ശരീരത്തിന് ആവശ്യത്തിനു വെള്ളം ലഭിക്കാതെ വരുന്ന അവസ്ഥയാണ് നിർജലീകരണം എന്നറിയപ്പെടുന്നത്. അമിതമായ അളവിൽ ജലാംശം ശരീരത്തിൽനിന്നു നഷ്ടപ്പെട്ടാലും ഇതേ അവസ്ഥയുണ്ടാകാം. ദാഹം തോന്നുന്നതു മാത്രമല്ല നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ. ചുവടെ നൽകുന്ന ലക്ഷണങ്ങൾ നിങ്ങളുടെ ശരീരം വെള്ളം ആവശ്യപ്പെടുന്നതിന്റെ സൂചനയാണ്.
∙നാവു വരളുന്നു– വായ്ക്കകത്ത് ആവശ്യത്തിന് ഉമിനീര് ഇല്ലാതെവരുന്നെങ്കിൽ ശ്രദ്ധിക്കുക. നാവു വരളുന്നത് നിർജലീകരണത്തിന്റെ പ്രാഥമിക ലക്ഷണമാണ്.
∙വായ്നാറ്റം– വായ്ക്കകത്ത് ആവശ്യത്തിന് ഉമിനീരില്ലാത്ത അവസ്ഥയിൽനിന്നും വായ്നാറ്റം ഉണ്ടാകാം. അതുകൊണ്ട് വായ്നാറ്റം അനുഭവപ്പെടുന്നെങ്കിൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക
∙വരണ്ട ചര്‍മം– ത്വക്ക് ഒരു ലിറ്റ്മസ് പേപ്പർ എന്ന പോലെ നിങ്ങളുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് വ്യക്തമാക്കിത്തരുന്നു. ത്വക്ക് പതിവിലധികം വരണ്ടുപോയതായി തോന്നുന്നെങ്കിൽ തീർച്ചയായും വെള്ളം കുടിക്കാൻ ശ്രമിക്കുക. ചുണ്ടുകൾ വരളുന്നതും കാൽപാദങ്ങൾ വിണ്ടുകീറുന്നതും ഇതിന്റെ സൂചനയാണ്.
∙വിയർപ്പുനാറ്റം– വിയർപ്പിന് നിറംമാറ്റം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. വിയർപ്പിലൂടെ അമിതമായ അളവിൽ ഉപ്പിന്റെ അംശം നഷ്ടപ്പെടുന്നതും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ വസ്ത്രത്തിൽ മഞ്ഞനിറത്തിൽ കറയുണ്ടാകുന്നത് ഇതിന്റെ സൂചനയാണ്.
∙മധുരപ്രിയം– ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോൾ നിങ്ങൾക്കു വിശപ്പും വർധിക്കുന്നു. പ്രത്യേകിച്ചും മധുരപലഹാരങ്ങൾ കഴിക്കാൻ ആർത്തി അനുഭവപ്പെടുന്നുണ്ടെങ്കിൽ അതും നിർജലീകരണത്തിന്റെ ലക്ഷണമാണ്.