മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവ ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോണാണ് തൈറോക്സിൻ. ഇതിന്റെ പ്രവർത്തനത്തിനു അയഡിൻ ആവശ്യമാണ്. രക്തത്തിൽ ആവശ്യത്തിന് അയഡിൻ ഇല്ലാതെവന്നാൽ തൈറോയ്ഡ് ഗ്രന്ഥികൾ വികസിച്ച് വലുപ്പം വയ്ക്കും. ഈ രോഗാവസ്ഥയാണ് ഗോയിറ്റർ.
തൈറോയ്ഡിന്റെ ഉൽപാദനം കുറഞ്ഞാൽ ഹൈപ്പോ തൈറോയ്ഡിസം എന്ന രോഗാവസ്ഥയ്ക്കു കാരണമാകുന്നു. ഉൽപാദനം കൂടിയാൽ ഉണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം യോഗയിലൂടെ പരിഹരിക്കാവുന്നതാണ്. ഇതിനുള്ള അഞ്ചു ആസനങ്ങൾ പരിചയപ്പെടാം. പതിനഞ്ചു വയസ്സു മുതൽ മുപ്പതു വയസ്സുവരെയുള്ളവർക്കുള്ള ആസനങ്ങവാണ് ഇവ.
1. ഉപവിഷ്ഠകോണാസനം (1)
ചെയ്യുന്ന വിധം: കാലുകൾ രണ്ടും നീട്ടി നിവർന്നിരിക്കുക. അതോടൊപ്പം കൈകൾ രണ്ടും അതതുവശത്തെ കാലുകളുടെ തുടകളിൽ കമഴ്ത്തി വയ്ക്കുക. ഇനി കാലുകൾ രണ്ടും കഴിയുന്നത്ര ഇരുവശങ്ങളിലേക്കും അകത്തി വയ്ക്കുക. ഈ ഇരിപ്പിൽ സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരു കൈകളും മുകളിലേക്കുയർത്തുകയും ശ്വാസംവിട്ടുകൊണ്ട് കുനിഞ്ഞ് വലതു കാലിന്റെ വിരലിൽ പിടിക്കുകയും ചെയ്യുക. ഇതോടൊപ്പം തല കുനിച്ച് നെറ്റി കാല്‍മുട്ടിൽ മുട്ടിക്കുകയും ചെയ്യുക.
വീണ്ടും ശ്വാസമെടുത്തുകൊണ്ട് കാലിലെ പിടി വിടതെ തല ഉയർത്തുകയും വീണ്ടും ശ്വാസം വിട്ടുകൊണ്ടു കുനിയുകയും ചെയ്യുക. ഇതേ പോലെ അഞ്ചോ ആറോ തവണ കൂടി ആവർത്തിക്കുക. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക. പിന്നീട് ഇടതുകാലിലും പിടിച്ച് ഇതുപോലെതന്നെ ആറോ ഏഴോ തവണ ആവർത്തിക്കുക.
ഇതു ചെയ്യുമ്പോൾ കാൽമുട്ടുകൾ മടങ്ങാതിരിക്കുവാൻ പ്രത്യേകംശ്രദ്ധിക്കേണ്ടതാണ്.
ഗുണങ്ങൾ
തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. അകാരണമായുണ്ടാകുന്ന അസ്വസ്ഥത, പേടി മുതലായവയ്ക്ക് കുറവു കാണപ്പെടുന്നു. അരക്കെട്ട്, നട്ടെല്ല്, പുറത്തെ പേശികൾ മുതലായവയുടെ പ്രവർത്തനം ഭംഗിയായി നടക്കുന്നു.
2. ഉത്ഥാനപാദാസനം
ചെയ്യുന്ന വിധം: കാലുകൾ രണ്ടും ചേർത്തുവച്ചു മലർന്നു കിടക്കുക. അതോടൊപ്പം ഇരുകൈകളും ശരീരത്തോടു ചേർത്തു തറയിൽ കമഴ്ത്തി വയ്ക്കുകയും വേണം. ഇനി നെഞ്ച് തറയിൽ നിന്ന് അൽപ്പം ഉയർത്തി തല പുറകോട്ടുവളച്ച് തലയുടെ പുറകുമേൽഭാഗം തറയിൽ ഉറപ്പിച്ചു വയ്ക്കുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരു കാലുകളും കൈകളും തറയിൽ നിന്നു 35 ഡിട്രിയോളം ഉയർത്തുകയും ആ നിലയിൽ നിന്നു സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്.
ഇരു തോളുകളുടെ അകലമായിരിക്കണം കൈപ്പത്തികൾ തമ്മിലുള്ള അകലവും . ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കാവുന്നതാണ്. ഇതുപോലെ ഒന്നോ രണ്ടോ തവണ കൂടി ചെയ്യുക.
