മലയാളിയുടെ രാത്രി

കേരളത്തിലെ പ്രഭാതത്തെക്കാളും മധ്യാഹ്നത്തെക്കാളും അധികം മാറ്റങ്ങൾ വന്നിട്ടുള്ളതു നമ്മുടെ സന്ധ്യയ്ക്കും രാത്രിക്കുമാണ്. പണ്ടൊക്കെ എല്ലാ ജനവിഭാഗങ്ങളും സന്ധ്യാവന്ദനം ഒരു മംഗളകർമമായി അംഗീകരിച്ചിരുന്നു.

ഒന്നിച്ചിരുന്നു പ്രാർഥിക്കുകയും കീർത്തനങ്ങളും മറ്റും ആലപിക്കുകയും ചെയ്യുന്നതു കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും കുടുംബത്തെ കെട്ടുറപ്പോടുകൂടി നിലനിർത്തുന്നതിനും പ്രേരകശക്തികളായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ സന്ധ്യയിൽ ഒന്നിച്ചു ചേരുകയും ഒന്നിച്ചു സന്ധ്യാവന്ദനം നടത്തുകയും ചെയ്യാത്ത കുടുംബങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽ പത്തു ശതമാനം പോലും ഉണ്ടായിരുന്നില്ല. ഇന്നു പത്തു ശതമാനം കുടുംബങ്ങൾ പോലും അതു ചെയ്യുന്നില്ല എന്നതാണു വാസ്തവം.

ഇന്നു നമ്മുടെ സാത്വിക ടിവി ചാനലുകൾ പോലും സന്ധ്യാദീപങ്ങൾ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ മാത്രമേ കത്തിക്കുവാൻ ധൈര്യപ്പെടാറുള്ളൂ. ശനിയും ഞായറും റിയാലിറ്റി ഷോകൾക്കും സീരിയലുകൾക്കും ആയി മുഴുവൻ ഉഴിഞ്ഞുവച്ചിരിക്കുകയാണ്.

വിഡ്ഢിപ്പെട്ടിയുടെ മുന്നിൽ

സന്ധ്യാവന്ദനം കഴിഞ്ഞാൽ, പിന്നീടു രണ്ട് — രണ്ടര മണിക്കൂർ പണ്ടു കുട്ടികൾ പാഠങ്ങൾ പഠിക്കുന്നതിനും വീട്ടമ്മമാർ വീട്ടുജോലികൾക്കും മറ്റുള്ളവർ അവരുടെ ജോലികളും നിർവഹിക്കുന്നതും ആയിരുന്നു പതിവ്. ഇന്ന് അതു പാടേ മാറി. സ്ത്രീകളും കുട്ടികളും കുറെയേറെ പുരുഷന്മാരും വിഡ്ഢിപ്പെട്ടിയുടെ അടിമകളായി അതിനു മുമ്പിൽ സ്ഥിരം സ്ഥലം പിടിക്കുവാൻ തുടങ്ങി. വലിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളും കുറെയേറെ ഇൻഫർമേഷൻ ടെക്നോളജി എന്ന ഓമനപ്പേരിനാൽ വിളിക്കുന്ന ജോലികൾ ചെയ്യുന്നവരും കംപ്യൂട്ടറിന്റെയും ലാപ്ടോപ്പിന്റെയും മുമ്പിൽ ഇരുപ്പായി. കുറെയേറെ ആളുകൾ ഈ സമയം മദ്യപാനത്തിനും ഫാസ്റ്റ് ഫുഡും ബേക്കറി ആഹാരങ്ങളും കഴിക്കുവാനും ആണു മുഖ്യമായും ഉപയോഗിക്കുന്നത്.

ഇതു കേരളത്തിനു മൂന്ന് ഒന്നാം സ്ഥാനങ്ങളാണു നേടിക്കൊടുത്തിട്ടുള്ളത്. ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം ആളോഹരി മദ്യം അകത്താക്കുന്ന സംസ്ഥാനം കേരളമാണ്. അതേപോലെ പ്രമേഹത്തിന്റെയും പൊണ്ണത്തടിയുടെയും ലോക തലസ്ഥാനവും ഇന്നു കേരളമാണ്. പഠനവൈകല്യങ്ങളും ഓൺലൈനിൽക്കൂടിയും മറ്റു സാങ്കേതിക പ്രവർത്തനങ്ങളിലൂടെയും ഉള്ള അപഥസഞ്ചാരം കൊണ്ടും അമിതമായ ആഗ്രഹങ്ങൾ കൊണ്ടും വിദ്യാർഥികളിലെ ആത്മഹത്യയിലും കേരളം തന്നെയാണു മുൻപന്തിയിൽ.

