പ്രമേഹം നിയ്രന്തിക്കുന്ന 5 ഇലകൾ

ചിട്ടയായുള്ള ജീവിതചര്യയും ഭക്ഷണക്രമവും കൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാമെങ്കിലും പലരും അലസമനോഭാവം പാലിക്കുന്നത് ആരോഗ്യ സ്ഥിതി വഷളാക്കും. മരുന്ന് കഴിക്കാനുളള വിമുഖതയാവാം പ്രമേഹം മൂർച്ഛിക്കാൻ കാരണമാകുന്നതും ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതും. ചുറ്റുവട്ടത്ത് സുലഭമായി ലഭിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ ചില ഇലകളുടെ ഒൗഷധഗുണങ്ങൾ അടുത്തറിയാം. ഇലകൾ കഴിച്ചത് കൊണ്ട് രക്തതത്തിലെ പഞ്ചസാര ഒരളുവരെ നിയന്ത്രിക്കാമെങ്കിലും വിദഗ്ധ ചികിത്സയാണ് പ്രമേഹത്തിനു വേണ്ടതെന്ന കാര്യം എപ്പോഴുമോർക്കുക.

മൾബറി ഇല

ഭക്ഷണം കഴിച്ച ശേഷം രക്തത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കാൻ മൾബറി ഇലകൾ സഹായിക്കുമെന്ന് ന്യൂട്രീഷണൽ സയൻസ് ആൻഡ് വൈറ്റമിനോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചെറുകുടലിലെ എ–ഗ്ലൂക്കോസിഡേസ് എന്ന എൻസൈമിനെ മൾബറി ഇലകൾ നിയന്ത്രിക്കുന്നു. അങ്ങനെ പ്രമേഹ നിയന്ത്രണം സാധ്യമാക്കുന്നു. 

അരയാലില

പ്രമേഹത്തെ നിയന്ത്രിക്കുന്ന ആയുർവേദ ചികിത്സയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് അരയാലില. ഇതിനുള്ള ആന്റിഹൈപ്പർഗ്ലൈസീമിക് ആക്ടിവിറ്റിയാണ് പ്രമേഹത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നത്. 21 ദിവസം തുടർച്ചയായി അരയാലിലയുടെ നീര് കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കുകയും ശരീരത്തില ഇൻസുലിൻ അളവ് കൂട്ടുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഞാവൽ ഇല

ഞാവൽപ്പഴം പോലെ തന്നെ ഞാവലിന്റെ ഇലയും പ്രമേഹരോഗികൾക്ക് ഉത്തമമാണ്. ഹൈപ്പോഗ്ലൈസീമിക് എഫക്ടുള്ള ഫ്ലവനോയ്ഡുകൾ, ടാനിൻ, ക്വർസെറ്റിൻ എന്നിവയാൽ സംപുഷ്ടമാണ് ഞാവലില. ശരീരത്തിൽ ഇൻസുലിൻ കുറയാതെ സംരക്ഷിക്കാൻ ഞാവലിലയ്ക്കു സാധിക്കും.

തുളസി ഇല

രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ തുളസിയില കഴിക്കുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചു നിറുത്താനും സഹായിക്കും. 

ഉലുവ ഇല

ഉലുവയ്ക്കും ഉലുവയുടെ ഇലയ്ക്കും പ്രമേഹത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഉലുവ ഇലയിൽ ഉയർന്ന അളവിലുള്ള നാരുകളും സാപോനിൻസും ട്രൈഗോനെലിനും രക്ത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.

Read more: ആരോഗ്യവാർത്തകൾ