പ്രമേഹം ഒരു ജീവിതശൈലീ രോഗമായിരിക്കെത്തന്നെ ഇന്നു പലരുടെയും ജീവിതത്തിന്റെ ഭാഗം കൂടിയായി മാറിയിരിക്കുന്നു. എവിടെപ്പോയാലും കണ്ടുമുട്ടുന്നവരിൽ ഒന്നിലേറെ പ്രമേഹരോഗികളുണ്ടാവും എന്നതു തീർച്ച. ഹോട്ടലിലും സദ്യവട്ടങ്ങളിലും ഷുഗർഫ്രീ ഭക്ഷണവും ഇന്ന് ലഭ്യമാണ്. പ്രമേഹരോഗികൾക്ക് വേണ്ട പിന്തുണ നൽകേണ്ടത് അവരുടെ കുടുംബാംഗങ്ങളും സമൂഹവുമാണ്. പ്രമേഹരോഗികളോട് സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് പ്രമേഹചികിൽസാരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത് ഇപ്രകാരമാണ്. പ്രമേഹരോഗികളോട് ഒരിക്കലും പറയാനും പ്രവർത്തിക്കാനും പാടില്ലാത്ത് ചില കാര്യങ്ങളുണ്ട്
∙ അതു കഴിക്കല്ലേ; ഇതു കഴിക്കല്ലേ
പ്രമേഹം ബാധിച്ച അച്ഛനോടോ അമ്മയോടോ പങ്കാളിയോടോ ഇന്ന് ഏറ്റവുമധികം പറയുന്നൊരു വാചകമാണിത്. ഇത് അവരുടെ മാനസിക സന്തോഷം തകർക്കും. അവർ എന്തു കഴിക്കുന്നു എന്നത് എല്ലായ്പ്പോഴും നിരീക്ഷിക്കപ്പെടുന്നു എന്നത് അവർക്ക് തീരെ ഇഷ്ടപ്പെടുന്ന കാര്യമല്ല. അതുകൊണ്ട് അനാവശ്യനിയന്ത്രണങ്ങൾ ഒഴിവാക്കുക. അവരുടെ പക്വതയെ അംഗീകരിക്കുക.
∙ ഇതൊക്കെ കഴിച്ചോളൂ; സാരമില്ല
ഇങ്ങനെ പറയുന്നതും അപകടമാണ്. സദ്യയിലും പാർട്ടിയിലും മറ്റും പങ്കെടുക്കുമ്പോൾ പ്രമേഹബാധിതർ അല്ലാത്തവർ പ്രമേഹബാധിതരോടു പറയാറുണ്ട്, ഓ ഇതു കഴിച്ചാൽ ഷുഗർ കൂടുകയൊന്നുമില്ല, കുറച്ചു മധുരമേയുള്ളൂ എന്ന്. ഇത് അനാവശ്യമായ പ്രോൽസാഹനമാണ്. കൂടുതൽ മധുരം അകത്തുചെല്ലാൻ ഇതു കാരണമാകും.
∙വാരിവലിച്ചു കഴിച്ചിട്ടല്ലേ ഷുഗർ പിടിച്ചത്
ഈ ധാരണ തെറ്റാണ്. വാരിവലിച്ചു ഭക്ഷണം കഴിച്ചിട്ടാകണമെന്നില്ല പ്രമേഹം ബാധിച്ചത്. അതിനു മറ്റൊരുപാടു കാരണങ്ങൾ വേറെയുണ്ട്. ഇങ്ങനെ പറയുന്നത് രോഗിയെ കൂടുതൽ നിരാശപ്പെടുത്തും.
Read more : Health News