ചിരിച്ചില്ലെങ്കിൽ അയ്യോ നിങ്ങൾക്ക് നഷ്ടം!

ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ ഉടനെ ലൈക്കടിക്കും നല്ല തമാശയിൽ കമന്റിടും പക്ഷേ നേരിൽ കണ്ടാൽ ചിരിക്കില്ല! അങ്ങനെയുള്ളവർ തീർച്ചയായും ഇതൊന്ന് വായിക്കണം. ആളുകളെ കാണുമ്പോൾ മസിൽ പിടിച്ചിരുന്നതുകൊണ്ട് നിങ്ങൾക്ക് തീരാ നഷ്ടമാണ്; ആരോഗ്യത്തിന്റെ കാര്യത്തിൽ! ചിരിയുടെ ആരോഗ്യ വശങ്ങളറിഞ്ഞാൽ മനസ് അറിഞ്ഞ് ചിരിക്കും. ലോക പുഞ്ചിരി ദിനത്തിൽ (ഒക്ടോബറിലെ ആദ്യ വെള്ളി) ചെറു പുഞ്ചിരിയോടെ അടുത്തറിയാം 10 കാര്യങ്ങൾ.

പുഞ്ചിരി മറ്റുള്ളവരെ ആകർഷിക്കും

മുഖത്ത് ചെറുപുഞ്ചിരിയുമായി ആളുകളെ അഭിമുഖീകരിച്ചാൽ നിങ്ങൾക്ക് നിരാശരാകേണ്ടി വരില്ല. പുഞ്ചിരിക്കുന്ന ഒരാളോട് മുഖം തിരിക്കാൻ സമാന്യ ബോധമുള്ളവർക്ക് കഴിയുമോ? അവരെ ഒരു നിമിഷമെങ്കിലും നിങ്ങളിലേയ്ക്ക് ആകർഷിക്കും.

പിരിമുറക്കത്തിൽ നിന്നും ആശ്വാസം

മുഖമാണ് മനസ്സിന്റെ കണ്ണാടി എന്ന് പറയുന്നതിൽ കാര്യമില്ലാതില്ല. മനസിലെ ചിന്തകൾ മുഖത്ത് പ്രതിഫലിക്കുമ്പോൾ 'എന്ത് പറ്റി രമണാ' എന്ന് നാലാൾ ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ഒന്ന് ആലോചിച്ചു നോക്കു. ഏത് പിരിമുറക്കുവും മുഖത്ത് നിന്നും മായും.

മൂഡ് തന്നെ മാറ്റികളയും

മനസിന് മടുപ്പ് അനുഭവപ്പെടുമ്പോൾ‌ സിനിമകളിലെ ഹാസ്യരംഗങ്ങളോ സുഹൃത്തുക്കൾ പങ്കുവെച്ച നർമമോ ഒന്നോർത്തു നോക്കു. നിങ്ങൾ അറിയാതെ തന്നെ മുഖത്ത് പുഞ്ചിരി വിടരും. മനസിനെ റീ - ചാർജ് ചെയ്യാനും മൂഡ് മാറ്റാനും ചിരിയ്ക്ക് കഴിയും.

ചിരി മറ്റുള്ളവർക്കും ഉന്മേഷം നൽകും

ട്രെയിനിലും ബസിലുമൊക്കെ ഒരുമിച്ച് യാത്ര ചെയ്യുന്ന ചങ്ങാതികൂട്ടങ്ങളെ ശ്രദ്ധിച്ചിട്ടില്ലേ. ഉറക്കെയുള്ള കളി ചിരികളിലൂടെ അവർ സഹയാത്രക്കരെ അലോരസപ്പെടുത്തിയെന്ന് തോന്നിയാലും അവരറിയാതെ ആരോഗ്യം വർധിപ്പിക്കുകയാണ്. അതുകൊണ്ടാവാം ചിരി പകർച്ചവ്യാധി പോലെയണെന്ന് പറയുന്നത്. നിങ്ങളെ ഉന്മേഷവാന്മാരാക്കുന്നതിനൊപ്പം കൂടെയുള്ളവരെയും ഹാപ്പിയാക്കും.

