കുട്ടികൾ വേണോ? എങ്കിൽ നിങ്ങളുടെ ഫോൺ പോക്കറ്റിൽ നിന്നും മാറ്റിവയ്ക്കൂ. പുതിയ പഠനം പറയുന്നത് മൊബൈൽഫോണുകൾ ബീജത്തെ നശിപ്പിക്കുമെന്നാണ്. ഇത് പുരുഷൻമാരിൽ വന്ധ്യത ഉണ്ടാക്കുന്നു.
മൊബൈൽ ഫോണുകളുടെ ഉപയോഗം വരുത്തുന്ന ദൂഷ്യഫലങ്ങളെപ്പറ്റി നിരവധി പഠനങ്ങളാണ് പുറത്തു വരുന്നത്. മൊൈബൽ അമിതമായി ഉപയോഗിക്കുന്നത് ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും എന്തിന് അർബുദത്തിനു വരെ കാരണമാകാറുണ്ട്.
ഇസ്രയേലിൽ നടത്തിയ ഒരു പഠനത്തിൽ മൊബൈൽഫോൺ എപ്പോഴും പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിക്കുന്നത് ബീജാണുക്കളെ നശിപ്പിക്കുമെന്നും ബീജത്തിന്റെ കൗണ്ട് കുറയ്ക്കുമെന്നും കണ്ടെത്തിയിരുന്നു. 106 പുരുഷൻമാരെ ഒരു വർഷത്തോളമാണ് പഠനവിധേയമാക്കിയത്. മൊബൈൽഫോൺ നാഭീപ്രദേശത്തിനടുത്ത് സൂക്ഷിച്ച പുരുഷൻമാരിലെ സ്പേം കൗണ്ട് 47 ശതമാനം കുറഞ്ഞിരുന്നു.
ഫോണിലെ വൈദ്യുത കാന്തിക പ്രവർത്തനങ്ങളും ഫോണിൽ നിന്നു വരുന്ന താപോർജ്ജവുമാണ് ബീജങ്ങളെ നശിപ്പിച്ച് പ്രത്യുൽപാദനക്ഷമത കുറയ്ക്കുന്നതെന്നാണ് ഗവേഷകരുടെ അനുമാനം.
കോളുകളുടെ സംസാരിക്കുന്ന സമയം കുറയ്ക്കുക, നാഭീപ്രദേശത്ത് അതായത് പാന്റ്സിന്റെ പോക്കറ്റിൽ ഫോൺ സൂക്ഷിക്കാതിരിക്കുക, ഫോൺ അടുത്തുവച്ച് ഉറങ്ങാതിരിക്കുക, ചാർജ് ചെയ്തുകൊണ്ട് സംസാരിക്കാതിരിക്കുക, കഴിയുന്നതും ചാർജ് ചെയ്യുന്ന സമയത്ത് ഫോൺ ഓഫാക്കി വയ്ക്കുക, സാധ്യമായ സമയത്തെല്ലാം ഹെഡ്സെറ്റ് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണമെന്നും പഠനത്തിന്റെ വെളിച്ചത്തിൽ ഗവേഷകനായ ഏരിയൽ സിബർലിറ്റ് പറയുന്നു.
റീപ്രൊഡക്ടീവ് ബയോമെഡിസിൻ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.