അമേരിക്കൻ പ്രസിഡന്റ് പേരു മറക്കുമ്പോൾ...;ഡിമൻഷ്യയല്ലാത്ത താൽക്കാലിക മറവികളെ എങ്ങനെ അതിജീവിക്കാം?
കഴിഞ്ഞ ദിവസം നാറ്റോയുടെ യോഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയെ പേരുതെറ്റി ‘പ്രസിഡന്റ് പുട്ടിൻ’ എന്ന് വിശേഷിപ്പിച്ചത് വാർത്തയായിരുന്നു. തന്റെ തെറ്റു മനസ്സിലാക്കി ഉടൻതന്നെ അദ്ദേഹം സെലൻസ്‌കിയുടെ പേര് പറഞ്ഞെങ്കിലും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇത് ഒറ്റപ്പെട്ട
കഴിഞ്ഞ ദിവസം നാറ്റോയുടെ യോഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയെ പേരുതെറ്റി ‘പ്രസിഡന്റ് പുട്ടിൻ’ എന്ന് വിശേഷിപ്പിച്ചത് വാർത്തയായിരുന്നു. തന്റെ തെറ്റു മനസ്സിലാക്കി ഉടൻതന്നെ അദ്ദേഹം സെലൻസ്‌കിയുടെ പേര് പറഞ്ഞെങ്കിലും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇത് ഒറ്റപ്പെട്ട
കഴിഞ്ഞ ദിവസം നാറ്റോയുടെ യോഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയെ പേരുതെറ്റി ‘പ്രസിഡന്റ് പുട്ടിൻ’ എന്ന് വിശേഷിപ്പിച്ചത് വാർത്തയായിരുന്നു. തന്റെ തെറ്റു മനസ്സിലാക്കി ഉടൻതന്നെ അദ്ദേഹം സെലൻസ്‌കിയുടെ പേര് പറഞ്ഞെങ്കിലും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇത് ഒറ്റപ്പെട്ട
കഴിഞ്ഞ ദിവസം നാറ്റോയുടെ യോഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയെ പേരുതെറ്റി ‘പ്രസിഡന്റ് പുട്ടിൻ’ എന്ന് വിശേഷിപ്പിച്ചത് വാർത്തയായിരുന്നു. തന്റെ തെറ്റു മനസ്സിലാക്കി ഉടൻതന്നെ അദ്ദേഹം സെലൻസ്‌കിയുടെ പേര് പറഞ്ഞെങ്കിലും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പല നേതാക്കൾക്കും, പ്രത്യേകിച്ച് പ്രായമായവർക്ക് ഇത്തരം മറവികളും നാവുപിഴകളും സംഭവിക്കാറുണ്ട്.
മറവിരോഗമല്ല
ഒറ്റപ്പെട്ട ചില മറവികൾ എല്ലാവർക്കും ഉണ്ടാകാം. ഒരേസമയം ഒട്ടേറെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമ്പോൾ അവയിൽ ചിലത് പെട്ടെന്ന് തലച്ചോറിൽ പതിയണമെന്നില്ല. ചില കാര്യങ്ങൾ പെട്ടെന്ന് ഓർത്തെടുക്കാനും ബുദ്ധിമുട്ടുണ്ടാകാം. എന്നാൽ, അൽപം ശാന്തമായി സമയമെടുത്ത് ചിന്തിക്കുന്നതോടെ മറന്നുപോയ കാര്യങ്ങൾ പെട്ടെന്നുതന്നെ ഓർമയിലേക്ക് മടങ്ങിയെത്തും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട മറവികളെ ഭയപ്പെടേണ്ടതില്ല. അവ തീർത്തും സാധാരണമാണ്.
