കയ്യെത്തും ദൂരത്ത് സ്മാര്‍ട്‌ഫോണും വച്ച് കിടന്നുറങ്ങുന്നയാളാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കണം, മൊബൈലുമായി സുരക്ഷിത അകലം പാലിക്കണമെന്നു നിര്‍ദേശങ്ങള്‍ നല്‍കുന്നയിടങ്ങളുടെ എണ്ണം കൂടുകയാണ്. അതിലേക്ക് ഏറ്റവും പുതുതായി എത്തിയത് യുഎസിലെ കലിഫോര്‍ണിയയാണ്. മൊബൈലില്‍ നിന്നുള്ള റേഡിയേഷന്‍ വഴിയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് കലിഫോര്‍ണിയയിലെ ആരോഗ്യവകുപ്പ് ഔദ്യോഗികമായിത്തന്നെ അറിയിച്ചു കഴിഞ്ഞു.
സ്മാര്‍ട് ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ കാന്‍സറിനും കുട്ടികളില്‍ ശ്രദ്ധയില്ലായ്മയ്ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രത്യുല്‍പാദന തകരാറിനുമെല്ലാം കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് വകുപ്പിന്റെ മുന്നറിയിപ്പ്. നേരത്തെ ബെര്‍ക്ക്‌ലിയിലും സാന്‍ ഫ്രാന്‍സിസ്‌കോയിലും സമാനമായ അപകടസൂചന പ്രാദേശിക ഭരണകൂടം നല്‍കിയിരുന്നു. കുറഞ്ഞ ഫ്രീക്വന്‍സിയിലുള്ള റേഡിയോ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് മൊബൈലുകളില്‍ വിവരകൈമാറ്റം നടക്കുന്നത്. ഇത് നമ്മളെയും ബാധിക്കാനിടയുണ്ട്. പ്രത്യേകിച്ച് വമ്പന്‍ സൈസുള്ള ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വിഡിയോ സ്ട്രീമിങ് നടത്തുമ്പോഴുമൊക്കെ. മൊബൈല്‍ റേഡിയേഷന്‍ ശരീരത്തിനു ദോഷമാണെന്നതു സംബന്ധിച്ച അന്തിമഗവേഷണ ഫലങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ അപായ മുന്നറിയിപ്പു നല്‍കാവുന്ന വിധം ഒട്ടേറെ പഠനങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. തുടര്‍ച്ചയായി മൊബൈല്‍ റേഡിയേഷനു വിധേയരാകുന്നത് ആരോഗ്യത്തെ ബാധിക്കും. പോക്കറ്റിലും മറ്റും ദീര്‍ഘനേരം മൊബൈല്‍ സൂക്ഷിക്കുന്നതും രാത്രി ഉറങ്ങുമ്പോള്‍ തൊട്ടടുത്ത് മൊബൈല്‍ സൂക്ഷിക്കുന്നതുമെല്ലാം ശരിയല്ല. കുട്ടികള്‍ക്കാണ് റേഡിയേഷന്‍ ഏറെ ദോഷകരമെന്നും പഠനങ്ങള്‍ പറയുന്നു. ഇതൊന്നും കണ്ടില്ലെന്നു നടിക്കാനാകില്ലെന്ന് അധികൃതരും വ്യക്തമാക്കുന്നു.
