായുള്ള രതിമൂർഛകൾ സംഭവിക്കാറില്ല എന്നാണു സർവെകളും പഠനങ്ങളും കണ്ടെത്തിയിരിക്കുന്നത്. പങ്കാളിയുമൊത്തുള്ള ലൈംഗികവേളയിലോ സ്വയംഭോഗ വേളയിലോ തരിമൂർഛ വൈകുന്നവരിലോ കിട്ടാത്തവരിലോ ഇമോഷണൽ ഇന്റലിജൻസ് കുറവായിരിക്കുമെന്നു പഠനം പറയുന്നു.ജേണൽ ഓഫ് സെക്ഷ്വൽ മെഡിസിന്റെ പുതിയലക്കത്തിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്.
പൊതുവെ സ്ത്രീകളിൽ അറുപതു ശതമാനത്തിലേറെപ്പേർക്കും ലൈംഗികബന്ധത്തിലെ രതിമൂർഛ കിട്ടാക്കനിയായി അവശേഷിക്കുമ്പോഴാണ് ഇങ്ങനെയൊരു കണ്ടെത്തലിനു പ്രാധാന്യം ഏറുന്നത്. ഈ കണ്ടെത്തൽ ലൈംഗികാസ്വാദനശേഷി അളക്കുന്നതിനും കൂട്ടിയെടുക്കുന്നതിനുമുള്ള വിവിധതരം സെക്സ് തെറപികളിലേക്കു നയിക്കുമെന്നതിൽ സംശയമില്ല.
എന്താണ് ഇ െഎ?
സ്വന്തം വികാരവിചാരങ്ങളും മാനസികാവസ്ഥകളും തിരിച്ചറിയാനും നിയന്ത്രിക്കാനും വരുതിയിൽ നിർത്താനും മറ്റുള്ളവരുടെ വൈകാരികാംശങ്ങൾ മനസിലാക്കാനും അവയോടു വേണ്ടവിധവും യഥാസമയത്തും പ്രതികരിക്കാനുമുള്ള ഒരാളുടെ മാനസികശേഷിയാണ് ഇമോഷണൽ ഇന്റലിജൻസ്. ഇമോഷണൽ ഇന്റലിജൻസ് അളക്കുമ്പോൾ കിട്ടുന്ന സംഖ്യയാണ് ഇമോഷണൽ കോഷ്യന്റ് അഥവാ ഇ ക്യൂ.
പൊതുവെ എല്ലാവരും ഉയർന്ന ഇമോഷണൽ ഇന്റലിജൻസുള്ളവരായാണു ജീവിതം ആരംഭിക്കുന്നത്. എന്നാൽ സാഹചര്യങ്ങളും വ്യക്തികളും സംഭവങ്ങളും ഇമോഷണൽ ഇന്റലിജൻസിൽ കുറവു വരാൻ കാരണമാകുന്നു.
മനശാസ്ത്രജ്ഞന്മാർ നിരവധി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടാണു ഒരു വ്യക്തിയുടെ ഇമോഷണൽ ഇന്റലിജൻസ് അളക്കുന്നത്. സാമൂഹികമായ സാഹചര്യങ്ങൾ, സംസ്കാരം തുടങ്ങിയവയെ എല്ലാം അടിസ്ഥാനപ്പെടുത്തി ഈ ചോദ്യങ്ങൾക്കു മാറ്റം വരാറുണ്ട്. അതായത് അമേരിക്കയിലെ ന്യൂയോർക്കിലുള്ള ഒരാളുടെ ഇമോഷണൽ ഇന്റലിജൻസ് അളക്കാൻ വേണ്ടി ചോദിക്കുന്ന ചോദ്യങ്ങളായിരിക്കില്ല കൊച്ചു കേരളത്തിലെ ഒരു കൊച്ചിക്കാരനോടു ചോദിക്കപ്പെടുന്നത്. അതുപോലെ ഓരോ പ്രായത്തിലുള്ളവരിലും ഇമോഷണൽ ഇന്റലിജൻസ് അളക്കാനായി ഉപയോഗിക്കുന്ന ചോദ്യങ്ങളും മറ്റു ടെസ്റ്റുകളും വ്യത്യാസപ്പെടാം. ഗോൾമാൻ എന്ന വിഖ്യാത മനഃശാസ്ത്ര വിദഗ്ധനാണ് ഇമോഷണൽ ഇന്റലിജൻസ് എന്ന ആശയം ആദ്യമായി പരിചയപ്പെടുത്തിയത്.
