ശരീരത്തിന്റെ ഇരുവശങ്ങളിലുമുള്ള അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും ശരീരം ഒതുങ്ങി ഭംഗി കൂട്ടുന്നതിനും സഹായിക്കുന്ന ആസനമാണ് ‘പരിഗാസനം’.
ചെയ്യുന്ന വിധം
ഇരുകാലുകളും പുറകോട്ടു മടക്കിവച്ചു മുട്ടുകുത്തി നിവർന്നു നിൽക്കുക. ഈ നിലയിൽ വലതു കാൽ വലതുവശത്തേക്കു നീട്ടി മുട്ടു മടക്കാതെ പാദം തറയിൽ ഉറപ്പിച്ചു വയ്ക്കുക. ഇനി ഇരുകൈകളും ശ്വാസമെടുത്തുകൊണ്ട് ഇരുവശങ്ങളിലേക്കും തറയ്ക്കു സമാന്തരമായി ഉയർത്തുക. സാവധാനം ശ്വാസം വിട്ടു കൊണ്ടു വലതുവശത്തേക്കു ചരിഞ്ഞു വലതുകൈ വലതുകാലിന്റെ പാദത്തിൽ വയ്ക്കുക. അതോടൊപ്പം ഇടതു കൈ തലയുടെ ഇടതുവശത്തായി ചെവിയോടു ചേർത്തു കമഴ്ത്തിപ്പിടിക്കുക. ഈ നിലയിൽ നിന്നു സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക.