മനുഷ്യ ജീവിതത്തിലെ പരമപ്രധാനമായ കാര്യമാണ് ഉറക്കം. ലോകകപ്പ് ഫുട്ബോളിന്റെ സമയത്ത് മൂന്ന് ദിവസം ഉറങ്ങാതെ കളികണ്ട ചിലർ ചൈനയിൽ മരണപ്പെടുക വരെയുണ്ടായി. ഉറക്കമില്ലാതായാൽ ഒരു ദിവസത്തെ ശരീരത്തിന്റെ പ്രവർത്തനം തന്നെ താളം തെറ്റാം. ഉറങ്ങുമ്പോൾ എങ്ങനെ കിടന്നാലും അതേ രീതിയിൽ തന്നെ ഉണരാൻ ഭൂരിഭാഗം പേർക്കും സാധിക്കാറില്ല. എന്നാൽ ഉറങ്ങുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രോഗങ്ങൾ ഇല്ലാതാക്കാൻ വരെ അതു സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഈ മേഖലയിലെ വിദഗ്ദർ.
തലവേദന- ഉറങ്ങുമ്പോൾ കഴുത്തിനുണ്ടാകുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ തലവേദന പരിഹരിക്കാനാകും. ഇതിനായി ചെറിയ തലയിണകൾ ഉറങ്ങുമ്പോൾ കഴുത്തിനോട് ചേർത്തുവച്ചാൽ മതി. ശരീരം വിശ്രമിക്കുന്ന സമയം ഉറങ്ങുമ്പോഴായതു കൊണ്ടുതന്നെ അപ്പോഴത്തെ ശരീരത്തിന്റെ ഘടന ഏറെ നിർണായകമാണെന്നാണ് വിദഗ്ധ പക്ഷം. മൈഗ്രേൻ പോലെയുള്ള അവസ്ഥകളും ഉറക്ക സമയത്തെ കഴുത്തിന്റെ ഘടനയും തമ്മിൽ ഏറെ ബന്ധമുണ്ട്.
നടുവേദന- ഉറക്കസമയത്തെ കഴുത്തിന്റെയും നട്ടെല്ലിന്റെയും ശരിയായ ഘടന നടുവേദന പരിഹരിക്കാൻ സഹായിക്കും. കാൽമുട്ടുകൾക്കടിയിലും കഴുത്തിനു പിറകിലും തലയണയോ ടവലോ വച്ച് ഉറങ്ങുന്നത് നടുവേദന ശമിപ്പിക്കുന്നതിന് സഹായിക്കും.
സൈനസിറ്റിസ്-മുഖത്തെ സൈനസിൽ ബ്ളോക്ക് ഉണ്ടായി അതിൽ അണുബാധ വരാനുള്ള സാധ്യതയുണ്ട്. എസിയുടെ അടിയിലോ തൊട്ടടുത്തോ കിടക്കുമ്പോഴാണ് സാധാരണയായി ഈ പ്രശ്നം ഉണ്ടാകുന്നത്. ഇങ്ങനെ സംഭവിച്ചാൽ രാവിലെ ഉണരുമ്പോൾ തലവേദനയോ ജലദോഷമോ ഉറപ്പാണ്. അന്നത്തെ ദിവസം മുഴുവൻ അസ്വസ്ഥമാക്കാൻ അതുമതി. തലയണയുടെ എണ്ണം കൂട്ടി കുറച്ച് കൂടി ഉയരത്തിൽ തലവച്ച് കിടക്കുകയെന്നതാണ് ഇതിനുള്ള പ്രതിവിധി. ഇങ്ങനെ ചെയ്യുമ്പോൾ തണുത്ത വായു മൂക്കിലൂടെ സൈനസിലെത്തുന്നത് തടയും
മുതുകു വേദന- ഒരു വശം ചേർന്ന് കിടക്കുന്നതാണ് നല്ലതെന്ന് പൊതുവെ അഭിപ്രായമുണ്ട്. നട്ടെല്ലിനും ഇത് നല്ലതാണ്. തെറ്റായ രീതിയിലുള്ള ഉറക്കമാണ് മുതുകു വേദനയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്. ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നത് മുതുകു വേദന കുറയ്ക്കും. വേദനയുള്ളപ്പോൾ തടിച്ചതോ ഉയരക്കൂടുതലുള്ളതോ ആയ തലയണകൾ ഉപയോഗിക്കാത്തതാണ് നല്ലത്.
മുട്ടുവേദന-ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്ന ശീലമുള്ളവരാണെങ്കിൽ മുട്ടുകൾക്കിടയിൽ ഒരു തലയിണ കരുതുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് മുട്ടുവേദന കുറയ്ക്കുന്നതിനു സഹായിക്കും. വേദനയുണ്ടാകുമ്പോൾ മുട്ടുകൾക്കടിയിൽ തലയണ വയ്ക്കുന്നതും നല്ലതാണ്.