ലൈംഗികശേഷിയും ഇ െഎ യും
ലൈംഗികതയിൽ മനുഷ്യന്റെ ചിന്താപ്രക്രിയയ്ക്കു മർമപ്രധാനമായ സ്ഥാനമാണുള്ളത്. ശരീരത്തിന്റെ മാത്രമല്ല മനസിന്റേയും പൂർണമായ മുഴുകൽ കൂടിയാണു ലൈംഗികതയെ ഏറ്റവും സുഖകരമായ അനുഭൂതിയാക്കുന്നത്.
ഇമോഷണൽ ഇന്റലിജൻസ് കൂടുതലുള്ളവർക്ക് ലൈംഗികത കൂടുതൽ ആസ്വാദ്യകരമാകുന്നതിനു പിന്നിൽ ഒരുപാടു കാരണങ്ങളുണ്ട്. അതിൽ പ്രാധാന്യം ഇമോഷണൽ ഇന്റലിജൻസ് കൂടിയവർ പങ്കാളിയോടു വളരെക്കൂടുതൽ അടുപ്പവും സ്നേഹവും പ്രകടമാക്കുന്നവരായിരിക്കും. ഇത് അവർ തമ്മിലുള്ള ലൈംഗികതയിലും സ്വാഭാവികമായി പ്രതിഫലിക്കും. മറ്റൊരു അനുകൂലഘടകം ഇക്യു കൂടുതലുള്ളവർക്കു മനസ് ഏഗ്രമാകാനുള്ള ശേഷിയും കൂടുതലായിരിക്കും എന്നതാണ്. കൂടുതൽ ഏകാഗ്രതയോടെ ലൈംഗികതയെ സമീപിക്കാൻ കഴിയുന്നതിനാൽ ശരീരഭാഗങ്ങളിലേക്കുള്ള രക്തയോട്ടം ഈ സമയത്തു വർധിക്കുകയും ലൈംഗികത കൂടുകതൽ ആസ്വാദ്യകരമാകുകയും ചെയ്യും. നാഡീഞരമ്പുകൾ കൂടുതലുള്ള ഭഗശിശ്നികയിലേക്കും ജി സ്പോട്ടിലേക്കുമൊക്കെ കൂടുതൽ രക്തപ്രവാഹമുണ്ടാകുന്നതു മൾട്ടിപ്പിൾ ഓർഗാസം എന്ന ഒന്നിലധികം രതിമൂർഛകൾ ഒരേ സമയത്തു നേടാനാകുന്ന അവസ്ഥാവിശേഷം നേടാൻ സ്ത്രീയെ പ്രാപ്തയാക്കുന്നു.
അതുപോലെ തന്നെ ഇമോഷണൽ ഇന്റലിജൻസ് കൂടിയവർക്കു പങ്കാളിയുടെ ലൈംഗികതാൽപര്യങ്ങൾ തിരിച്ചറിഞ്ഞ് അതിനനുയോജ്യമായി പങ്കാളി ആഗ്രഹിക്കുന്ന വിധത്തിൽ പെരുമാറാൻ കഴിയും. ഇതുമാത്രമല്ല, കടുത്ത മാനസികസമ്മർദമുള്ളവരിൽ ലൈംഗികാസ്വാദനശേഷി കുറവായിരിക്കും. ഇമോഷണൽ ഇന്റലിജൻസ് 25 ശതമാനത്തിൽ കുറവുള്ളവരിൽ ചെറിയ കാര്യങ്ങളിൽപ്പോലും മനോസമ്മർദമുണ്ടാകുന്നതായും അതു നിയന്ത്രിക്കുന്നതിൽ അവർ പരാജയപ്പെടുന്നതായും കാണാറുണ്ട്. മനോസമ്മർദമുണ്ടാകുന്നവരിൽ ലൈംഗികാസ്വാദനശേഷി കുറയും എന്നതും സ്വാഭാവികമാണല്ലോ. എന്തിനോടുമുള്ള നെഗറ്റീവ് സമീപനം ഒരാളുടെ ശാരീരികഭാഷയിൽ തന്നെ പ്രതിഫലിക്കാറുണ്ട്. ലൈംഗികതയിൽ പങ്കാളിയുടെ ശാരീരകചലനങ്ങൾക്കു പങ്കാളിയെ ലൈംഗികമായി ഉത്തോജിപ്പിക്കാനോ മടുപ്പിക്കാനോ കഴിയുമല്ലോ.
