ബേബി ഫുഡുകൾ വിഷമയം

ഫോർമുല മിൽക്കും ആകർഷകമായ പായ്ക്കറ്റുകളിൽ വിപണിയിൽ ലഭ്യമായ കുറുക്കുകളും കുഞ്ഞുങ്ങൾക്ക് നൽകുന്നവർ അറിയാൻ. അറിയാതെയെങ്കിലും കുഞ്ഞിന് നിങ്ങൾ നൽകുന്നത് അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ ഭക്ഷണമാണ്.

മുലപ്പാലിനൊപ്പം വീട്ടില്‍ത്തന്നെ പഞ്ഞപ്പുല്ലും കായും എല്ലാം ഉണക്കിപ്പൊടിച്ച് കുറുക്ക് തയാറാക്കി നൽകിയിരുന്നതെല്ലാം പഴംകഥ. ഇന്ന് മെനക്കെടാൻ ആർക്കും നേരമില്ല. എളുപ്പവഴി തേടുന്നവർ ഇതു കൂടി വായിക്കൂ. വിപണിയിൽ ലഭ്യമായ 80 ശതമാനം ബേബി ഫുഡിലും അപകടകരമാം വിധം രാസവസ്തുക്കൾ കലർന്നിട്ടുണ്ടെന്ന് പഠനം.

ക്ലീൻ ലേബല്‍ പ്രോജക്ട് എന്ന സംഘടന നടത്തിയ പഠനത്തിലാണ് ബേബി ഫുഡുകളിൽ ലെഡ്, കാഡ്മിയം, അക്രിലാമൈഡ് മുതലായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നു കണ്ടത്.

അമേരിക്കൻ വിപണിയിൽ ലഭ്യമായ 530 ഇനം ലഘുഭക്ഷണം, ധാന്യക്കുറുക്ക്, ഫോർമുല,  പാനീയങ്ങൾ ഇവ പരിശോധിച്ചു. 65 ശതമാനം ശിശു ഉൽപ്പന്നങ്ങളും ആഴ്സനിക് കലർന്നതാണെന്നു കണ്ടു. 58 ശതമാനം ബേബിഫുഡുകളും കാഡ്മിയം കലർന്നതും 36 ശതമാനം ലെഡ് അടങ്ങിയതും പത്തു ശതമാനം അക്രിലാമൈഡ് അടങ്ങിയതുമായിരുന്നു. ഈ രാസവസ്തുക്കൾ ശിശുക്കളിൽ നാഡീവൈകല്യത്തിനു കാരണമാകുകയും രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ചെയ്യും.

80 ശതമാനം ശിശു ഫോർമുല സാമ്പിളുകളിലും ആർസനിക് കലർന്നതായി കണ്ടു. ഇത് ഹൃദയസംബന്ധമായ രോഗങ്ങൾ, പ്രമേഹം, അർബുദം എന്നിവയ്ക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകുന്നു. ഓരോ ഉല്‍പ്പന്നത്തിലും രാസവസ്തുക്കൾ വ്യത്യാസപ്പെടാമെങ്കിലും ചിലതിൽ ഒരു ബില്യണിൽ അറുന്നൂറു ഭാഗം എന്ന തോതിൽ ആഴ്സനിക് കലർന്നതാണ്.

അരി ചേർന്ന ഉല്പ്പന്നങ്ങളിലാണ് ഇ‌ത് അധികവും. ഫ്രെഞ്ച് ഫ്രൈസിലുള്ളതിനെക്കാൾ 70 ശതമാനം അക്രിലാമൈഡ് കൂടുതലടങ്ങിയതാണ് ബേബി ഫുഡുകൾ. തലച്ചോറിന്റെ നാശത്തിനു കാരണമാകുന്നതും പ്രത്യുല്പ്പാദന ക്ഷമത ഇല്ലാതാക്കുന്നതുമാണ് അക്രിലാമൈഡ്. 

ബിപിഎ വിമുക്തം എന്നു കണ്ട 60 ശതമാനം ഉല്പ്പന്നങ്ങളിലും ബിസ്ഫെനോൾ എ അടങ്ങിയതായി കണ്ടു. പ്ലാസ്റ്റിക്ക് ഉണ്ടാക്കാനുപയോഗിക്കുന്ന വ്യാവസായിക രാസപദാർത്ഥമാണിത്. അപകടകരമായ രാസവസ്തുക്കൾ ഏറ്റവും കൂടുതൽ അടങ്ങിയ അഞ്ച് ഉൽപ്പന്നങ്ങളെ പഠനം തരംതിരിച്ചു. ധാന്യങ്ങൾ, ഫോർമുല, സ്നാക്ക്സ്, പാനീയങ്ങൾ, കുപ്പിയിൽ ലഭിക്കുന്ന ഭക്ഷണം എന്നിവ ഇതിലുൾപ്പെടും. വിഷം വിലയ്ക്കു വാങ്ങി പിഞ്ചോമനയ്ക്കു നൽകണോ? ഇനി ചിന്തിക്കൂ...

Read More : Healthy Food, Health and wellbeing