Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ

refrigerator

വീടും ജോലിയുമായി നിന്നു തിരിയാൻ സമയമില്ലാത്ത ആധുനിക വനിതകൾക്ക് ഒരനുഗ്രഹം തന്നെയാണ് ഫ്രിഡ്ജ് അഥവാ റഫ്രിജറേറ്റർ. ഭക്ഷണം ഒരു നിശ്ചിത താപനിലയിൽ ശീതികരിച്ച് സൂക്ഷിച്ചാണ് ഫ്രിഡ്ജുകൾ പ്രവർത്തിക്കുന്നത്. സാധാരണഗതിയിൽ ഒരു ഡിഗ്രി സെൽഷ്യസിനും അഞ്ചു ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ഫ്രിഡിജിനുള്ളിലെ താപനില. അഞ്ചു ഡിഗ്രി സെൽഷ്യസിൽ കൂടിയാൽ ബാക്ടീരിയകളും സൂക്ഷ്മാണുകളും പെരുകാനും ഫ്രിഡ്ജിനുള്ളിൽ വച്ചിരിക്കുന്ന ഭക്ഷണം കേടാകാനും ഇടയാകും. ശരിയായ താപനിലയിൽ ആയിരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഫ്രിഡ്ജിനുള്ളിലെ ശുചിത്വവും.

സാധനങ്ങൾ ഒരുമിച്ച് എടുക്കുക

ഫ്രിഡ്ജിനുള്ളിൽ വേണ്ട സാധാരണ താപനില അഞ്ചു ഡിഗ്രി സെൽഷ്യസിൽ കൂടരുതെന്നു പറഞ്ഞല്ലോ. ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഓരോ ചെറിയ ആവശ്യത്തിനും വേണ്ടി ഇടയ്ക്കിടെ ഫ്രിഡ്ജ് തുറക്കുന്നത് മുറിക്കുള്ളിലെ ചൂട് ഉള്ളിൽ കടന്ന് ഫ്രിഡ്ജിന്റെ താപനില കൂടാനിടയാക്കാം. ഇതൊഴിവാക്കാൻ ഫ്രിഡ്ജിൽ നിന്നും ഉടൻ വേണ്ട സാധനങ്ങളെല്ലാം ഒരുമിച്ചെടുക്കാം. ഫ്രിഡ്ജിനുള്ളിൽ സാധനങ്ങളെല്ലാം ക്രമമായി വച്ചാൽ അധികനേരം തുറന്നു വച്ചു തിരയാതെ സാധനങ്ങൾ പെട്ടെന്ന് എടുക്കാൻ സാധിക്കും.

