ചലച്ചിത്രതാരങ്ങൾ ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നത് ഇപ്പോൾ സ്വാഭാവികമായിക്കഴിഞ്ഞു. ലെന, കാവ്യാ മാധവൻ, പൂർണിമ ഇന്ദ്രജിത് എന്നിവർക്കു പിന്നാലേ എത്തുകയാണ് നടി അമല പോളും. ലെന സ്വിമ്മിങ് സെന്ററിലും കാവ്യയും പൂർണിമയും ഫാഷൻ വസ്ത്ര വ്യാപാരരംഗത്തുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ അമലയാകട്ടെ യോഗയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

സഹോദരൻ അഭിജിത് പോളുമായി ചേർന്ന് കൊച്ചി കങ്കരപ്പടിയിൽ ആണ് അയാം യോഗ സ്റ്റുഡിയോ ( Ayyam Yoga Studio) എന്നു പേരിട്ടിരിക്കുന്ന സ്റ്റുഡിയോ ആരംഭിക്കുക. വിവിധതരത്തിലുള്ള യോഗാസനങ്ങൾക്കു പുറമേ സുംബ ഡാൻസ്, എയ്റോബിക്സ് എന്നിവയുടെയും പരിശീലനം ലഭ്യമാകും. യോഗ സ്റ്റുഡിയോയുടെ ഉദ്ഘാടനം മാർച്ച് 5ന് കങ്കരപ്പടിയിൽ നടക്കും.
ഒരാഴ്ചയിൽ അഞ്ചു ദിവസമാകും ക്ലാസുകൾ ഉണ്ടാകുക. പ്രായപരിധി ഇല്ല. യോഗാ പരിശീലനത്തിൽ പ്രഗത്ഭരായവരും സുംബ, എയ്റോബിക്സ് എന്നിവയിൽ പ്രാഗത്ഭ്യം തെളിയിച്ചവരുമായിരിക്കും ക്ലാസ്സുകൾ നയിക്കുക.