അമ്മയുടെ നിറവാൽസല്യം ചുരത്തുന്ന അമ്മിഞ്ഞാപ്പാലിനോളം മേന്മ പാൽപ്പൊടികൾക്കില്ല. പക്ഷേ മുലയൂട്ടാനാകാത്ത അമ്മമാരുടെ മുന്നിലുള്ള ഏകമാർഗം പാൽപ്പൊടികളാണ്. കൂടാതെ യാത്രാവേളകളിലും മറ്റും സൗകര്യം നോക്കി ഇത്തരം പാൽപ്പൊടികൾ കൊടുക്കുന്നവരുമുണ്ട്.
പാൽപ്പൊടികൾ ഉപയോഗിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനു ഹാനികരമാകുമോയെന്നാണ് അമ്മമാരുടെ പ്രധാന സംശയം. അങ്ങനെ കുഞ്ഞുങ്ങൾക്ക് പശുവിൻപാൽ കൊടുക്കുന്നവരുമുണ്ട്. എന്നാൽ ആറുമാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പശുവിൻപാൽ നിർബന്ധമായും നൽകരുതെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ഇതിലെ പ്രോട്ടീൻ, ഉപ്പ് ഘടകങ്ങൾ കുഞ്ഞുങ്ങൾക്ക് ദഹിക്കില്ലെന്നതാണു കാരണം. കൂടാതെ പശുവിൻപാലിൽ വൈറ്റമിൻ സി, അയൺ എന്നിവയുടെ അളവ് കുറവാണ്.
പാൽപ്പൊടി തിരഞ്ഞെടുക്കുമ്പോൾ ശിശുരോഗവിദഗ്ധന്റെ നിർദേശം തേടുന്നതാണ് സുരക്ഷിതം. വിപണിയിൽ ലഭിക്കുന്ന പലവിധ ഉൽപന്നങ്ങളിൽ നിന്നു കുഞ്ഞിനു യോജിക്കുന്നതു വേണം തിരഞ്ഞെടുക്കാൻ. പ്രധാനമായും പശുവിന്റെ പാൽ അടിസ്ഥാനപ്പെടുത്തിയാണ് പാൽപ്പൊടികൾ രൂപപ്പെടുത്തുന്നത്. അമ്മിഞ്ഞപ്പാലിന് അനുയോജ്യമാകുന്ന വിധം പശുവിൻപാലിലെ കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻ, കൊഴുപ്പിന്റെ അളവ് എന്നിവ ക്രമീകരിച്ചും ധാതുക്കളും പോഷണങ്ങളും ചേർത്തുമാണ് പാൽപ്പൊടി തയാറാക്കുന്നത്. ഫസ്റ്റ് സ്റ്റേജ്, സെക്കൻഡ് സ്റ്റേജ് എന്നിങ്ങനെ കുഞ്ഞിന്റെ പ്രായമനുസരിച്ചും പാൽപ്പൊടികളിൽ വ്യത്യാസം കാണും.
മുതിർന്ന കുട്ടികൾക്കായി പശുവിൻപാലിനേക്കാൾ കൂടുതൽ പ്രോട്ടീനും പോഷണങ്ങളും അടങ്ങിയിട്ടുണ്ടെന്ന് അവകാശവാദമുള്ള പാൽപ്പൊടികളും രംഗത്തുണ്ട്. എന്നാൽ പോഷണത്തിനുവേണ്ടി പാലിനെ മാത്രം ആശ്രയിക്കേണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ മറുപടി. കാൽസ്യവും അയണും ധാരാളമായി അടങ്ങിയ മറ്റ് ആഹാരങ്ങൾ കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയാണ് ഉചിതം. സോയബീൻസിൽനിന്നു പാൽപ്പൊടി തയാറാക്കുന്നുണ്ട്. പശുവിൻ പാലിനോട് അലർജിയുള്ള കുട്ടികൾക്കാണിതു നൽകുക.