ദന്തഡോക്ടറോട് പറയാൻ പാടില്ലാത്ത നുണകൾ

പല്ലിനെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ വന്നാൽ പലരും അതു കണ്ടില്ലെന്ന മട്ടു നടിക്കുകയാണ് പതിവ്. വീട്ടിൽ ചെയ്യാവുന്ന പൊടിക്കൈകളൊക്കെ ചെയ്ത് വേദന വഷളാക്കിയശേഷമാകും നിവൃത്തിയില്ലാതെ ഡോക്ടറെ കാണാൻ പോകുക. ദന്തഡോക്ടർമാരോട് മിക്കവരും പകുതി ചോദ്യങ്ങൾക്കും തെറ്റായ മറുപടിയാണു നൽകുക. ശരിയായ ചികിൽസ ലഭിക്കാതെ പോകുന്നതിന് ഇതു കാരണമായേക്കും. ദന്തഡോക്ടർമാരോട് പറയാൻ പാടില്ലാത്ത ചില നുണകൾ ഇതാ ചുവടെ.

∙രാത്രി കിടക്കാൻ നേരം പല്ലുതേയ്ക്കാറുണ്ട് – മിക്കവരും രാവിലെ മാത്രമേ പല്ലു തേക്കാറുള്ളു. എന്നാൽ രാത്രി പല്ലിൽ അഴുക്ക് അടിഞ്ഞിരിക്കുന്നതാണ് മിക്ക ദന്തരോഗങ്ങളുടെയും കാരണം.

∙ പുകവലിക്കാറില്ല– പുകവലിക്കുന്നകാര്യം സമ്മതിക്കാൻ ചിലർക്കു മടിയാണ്. എന്നാൽ പതിവായി പുകവലിക്കുന്നവരുടെ പല്ലുകൾ കണ്ടാൽ തന്നെ ഡോക്ടർമാർക്ക് അക്കാര്യം തിരിച്ചറിയാനാകും. കറപടർന്ന് കറുത്ത പല്ലുകൾ കാട്ടിച്ചിരിച്ച് ഡോക്ടർമാരോട് നുണ പറയണോ?

∙മദ്യപിക്കാറില്ല– മദ്യപാനവും പല്ലും തമ്മിൽ എന്തു ബന്ധം എന്നാണോ ആലോചിക്കുന്നത്? സ്ഥിരമായ മദ്യപാനം തീർച്ചയായും നിങ്ങളുടെ പല്ലുകളുടെ ആരോഗ്യം ക്ഷയിക്കുന്നതിന് കാരണമാകും. മദ്യത്തോടൊപ്പം ടച്ചിങ്സും കഴിച്ച് വായ് വൃത്തിയാക്കാൻ പോലും നിൽക്കാതെ ബോധശൂന്യമായി കിടന്നുറങ്ങുന്നവരാണ് ചില മദ്യപാനികൾ.

∙ എല്ലാദിവസവും ഫ്ലോസ് ചെയ്യാറുണ്ട്– എന്തെങ്കിലും കഴിച്ചാൽ അതിന്റെ അവശിഷ്ടങ്ങൾ പല്ലുകൾക്കിടയിൽ കയറിയിരിക്കുന്നത് ഒഴിവാക്കാനാണ് ഫ്ലോസ് ചെയ്യാൻ ഡോക്ടർമാർ നിർദേശിക്കുന്നത്. മടി കാരണം പലരും ഇതു മറക്കും. ഇതു പിന്നീട് ദന്തക്ഷയത്തിന് കാരണമാകും.

∙സോഡ കുടിക്കാറേയില്ല– സോഡ പതിവായി കുടിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതല്ല. അമിതമായി അസിഡിറ്റിയുള്ള വീര്യമേറിയ പാനീയങ്ങൾ പതിവായി കുടിക്കുന്നത് ഒഴിവാക്കുക