Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യരാത്രിയിലെ പാല്‍ഗ്ലാസ്സ് നിസ്സാരക്കാരനല്ല

milk-glass

ആദ്യരാത്രി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഓർമവരിക കയ്യിൽ ഒരു പാൽഗ്ലാസ്സുമായി മുല്ലപ്പൂ ചൂടി നാണത്തോടെ കടന്നു വരുന്ന നവവധുവിന്റെ ചിത്രമാണ്. സിനിമകളില്‍ കുറച്ചു എരിവും മസാലയുമൊക്കെ ചേര്‍ത്തു കാണിക്കുമെങ്കിലും ആദ്യരാത്രിയില്‍ പാലുമായി വരുന്ന ചടങ്ങ് പണ്ടു കാലം മുതല്‍ നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. എന്നാല്‍ എന്താണ് ഈ പാലുകുടിയുടെ ഗുട്ടന്‍സ്. ഇതില്‍ വല്ല കാര്യവുമുണ്ടോ ?

ഈ സംശയങ്ങള്‍ എല്ലാം മിക്കവാറും ഇന്നത്തെ തലമുറയ്ക്ക് ന്യായമായും ഉണ്ടാകും. പഴയ തലമുറയുടെ ഓരോരോ പരിപാടികളേ... എന്നു പറഞ്ഞ് ഇതിനെ പൂര്‍ണമായി അവഗണിക്കാന്‍ വരട്ടെ.  ഈ പാൽഗ്ലാസ്സിനു പിന്നില്‍ ഒരിത്തിരി ശാസ്ത്രം ഉണ്ടെന്നതാണ് സത്യം.

കുങ്കുമപ്പൂ, ബദാം, കുരുമുളക് എന്നിവ പൊടിച്ചു ചേര്‍ത്ത പാലാണ് പണ്ട് കാലങ്ങളില്‍ ആദ്യരാത്രി വധൂവരന്മാര്‍ കുടിച്ചിരുന്നത്‌. ഹിന്ദു വിശ്വാസപ്രകാരം പാല്‍ നന്മയുടെ ലക്ഷണമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ പുതിയൊരു ജീവിതം ആരംഭിക്കുന്ന നവദമ്പതികളുടെ ജീവിതത്തില്‍ നന്മയുടെ പ്രതീകമായിരുന്നു പാൽ. ജീവിതത്തിലെ പുതിയൊരു അധ്യായം ആരംഭിക്കുന്നത് പാല്‍ കുടിച്ചു തന്നെ വേണമെന്നാണ് വിശ്വാസം. 

ആയുര്‍വേദ പ്രകാരം പ്രത്യുല്‍പ്പാദനശേഷി വര്‍ധിപ്പിക്കാന്‍ പാല്‍ സഹായിക്കും എന്നാണ്. കാമാസുത്രയില്‍ ഇതു സംബന്ധിച്ചു പരാമര്‍ശമുണ്ട്. പാലില്‍ കുങ്കുമപ്പൂ, കുരുമുളക്, ബദാം, കല്‍കണ്ടം, മഞ്ഞള്‍ എന്നിവ ചേര്‍ത്തു കുടിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ചു ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. വിവാഹ ദിവസത്തിന്റെ ആഘോഷവും അലച്ചിലുമെല്ലാം കഴിയുമ്പോള്‍ പൊതുവേ ദമ്പതികള്‍ ക്ഷീണിതരാകും. 

ബദാമും, കുങ്കുമപ്പൂവും ചേര്‍ത്ത പാല്‍കുടിക്കുന്നത് ക്ഷീണം അകറ്റുക മാത്രമല്ല സ്ത്രീപുരുഷഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെയും ഇത് അധികമാക്കും. ഇതുവഴി നവദമ്പതികള്‍ക്ക് ഊര്‍ജസ്വലമായ ലൈംഗികജീവിതത്തിനും സാധിക്കും. ഇതുമാത്രമല്ല പാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായകമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മനസ്സിലായില്ലേ ആദ്യരാത്രിയിലെ പാല്‍ ഗ്ലാസ്സിന്റെ പ്രാധാന്യം. 

Read More : Health and Wellbeing