ഗുണങ്ങൾ
ഈ ആസനം ചെയ്യുന്നതുമൂലം തൈറോയ്ഡ് ഗ്രന്ഥികൾക്കു നല്ല വലിച്ചിലും മർദവും കിട്ടുന്നു. അരക്കെട്ടും നട്ടെല്ലും അടിവയറും ശക്തങ്ങളാകുന്നു. തുടയുടെ പേശികൾക്കു ദൃഢത കിട്ടുന്നു. ശരീരത്തിലുള്ള സകല നാഡീഞരമ്പുകളും ശക്തങ്ങളാകുകയും ശരിയായ പ്രവർത്തനം കിട്ടുകയും ചെയ്യുന്നു.
3. ക്രൗഞ്ചാസനം
ചെയ്യുന്ന വിധം : ഇരു കാലുകളും നീട്ടിവച്ചു നിവർന്നിരിക്കുക. അതോടൊപ്പം വലതുകാൽ മടക്കി ഇടത്തെ തുടയുടെ അടിയിലേക്കു കയറ്റി വയ്ക്കുക. വലതുകാലിന്റെ ഉപ്പൂറ്റി ഇടത്തെ തുടയുടെ ഇടതുവശത്ത് പൃഷ്ഠഭാഗത്തോടു ചേർത്തു വയ്ക്കുക. ഇനി രണ്ടു കൈകൾകൊണ്ടും ഇടതുകാലിന്റെ പാദത്തിൽ കോർത്തുപിടിച്ച് ശ്വാസമെടുത്തുകൊണ്ട് കഴിയുന്നത്ര ഉയർത്തുക. അതോടൊപ്പം ശ്വാസം വിട്ടുകൊണ്ടു കുനിഞ്ഞ് നെറ്റി ഇടതുകാലിന്റെ മുട്ടിൽ തൊടാൻ ശ്രമിക്കുക. വീണ്ടും ശ്വാസമെടുത്തുകൊണ്ട് തലയും ഉടലും നിവർന്നു കൊണ്ടുവരുകയും ശ്വാസം വിട്ടുകൊണ്ടു കുനിയുകയും ചെയ്യുക.
ഈ സമയം ഇടതുകാലിന്റെ പിടിവിടുകയോ ഇടതുകാൽ മടക്കുകയോ ചെയ്യാൻ പാടില്ല. ഇതുപോലെ വലതുകാൽ ഉയർത്തിയും ചെയ്യേണ്ടതാണ് ഇരു കാലുകളും ഉപയോഗിച്ച് അഞ്ചോ ആറോ തവണ ആവർത്തിക്കേണ്ടതാണ്.
ഗുണങ്ങൾ
ശരീരത്തിന് ലാഘവം സിദ്ധിക്കുകയും അതോടൊപ്പം ഉന്മേഷം ലഭിക്കുകയും ചെയ്യുന്നു വൃക്കകൾക്കു നല്ല പ്രവർത്തനം കിട്ടുന്നു. തൈറോയ്ഡ് ഗ്രന്ഥികൾ ഉണർന്നു പ്രവർത്തിക്കുന്നു. ജനനേന്ദ്രിയവ്യൂഹങ്ങളുടെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നു. ആ ഭാഗത്തുള്ള ഊഷ്മാവിനെ നിയന്ത്രിക്കുന്നതിനു സാധിക്കുന്നു.
4. ആർധമത്സ്യേന്ദ്രാസനം
ചെയ്യുന്ന വിധം: രണ്ടു കാലുകളും നീട്ടിവച്ചു നിവർന്നിരിക്കുക. ഇനി വലതുകാൽ മടക്കി ആ കാലിന്റെ ഉപ്പൂറ്റി ജനനേന്ദ്രിയത്തിനും മലദ്വാരത്തിനുമിടയിൽ ചേർത്തുവയ്ക്കുക. ഇതോടൊപ്പം ഇടതുകാൽ മടക്കി വലതുകാലിന്റെ തുടയുടെ വലതുവശത്തായി തറയിൽ ഉറപ്പിച്ചു കുത്തുക. ഇനി വലതുകൈ ഇടതുകാലിന്റെ മുട്ടിനു വെളിയിൽ കൂടി ഇടത്തെ കാൽപ്പാദത്തിൽ പിടിക്കുക. അതോടൊപ്പം ഇടതുകൈ ഉടലിന്റെ പുറകിൽ കൂടി കൊണ്ടുവന്ന് വലതുവശത്തെ പള്ളയിൽ കമഴ്ത്തി വയ്ക്കുക. ഇതിനുശേഷം നട്ടെല്ലു നിവർന്നിരിക്കുകയും വേണം.