സെക്സ് തെറപികൾ
വിവിധതരം സൈക്കോതെറപികൾ വഴി ഒരാളുടെ ഇമോഷണൽ ഇന്റലിജൻസിനെ ബാധിച്ചിരിക്കുന്ന ഘടകങ്ങളെ മനസിലാക്കി നിരവധി പരിശീലന പരിപാടികളിലൂടെ ഇക്യു കൂട്ടിയെടുക്കാനും കഴിയും.
ലൈംഗികാസ്വാദനശേഷി കൂട്ടിയെടുക്കാനായി ഓരോ വ്യക്തികൾക്കും ഓരോ തെറപികളായിരിക്കും പ്രയോജനപ്പെടുക. ലൈംഗികതയ്ക്കിടെ ചിന്തകൾ മാറിപ്പോകുന്നതും മനസ് മറ്റിടങ്ങളിലേക്കു സഞ്ചരിക്കുന്നതും ഇമോഷണൽ ഇന്റലിജൻസ് കുറഞ്ഞവരിൽ കാണപ്പെടാറുണ്ട്. തന്നെക്കുറിച്ചും പങ്കാളിയെക്കുറിച്ചുമുള്ള ധാരണാവൈകല്യങ്ങൾ മാറ്റാനും തെറപികൾ ഉപയോഗിക്കാം.
ലൈംഗികാവയവത്തിലെ ചലനങ്ങൾക്കുമേലെയും അനുഭൂതികൾക്കു മേലെയും ഉള്ള നിയന്ത്രണം രതിമൂർഛ നേടുന്നതിൽ പ്രധാനമായതിനാൽ അതിനു സഹായിക്കുന്ന തെറപികളും പ്രയോഗിക്കേണ്ടതായിവരും.
സംഭോഗപ്രക്രിയയ്ക്ക് അഞ്ചുഘട്ടങ്ങളുണ്ട്. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആഗ്രഹം, ഉണർവ്, രതിമൂർഛ തുടങ്ങിയവയാണ് അവയിൽ പ്രധാനപ്പെട്ടവ.
ലൈംഗികാഗ്രഹം ഉണരുന്നതു തടയുന്ന മനോഘടകങ്ങളാണു മിക്ക ലൈംഗിക തകരാറുകളുടേയും പിന്നിൽ. ഇവ ഒരാളുടെ ഇമോഷണൽ ഇന്റലിജൻസ് അളക്കുന്നതു വഴി തിരിച്ചറിയാനും തെറപികൾ വഴി പരിഹരിക്കാനും കഴിയും. ഡിസൈൻസിറ്റൈസേഷൻ എന്ന തെറപിയിൽ മാനസികസമ്മർദം കുറയ്ക്കാനും റിലാക്സേഷൻ ട്രെയിനിങിലൂടെ മനശാന്തി കൈവരിക്കാനും കഴിയും. റിലാക്സേഷൻ ട്രെയിനിങ് ബ്രീതിങ്, മസിൽ എക്സർസൈസുകൾ, ബയോഫീഡ്ബാക്ക് തെറപി, ഹിപ്നോട്ടിസം എന്നിവയാണ് ഉപയോഗിക്കുന്നത്.
മറ്റൊന്നാണ് അസെർറ്റീവ്നെസ് ട്രെയിനിങ്. ഇതിൽ പങ്കാളിയോടു തന്റെ ഇഷ്ടങ്ങളും വികാരങ്ങളും തുറന്നു പറയാനും ദമ്പതികൾ തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കാനും സഹായിക്കും.
പങ്കാളികളുടെ ഇമോഷണൽ ഇന്റലിജൻസ് കൂട്ടാനുള്ള മറ്റൊരു മാർഗമാണ് കൊഗ്നിറ്റീവ് ബിഹേവിയറൽ തെറപി. പങ്കാളികളുടെ തെറ്റായ ചിന്തകളേയും ധാരണാവൈകല്യങ്ങളേയും വികാരങ്ങളേയും പെരുമാറ്റരീതികളേയും തിരിച്ചറിയാനും അവയെ ശരിയായ സ്വഭാവരീതികളിലേക്കു മാറ്റാനും ഈ തെറപി സഹായിക്കും. ഇതു വഴി ഇമോഷണൽ ഇന്റലിജൻസ് ഒരു പരിധി വരെ കൂട്ടിയെടുക്കാം.