മിക്ക സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളും ഇക്കാര്യത്തില്‍ മുന്നറിയിപ്പു നല്‍കുന്നുണ്ടെന്നതാണു സത്യം. പലരും തങ്ങളുടെ മാന്വലില്‍ റേഡിയോ ഫ്രീക്വന്‍സി സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തുന്നു. ചിലരാകട്ടെ ഒരു പടികൂടി കടന്ന് റേഡിയേഷന്‍ ഏറെ നേരമേല്‍ക്കുന്നത് ദോഷകരമാണെന്നുതന്നെ പറയുന്നുണ്ട്. യുഎസില്‍ മിക്ക ഫോണുകളും റേഡിയേഷന്‍ സേഫ്റ്റി ടെസ്റ്റ് കൂടി പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ പുറത്തിറക്കുന്നതും. എന്നാല്‍ മൊബൈലിലുള്ള മുന്നറിയിപ്പു പോലും പലരും വായിച്ചു നോക്കാറില്ലെന്ന് കലിഫോര്‍ണിയ എന്‍വയോണ്മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റിലെ ഡോ.ദേവ്‌റ ഡേവിസ് പറയുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കുന്നതിന് മാതാപിതാക്കളും മടിക്കുന്നില്ല. മുതിര്‍ന്നവരേക്കാള്‍ കുട്ടികളുടെ മസ്തിഷ്‌കത്തെ റേഡിയോ തരംഗങ്ങള്‍ എളുപ്പം ബാധിക്കുമെന്ന മുന്നറിയിപ്പും കലിഫോര്‍ണിയ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.
വികസിച്ചു കൊണ്ടിരിക്കുന്ന മസ്തിഷ്‌കത്തിലായിരിക്കും ഇത് ഏറെ ദോഷം ചെയ്യുക. ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും അതുവഴിയുണ്ടാകും. സ്മാര്‍ട്‌ഫോണുമായി ഏറ്റവുമധികം സമ്പര്‍ക്കമുള്ള മസ്തിഷ്‌കത്തിലും ചെവിയിലും ട്യൂമറിനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. കുട്ടികളില്‍ ശ്രദ്ധയില്ലായ്മയ്‌ക്കൊപ്പം മുതിര്‍ന്നവരില്‍ ഉറക്കമില്ലായ്മയ്ക്കും സ്മാര്‍ട്‌ഫോണ്‍ കാരണമാകുമെന്ന് നേരത്തേ മന:ശാസ്ത്രപഠനങ്ങളും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുന്‍പാണ് ഫ്രാന്‍സിലെ പ്രൈമറി, മിഡില്‍ സ്‌കൂളുകളില്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗം പൂര്‍ണമായും നിരോധിച്ചത്. ഈ നീക്കത്തിന് രാജ്യം ഏറെ പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. മൊബൈല്‍ റേഡിയേഷന്‍ എങ്ങനെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നതു സംബന്ധിച്ച പഠനങ്ങള്‍ക്കും ഫ്രാന്‍സ് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്.
രാജ്യത്ത് മൊബൈല്‍ ഉപയോഗം കൂടിവരുന്നതു തന്നെ കാരണം. പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കുറയുന്നതിനും റേഡിയേഷന്‍ കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. മൊബൈല്‍ റേഡിയേഷന്റെ ക്രമമല്ലാത്ത പ്രവാഹമാണ് പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാധാരണ ഗതിയില്‍ അവ ദുര്‍ബല സിഗ്നലുകളാണ്. എന്നാല്‍ വിഡിയോ ഡൗണ്‍ലോഡിങ് പോലുള്ള ‘കനപ്പെട്ട’ പണികള്‍ വരുമ്പോഴാണു പ്രശ്‌നം. അന്നേരം അവ അപകടകാരികളാകും. വന്‍തോതില്‍ ഫയലുകള്‍ കൈമാറുമ്പോഴും സിഗ്നല്‍ വളരെ ദുര്‍ബലമായിരിക്കുന്ന നേരത്തും മൊബൈലുമായി അകലം സൂക്ഷിക്കുന്നതാണു നല്ലത്. ഹെഡ്‌സെറ്റ് ഉപയോഗിക്കുക, തലയിണയ്ക്കടിയില്‍ മൊബൈല്‍ വച്ച് ഉറങ്ങാതിരിക്കുക, പോക്കറ്റിലിടുന്നതിനു പകരം ബാഗില്‍ വയ്ക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളും കലിഫോര്‍ണിയ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
Read More : Health and Wellbeing