ശ്രദ്ധയും മറവിയും
രാത്രിയിൽ ഉറക്കമില്ലാത്ത സാഹചര്യം തുടർച്ചയായി വന്നാൽ ശ്രദ്ധക്കുറവ് അനുഭവപ്പെടും. ഇതിന്റെ ഫലമായി തലച്ചോറിൽ ശേഖരിച്ചുവച്ചിരിക്കുന്ന ചില അറിവുകൾ പെട്ടെന്ന് ഓർത്തെടുക്കാൻ പ്രയാസം നേരിടാം.
ഓർമശക്തിക്ക് മൂന്ന് പ്രധാന ഘടകങ്ങളുണ്ട്:
1. പുതിയ വിവരങ്ങളെ സ്വീകരിക്കുക.
2. സ്വീകരിച്ച വിവരങ്ങളെ തലച്ചോറിൽ സ്ഥിരമായി സ്ഥാപിക്കുക.
3. സ്ഥാപിച്ചുവച്ച കാര്യങ്ങൾ ആവശ്യാനുസരണം അനുസ്മരിക്കുക. ശ്രദ്ധക്കുറവുമൂലം, നമ്മുടെ മുൻപിൽ വരുന്ന പല പുതിയ വിവരങ്ങളും കൃത്യമായി തലച്ചോറിന് സ്വീകരിക്കാൻ പ്രയാസമുണ്ടാകും. ഇതുകൊണ്ടുതന്നെ അത്തരം വിവരങ്ങൾ തലച്ചോറിൽ സ്ഥാപിക്കാനും പിന്നീട് ഓർത്തെടുക്കാനും പ്രയാസമാകും.
ചികിത്സിച്ചു മാറ്റാം
പോഷകാഹാരക്കുറവ്, ശരീരത്തിൽ ലവണങ്ങളുടെ അളവിലെ വ്യത്യാസം, തൈറോയ്ഡ് പോലെയുള്ള ഹോർമോണുകളുടെ അളവ് കുറയുന്നത് എന്നിവയൊക്കെ ഓർമക്കുറവിന് കാരണമായേക്കാം. വിഷാദരോഗം ബാധിച്ച വ്യക്തികൾക്കും മറവി സംഭവിക്കാം. എന്നാൽ ഇവയൊന്നും മറവി രോഗമോ മേധാക്ഷയമൊ അല്ല എന്ന് മനസ്സിലാക്കണം. ഇക്കാരണങ്ങൾ കൊണ്ടുണ്ടാകുന്ന മറവി ശാരീരിക, മാനസിക പ്രശ്‌നങ്ങളെ ചികിത്സിച്ച് ഭേദപ്പെടുത്തുന്നതോടെ മാറും.
ഉറക്കം പ്രധാനം
പകൽ സമയത്ത് നാം വായിക്കുകയോ പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്ന വിവരങ്ങൾ തലച്ചോറിൽ കൃത്യമായി സ്ഥാപിച്ചെടുക്കുന്ന പ്രക്രിയ സംഭവിക്കുന്നത് രാത്രിയിൽ ഉറക്കത്തിന്റെ സമയത്താണ്. അതുകൊണ്ടുതന്നെ തുടർച്ചയായ തടസ്സമില്ലാത്ത സുഖനിദ്ര ഉറപ്പുവരുത്തേണ്ടത് ഓർമശക്തി നിലനിൽക്കാൻ അത്യാവശ്യമാണ്. ആറുമണിക്കൂറെങ്കിലും തടസ്സമില്ലാത്ത നിദ്ര ലഭിച്ചാൽ ഓർമകളുടെ സ്ഥാപനം ഫലപ്രദമായി നടക്കും.
മാനസിക സമ്മർദവും ഉത്കണ്ഠയുമാണ് പൊടുന്നനെ മറക്കാനുള്ള മറ്റൊരു പ്രധാന കാരണം. മനസ്സ് ഉത്ക്കണ്ഠാഭരിതമായിരിക്കുന്ന സമയത്ത് പുതിയ വിവരങ്ങൾ സ്വീകരിക്കാൻ തലച്ചോറിന് ബുദ്ധിമുട്ടുണ്ടാകും. മനസ്സിനെ ശാന്തമാക്കി നിലനിർത്താൻ സഹായിക്കുന്ന റിലാക്‌സേഷൻ വ്യായാമങ്ങൾ പരിശീലിക്കുന്നത് ഗുണകരമാണ്.