പാപ്പരുടെ അത്താഴം

പഴയ ആചാരപ്രകാരവും ആയുർവേദ വിധിപ്രകാരവും ചില മതവിശ്വാസങ്ങളനുസരിച്ചും സന്ധ്യയ്ക്കു മുമ്പു തന്നെ അത്താഴം കഴിക്കണമെന്നാണു വയ്പ്. എട്ടു മണിയോടു കൂടി രാത്രി ഭക്ഷണം കഴിക്കുക പതിവായിരുന്നു. അതാണ് ഇപ്പോൾ വളരെ വൈകിപ്പോയിട്ടുള്ളത്. മാത്രമല്ല ഭക്ഷണത്തെപ്പറ്റി മുമ്പേ തന്നെ പറഞ്ഞിട്ടുള്ള ഏറ്റവും കാതലായ ഉപദേശം, അതായതു ഒരു രാജാവിനെപ്പോലെ പ്രഭാതഭക്ഷണവും ഒരു പ്രഭുവിനെപ്പോലെ ഉച്ചഭക്ഷണവും കഴിക്കാമെങ്കിലും രാത്രി ഭക്ഷണം ഒരു പാപ്പരെപ്പോലെ വേണം എന്നാണ്.

അത്താഴം അത്തിപഴത്തോളം എന്നാണു ചൊല്ല്. അമിതഭക്ഷണം വിശ്രമത്തെയും ഉറക്കത്തെയും ദഹനവ്യവസ്ഥിതിയെയും സാരമായി ബാധിക്കുന്നതിനു പുറമേ രക്തസമ്മർദം, ഹൃദ്രോഗം, ചർമരോഗങ്ങൾ എന്നിവയെല്ലാം സൃഷ്ടിക്കുന്ന പ്രധാന ഘടകവുമാകുന്നു. കേരളത്തിലെ രാത്രി ഭക്ഷണം കുറേക്കൂടി ലളിതമാക്കുകയും കുറയ്ക്കുകയും ചെയ്താൽ തന്നെ ഇവിടുത്തെ ആരോഗ്യ അന്തരീക്ഷത്തിൽ കാര്യമായ മാറ്റം വരുത്താമെന്നു തോന്നുന്നു.

നിദ്ര നിശയിങ്കൽ പോലുമില്ല

ഊണു കഴിഞ്ഞവൻ പായ തിരയുന്നതു സ്വാഭാവികമാണല്ലോ. കഴിഞ്ഞ അമ്പതു കൊല്ലം കൊണ്ടു നമുക്കുണ്ടായിട്ടുള്ള ഏറ്റവും വലിയ നഷ്ടം സുഖനിദ്രയ്ക്കുണ്ടായിട്ടുള്ള ഭംഗമാണ് എന്നു തോന്നുന്നു. നിദ്ര നിശയിങ്കൽ പോലുമില്ലാതെയായി എന്ന അവസ്ഥ.

ജോൺ സ്റ്റീൽബെക്ക് പറഞ്ഞതു പോലെ സത്യസന്ധമായ ഉറക്കത്തിനുള്ള ഏറ്റവും നല്ല തലയണ ഒരു സുതാര്യമായ മനസാക്ഷി തന്നെയാണ്. (A Clear Conseience is the best pillow for honest sleep). അതുള്ളവർക്കു പോലും വേണ്ടത്ര നിദ്ര ലഭിക്കാത്തതിന്റെ കാരണമാണു നമുക്കു വിശകലനം ചെയ്യേണ്ടത്. ഒരു വ്യക്തിക്കു (കുട്ടികൾക്കും വൃദ്ധർക്കും കുറച്ചുകൂടി അധികം വേണ്ടിവരും) വേണ്ടത് ഏഴു മുതൽ എട്ടു മണിക്കൂർ വരെ ഉറക്കമാണ്. ഇതിനു നമുക്കു സ്വീകരിക്കുവാൻ കഴിയുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്.

  1. ഉറങ്ങാൻ കിടക്കുന്നതിനു ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക.

  2. മനസിനെ ശാന്തമാക്കുവാൻ ശ്രമിക്കുക. ഇതിനു ധ്യാനം, മനനം എന്നിവ നല്ലതാണ്.

  3. ഉറങ്ങാൻ കിടക്കുന്ന മുറിയിൽ ധാരാളം വായു സഞ്ചാരം ഉണ്ടാവണം.

  4. കിടക്കയും വിരികളും പുതപ്പും എല്ലാം നനവില്ലാത്തതും വൃത്തിയുള്ളവയാവണം.

  5. ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത്.

  6. ഉറക്കത്തിനു മരുന്നുകൾ കഴിക്കുന്നതോ, അതിനായി മദ്യം ഉപയോഗിക്കുകയോ ചെയ്യുന്നത് അപകടകരമാണ്.

കേരളത്തിന്റെ രാത്രികളെ, വിശിഷ്യ യുവകേരളത്തിന്റെ സായംകാലങ്ങളെ കൂടുതൽ നല്ല വഴികളിലേക്കു നയിക്കാൻ നാം ശ്രമിച്ചില്ലെങ്കിൽ ഭാവി അപകടം നിറഞ്ഞതായിരിക്കും.