ഇക്യു തീരെ കുറഞ്ഞാൽ
ലൈംഗികതാത്പര്യവും ഇമോഷണൽ ഇന്റലിജൻസും തമ്മിലുള്ള ബന്ധം കുറവാണെന്നും മാനസികരോഗ ചികിത്സകർ പറയുന്നു. മാനസിക വളർച്ചയില്ലാത്തവർക്കു ഇമോഷണൽ ഇന്റലിജൻസ് തീരെ കുറവായിരിക്കും. ഇവർക്കു ലൈംഗികതാത്പര്യങ്ങൾ വളരെ കൂടുതലായി കണ്ടു വരാറുണ്ട്. എങ്കിലും ഇവരിൽ ലൈംഗികാസ്വാദനശേഷി തീരെ കുറവായിരിക്കും.
അവനും അവളും അറിയാൻ
∙ ഒരാളുടെ വ്യക്തിത്വത്തെ അത്ര പെട്ടെന്നു മാറ്റിയെടുക്കാനാവില്ല. പെരുമാറ്റത്തിലെ ചെറിയ ചില മാറ്റങ്ങൾ വലിയ മാറ്റങ്ങളിലേക്കു നയിക്കും. മോശമെന്നു തോന്നുന്ന സ്വന്തം സ്വഭാവങ്ങളെ ആദ്യം തന്നെ തിരുത്താൻ ശ്രമിക്കുക.
∙ ലൈംഗികത വഴി സ്നേഹം നേടാൻ കൊതിക്കുന്നവളാണു സ്ത്രീ. അവളിലെ ലൈംഗികാസക്തി പൂർണമായും അവളിലെ വൈകാരികാംശങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കും. സ്ത്രീയുടെ ശരീരമല്ല, അവളുടെ മനസാണു ലൈംഗികതാത്പര്യത്തിലേക്ക് ആദ്യമെത്തുന്നത്. ആ മനസിനു കരുതൽ നൽകാൻ ശ്രദ്ധിക്കുക. അവൾ കൂടുതൽ വൈകാരികപിന്തുണ എപ്പോഴും ആഗ്രഹിക്കുന്നുണ്ട്.
∙ ദേഷ്യക്കാരായ പങ്കാളികളെ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നവരുണ്ട്. ഇത് അവരിൽ കൂടുതൽ വെറുപ്പുണ്ടാക്കുകയെ ഉള്ളൂ. പങ്കാളിയുടെ വികാരത്തെ തിരിച്ചറിയുകയും മനസു മുറിവേൽപ്പിക്കാതെ കൈകാര്യം ചെയ്യാനും മനസു തണുപ്പിക്കാനും ഉയർന്ന ഇമോഷണൽ ഇന്റലിജൻസുള്ള പങ്കാളിയ്ക്കു കഴിയും.
∙ സ്ത്രീയ്ക്കു സന്തോഷമുണ്ടാകുമ്പോൾ അതു പങ്കാളിയോടു പങ്കു വയ്ക്കാൻ ആഗ്രഹിക്കും. ഈ സമയത്തു പുരുഷൻ നല്ല കേൾവിക്കാരനാകണം. അവളെ അഭിനന്ദിക്കണം.
∙ സെക്സ് ദിവസവും ആചരിക്കേണ്ട ചടങ്ങുപോലെ കാണുന്ന ദമ്പതികളുണ്ട്. പരസ്പരമുള്ള വൈകാരികാംശങ്ങൾ തിരിച്ചറിയുകയും അളക്കുകയും മനസോടു ചേർത്തു നിർത്തുകയും ചെയ്യുന്നവർക്കു കിടപ്പറയും ആസ്വാദ്യതയുടെ വേദിയാകും.
വിവരങ്ങൾക്കു കടപ്പാട് :
ഡോ. കെ എസ് ഡേവിഡ്
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസ് കൊച്ചി.
ഡോ. സന്ദീഷ്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മാനസികാരോഗ്യകേന്ദ്രം കുതിരവട്ടം, കോഴിക്കോട്.