മദ്യവും മറവിയും
നിരന്തരമായ മദ്യപാനം മൂലം ചില വ്യക്തികൾക്ക് ഓർമക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. സ്ഥിരം മദ്യപിക്കുന്നവർക്ക് തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായ തയമീൻ എന്ന ജീവകത്തിന്റെ അളവ് ശരീരത്തിൽ കുറവായിരിക്കും. എന്നാൽ ഈ ജീവകം ഇൻജക്‌ഷൻ വഴിയോ ഗുളിക വഴിയോ ലഭിച്ചാൽ ക്രമേണ ഓർമക്കുറവ് മാറും.
പ്രായം കൂടുമ്പോൾ ഓർമ കുറയില്ലേ? പലരുടെയും സ്വാഭാവികമായ സംശയമാണിത്. പ്രായം വർധിക്കുന്നതനുസരിച്ച് തലച്ചോറിലെ ചില കോശങ്ങൾ ജീർണിക്കാൻ സാധ്യതയുണ്ട്. എന്നാൽ കൃത്യമായ ഉറക്കവും ചിട്ടയായ വ്യായാമവും ആരോഗ്യകരമായ വ്യക്തിബന്ധങ്ങളും സജീവമായ വിനോദങ്ങളും സൂക്ഷിക്കുന്ന വ്യക്തികൾക്ക് ഒരു പരിധിവരെ ഇതുമൂലം ഉണ്ടാകുന്ന മറവിയെ പ്രതിരോധിക്കാൻ സാധിക്കും.
വ്യായാമം മറക്കരുത്; ഓർമ വർധിപ്പിക്കാം
ദിവസേന അരമണിക്കൂർ നേരമെങ്കിലും സൂര്യപ്രകാശം കൊണ്ടുള്ള വ്യായാമം ഉറപ്പുവരുത്തുന്നത് ഓർമ നിലനിർത്താൻ സഹായകമാണ്.
∙ കൃത്യമായി വ്യായാമം ചെയ്യുന്ന വ്യക്തികൾക്ക് തലച്ചോറിലെ ഡോപമിൻ എന്ന രാസവസ്തുവിന്റെ അളവ് കൂടുതലായിരിക്കും. ഡോപമിൻ ശ്രദ്ധയും ഏകാഗ്രതയും വർധിക്കാൻ സഹായിക്കും.
∙ വ്യായാമം തലച്ചോറിലെ എൻഡോർഫിൻസ് എന്ന രാസവസ്തുക്കളുടെ അളവ് കൂട്ടും. ഇത് മനസ്സിന് ഉന്മേഷവും സന്തോഷവും പ്രദാനം ചെയ്യും.
∙ സൂര്യപ്രകാശം കൊണ്ട് വ്യായാമം ചെയ്യുന്നവരുടെ ശരീരത്തിൽ വൈറ്റമിൻ ഡിയുടെ അളവ് വർധിക്കും. വൈറ്റമിൻ ഡി തലച്ചോറിന്റെ വിജ്ഞാന വിശകലനശേഷി മെച്ചപ്പെടുത്തും.
∙ ദിവസേന വ്യായാമം ചെയ്യുന്ന ആളുകളുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടുന്നതുകൊണ്ട് അവർ കൂടുതൽ ഊർജസ്വലരാകും.
ഇത്തരക്കാരിൽ മറവി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ, സൈക്യാട്രി വിഭാഗം, മെഡിക്കൽ കോളജ്, തിരുവനന്തപുരം, arunb.nair@yahoo.com