യോഗയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നടിയാണ് അമല പോൾ. സഹോദരനുമായി ചേർന്ന് കൊച്ചിയിൽ യോഗാ സ്റ്റുഡിയോയും ആരംഭിച്ചിരുന്നു. യോഗ ചെയ്യുന്ന വിഡിയോകളും നടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ ശീർഷാസനം ആദ്യമായി ഒറ്റയ്ക്കു ചെയ്തതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അമല പോൾ.
ശരീരത്തിന്റെ ആദ്യപകുതി താഴ് ഭാഗത്തെക്കാൾ ദുർബലമായതുകണ്ട് ശീർഷാസനം ചെയ്യാൻ ബുദ്ധിമുട്ടുകയായിരുന്നു. ഗുരുക്കൻമാരുടെ സഹായത്തോടെയും ചുവരിൽ ചാരിയുമൊക്കെയാണ് ഞാനിത് ചെയ്തിരുന്നത്. എന്റെ ഈ കംഫർട്ട് സോണിൽ നിന്നു മാറാതെ ഒരിക്കലും ഇത് ചെയ്യാൻ കഴിയില്ലെന്ന യാഥാർഥ്യം എനിക്കും മനസ്സിലായി. അതുകൊണ്ടുതന്നെ ഞാനിത് സ്വയം പരിശീലിക്കാൻ തുടങ്ങി. കുറച്ച് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നിരവധി തവണ വീഴുകയും ചെയ്തു. എങ്കിലും ശരീരത്തിന്റെ മുകൾഭാഗം കരുത്തുനേടുന്നത് എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു.
അങ്ങനെ അവസാനം ഇന്ന് (ഏപ്രിൽ 28) ഞാൻ പ്രകൃതിയുടെ മടിത്തട്ടിൽ കീഴടങ്ങി. യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ പ്രകൃതി എന്നെ ശീർഷാസനത്തിലെത്തിച്ചു. ശരീരത്തിൽ ഒരൊഴുക്ക് ഞാൻ അനുഭവിച്ചു. മനസ്സ് നിശ്ചലമായി. മനസ്സും ശരീരവും പ്രകൃതിയിൽ അലിഞ്ഞ അവസ്ഥ. അവിടെ ഞാൻ നിന്നത് എന്റെ കാലുകളിലായിരുന്നില്ല, തലയിലായിരുന്നു. അങ്ങനെ എത്രനേരം നിന്നുവെന്നോ എപ്പോഴാണ് കാലിലേക്ക് തിരിയെ എത്തിയതെന്നോ അറിയില്ല. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞുപോയി. പരമാനന്ദത്തിലെത്തി. ഒരു കുട്ടി ശീതകാലത്തിന്റെ മാജിക് കണ്ടുപിടിച്ചതുപോലെ ഞാൻ ആ പാർക്കിൽ തുള്ളിച്ചാടി. ശീർഷാസനം ചെയ്യുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് അമല പോൾ കുറിച്ചു.
Read More : Health and Yoga