ഫ്രിഡ്ജിനുള്ളിലെ ഏറ്റവും തണുപ്പുള്ള ഭാഗം ഫ്രീസറിനു തൊട്ടുതാഴെയുള്ള അറയാണ്. ഏറ്റവും തണുപ്പു കുറഞ്ഞ ഭാഗം താഴത്തെ തട്ടും ഫ്രിഡിജിന്റെ വാതിലിലുള്ള അറകളുമാണ്. ഈ താപവ്യതിയാനം മനസ്സിൽ കണ്ടുവേണം ഓരോരോ സാധനങ്ങളായി വയ്ക്കാൻ. ഒരേ പോലുള്ള ഭക്ഷ്യസാധനങ്ങൾ ഒരേ ഷെൽഫിൽ വേണം വയ്ക്കാൻ. വെണ്ണ, തൈര്, ഡെസർട്ട് എന്നിവ വാതിലിനുള്ളിലെ ഏറ്റവും മുകളിലെ ഷെൽഫിൽ വയ്ക്കാം. പാകപ്പെടുത്തിയ ഭക്ഷണവും അധികം വന്നതുമെല്ലാം നടുവിലത്തെ ഷെൽഫിൽ വയ്ക്കാം. പച്ച മാംസം , കോഴിയിറച്ചി, മീൻ എന്നിവ ഏറ്റവും താഴത്തെ തട്ടിൽ വയ്ക്കണം. അവയിൽ നിന്നുള്ള വെള്ളവും മറ്റും ഒലിച്ച് മറ്റു ഷെൽഫിലേക്ക് വീഴാനും അവയിലെ ഭക്ഷ്യവസ്തുക്കൾ മലിനമാകാനുമുള്ള സാധ്യത തടയാനാണിത്. ഒന്നു രണ്ടു ദിവസം കഴിഞ്ഞേ എടുക്കുന്നുള്ളൂവെങ്കിൽ ഫ്രീസറിൽ വയ്ക്കുന്നതാണ് മാംസം കേടാകാതിരിക്കാൻ നല്ലത്. മുട്ട ട്രേകൾ വാതിലിനുള്ളിൽ വയ്ക്കരുത്. നടുവിലെ ഷെൽഫിലോ മറ്റോ വയ്ക്കാം. പച്ചക്കറികളും മറ്റും ഏറ്റവും താഴെയുള്ള വെജിറ്റബിൾ ട്രേയിൽ സൂക്ഷിക്കാം. ശീതളപാനീയങ്ങൾ പോലുള്ള എളുപ്പം ഉപയോഗിച്ചു തീർക്കുന്നവ ഫ്രിഡ്ജിന്റെ വാതിലിനുള്ളിലെ അറകളിൽ വയ്ക്കാം. ഒരിക്കൽ തുറന്ന കാനുകളിൽ മിച്ചം വന്ന ഭക്ഷ്യവസ്തുക്കളോ പാനീയങ്ങളോ അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്. കാനുകളിലെ മെറ്റൽ ഭക്ഷണത്തിലേക്ക് കലരാം. പകരം കാനിലെ സാധനങ്ങൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കുക. സാധനങ്ങൾ ഫ്രിഡ്ജിൽ കുത്തിനിറച്ചു വച്ചാൽ ശീതവായുവിന്റെ സഞ്ചാരം തടസ്സപ്പെടാനും ബാക്ടീരിയകളും മറ്റും പെരുകാനും ഇടയാക്കും.

ഫ്രിഡ്ജിനുള്ളിൽ പാചകം ചെയ്ത ഭക്ഷണം വയ്ക്കുമ്പോൾ ഓരോ നേരത്തേക്കുമുള്ളത് ചെറിയ ഭാഗങ്ങളായി തിരിച്ച് വലുപ്പം കുറഞ്ഞ പാത്രങ്ങളിലാക്കി വയ്ക്കുക. എളുപ്പം തണുക്കുകയും ചെയ്യും. ആവശ്യത്തിലുമധികമുള്ളത് കളയുന്നതും ഒഴിവാക്കാം. പാചകം ചെയ്ത ഭക്ഷണം ചൂടു മാറിയ ശേഷം വയ്ക്കണം. ഇല്ലെങ്കിൽ ഭക്ഷണത്തിൽ നിന്നുമുള്ള ചൂട് പടർന്ന് ഫ്രിഡ്ജിനുള്ളിലെ ഊഷ്മാവ് കൂടാൻ ഇടയാകും. ഓർക്കുക, ഭക്ഷണം കേടാകാതിരിക്കണമെങ്കിൽ ഫ്രിഡ്ജിനുള്ളിലെ ഊഷ്മാവ് എപ്പോഴും അഞ്ചു ഡിഗ്രിസെൽഷ്യസിൽ താഴെയായിരിക്കണം. എന്നു കരുതി രാവിലെ പാകപ്പെടുത്തിയ ഭക്ഷണം ഫ്രിഡ്ജിൽ വയ്ക്കാൻ രാത്രി വരെ കാക്കരുത്.

ഫ്രീസറിൽ വയ്ക്കുമ്പോൾ

പാകപ്പെടുത്താത്ത മീൻ, ഇറച്ചി എന്നിവ ഫ്രീസറിൽ വയ്ക്കുമ്പോൾ കവറുകളിലാക്കി നന്നായി പൊതിഞ്ഞുവേണം സൂക്ഷിക്കാൻ. ഇല്ലെങ്കിൽ ഇവ കടുപ്പമുള്ളതും ഭക്ഷ്യയോഗ്യമല്ലാത്തതുമായി മാറാം. ഇതിനു ഫ്രീസർ ബേൺ എന്നു പറയും.