ചിരിച്ച് പ്രതിരോധശക്തി കൂട്ടാം

ചിരി ആയുസ്സ് വർധിപ്പിക്കുമെന്നു പറയുന്നതു വെറുതെയൊന്നുമല്ല! ചിരിക്കുന്നതിലൂടെ ഉമിനീരിലും രക്‌തത്തിലുമുള്ള ഇമ്യൂണോഗ്ലോബിൻ എ വർധിക്കുന്നു. ജലദോഷം, ഫ്ളൂ പോലുള്ള ചെറിയ രോഗങ്ങളെ പടിക്കുപ്പുറത്ത് നിറുത്താൻ ചിരിയ്ക്ക് കഴിയുന്നു.

ചിരിക്കാം രക്തസമ്മർദം കുറയ്ക്കാം

പറഞ്ഞ് വിശ്വാസമായില്ലെങ്കിൽ പരീക്ഷിച്ചു നോക്കാം. ടെൻഷടിച്ചിരിക്കുമ്പോൾ രക്തസമ്മർദം പരിശോധിക്കുക. സന്തോഷമായി ചിരിച്ച് രസിച്ചിരിക്കുമ്പോൾ വീണ്ടും രക്തസമ്മർദം പരിശോധിക്കുക. രക്തസമ്മർദം നിയന്ത്രണവിധേയമായി കുറഞ്ഞട്ടുണ്ടാവം. ചിരിയുടെ ഒരു ഇഫക്ട്!

ഹൃദയത്തിന് അനുയോജ്യമായ വ്യായാമം

ചിരിക്കുമ്പോൾ ഹൃദയം രക്‌തത്തിലേക്കു കൂടുതൽ ഓക്‌സിജൻ പമ്പ് ചെയ്യുന്നു. രക്‌തസമ്മർദം കുറയ്‌ക്കാനും ശ്വസന പ്രക്രിയ സന്തുലിതമാക്കാനും സഹായിക്കും. തലച്ചോറിന് ഉന്മേഷം കിട്ടുന്നതിലൂടെ കൂടുതൽ ഏകാഗ്രതയും ശ്രദ്ധയും നിലനിർത്താനും സാധിക്കും.

കാൻസർ പ്രതിരോധിക്കാം

കോശങ്ങളുടെ രോഗപ്രതിരോധ ശക്‌തിയെയും ചിരിയിലൂടെ വർധിപ്പിക്കാമെന്നു പഠനങ്ങൾ പറയുന്നു. ട്യൂമർ കോശങ്ങളെ നശിപ്പിക്കുന്ന സ്വാഭാവിക കൊലയാളി കോശങ്ങളുടെ എണ്ണവും പ്രവർത്തനവും വർധിപ്പിക്കാൻ ചിരിയെത്തുടർന്ന് ശരീരത്തിലുണ്ടാകുന്ന ഇമ്യൂണോഗ്ലോബിൻ ബി ഹോർമോണുകൾക്കു കഴിവുണ്ട്.

ചിരി ആത്മവിശ്വാസത്തിന്റെ ലക്ഷണം

യോഗങ്ങളിലും ഒത്തുചേരലുകളിലും പുഞ്ചിരിയോടെ പങ്കെടുക്കൂ. മറ്റുള്ളവർ നിങ്ങളുടെ വാക്കുകൾക്ക് കാതോർക്കാൻ താൽപര്യം കാണിക്കും. നിങ്ങളുടെ ആശയങ്ങൾ കൂടുതൽ വ്യക്തമായി മറ്റുള്ളവരെ ധരിപ്പിക്കാൻ പുഞ്ചിരിയ്ക്ക് സാധിക്കും.

ശുഭാപ്തി വിശ്വാസത്തിന്റെ ടോണിക്ക്

എല്ലായ്പ്പോഴും പോസിറ്റീവായിരിക്കാൻ എളുപ്പവഴിയെന്താണ്? സംശയിക്കേണ്ട.. ചിരിക്കാൻ തോന്നുമ്പോൾ ചിരി വിഴുങ്ങാതെ പച്ച മനുഷ്യനായി വികാരം പ്രകടിപ്പിക്കുക. ജീവിതത്തിലെ പ്രതസന്ധികളെ നേരിടാനും ശുഭാപ്തിവിശ്വാസം വളർത്താനും ചിരിയെക്കാളും വലിയ മരുന്നുണ്ടോ?