മുട്ട സൂക്ഷിക്കേണ്ടതെങ്ങനെ?

ആരോഗ്യ ഭക്ഷണങ്ങളിൽപ്പെടുന്ന ഒന്നാണ് മുട്ട. സമീകൃതാഹാരമായ മുട്ട കുട്ടികളുടെ വളർച്ചയ്ക്കും സഹായകമാണ്. വൃത്തിയില്ലാതെ സൂക്ഷിക്കുന്നതു മൂലവും ഗുണനിലവാരം നിയന്ത്രിക്കാനുള്ള മാർഗങ്ങളുടെ അഭാവം മൂലവും മുട്ട വേഗം ചീത്തയാകുന്നു. പൗൾട്രിഫാം ഉടമകൾ മാത്രമല്ല ഉപഭോക്താക്കളായ നമ്മളിൽ പലരും കേടായ മുട്ട ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരല്ല.

മറ്റ് ഭക്ഷണപദാർത്ഥങ്ങളെപ്പോലെ മുട്ട എത്ര മാത്രം സുരക്ഷിതമാണെന്ന് അധികമാർക്കും അറിയില്ലെന്ന് ചില സർവേ ഫലങ്ങൾ വെളിവാക്കുന്നുണ്ട്. മിക്ക ആളുകളും കോഴിയിറച്ചിയും മത്സ്യവും കൈകാര്യം ചെയ്യുമ്പോൾ ശുചിത്വത്തിൽ ശ്രദ്ധിക്കാറുണ്ടെങ്കിലും മുട്ടയുടെ കാര്യത്തിൽ അത്ര ശ്രദ്ധ കൊടുക്കാറില്ല. പലരും മുട്ട കൈകാര്യം ചെയ്ത ശേഷവും പാചകത്തിനായി മുട്ട പൊട്ടിച്ച ശേഷവും കൈ കഴുകാറു പോലും ഇല്ല എന്നതാണ് യാഥാർത്ഥ്യം.

മുട്ട പൊതുവെ സുരക്ഷിതമാണെന്ന തോന്നൽ കൊണ്ടാകാം ഇത്. അവ നന്നായി വേവിച്ചാൽ സുരക്ഷിതമാണ്. അതായത് മുട്ടയുടെ മഞ്ഞയും വെള്ളയും നല്ലതുപോലെ ഉറയ്ക്കുന്നതു വരെ അത് വേവിക്കണം.

മുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾ 160 ഡിഗ്രി ഫാരൻഹീറ്റിൽ ചൂടാക്കണം. എങ്കിൽ മാത്രമേ സാൽമോണല്ല ബാക്ടീരിയ നശിക്കുകയുള്ളൂ.

മുട്ട മറ്റ് ഭക്ഷണപദാർത്ഥങ്ങളോടൊപ്പം സൂക്ഷിക്കുന്നതും നല്ലതല്ല. മുട്ട കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട ചില സുരക്ഷാ മാർഗങ്ങളെക്കുറിച്ചറിയാം.

∙ മുട്ട ‍കൈകാര്യം ചെയ്യുന്നവർ കൈ സോപ്പുപയോഗിച്ച് കഴുകണം. വേവിച്ച മുട്ടയുമായി സമ്പർക്കം വരുന്ന പാത്രങ്ങളും പ്രതലവും വൃത്തിയാക്കണം.

∙ മുട്ടയോടൊപ്പം ‘റെഡി ടൂ ഈറ്റ്’ ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കരുത്.

∙ കടയിൽ നിന്ന് വാങ്ങുന്ന സമയത്ത് മുട്ട പ്രത്യേകം സഞ്ചിയിൽ വാങ്ങുക. റഫ്രിജറേറ്റിൽ സൂക്ഷിക്കുക.

∙ റഫ്രിജറേറ്ററിലെ താപനില 33 മുതൽ 40 ഡിഗ്രി ഫാരൻഹീറ്റിൽ ക്രമീകരിക്കുക.

∙ റഫ്രിജറേറ്ററിനു പുറത്ത് എടുത്തുവച്ചാൽ രണ്ടു മണിക്കൂറിനകം ഉപയോഗിച്ചില്ലെങ്കിൽ  അത് കളയുക.

∙ മുട്ട കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക.

∙ മുട്ട വാങ്ങി രണ്ടാഴ്ചയ്ക്കകം ഉപയോഗിക്കേണ്ടതാണ്.

∙ മുട്ട വേവിക്കാതെ പച്ചയ്ക്കു തിന്നുന്നത് നല്ലതല്ല.

Read More : Health and wellbeing