പാകപ്പെടുത്താത്ത മാംസത്തിനും മത്സ്യത്തിനുമൊപ്പം പാകപ്പെടുത്തിയ ഭക്ഷണം സൂക്ഷിക്കരുത്. മൂന്നു നാലു ദിവസം ഫ്രീസറിൽ ഇരുന്ന ഭക്ഷണം (പ്രത്യേകിച്ച് പാകപ്പെടുത്താത്ത മീനും മാംസവും) ഡി —ഫ്രോസ്റ്റ് ചെയ്യാൻ ഏറ്റവും സുരക്ഷിതമായ മാർഗം അതു ഫ്രിഡ്ജിനുള്ളിൽ വയ്ക്കുകയാണ്. ഏതാണ്ട് 24 മണിക്കൂറിനുള്ളിൽ ഡീ ഫ്രോസ്റ്റ് ചെയ്തുകിട്ടും. ചൂടുവെള്ളത്തിലിറക്കി വയ്ക്കുന്നതും വെറുതേ പുറത്തെടുത്തു വച്ച് തണുപ്പു മാറ്റുന്നതും സുരക്ഷിതമല്ല. ഒരിക്കൽ ഡീ ഫ്രോസ്റ്റ് ചെയ്ത ഭക്ഷണം കഴിവതും 24 മണിക്കൂറിനുള്ളിൽ ഉപയോഗിച്ചു തീർക്കുക. മൈക്രോവേവിനുള്ളിൽ വച്ച് ഡീഫ്രോസ്റ്റ് ചെയ്ത ഭക്ഷണം എത്രയും പെട്ടെന്ന് ഉപയോഗിച്ചു തീർക്കണം. ഇക്കാരണം കൊണ്ടു തന്നെ മാംസവും മീനും മറ്റും ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ അളവു കൂടുതലുണ്ടെങ്കിൽ ചെറിയ ചെറിയ ഭാഗങ്ങളിലാക്കി ഓരോന്നും പ്രത്യേകം കവറിലാക്കി വയ്ക്കുക.

പാകപ്പെടുത്തിയ ഭക്ഷണവും കൂടുതൽ തവണ തണുപ്പിക്കുകയും ചൂടാക്കുകയും ചെയ്താൽ ഭക്ഷ്യവിഷബാധ പിടിപെടാനുള്ള സാധ്യത കൂടും. തണുപ്പിച്ച ഭക്ഷണം നന്നായി ചൂടാക്കിയേ ഉപയോഗിക്കാവൂ. 70 ഡിഗ്രി താപനിലയിൽ രണ്ടു മിനിറ്റു നേരമെങ്കിലും ചൂടാക്കിയാൽ അണുബാധ ഒഴിവാക്കും. ആവി പറക്കുന്നത്ര ചൂടാക്കണം എന്നർഥം.

ഒന്നോ രണ്ടോ ദിവസത്തേക്ക് യാത്ര പോവുകയാണെങ്കിൽ ഫ്രിഡ്ജ് ഓഫ് ചെയ്യേണ്ട കാര്യമില്ല. പവർ കട്ടുള്ളപ്പോൾ ഫ്രിഡ്ജ് മുഴുവൻ സമയവും അടച്ചുതന്നെ വയ്ക്കുക.

എങ്ങനെ വൃത്തിയാക്കാം?

ഫ്രിഡ്ജ് കാലിയാക്കുന്ന സമയങ്ങളിൽ വൃത്തിയാക്കാനാണ് എളുപ്പം. മിച്ചമുള്ളതും ആവശ്യമില്ലാത്തതുമായ എല്ലാം കളയുക. ഫ്രിഡ്ജ് ഓഫാക്കിയ ശേഷം മാത്രം വൃത്തിയാക്കുക. ഒരു സിങ്കിൽ ഇളം ചൂടുള്ള സോപ്പു വെള്ളം നിറച്ച് എല്ലാ ട്രേകളും അവയിൽ കഴുകി ഉണക്കിയെടുക്കുക. ഫ്രിഡ്ജിനുൾവശവും ഈ വെള്ളത്തിൽ മുക്കിയ തുണികൊണ്ട് തുടയ്ക്കണം. ഭിത്തികളും ഷെൽഫുകളും ഉൾപ്പെടെ വൃത്തിയാക്കുക. ഫ്രിഡ്ജിനുള്ളിൽ വയ്ക്കുന്ന പാത്രങ്ങളും കഴുകി വൃത്തിയാക്കണം.