ഹെയർ ഓയിലുകളുടെ പരസ്യം കണ്ടാൽ തോന്നും എണ്ണയുടെ അപാകത കൊണ്ടാണു മുടി വളരാത്തതെന്ന്! മുടിയുടെ വളർച്ചയെ ബാധിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ നല്ല തലമുടി വളരുകയുള്ളൂ. മുടിയുടെ നീളവും തരവും ജനിതകവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശാരീരികമായ അസുഖങ്ങൾ (ടൈഫോയിഡ് വന്നാൽ മുടികൊഴിയുമെന്ന് പഴമക്കാർ പറയുന്നതോർക്കുക), തലയിലെ അസുഖങ്ങൾ (ഉദാ: താരൻ, പൂപ്പൽ), മാനസികമായ അസുഖങ്ങൾ, വിറ്റമിനുകളുടെയും ധാതുക്കളുടെയും അവശ്യപ്രോട്ടീനുകളുടെയും കുറവ്, ഇതെല്ലാം മുടിയുടെ വളർച്ചയെ ബാധിക്കുമെന്നോർക്കുക. നിത്യജീവിതത്തിലെ ടെൻഷനുകൾ പോലും മുടിവളർച്ചയെ പ്രതികൂലമായി ബാധിക്കും. അത്രയ്ക്കു സങ്കീർണമാണു മുടിയുടെ വളർച്ച. ഇതെല്ലാം എണ്ണകൊണ്ടും മരുന്നുകൊണ്ടും അത്ര പെട്ടെന്ന് പരിഹരിക്കാനാവില്ല.