ഇനി സാവധാനം ശ്വാസം എടുക്കുകയും ശ്വാസംവിട്ടുകൊണ്ട് ശരീരം മുഴുവനും ഇടത്തോട്ടു തിരിക്കുകയും ശ്വാസം എടുത്തുകൊണ്ട് പൂർവസ്ഥിതിയെ പ്രാപിക്കുകയും ചെയ്യുക. ഇതുപോലെ കൈകാലുകൾ തിരിച്ചുവച്ചും ചെയ്യേണ്ടതാണ് . ഇരുവശവും എട്ടോ പത്തോ തവണ ആവർത്തിക്കുക.
ഗുണങ്ങൾ
ഈ ആസനം ചെയ്യുന്നതുമൂലം അരക്കെട്ടിന്റെ വണ്ണം കുറയുന്നു. നട്ടെല്ലിനും സുഷുമ്നാ നാഡിക്കും നല്ല ആരോഗ്യം ലഭിക്കുന്നു. മൂത്രക്കടച്ചിൽ. മൂത്രച്ചൂട്, ഗുഹൃഭാഗത്തെ നീറ്റൽ മുതലായവ മാറിക്കിട്ടുന്നു. കൂടാതെ തൈറോയ്ഡ് ഗ്രന്ഥികൾക്കും കഴുത്തിന്റെ കശേരുക്കൾക്കും ഉത്തേജനം കിട്ടുന്നു.
ദിവസേന യോഗ: മണിയാശാന്റെ ആരോഗ്യരഹസ്യം
5. പവനമുക്ത സർവാംഗാസനം
ചെയ്യുന്ന വിധം: കാലുകൾ രണ്ടും ചേർത്തുവച്ചു മലർന്നു കിടക്കുക.. അതോടൊപ്പം കൈകൾ രണ്ടും ശരീരത്തോടു ചേർത്തു തറയിൽ കമഴ്ത്തിവയ്ക്കുക. ഇനി ശ്വാസമെടുത്തുകൊണ്ട് കാലുകൾ രണ്ടും തറയ്ക്കു ലംബമായി ഉയർത്തുക. അതോടൊപ്പം ശ്വാസം വിട്ടുകൊണ്ട് ശരീരം മുഴുവനും തറയിൽനിന്നുയർത്തുകയും ഉടൻ തന്നെ ഇരുകൈകളുടെയും മുട്ടുകൾ രണ്ടും തറയിലൂന്നി നടുവിനു താങ്ങിപ്പിടിച്ച് ശരീരം കഴിയുന്നത്ര മുകളിലേക്കുയർത്തുക . ഇപ്പോൾ തലയുടെ പുറകും ഇരു തോളുകളും കൈമുട്ടുകളും മാത്രമേ തറയിൽ പതിക്കാവൂ.
ഈ അവസ്ഥയിൽ ശ്വാസം വിട്ടുകൊണ്ട് ശ്വാസം വിട്ടുകൊണ്ട് വലതുകാൽ മടക്കി കാൽമുട്ട് നെറ്റിയിൽ മുട്ടിക്കുവാൻ ശ്രമിക്കുകയും ശ്വാസമെടുത്തുകൊണ്ട് നിവർത്തുകയും ചെയ്യുക. ഇതുപോലെ ഇടതുതുകാലും ചെയ്യേണ്ടതാണ്. ഇരുകാലുകളും അഞ്ചോ ആറോ തവണ കൂടി ആവർത്തിക്കാവുന്നതാണ്. വീണ്ടും ഇതുപോലെതന്നെ രണ്ടു കാലുകളും ഒരു മിച്ചു ശ്വാസം വിട്ടുകൊണ്ടു മടക്കുകയും ശ്വാസം എടുത്തുകൊണ്ട് നിവർക്കുകയും ചെയ്യേണ്ടതാണ് അഞ്ചോ ആറോ തവണ കൂടി ആവർത്തിക്കാവുന്നതാണ്.
ഗുണങ്ങൾ
ഈ ആസനം ചെയ്യുമ്പോൾ താടി തൊണ്ടക്കുഴിയിൽ അമർന്നിരിക്കുന്നതുകൊണ്ട് തൈറോയ്ഡ് ഗ്രന്ഥികൾക്കു നല്ല ഉത്തേജനം കിട്ടുന്നു. മലബന്ധമുള്ളവർക്ക് വളരെയധികം പ്രയോജനപ്പെടുന്നു. കാലുകളിലുണ്ടാകുന്ന രക്തവാതത്തിന് ശമനം കാണപ്പെടുന്നു.
Read more : Yoga Articles
സ്ത്രീകൾക്ക് യോഗ (മനോരമ ബുക്സ്) വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക