സ്തനങ്ങളുടെ ദൃഢതയ്ക്ക് ഗോമുഖാസനം: വിഡിയോ

ശരീരത്തിന്റെ പല ഭാഗങ്ങളിൽ കൊഴുപ്പടിയുന്നത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തെയും സാരമായി ബാധിക്കുന്നു. സ്തനങ്ങളുടെ ഇടിവാണ് ഏറ്റവുമധികം സ്ത്രീകളെ അലട്ടുന്നത്. സ്തനങ്ങളുടെ ദൃഢത അനായാസം വീണ്ടെടുക്കാൻ സഹായിക്കുന്ന യോഗാസനത്തിലൊന്നാണ് ഗോമുഖാസനം

ചെയ്യുന്ന വിധം:
ഇരു കാലുകളും മുന്നോട്ടു നീട്ടിവച്ചു നിവർന്നിരിക്കുക. ഇനി വലതുകാൽ മടക്കി ആ കാലിന്റെ ഉപ്പൂറ്റി ഇടത്തെ തുടയുടെ പുറകിൽ പൃഷ്ടഭാഗത്തായി ചേർത്തുവയ്ക്കുക. അതുപോലെ ഇടതുകാലും മടക്കി ആ കാലിന്റെ ഉപ്പൂറ്റി വലത്തെ തുടയോടു ചേർത്തു വയ്ക്കുക. രണ്ടു കാലുകളുടെയും മുട്ടുകൾ ഒന്നിനു മുകളിൽ മറ്റൊന്നു വരത്തക്കവിധം വേണം വയ്ക്കുവാന്‍.

ഇനി ഇടതുകൈ ശരീരത്തിന്റെ പുറകിൽ കൂടി കൊണ്ടുവന്ന് പുറത്തു മടക്കിവയ്ക്കുക. അതോടൊപ്പം വലതുകൈ മുകളിലേക്കുയർത്തി പുറകോട്ടു മടക്കി ഇടതുകയ്യുടെ വിരലുകൾ തമ്മിൽ കോർത്തു പിടിക്കുക. ഈ അവസ്ഥയില്‍ വലതു കൈമുട്ട് തലയോടു ചേർന്നിരിക്കണം. ഇനി വലതുകൈമുട്ടിലേക്ക് തല ഉയർത്തിനോക്കി 1:2 എന്ന തോതിൽ ദീർഘമായി ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക. ഇതുപോലെ കൈകാലുകൾ തിരിച്ചുവച്ചും ചെയ്യേണ്ടതാണ്. മാറിമാറി ഒന്നോ രണ്ടോ തവണ കൂടി ആവര്‍ത്തിക്കുക.

ഗുണങ്ങൾ
മനസ്സിന്റെ ഏകാഗ്രത നിലനിർത്തുന്നതിനു സഹായിക്കുന്നു. സ്ത്രീകളുടെ ഹെർണിയ രോഗത്തിനു ശമനം കാണപ്പെടുന്നു. ആസ്മ രോഗത്തിനു ശമനം ഉണ്ടാകുന്നു. ശ്വാസകോശസംബന്ധമായ രോഗങ്ങൾ കുറയുന്നു. നവോന്മേഷം കൈവരുന്നു, ശരീരത്തിൽ കൂടുതൽ പ്രാണവായു ഉൾക്കൊള്ളുന്നതിനു സഹായിക്കുന്നു. നെഞ്ചിനുണ്ടാകുന്ന കനം കുറഞ്ഞു കിട്ടുന്നു. പ്രമേഹം നിയന്ത്രവിധേയമാക്കുന്നതിനൊപ്പം സ്തനങ്ങൾക്ക് ദൃഢത നൽകുന്നു.

സ്ത്രീകൾക്ക് യോഗ (മനോരമ ബുക്സ്) വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക